1. ബങ്കിംചന്ദ്ര ചാറ്റർജി 2. ബാബാ രാംദേവ് 3. മോഹൻ ഭാഗവത് 4. ഗ്രാംഷി 5. ടാഗോർ
‘ഭാരതമാതാവിനെ വിളിക്കാത്തവർ അറബിക്കടലിൽ’ എന്നാക്രോശിച്ചത് സാധ്വി പ്രാചിയാണ്. ഭാരതമാതാ വിളിക്കാത്തവരുടെ തലവെട്ടണം എന്ന് മുരണ്ടത് ബാബാ രാംദേവുമാണ്. അതിനെ ആവിഷ്കാര സ്വാതന്ത്ര്യ വകുപ്പിൽ പെടുത്തിയത് അമിത്ഷായാണ്! മഹാരാഷ്ട്ര എം.എൽ.എ വാരീസ് പത്താനെ അസംബ്ലിയിൽനിന്നും താൽക്കാലികമായി പുറത്താക്കിയത് ഭാരതമാതാ വിളിക്കാത്തതിന്റെ പേരിലാണ്. അതും ഗൗരവമായൊരു ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കെ അനവസരത്തിൽ ഭാരതമാതാ വിളിക്കാൻ ആജ്ഞാപിക്കുകയായിരുന്നു. കലാപങ്ങളിൽ കൊല്ലപ്പെട്ടവരിൽ പലരും നിർബന്ധപൂർവം വിളിക്കേണ്ടി വന്നത് മേൽപറഞ്ഞ, മേൽക്കോയ്മാ ദേശീയതയുടെ യുദ്ധകാഹളം മുഴക്കുന്ന മുദ്രാവാക്യങ്ങളാണ്. ഇഹ്സാൻ ജാഫ്രിയെ ചാട്ടകൊണ്ടടിച്ച് വിളിക്കാൻ ആവശ്യപ്പെട്ടതിൽ ജയ്ശ്രീറാമിനൊപ്പം വന്ദേമാതരവുമുണ്ടായിരുന്നു!
ഞങ്ങളുടെ ‘ഭാരതത്തിലല്ല’ നിങ്ങളുടെ ഇന്ത്യയിലാണ് ബലാത്സംഗം നടക്കുന്നതെന്ന് മോഹൻ ഭാഗവത് പറഞ്ഞതും ഇതോട് ചേർത്തുവായിക്കണം. പറഞ്ഞു വരുന്നത് സംഘ്പരിവാർ ഇടിച്ചുകയറ്റുന്ന മറ്റ് പലതുംപോലെ ‘വന്ദേമാതര വിവാദവും’ മഞ്ഞുമലയുടെ ചെറിയൊരു മുകൾപാളി മാത്രമാണെന്നാണ്. ‘ചരിത്രത്തിൽനിന്ന് പഠിക്കുകയെന്നത് ഒരേ കപഥ പ്രക്രിയയല്ല. ഭൂതകാലത്തിന്റെ വെളിച്ചത്തിൽനിന്ന് വർത്തമാനകാലത്തെക്കുറിച്ച് പഠിക്കുകയെന്നതിനർഥം, വർത്തമാനകാലത്തിന്റെ വെളിച്ചത്തിൽ ഭൂതകാലത്തെക്കുറിച്ച് പഠിക്കുക എന്നുകൂടിയാണ്. ഭൂതവർത്തമാനങ്ങളുടെ പരസ്പര ബന്ധത്തിലൂടെ അവയെക്കുറിച്ച് കൂടുതൽ അഗാധമായ ഒരു ധാരണ വളർത്തുകയാണ് ചരിത്രത്തിന്റെ കർത്തവ്യം.’(ഇ.എച്ച് കാർ)
അതിനാൽ, വന്ദേമാതര ഗീതത്തിന്റെ ഭൂതകാലം നമ്മുടെ വർത്തമാനകാലത്തിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയാണ് ഇപ്പോൾ പ്രധാനം. അപ്പോൾ അർഥരഹിതമായൊരു വിവാദമെന്നതിനുമപ്പുറമത് സംഘർഷത്തിലേക്കുള്ള വഴിതുറക്കലിനുള്ള ഒരുക്കമാണെന്ന് ബോധ്യമാവും. സാമുദായിക ഐക്യത്തിന്റെയും അതുവഴി മതനിരപേക്ഷതയുടെയും കഴുത്തിലാണത് മുമ്പെന്നപോലെ ഇന്നും കത്തിവെക്കുന്നത്. വന്ദേമാതരത്തോടുള്ള വിയോജിപ്പുകളെ രാജ്യദ്രോഹ വകുപ്പിലുൾപ്പെടുത്താനുള്ള ശ്രമം വർത്തമാനകാല ഇന്ത്യൻ ജിവിതത്തെ വിസ്തൃതമാക്കുന്നതിനുപകരം സങ്കുചിതമാക്കാൻ മാത്രമാവും സഹായകമാവുക.
