ജനാധിപത്യ ഉത്സവത്തിൽ ജനങ്ങൾ തങ്ങളുടെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നു. 10 വർഷം ഭരിച്ച മുന്നണിയോട് ‘കടക്കു പുറത്ത്’ എന്ന് പറഞ്ഞിരിക്കുന്നു. ഇടതു മുന്നണിയുടെ നേതാക്കളും മന്ത്രിമാരുമുൾപ്പെടെ പരാജയം ഏറ്റുവാങ്ങി. എന്നാൽ, തെറ്റുപറ്റിയത് ജനങ്ങൾക്കാണെന്ന തരത്തിലാണ് എൽ.ഡി.എഫ് തങ്ങൾക്ക് നേരിട്ട പരാജയത്തെ വിലയിരുത്തുന്നത്. ‘രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ എന്ന് തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം’ എന്നാണ് എം. സ്വരാജ് കുറിച്ചത്.
പാർട്ടി കോട്ടകൾ തകരുകയും പിണറായി വിജയൻ ഉൾപ്പെടെ വിയർക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് വിധിയെ ഇത്തരത്തിലാണ് വിലയിരുത്തുന്നതെങ്കിൽ ഇടതുപക്ഷം ഇനിയും തിരിച്ചടികൾ പ്രതീക്ഷിക്കണം. ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ. ഡി.എക്കും പാഠമുണ്ട്. തെരഞ്ഞെടുപ്പിൽ ചിഹ്നം മാത്രം നോക്കി കുത്തിയിരുന്ന കാലം കഴിഞ്ഞു. ഓരോ സ്ഥാനാർഥിയെയും പാർട്ടിയെയും മുന്നണിയെയും കൃത്യമായി വിശകലനം ചെയ്തു മാത്രമേ ജെൻ സി അടങ്ങുന്ന വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കുകയുള്ളു. അതിനാലാണ് ഇടതുപക്ഷത്തെ ഞെട്ടിച്ച് ജനങ്ങൾ യു.ഡി.എഫിന് 102 സീറ്റുമായി ചരിത്ര വിജയം നൽകിയത്.
എന്നാൽ, ആഴ്ച ഒന്നായിട്ടും യു.ഡി.എഫ് മുഖ്യമന്ത്രി ചർച്ചകളിൽ നട്ടം തിരിയുകയാണ്. നിയമസഭയിലേക്ക് തെരഞ്ഞെടുത്തവർക്ക് പുറമേ സഭക്ക് പുറത്തുള്ളവരുടെയും പേരുകൾ ഉയർന്നുവരുന്നത് ജനാധിപത്യപരമായ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. ഭരണഘടനയുടെ 164(4) അനുച്ഛേദം അനുസരിച്ച് നിയമസഭാംഗമല്ലാത്ത ഒരാൾക്ക് ആറുമാസം വരെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി തുടരാം, ഇത് അടിയന്തര സാഹചര്യങ്ങളിൽ ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ നൽകിയിട്ടുള്ള ഇളവാണ്. എന്നാൽ, ഈ പഴുതിനെ ഒരു രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുന്നത് നൈതികമായി ശരിയല്ല.
ജനാധിപത്യത്തിന്റെ വലിയ കരുത്ത് വോട്ടർ ഭരണകൂടത്തിന് നൽകുന്ന 'മാൻഡേറ്റ്' അല്ലെങ്കിൽ ജനവിധിയാണ്. ഈ ജനവിധി കേവലം ഒരു പാർട്ടിക്കോ മുന്നണിക്കോ മാത്രമുള്ളതല്ല, മറിച്ച് മുന്നണിയെ പ്രതിനിധീകരിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വിജയിച്ച വ്യക്തികൾക്ക് കൂടിയുള്ളതാണ്. 102 എം.എൽ.എമാർ ഒരു വശത്ത് ഇരിക്കുമ്പോൾ, അവർക്കൊന്നും ഭരണത്തെ നയിക്കാൻ ശേഷിയില്ലെന്നും ഡൽഹിയിൽ നിന്നോ ലോക്സഭയിൽ നിന്നോ ഒരാൾ വന്ന് ഭരിക്കണമെന്നും പറയുന്നത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അവരെ തിരഞ്ഞെടുത്ത വോട്ടർമാരെയും അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് എടുത്ത തീരുമാനം സന്തോഷത്തോടെയാണ് ജനം സ്വീകരിച്ചത്. ജനങ്ങൾ നൽകിയ മികച്ച വിജയം ഈ നിലപാടിനോടുള്ള അംഗീകാരമാണ്. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം മുൻ തീരുമാനത്തിൽ വെള്ളം ചേർക്കുന്നത് യോജിക്കാവുന്നതല്ല.
ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി മാത്രം മറ്റൊരു തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുന്നത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാണ്. വോട്ട് ചെയ്ത് മാസങ്ങൾ തികയുന്നതിന് മുമ്പ് വീണ്ടും പോളിങ് ബൂത്തിലേക്ക് വരാൻ വോട്ടറോട് ആവശ്യപ്പെടുന്നത് അവരുടെ സമയത്തെയും വിവേകത്തെയും വിലമതിക്കാത്തതുകൊണ്ടാണ്. തങ്ങൾ ആരെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചോ, ആ ആഗ്രഹം സഭക്കുള്ളിലെ അംഗങ്ങളിലൂടെ പ്രതിഫലിക്കപ്പെടണം എന്നതാണ് ജനാധിപത്യ മര്യാദ.
മലയാളി വോട്ടർമാരെ 'കഴുതകളാക്കാൻ' നോക്കുന്നവർ 2004-ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പ് ഓർക്കുന്നത് നന്നായിരിക്കും. നിയമസഭാംഗമല്ലാതിരുന്നിട്ടും കെ. മുരളീധരൻ മന്ത്രിയായി സ്ഥാനമേറ്റതും തുടർന്ന് ജനവിധി തേടി പരാജയപ്പെട്ടതും ചരിത്രം. മന്ത്രിസ്ഥാനം കൈയിലിരുന്നിട്ടും സർക്കാർ സംവിധാനങ്ങൾ കൂടെയുണ്ടായിട്ടും ജനങ്ങൾ തിരിച്ചടിച്ചു. ഈ ചരിത്രം ഇന്നത്തെ നേതൃത്വങ്ങൾ മറന്നുപോകരുത്. വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു എന്നതിനാൽ ജനങ്ങൾ തങ്ങളെടുക്കുന്ന ഏതു തീരുമാനവും സമ്മതിക്കുമെന്ന് കരുതുന്നത് രാഷ്ട്രീയ വിഡ്ഢിത്തമാണ്. ഒരിക്കൽ പാളിയ പരീക്ഷണം വീണ്ടും ആവർത്തിക്കാൻ മുതിരുന്നത് കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ആത്മഹത്യയായിരിക്കും.
സഭക്ക് പുറത്തുള്ള ഒരാളെ കൊണ്ടുവരുന്നത് വഴി ആ മുന്നണി സ്വന്തം എം.എൽ.എമാരുടെ പ്രാപ്തിയെയാണ് ചോദ്യം ചെയ്യുന്നത്. ഇത് പാർട്ടി പരിഗണനകളും ഗ്രൂപ്പ് സമവാക്യങ്ങളും ജനഹിതത്തേക്കാൾ മുകളിലാണെന്ന സന്ദേശം നൽകും. അത്തരം ഒരു മുന്നണി എങ്ങനെയാണ് ഒരു സംസ്ഥാനത്തെ അഞ്ച് വർഷം നയിക്കുക?
ഒരു ഉപതെരഞ്ഞെടുപ്പ് എന്നത് വെറുമൊരു വോട്ടെടുപ്പ് മാത്രമല്ല. അതിന് പിന്നിൽ വമ്പിച്ച ചെലവുകളും ഭരണപരമായ സ്തംഭനവുമുണ്ട്.
ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് കോടിക്കണക്കിന് രൂപ ചെലവാകും. സുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സ്റ്റേഷനുകളുടെ ഒരുക്കങ്ങൾ എന്നിവക്കായി പണം സർക്കാർ ഖജനാവിൽനിന്ന് കണ്ടെത്തണം. നിലവിൽ അത്തരം ചെലവുകൾക്ക് ശേഷമാണ് 140 എം.എൽ.എമാരെയും ജനങ്ങൾ നിയമസഭയിലേക്ക് അയച്ചത്. അഞ്ചു വർഷം ജനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് വാക്കു നൽകി വിജയിച്ച രണ്ടു പേരാണ് ജനങ്ങളെ വഞ്ചിച്ച് തങ്ങളുടെ സ്ഥാനങ്ങൾ രാജി വെച്ച് ഒഴിയുന്നത്. തന്റെ നേതാവിന് വേണ്ടി ആഴ്ചകൾക്കുള്ളിൽ തന്റെ വോട്ടർമാരെ വഞ്ചിക്കുന്ന ഒരാളും എം.പിയായി തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുന്ന മറ്റൊരാളും കേരളത്തിലെ ജനങ്ങളുടെ മേൽ കെട്ടി വെക്കുന്നത് രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ അധിക ബാധ്യതയാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം പെൻഷനും ശമ്പളവും നൽകാൻ കഷ്ടപ്പെടുന്ന ഒരു സംസ്ഥാനത്ത്, കേവലം ഒരു നേതാവിന്റെ കസേര ഉറപ്പിക്കാൻ വേണ്ടി ജനങ്ങളുടെ ഈ പണം ധൂർത്തടിക്കുന്നത് എത്രത്തോളം നീതിയുക്തമാണ്?
