മദ്യനികുതിയിൽ എത്ര കിട്ടിയെന്നായിരുന്നു പല സി.പി.എം നേതാക്കളുടെയും മുനവെച്ച ചോദ്യം. ചാർട്ടേഡ് വിമാനത്തിലെ കർണാടക യാത്രയും അതിനോട് ചേർത്തിരുന്നു. ബക്കാർഡിയുടെ മണം തിരിച്ചറിഞ്ഞവരുമുണ്ട്. മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയിലും പ്രതിപക്ഷാക്രമണത്തിന്‍റെ കുന്തമുന മദ്യനികുതി തന്നെ. അതേ നാണയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ തിരിച്ചടി. ബക്കാർഡി അടക്കമുള്ളവരുടെ കാര്യത്തിൽ എക്സൈസ് മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദന്‍റെ നിർദേശം, 2022ലെ മദ്യനയത്തിൽ 20 ശതമാനം വീര്യം കുറഞ്ഞ മദ്യം അനുവദിക്കുമെന്ന പ്രഖ്യാപനം, അതിനായി വദേശമദ്യ ചട്ടത്തിലെ ഭേദഗതി. കൂട്ടത്തിൽ 60 ശതമാനം ആൾക്കഹോളുള്ള വിദേശ നിർമിത വിദേമദ്യത്തിന് 78 ശതമാനം നികുതി നിശ്ചയിച്ചത്, 28 ബാറുകൾ 900ലേറെയായി വർധിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളും സതീശൻ പ്രതിപക്ഷത്തിനെതിരെ എടുത്തിട്ടു.
‘‘മദ്യം വ്യാപിപ്പിക്കരുത്, വിഷമാണ് എന്ന് ഇപ്പോൾ പറയുന്നവരാണ് ഇതൊക്കെ ചെയ്തത്. ഈ ബാറുകളിലൊക്കെ കൊടുക്കുന്നത് കൂൾ ഡ്രിങ്സാണോ?. ജോണി വാക്കറിൽനിന്നും ഷീവാസ് റീഗലിൽനിന്നും കൈനീട്ടി വാങ്ങിയോ?’-അദ്ദേഹം ചോദിച്ചു. ബജറ്റിലെ നിർദേശങ്ങളൊന്നും മാറ്റാൻ തയാറായില്ലെങ്കിലും വീര്യം കുറഞ്ഞ മദ്യം വേണമോ വേണ്ടയോ എന്നത് യു.ഡി.എഫിന് വിട്ട് സതീശൻ തലയൂരുകയും ചെയ്തു.
ഉരുളക്ക് ഉപ്പേരി എന്ന പ്രയോഗം ശരിവെക്കുന്നതായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രകടനം. പ്രതിപക്ഷം തൊടുത്ത വിമർശന ശരങ്ങൾക്കല്ലാം അക്കമിട്ട്, എണ്ണയെണ്ണി മറുപടി. പലവട്ടം തർക്കം.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി ബാലഗോപാലുമായി വാഗ്വാദം. അത് പി.എം. ശ്രീയിൽ, കരിമണലിൽ, സ്വകാര്യവത്കരണത്തിൽ, മദ്യനികുതിയിൽ, സി.പി.എം. തോൽവിയിൽ ഒക്കെ. എന്നാൽ, ബജറ്റിൽനിന്ന് വാക്കോ വരിയോ പിൻവലിച്ചില്ല.
‘‘പുഞ്ചിരി, ഹാ, കുലീനമാം കള്ളം, നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം’’ എന്ന വൈലോപ്പിള്ളി വരികൾ ഉദ്ധരിച്ച സി. അജയപ്രസാദ് സത്യത്തെ കഴുത്തുഞെരിച്ച് കൊന്ന് അസത്യം അരങ്ങുവാഴുകയാണെന്ന് ആശങ്കപ്പെട്ടു. നിതിൻ ഗഡ്ഗരി പെട്രോളിൽ എഥനോൾ കലർത്തുന്നത് പോലെയാണ് സി.പി.എം കമ്യൂണിസത്തിൽ വർഗീയത കലർത്തുന്നതെന്ന് ഫാത്തിമ തഹ്ലിയ തുറന്നടിച്ചു. കാഫിർ സ്ക്രീഷോട്ടും ഖൗമിലെ കുട്ടിയും തഹ്‍ലിയ എടുത്തിട്ടു. എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും, എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും, എല്ലാ സുൽത്താൻമാരും വെളിച്ചം കടക്കാത്ത ഗുഹയിലൂടെ ഒളച്ചോടും.. എന്ന കടമ്മനിട്ട കവിത പാടിയ ഫാത്തിമ തഹ്ലിയ ഇടതിന്‍റെ എല്ലാ കോട്ടകളും പുരാവസ്തുവായെന്നും അവ നെടുകെ പിളർന്നുവെന്നും തകർന്ന അത്തരമൊരു കോട്ടയിൽനിന്നാണ് താൻ വരുന്നതെന്നും വിശദീകരിച്ചു.
തന്നെയും ഷാഫിയെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന സി.പി.എം ഭീഷണിയെ പരിഹസിച്ച പാറക്കൽ അബദുല്ല, പേടിച്ച് പോയെന്ന് പറഞ്ഞേക്കാൻ പ്രതിപക്ഷത്തോട് പറഞ്ഞു.
ആയിരക്കണക്കിന് അമ്മമാരുടെ കണ്ണീർ തെരുവുകളിൽ വീണിട്ടുണ്ടെന്നും അവരുടെ ശാപം വിടാതെ പിന്തുടരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് എ.ഡി. തോമസിന്‍റെ ഓർമപ്പെടുത്തൽ.ഗൺമാൻമാരുടെ രക്ഷാപ്രവർത്തനത്തിൽ തലപൊട്ടിയ തോമസ് അടിയേറ്റ യുവാക്കളുടെ വേദന അതിരൂക്ഷ ഭാഷയിലാണ് അവതരിപ്പിച്ചത്.
കഴിഞ്ഞ ഭരണത്തിൽ രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമുണ്ടായല്ലെന്ന് ടോണി ചമ്മിണി. കെ.എസ്.ആർ.എസിയിൽ മണ്ണെണ്ണ ഒഴിക്കുകയാണ് സർക്കാരെന്നും പൊട്ടിത്തകർന്ന കിനാവിന്‍റെ മയ്യത്ത്, കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ.. എന്ന് പാട്ടുപാടിയിരിക്കാനുള്ള പണമേ കെ.എസ്.ആർ.ടി.സിക്കുള്ളൂവെന്നാണ് എൻ.കെ. അക്ബർ.
മണിച്ചിത്രത്താഴിലെ സണ്ണിയെ പോലെ ആരും നടക്കാത്ത വഴികളിലൂടെ ഓജസും തേജസുമുള്ള കേരളത്തിനായാണ് മുഖ്യമന്ത്രിയുടെ യാത്രയെന്ന് കെ. ബിനിമോൻ. നൂറുവർഷത്തിന് മുമ്പ് വന്ന ഗാന്ധിജി ഇപ്പോൾ വന്നാലും വൈക്കത്തെ വഴി തെറ്റില്ലെന്നും അവിടെ ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ലെന്നും ബിനിമോന്‍റെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.