‘ക്രമേണ കടൽത്തിരകൾക്കുമേൽ കടൽത്തിരകൾപോലെ പുതിയ മുസൽമാൻ സമുദായങ്ങൾ പടിഞ്ഞാറൻ പർവതനിര കടന്നുവരാൻ തുടങ്ങി. നാട്ടുകാർ ആയിരക്കണക്കിന് രാജകൃപകാംക്ഷിച്ചോ രാജപീഡനം കാരണമായോ മുസൽമാന്മാരായി. അതിനാൽ ഭാരതവാസികൾ ഹിന്ദുക്കളും മുസൽമാന്മാരും ഇടകലർന്നവരായി...ഐക്യബോധം എവിടെനിന്നുണ്ടാവും?’(ബങ്കിംചന്ദ്രന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ). ‘ഹിന്ദു മുസ്ലിം ഭായി ഭായി എന്ന ആത്മഹത്യാപരവും ഏകപക്ഷീയവുമായ മുദ്രാവാക്യം യഥാർഥത്തിൽ ഹിന്ദുസമൂഹത്തിൽ സ്വന്തം ചരിത്രത്തെക്കുറിച്ച് ഹീനഭാവം സൃഷ്ടിക്കുന്നതായി ഡോക്ടർ ഹെഡ്ഗെവാർ കണ്ടു. പരസ്പരവിരോധിയായ പാരമ്പര്യവും വികാരവും വലിച്ചുചേർത്ത് കൂട്ടിക്കെട്ടി അതിനെ ദേശീയമെന്ന് പറയാൻ സാധ്യമല്ല. ഹിന്ദു സമാജത്തിന് ആരോഗ്യപ്രദമായ ഹിന്ദുത്വമാണ് രാഷ്ട്രീയത്വമെന്ന ഔഷധം ഹിന്ദുസമാജത്തെ സേവിപ്പാൻ ഡോക്ടർ ജി തയാറായി.’ (ഡോക്ടർ ഹെഡ്ഗെവാർ: നാനാപാൽക്കർ. പരിഭാഷ എസ്. സേതുമാധവൻ).
ആദ്യം ബങ്കിംചന്ദ്രയും തുടർന്ന് സംഘ്പരിവാർ ആചാര്യരും പങ്കുവെക്കുന്നത് മതസൗഹാർദവും മതനിരപേക്ഷതയും അസാധ്യമാണെന്നാണ്. ‘ഭായി ഭായി’ എന്ന സൗഹൃദത്തിന്റെ മുദ്രാവാക്യത്തിന് സ്വാഗതം പറയാനാവാത്ത അവരുടെ, ‘ധീര നിസ്സഹായതയിലാണ്’ വന്ദേമാതര വിവാദത്തിന്റെ വേരും ആഴ്ന്നുകിടക്കുന്നത്. എന്നാലിത് രണ്ട് മതങ്ങൾ തമ്മിലുള്ള കേവല പ്രശ്നമല്ല, മറിച്ച് മതനിരപേക്ഷതയും സംഘ്പരിവാറും തമ്മിലുള്ള സൂക്ഷ്മപ്രശ്നമാണ് എന്ന സത്യമാണവർ സമർഥപൂർവം മറച്ചുവെക്കുന്നത്. ആ മറച്ചുവെക്കലിനെ മുറിച്ചുകടക്കാനായാൽ മതനിരപേക്ഷത അക്കാര്യത്തിലെങ്കിലും രക്ഷപ്പെടും. ഇക്കാര്യത്തിൽ അതായത്, വന്ദേമാതരത്തിന്റെ ആദ്യഭാഗംമാത്രം ചൊല്ലിയാൽ മതി എന്ന് തീരുമാനമെടുത്തത് ഹിന്ദുമതമോ ഇസ്ലാം മതമോ ക്രിസ്തുമതമോ മതരഹിതരോ അല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ്. വന്ദേമാതരത്തിലെ ദുർഗാസ്തുതിയോട്, ആ സ്തുതിയോട് ആത്മാർഥമായി ആഭിമുഖ്യമുള്ളവർക്കുപോലും, ഇതനിവാര്യമായി ദുർഗാഭക്തിയില്ലാത്തവരും നിർബന്ധമായി ആലപിച്ചിരിക്കണം എന്നൊരു മനോഭാവം; അവർ യഥാർഥ ദുർഗാഭക്തരാണെങ്കിൽ ഉണ്ടാവാൻ സാധ്യതയില്ല. വിശ്വാസം സ്വയംബോധ്യത്തിന്റെ ആഴങ്ങളിൽനിന്നാണ്, അല്ലാതെ അടിച്ചേൽപിക്കലുകളിൽ നിന്നല്ല ഉണ്ടാവേണ്ടത്. സംഘ്പരിവാറും ഇന്ത്യൻ ജനതയും തമ്മിലുള്ള പ്രശ്നത്തെ മതപ്രശ്നമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരായ ജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നത്.
