ഡൽഹിയിലെ ഒരു ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കെ വരിയുടെ മുൻനിരയിലായി മനോഹരമായ ഒരു പച്ച ഇലക്ട്രിക് കാർ എന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം കാറുകളെ മുമ്പും റോഡിൽ കണ്ടിട്ടുണ്ടെങ്കിലും, അത്ര അടുത്തുനിന്ന് കാണുന്നത് ഇതാദ്യമായായിരുന്നു. ഞാൻ അതിന്റെ പേര് കുറിച്ചുവെച്ച് ഇന്റർനെറ്റിൽ തിരഞ്ഞു; 25 ലക്ഷം രൂപയോളം വിലവരുന്ന വിവിധ മോഡലുകളുള്ള ഒരു വിയറ്റ്നാമീസ് കാറായിരുന്നു അത്. ഈ തിരച്ചിലിനൊപ്പം ആ കാർ നിർമിച്ച രാജ്യത്തെക്കുറിച്ചുള്ള ഓർമകളും ഒഴുകിയെത്തി. മനസ്സ് 1975 ഏപ്രിൽ 30ലേക്ക് തിരിച്ചുപാഞ്ഞു. സൈഗോൺ വീഴുകയും വിയറ്റ്നാം യുദ്ധം അവസാനിക്കുകയും ചെയ്ത ദിവസമായിരുന്നു അത്. ആ നിർണായക സംഭവം ആഘോഷമാക്കാൻ ഞങ്ങളുടെ എഡിറ്റർ നിഖിൽ ചക്രവർത്തി ഒരു പൊതി ലഡുവുമായാണ് അന്ന് ഓഫിസിലേക്ക് വന്നത്.
ഏതാനും വർഷം മുമ്പ് ഞാൻ തെക്കൻ വിയറ്റ്നാമും വടക്കൻ വിയറ്റ്നാമും സന്ദർശിച്ചിരുന്നു. അവിടത്തെ ആളുകളുടെ കഠിനാധ്വാനവും കൃത്യനിഷ്ഠയും ആതിഥ്യമര്യാദയുമെല്ലാം അന്ന് നേരിൽക്കണ്ടു. ഒരു കാർ നിർമിച്ച് അത് ആഗോള വിപണിയിൽ സ്വീകാര്യമാക്കുക എന്നത് ചെറിയ കാര്യമല്ല. ലോകത്തെ വൻശക്തിയായിരുന്ന സോവിയറ്റ് യൂനിയനോ അതിന്റെ പിൻഗാമിയായ റഷ്യക്കോ നാളിതുവരെ ഇത് സാധിച്ചിട്ടില്ല എന്നറിയുക.
വിയറ്റ്നാമിൽ കമ്യൂണിസ്റ്റുകാർ ജയിച്ചാൽ അത് ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന് അന്ത്യം കുറിക്കുമെന്ന് അമേരിക്കക്കാർ ഒരിക്കൽ ഭയപ്പെട്ടിരുന്നു. ആ ഭയം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. അമേരിക്കയെ പാഠം പഠിപ്പിച്ച ആദ്യ രാജ്യം വിയറ്റ്നാമാണ്. അതിൽ ഏറ്റവും ഒടുവിലത്തെ രാജ്യമാണ് ഇറാൻ.
ജൂലൈ നാലിന് അമേരിക്കക്ക് 250 വയസ്സ് തികയുന്നതിനോടനുബന്ധിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആസൂത്രണം ചെയ്തിരുന്ന ഗംഭീര പരിപാടികളിൽ പങ്കുചേരാൻ പല സ്റ്റേറ്റുകളും വിസമ്മതിക്കുന്നു. രാജ്യം ഇത്രയും ദയനീയമായ കീഴടങ്ങൽ നേരിടവെ ആർക്കാണ് ആഘോഷിക്കാൻ കഴിയുക? അമേരിക്കയെയും ഇറാനെയും വേർതിരിക്കുന്നത് ഒരു പൂജ്യമാണ്. യു.എസ് സംസ്കാരത്തിന് 250 വർഷത്തെ പഴക്കമേയുള്ളൂ, എന്നാൽ, ഇറാനിയൻ (പേർഷ്യൻ) സംസ്കാരത്തിന് 2500 വർഷത്തെ പഴക്കമുണ്ട്.
അമേരിക്കയുടെ പരിപൂർണ പിന്തുണയുള്ള ഭരണാധികാരിയായിരുന്ന ഷാ റിസാ പഹ്‌ലവിയെ അധികാരത്തിൽനിന്ന് പുറത്താക്കി 1979ലാണ് തെഹ്‌റാനിൽ പുതിയ ഭരണകൂടം അധികാരമേറിയത്. ഷാക്കെതിരായ വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുല്ല ഖുമൈനി പാരിസിലെ ഒളിത്താവളത്തിൽ നിന്നാണ് അന്ന് രാജ്യത്ത് തിരിച്ചെത്തിയത്.