കാലിയായ ഖജനാവ് വെച്ചാണ് തങ്ങൾ ചുമതല ഏൽക്കുന്നതെന്ന് എന്നാണ് യു.ഡി.എഫ് പറഞ്ഞിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സംസ്ഥാനത്ത്, ഒരാളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ധൂർത്തടിക്കുന്നത് കുറ്റകരമാണ്.
പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്ന ആദ്യ 100 ദിവസങ്ങൾ ഭരണത്തിന് ദിശാബോധം നൽകേണ്ട സമയമാണ്. എന്നാൽ, മുഖ്യമന്ത്രി തന്നെ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരുമ്പോൾ അത് ഭരണപ്രതിസന്ധി സൃഷ്ടിക്കും. മുഖ്യമന്ത്രിയുടെ വിജയത്തിനായി ആദ്യ മാസങ്ങളിൽ തന്നെ മുഴുവൻ മന്ത്രിമാരും ഒരു മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നത് സംസ്ഥാനത്തെ പൊതുഭരണത്തെ സാരമായി ബാധിക്കും.
ഇതോടൊപ്പം വികസന പ്രവർത്തനങ്ങൾക്ക് പെരുമാറ്റച്ചട്ടം തടസ്സമാകും. ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഇത്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന്റെ വികസന കുതിപ്പിനെ പിന്നോട്ടടിക്കും. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് ഭരണമേൽക്കാൻ അവസരം നൽകാതെ, അധികാര വടംവലികൾക്കായി ഉപതെരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വോട്ടർമാർ തങ്ങളുടെ കടമ നിർവഹിച്ചു കഴിഞ്ഞു. ഇനി ആ ഉത്തരവാദിത്തം നിയമസഭക്കുള്ളിലെ നേതാക്കളുടേതാണ്. സഭക്ക് പുറത്തുള്ള ഒരാൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്ന എം.എൽ.എയും അതിന് കൂട്ടുനിൽക്കുന്ന പാർട്ടിയും വോട്ടർമാരോട് മറുപടി പറയേണ്ടി വരും.
അനാവശ്യമായ ഉപതെരഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിച്ചാൽ, ബാലറ്റ് ബോക്സിലൂടെ ജനങ്ങൾ നൽകുന്ന മറുപടി ചിലപ്പോൾ ഭരണത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. കേരളം ഇന്ന് നേരിടുന്നത് നിരവധി പ്രതിസന്ധികളാണ്. സാമ്പത്തിക ഭദ്രത, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ തകർച്ച തുടങ്ങി അടിയന്തരമായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ നിരവധിയുണ്ട്. ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഉപതെരഞ്ഞെടുപ്പ് സാഹചര്യം സൃഷ്ടിക്കുന്നത് സംസ്ഥാനത്തോടുള്ള വഞ്ചനയാണ്.
ഇന്ത്യയുടെ ഭാവി ജെൻ സിയുടെ കൈകളിലാണെന്ന് നിരന്തരം ഉണർത്തുന്ന രാഹുൽഗാന്ധി പുതിയ തലമുറയുടെ രാഷ്ട്രീയ ചിന്തകളും ഉൾകൊള്ളുമെന്ന് പ്രതീക്ഷിക്കാം. ഡൽഹിയിൽ ഭരണം കിട്ടിയില്ലെങ്കിൽ കേരളത്തിൽ വരാമെന്ന 'ബാക്കപ്പ് പ്ലാൻ' രാഷ്ട്രീയത്തെ പുതിയ തലമുറ പുച്ഛത്തോടെയാണ് കാണുന്നത്. ഇന്ത്യയിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ CSDS-Lokniti (Centre for the Study of Developing Societies) യുവജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് നടത്തിയ പഠനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ജെൻ സി വോട്ടർമാർ ഒരു പാർട്ടിയോടോ നേതാവിനോടോയുള്ള അന്ധമായ കൂറിനേക്കാൾ ഉപരിയായി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങി തങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് പഠനത്തിൽ പറയുന്നു. അതിനാൽ തന്നെ ‘സീറ്റ് ത്യാഗങ്ങളും' 'ഇറക്കുമതി നേതൃത്വങ്ങളും' ഇവർക്ക് ദഹിക്കാൻ പ്രയാസമാണ്.
സ്വരാജുമാരുടെ വിലയിരുത്തൽ പോലെ ജനങ്ങൾ ഉദാസീനരാണ് എന്ന തോന്നലിൽ തെറ്റായ തീരുമാനങ്ങൾ എടുത്താൽ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.