‘ഇന്ത്യയിൽ ഒരു തൊട്ടുകൂടാത്തവൻ തൊട്ടുകൂടായ്മക്കെതിരെ ശബ്ദമുയർത്തിയാൽ അയാൾ ഒരു വർഗീയവാദിയായി മുദ്രകുത്തപ്പെടും. അതേസമയം ഒരു ബ്രാഹ്മണനാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ അയാളെ പുണ്യവാളനായി ചിത്രീകരിച്ചാദരിക്കും. ഒരു ബ്രാഹ്മണൻ ഒരു കക്കൂസ് വൃത്തിയാക്കിയാൽ അയാൾക്ക് കിട്ടുന്നത് പത്മശ്രീ. അങ്ങനെയെങ്കിൽ നിത്യവും കക്കൂസ് വൃത്തിയാക്കുന്ന തൊഴിലിൽ വ്യാപരിക്കുന്ന ഓരോ ഭംഗിജാതിയിൽപെട്ടവരും പത്മശ്രീക്ക് അർഹരാകുന്നു. പത്മശ്രീ വേണ്ട, കുറഞ്ഞ പക്ഷം മാന്യമായി ജീവിക്കാനുള്ള ഒരു വകയെങ്കിലും അവർക്കുണ്ടായാൽ മതിയായിരുന്നു’ എന്ന് ഡോക്ടർ അശോക്ഭോയർ സ്വന്തം ആത്മകഥയിൽ എഴുതിയത്, ജാതിമേൽക്കോയ്മാ കാലത്ത് വന്ദേമാതരം വായിക്കുമ്പോൾ വിസ്മരിക്കരുത്.
ആനന്ദമഠം നോവലിലെ പ്രധാന കഥാപാത്രമായ സത്യാനന്ദ സ്വാമികൾ വിളിച്ചുചേർത്ത സമ്മേളനവേദിയുടെ വിവരണം മാത്രം വായിച്ചാൽ ആ കൃതി മുന്നോട്ടുവെക്കുന്ന വർണാശ്രമത്തിലുള്ള ഊന്നൽ വ്യക്തമാവും. മഹാരാജാ കീ ജയ്, ചിലർ ആർത്തുവിളിച്ചു. ഹരേമുരാരേ ചിലർ ഉറക്കെപ്പാടി. മറ്റുചിലർ വന്ദേമാതരം ഘോഷിച്ചു. കൊല്ലുവിൻ, ശത്രുക്കളെ കൊല്ലാനൊരുങ്ങുവിൻ, ബംഗാളികൾക്ക് ആത്മത്യാഗം അനുഷ്ഠിക്കാനുള്ള ദിവസം വന്നുവോ? മ്ലേച്ഛന്മാരായ മുസ്ലിംകളെയും യൂറോപ്യന്മാരെയും കൊന്നൊടുക്കാനുള്ള മഹൂർത്തമായോ? വർണാശ്രമങ്ങൾ യഥാവിധി പാലിക്കപ്പെടുന്ന കാലം വരാറായോ..ആനന്ദമഠം നോവലിന്റെ അവസാനഭാഗത്തെത്തുമ്പോൾ സത്യാനന്ദ സ്വാമികളുടെ ആദ്യംകണ്ട ആംഗലേയവിരോധം ആവിയായിപ്പോകുന്നതായാണ് കാണുന്നത്. ഒടുവിൽ ആകെക്കൂടി നോവലിൽ ബാക്കിവരുന്നത്, ജാതിമേൽക്കോയ്മയുടെ ‘മ്ലേച്ഛ’വിരോധവും, ആംഗലേയ കീർത്തനങ്ങളുമാണ്.