ഇറാനെ വ്യോമാക്രമണത്തിലൂടെ നിഷ്പ്രയാസം തോൽപിക്കാൻ സാധിക്കുമെന്ന് കണക്കുകൂട്ടിയാണ് ട്രംപും ഇസ്രായേലിന്റെ ബിന്യമിൻ നെതന്യാഹുവും യുദ്ധം ആരംഭിച്ചത്. ആ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെയും സ്കൂൾ കുട്ടികൾ ഉൾപ്പെടെ 3000ത്തിലധികം സാധാരണ ജനങ്ങളെയും അവർ കൊന്നൊടുക്കി. ഇനിയും നിരവധി ആളുകളെ കൊല്ലാനുള്ള പടക്കോപ്പുകൾ അമേരിക്കൻ ആയുധപ്പുരകളിലുണ്ട്; എന്നാൽ, ഇറാനെ തോൽപിക്കാനുള്ള ശേഷി അതിനില്ല.
ഇറാന്റെ ‘നിരുപാധികമായ കീഴടങ്ങലോടെ’ യുദ്ധം അവസാനിക്കുമെന്നാണ് ട്രംപ് പ്രവചിച്ചിരുന്നത്. ആ പ്രവചനം സത്യമായി; കീഴടങ്ങിയത് യു.എസ് ആണെന്നൊരു വ്യത്യാസം മാത്രം. പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ സ്വിറ്റ്‌സർലൻഡിൽ വെച്ച് യു.എസ് ഇറാനുമായി അടുത്തിടെ ഒപ്പുവെച്ച കരാർ ഇതിന് വ്യക്തമായ തെളിവാണ്.
ഈ കരാർ, കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരത്തിനായി ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് കാരണമായി. എന്നാൽ, ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നതുവരെ ഈ ജലപാത തുറന്നുകിടക്കുകയായിരുന്നു. സമഗ്രമായ ഒരു കരാറിലെത്തുന്നതിനുള്ള 60 ദിവസത്തെ കാലാവധിക്കു ശേഷം, ഹുർമുസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽനിന്ന് ഇറാൻ ഫീസ് ഈടാക്കുമെന്ന സൂചനകളുണ്ട്.
ഇപ്പോൾ, മലാക്ക കടലിടുക്ക് നിയന്ത്രിക്കുന്ന മലേഷ്യ, ബാബ് അൽ-മന്ദബ് കടലിടുക്ക് നിയന്ത്രിക്കുന്ന ഹൂതികൾ തുടങ്ങിയ മറ്റ് രാജ്യങ്ങൾക്കും ആഗോള വ്യാപാരം തടസ്സപ്പെടുത്താനുള്ള ഇത്തരം സ്വാധീനശക്തി ലഭിച്ചിരിക്കുന്നു. ആഗോള വ്യാപാരത്തിന്റെ 30 ശതമാനവും നിയന്ത്രിക്കുന്ന ഒരു ചോക്ക് പോയന്റായി അന്തമാനെ വികസിപ്പിക്കാൻ ഇന്ത്യയും പദ്ധതിയിടുന്നുണ്ട്. തായ്‌വാനിലേക്ക് പോകുന്ന കപ്പലുകൾക്ക് അനുമതി നൽകാൻ ചൈന ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. യുദ്ധം വരെ ചൈനയെപ്പോലുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ വിലയിൽ രഹസ്യമായി എണ്ണക്കച്ചവടം ചെയ്തുവന്ന ഇറാന് ഇനി അന്താരാഷ്ട്ര വിപണിയിൽ പരസ്യമായി എണ്ണ വിൽക്കാൻ കഴിയും. നൂറുകണക്കിന് ബില്യൺ ഡോളർ വിലമതിക്കുന്ന ഇറാന്റെ ആസ്തികൾ മരവിപ്പിൽനിന്ന് ഒഴിവാക്കാനും ഇറാനിൽ 300 ബില്യൺ ഡോളറിന്റെ നിക്ഷേപം ഉറപ്പാക്കാനും യു.എസ് ഇപ്പോൾ ബാധ്യസ്ഥരാണ്.
ഇറാനിൽ ഉടൻ തന്നെ ആണവ പരിശോധകർ എത്തുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വിജയഭാവത്തിൽ അവകാശപ്പെട്ടു. 2015ൽ പ്രസിഡന്റ് ഒബാമ ഒപ്പുവെച്ച കരാർ പ്രകാരം പരിശോധകർ അവിടെയുണ്ടായിരുന്നുവെന്നും, ആണവ വ്യാപന നിരോധന കരാറിനെ മാനിക്കാൻ ഇറാൻ സമ്മതിച്ചിരുന്നുവെന്നും അദ്ദേഹം മറന്നുപോയി. ആ കരാർ യു.എസിന് പ്രയോജനകരമല്ലെന്ന് അവകാശപ്പെട്ട് അത് കീറിയെറിഞ്ഞത് ട്രംപായിരുന്നു. അത് വിഡ്ഢിത്തമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും അദ്ദേഹം സമ്മതിക്കുമോ ആവോ!
