ഒരു മഴക്കാല സായാഹ്നം- തൃശൂർ നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഒരാൾ അസ്വസ്ഥനായി ഓടിക്കൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞ് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കൂട് വൃത്തിയാക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഫോർമാലിൻ മദ്യമെന്ന് തെറ്റിദ്ധരിച്ച് കുടിച്ചതായിരുന്നു അദ്ദേഹം. മകന്റെ മടിയിൽ കിടന്ന് മരിച്ച ആ മനുഷ്യന്റെ മുഖം ഇന്നും മറക്കാനായിട്ടില്ല.
മറ്റൊരിടത്ത്, ലഹരിക്ക് അടിമയായ മകൻ നോമ്പുകാലത്ത് ഭക്ഷണം നൽകാൻ വൈകിയെന്ന കാരണത്താൽ സ്വന്തം മാതാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവവും ഓർമയിലെത്തുന്നു. ലഹരി മനുഷ്യന്റെ വിവേകത്തെയും കരുണയെയും എങ്ങനെ ഇല്ലാതാക്കുന്നു എന്നതിന്റെ ദാരുണമായ ഉദാഹരണമായിരുന്നു അത്.
കേരള പൊലീസിൽ 32 വർഷം സേവനമനുഷ്ഠിക്കുകയും ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) അംഗമായി പ്രവർത്തിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ, ലഹരി സൃഷ്ടിച്ച ദുരന്തങ്ങളുടെ അനേകം മുഖങ്ങൾ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്.
പൊലീസ് സേവനത്തിന്റെ ആദ്യകാലങ്ങളിൽ മോഷണം, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിലെ പ്രതികളിൽ ഭൂരിഭാഗവും മദ്യമോ പുകയില ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നവരായിരുന്നു. പിന്നീട് കഞ്ചാവ് വ്യാപകമായി. തുടർന്ന് ബ്രൗൺ ഷുഗർ, കൊക്കെയ്ൻ തുടങ്ങിയ മാരക ലഹരിമരുന്നുകൾ എത്തി. ഇന്ന് എൽ.എസ്.ഡി,എം.ഡി.എം.എ,ക്രിസ്റ്റൽ മെത്ത്, ഐസ്, സ്പീഡ് തുടങ്ങിയ പുതുതലമുറ ലഹരികൾ വിദ്യാർഥികൾക്കിടയിൽ പോലും വ്യാപകമാണ്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിൽ ജോലി ചെയ്യുന്നതിനിടെ, ഒരു മാതാവിന്റെ പരാതിയെ തുടർന്ന് ഒരു പ്ലസ് ടു വിദ്യാർഥിയുടെ ബാഗ് പരിശോധിക്കേണ്ടി വന്നു. അതിൽനിന്ന് ഹാഷിഷ് ഓയിൽ, ലഹരി ഗുളികകൾ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. കൂട്ടുകാരുടെ തെറ്റായ സ്വാധീനവും സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധങ്ങളുമായിരുന്നു ഈ കുട്ടിയെ ലഹരിയുടെ കെണിയിൽ കുരുക്കിയത്.
ഇന്ന് ലഹരിവ്യാപനത്തിന്റെ സ്വഭാവം തന്നെ പൂർണ്ണമായി മാറിയിരിക്കുന്നു. മുൻപ് രഹസ്യകേന്ദ്രങ്ങളിൽ വെച്ച് കൈമാറിയിരുന്ന ലഹരിമരുന്നുകൾ ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും രഹസ്യ കോഡുകളിലൂടെയുമാണ് വിതരണം ചെയ്യപ്പെടുന്നത്. ലഹരി മരുന്നുകൾ നൽകി വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങൾ നൂറിരട്ടി വർധിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറത്തറിയുമ്പോഴേക്കും ആ കുട്ടികളുടെ ജീവിതം തന്നെ തകർന്നുപോയിട്ടുണ്ടാകും. ഈ സാഹചര്യത്തിൽ കേരള പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള ശക്തമായ നടപടികൾ അനിവാര്യമാണ്. എന്നാൽ, പൊലീസ് നടപടികൾ കൊണ്ടുമാത്രം ഇതിന് പരിഹാരമാകില്ല; സമൂഹം ഒന്നടങ്കം ഈ പോരാട്ടത്തിന്റെ ഭാഗമാകേണ്ടതുണ്ട്.