സത്യാനന്ദ സ്വാമികളുടെ പരാക്രമവീര്യത്തെ തണുപ്പിച്ചുകൊണ്ട് ‘ആനന്ദമഠം’ നോവലിലെ തേജസ്വിയായ മഹാത്മാവ് ക്ലാസെടുത്തുകൊടുത്തതിങ്ങനെ: ഈ യുദ്ധം ആംഗലേയർക്കെതിരല്ല. മുസ്ലിം ഭരണകൂടത്തിനെ തറപറ്റിക്കാനാണ്. ‘ആംഗലേയർ രാജ്യഭാരമേൽക്കാൻ കളമൊരുക്കുന്നതിനാണ് ഈ കലാപം. ഈ ഏറ്റുമുട്ടലില്ലായിരുന്നെങ്കിൽ അവർ വെറും വ്യാപാരികളായി മാറിനിൽക്കുമായിരുന്നു. ഇടനിലക്കാരായി കയറിവരാൻ അവരെ പ്രേരിപ്പിക്കുന്നതിനാണ് ഈ യുദ്ധം. വഴിയേ അവർ(അതായത് ബ്രിട്ടീഷുകാർ) സർവാധിപത്യത്തിലേക്ക് കയറിക്കൊള്ളും...ഇനി ശത്രുക്കളില്ല. ആംഗലേയർ യഥാർഥത്തിൽ മിത്രങ്ങളാണ്. വരൂ, എന്റെ കൂടെ വരൂ, ഇംഗ്ലീഷുകാരെ യുദ്ധത്തിൽ തോൽപിക്കാനുള്ള ശക്തി ഇപ്പോൾ ഭൂമിയിലാർക്കുമില്ല’. ഇതിലേറെ ‘വന്ദേമാതരം’ ഘോഷിക്കുന്ന ആനന്ദമഠം നോവലിന്റെ പൊരുൾ വ്യക്തമാക്കേണ്ടൊരു ആവശ്യവുമില്ല. എന്നാൽ, ആ ദിവ്യപുരുഷ വചനത്തെ ഇന്ത്യൻ ജനത അഴുക്കുചാലിലേക്ക് വലിച്ചെറിയാനുള്ള കരുത്തുകാട്ടിയതുകൊണ്ടാണ്, നമ്മൾ 1947ൽ സ്വതന്ത്രരായതെന്ന് മറക്കരുത്.
1882ലെ ആനന്ദമഠം നോവലിൽനിന്നും 1947 ആഗസ്റ്റ് പതിനഞ്ചിലേക്കുള്ള ദൂരത്തെ കൃത്രിമമായുണ്ടാക്കുന്ന വന്ദേമാതര വിവാദംവെച്ച് പരിഹസിക്കരുത്. ജീവിതവൃക്ഷം വെട്ടിമുറിച്ച് തുണ്ടം തുണ്ടമാക്കി അടുപ്പിലിട്ടാൽ ടാഗോർ വ്യക്തമാക്കിയപോലെ അതു നിങ്ങൾക്കുവേണ്ടി നന്നായി കത്തും. പക്ഷേ, അതിൽ നിന്നൊരിക്കലും നിങ്ങൾക്ക് പൂവും കായ്കളും കിട്ടുകയില്ല. നമുക്കുവേണ്ടത് ധാരാളം പൂവും കായ്കളുമുള്ള വ്യത്യസ്ത പാരമ്പര്യങ്ങളുടെ വിസ്തൃത ജീവിതമാണ്.
പഴയതിന് ജീവിക്കാനോ പുതിയതിന് ജനിക്കാനോ കഴിവില്ലാത്ത ഇടവേളകളിൽ പലതരം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ഗ്രാംഷി. ഇന്ത്യ ഇപ്പോൾ അങ്ങനെയുള്ള ഒരിടവേളകളിൽപോലുമല്ല, മറിച്ച് പഴയതിന് പുതിയതെന്ന് തോന്നിപ്പിക്കാതെതന്നെ ഇവിടെ നന്നായിത്തന്നെ ജീവിക്കാൻ കഴിയുമെന്നൊരവസ്ഥയിലാണ്. ആ വന്ദേമാതര വിവാദത്തിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാൽ മതി, ഇക്കാര്യം കൃത്യം വ്യക്തമാകും. ‘ജനഗണമന’യെ ദേശീയഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും ഒരവ്യക്തതക്കുമിടം നൽകാതെ മാറ്റിനിർത്തി ഭരണഘടനാ തലത്തിലും സാമാന്യബോധത്തിലും അവസാനിപ്പിച്ച ഒരു പഴയ സംവാദമാണ്, ഇപ്പോൾ കൊമ്പും തേറ്റയുമായി, ‘ചോരതാ’ എന്നലറിവിളിക്കുന്നൊരു വിവാദമായി വന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.