അടുത്ത 60 ദിവസത്തിനുള്ളിൽ ആണവ വിഷയം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഹരിക്കുമെന്ന് പുതിയ കരാർ വ്യക്തമാക്കുന്നു. ഇറാന്റെ പക്കൽ വൻതോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നത് പരസ്യമാണ്. അത് അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഊഹാപോഹങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വടക്കൻ കൊറിയയെ മാതൃകയാക്കി ഈ കാലയളവിൽ ഇറാൻ ആണവായുധം നിർമിച്ചാലും അത്ഭുതപ്പെടാനില്ല. അവരുടെ പക്കൽ ആണവായുധമില്ല എന്നതായിരുന്നു ഇറാനെ ആക്രമിക്കാൻ യു.എസിനും ഇസ്രായേലിനും ധൈര്യം പകർന്നത്. ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന ആത്മകഥയിൽ മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഒരു വിദഗ്ധന്റെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: “ആവശ്യത്തിന് സമ്പുഷ്ടീകരിച്ച യുറേനിയം കൈവശമുണ്ടെങ്കിൽ, ഇന്റർനെറ്റ് സൗകര്യമുള്ള മിടുക്കരായ ഹൈസ്കൂൾ ഫിസിക്സ് വിദ്യാർഥികൾക്ക് പോലും ബോംബ് നിർമിക്കാൻ സാധിക്കും” എന്ന്.
ഈ യുദ്ധത്തിൽ നിന്ന് അമേരിക്കക്ക് എന്ത് നേട്ടമാണുണ്ടായത്? ഗൾഫിൽ 13 അമേരിക്കക്കാരെയും കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയും അവർക്ക് നഷ്ടപ്പെട്ടു. അമേരിക്കക്കാർക്ക് ഗ്യാസ് സ്റ്റേഷനുകളിൽ വലിയ തുക നൽകേണ്ടിവന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ, ആസ്തികളിലും ആയുധങ്ങളിലും ഉണ്ടായ ആകെ നഷ്ടം ഒരു ട്രില്യൺ ഡോളർ വരുമെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയെപ്പോലുള്ള ഒരു സമ്പന്നരാജ്യത്തിനുപോലും അത് വളരെ വലിയൊരു തുകയാണ്.
അതിനേക്കാൾ വലുതാണ് അന്തസ്സിനേറ്റ കടുത്ത ക്ഷതം. നെതന്യാഹു ഒഴികെ മറ്റൊരു നേതാവും അമേരിക്കക്കൊപ്പം നിന്നില്ല. ഇപ്പോൾ നെതന്യാഹു പോലും ശത്രുതയിലാണ്. സ്വതന്ത്രമായി വിട്ടാൽ, ലബനാനിലെ ജനതയെ തുടച്ചുനീക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങുമായിരുന്നു. ഇത്രയൊക്കെയായിട്ടും ഇപ്പോഴും ഇറാനെ ഭീഷണിപ്പെടുത്താൻ ട്രംപ് മടിക്കുന്നില്ല. പക്ഷേ, ഈ ഭീഷണികൾ ലോകത്തെ ചിരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമേരിക്ക ഇനി ലോകത്തിന്റെ പൊലീസുകാരനല്ല.
യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങളൊന്നും കാണാതെ അതിനെ വെറുമൊരു റിയൽ എസ്റ്റേറ്റ് ബിസിനസ് സാധ്യതയായി മാത്രം കണ്ട ട്രംപ് ഗസ്സയെ മിഡിൽ ഈസ്റ്റിന്റെ ‘റിവിയേര’യാക്കി, മെഡിറ്ററേനിയൻ കടൽത്തീരത്തെ അന്താരാഷ്ട്ര ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും കേൾക്കുന്നില്ല. ഇരിക്കുന്ന പദവിക്ക് അർഹനല്ലാത്ത, ലോകത്തിനുതന്നെ അപകടങ്ങൾ വരുത്തിവെക്കുന്ന ഒരു ഭരണാധികാരിയെ സഹിക്കേണ്ടിവരുന്നു എന്നത് അമേരിക്കക്കാരുടെ ദുർവിധി.
ഡൽഹിയിലെ ട്രാഫിക് സിഗ്നലിൽ കണ്ട ഒരു വിയറ്റ്നാമീസ് കാറിൽനിന്ന് തുടങ്ങിയ ഈ കുറിപ്പ് ലളിതമായൊരു സത്യത്തോടെ അവസാനിപ്പിക്കട്ടെ: രാജ്യങ്ങൾ ഉയർച്ച പ്രാപിക്കുന്നത് കഠിനാധ്വാനത്തിലൂടെയാണ്, യുദ്ധത്തിലൂടെയല്ല. സൈനിക ശക്തിക്ക് ഒരു ജനതയുടെ വീര്യത്തെ തകർക്കാൻ കഴിയില്ലെന്ന് അമേരിക്കയുടെ പരാജയങ്ങൾ തെളിയിക്കുന്നു. യഥാർഥ ശക്തി ബോംബെറിയുന്നതിലല്ല, മറിച്ച് കെട്ടിപ്പടുക്കുന്നതിലാണെന്ന, വിയറ്റ്നാമും ഇറാനും മനസ്സിലാക്കിയ പാഠം ലോകത്തെ മഹാശക്തിയും പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.