എം.ഡി.എം.എപോലുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ ആദ്യം ഉൽസാഹമെന്ന് തോന്നിപ്പിക്കുന്ന ഒരു താൽക്കാലികഅവസ്ഥ നൽകുമെങ്കിലും പിന്നീട് ശരീരത്തെയും മനസ്സിനെയും പൂർണമായി തകർക്കും. ഹൃദയാഘാതം, മസ്തിഷ്കാഘാതം, മാനസികരോഗങ്ങൾ, ആത്മഹത്യാ പ്രവണത എന്നിവക്ക് വരെ ഇത് കാരണമാകുന്നു.എൽ.എസ്.ഡി പോലുള്ള ലഹരിമരുന്നുകൾ യാഥാർത്ഥ്യവും ഭ്രമവും തമ്മിലുള്ള തിരിച്ചറിവ് ഇല്ലാതാക്കും. ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് ചാടുക, അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുക തുടങ്ങി നിരവധി ദുരന്തങ്ങൾ ഇതിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്.
എന്നാൽ ഈ ലക്ഷണങ്ങൾ മാത്രം കണ്ട് കുട്ടികളെ കുറ്റപ്പെടുത്തുകയോ അകറ്റിനിർത്തുകയോ ചെയ്യരുത്. അവരോട് സ്നേഹത്തോടെ സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയുമാണ് വേണ്ടത്.ലഹരിക്കെതിരായപോരാട്ടത്തിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ട്. മാതാപിതാക്കൾ കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തണം. അവരുടെ സുഹൃത്തുക്കൾ ആരൊക്കെയെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കായിക, കലാ, സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കണം. വീടുകളിൽ എപ്പോഴും സ്നേഹവും വിശ്വാസവും നിറഞ്ഞ അന്തരീക്ഷം ഉണ്ടായിരിക്കണം.
അധ്യാപകർക്കും ഇതിൽ വലിയ ഉത്തരവാദിത്വമുണ്ട്. സ്കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ സൂക്ഷ്മമായി നിരീക്ഷിക്കണം. ആവശ്യമെങ്കിൽ രക്ഷിതാക്കളുമായും പൊലീസ്, എക്സൈസ് വകുപ്പുകളുമായും നിരന്തര സമ്പർക്കം പുലർത്തണം.
സമൂഹത്തിനും ഇതിൽ നിർണായക പങ്കുണ്ട്. ലഹരി വിൽപ്പനയും വിതരണവും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാലുടൻ നിയമപാലകരെ അറിയിക്കാൻ മടിക്കരുത്. പ്രാദേശിക ക്ലബ്ബുകൾ, വായനശാലകൾ, മഹല്ല് കമ്മിറ്റികൾ, ആരാധനാലയങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. പൊലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിന്ന് വിരമിച്ച പതിനായിരക്കണക്കിന് ഉദ്യോഗസ്ഥർ നമ്മുടെ സംസ്ഥാനത്തുണ്ട്. അവരുടെ അറിവും അനുഭവസമ്പത്തും സർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
1985-ലെ എൻ.ഡി.പി.എസ് നിയമം ലഹരിമരുന്നുകൾക്കെതിരെ കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, കാലാനുസൃതമായ ഭേദഗതികളും ശക്തമായ നടപ്പാക്കലും ഇതിന് ആവശ്യമാണ്. നിയമത്തിന്റെ ശക്തിക്കൊപ്പം സമൂഹത്തിന്റെ ജാഗ്രതയും ചേർന്നാൽ മാത്രമേ ഈ മഹാവിപത്തിനെ നമുക്ക് നേരിടാൻ കഴിയൂ.
(കേരള പൊലീസ് സേനയിൽ നിന്ന് വിരമിച്ച ലഹരി വിരുദ്ധ പ്രവർത്തകനായ ലേഖകൻ ‘എന്റെ കുറ്റാന്വേഷണ യാത്രകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.