കല്ലിടലിനെ എതിർ ത്തതിന് പരപ്പനങ്ങാടിയിൽ അറസ്റ്റിലായവർ

മനസ്സിലാകുന്നുണ്ട്, കെ-റെയിലിന്റെ സാമൂഹികാഘാതം

അമ്മയെ കൊണ്ടുപോകല്ലേ; എനിക്കെന്റെ അമ്മയെ വേണം- സിൽവർലൈൻ എന്നറിയപ്പെടുന്ന അതിവേഗ കെ-റെയിൽ പണിയുമെന്ന നിർബന്ധബുദ്ധിയോടെ ഉരുക്കുമുഷ്ടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സർക്കാറിനോട് ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ ഒരു പിഞ്ചുകുഞ്ഞ് കരഞ്ഞു പറഞ്ഞതാണിത്. കെ-റെയിലിനെതിരെ സ്വന്തം മണ്ണിൽ ചവിട്ടിനിന്ന് സമരം ചെയ്തതിനാണ് ആ കുഞ്ഞിനെയും അമ്മയെയും പൊലീസ് വലിച്ചിഴച്ചത്. കുഞ്ഞിനെ നാട്ടുകാർ രക്ഷിച്ചു. പക്ഷേ, അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചുകൊണ്ടുപോയി.

സമാനമായ അതിക്രമങ്ങളാണ് സിൽവർലൈൻ കല്ലിടലിനോടനുബന്ധിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ കണ്ടുവരുന്നത്. ജനങ്ങളെയും ജനപ്രതിനിധികളെയും ആക്രമിച്ചും അറസ്റ്റ് ചെയ്തും നടത്തുന്ന കെ-റെയിൽ കല്ലിടൽ ജനാധിപത്യവ്യവസ്ഥിതിയെ തന്നെയാണ് റദ്ദു ചെയ്യുന്നത്. തിരുവനന്തപുരത്ത് ചിറയ്ക്കലും മുരിക്കുംപുഴയിലും ആലപ്പുഴയിൽ ചെങ്ങന്നൂരും എറണാകുളത്ത് ആലുവ-കാലടി-പിറവം ഭാഗത്തും കോട്ടയത്ത് മാടപ്പള്ളിയിലും മലപ്പുറത്ത് പരപ്പനങ്ങാടിയിലും താനാളൂരും തിരൂരുമെല്ലാം വലിയ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടൽ. ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടുമുറ്റത്ത് എത്തുന്ന കെ-റെയിൽ ഉദ്യോഗസ്ഥരോടും പൊലീസ് സന്നാഹത്തോടും സർവശക്തിയുമുപയോഗിച്ച് പൊരുതിനിൽക്കേണ്ട ഗതികേടിലേക്കാണ് നവകേരള നിർമിതിയെന്ന പേരിൽ രണ്ടാം പിണറായി സർക്കാർ കൊണ്ടെത്തിച്ചിരിക്കുന്നത്.

ആലപ്പുഴ ചെങ്ങന്നൂരിലെ സമരസമിതി നേതാവ് സിന്ധു ജയിംസിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. പാവപ്പെട്ട ഒരു സ്ത്രീയുടെ അടുപ്പിൽ പ്രതിഷേധം വകവെക്കാതെ കല്ലു നാട്ടി. പുരോഹിതനെയും അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവിനെയും ആക്രമിച്ചു. ചെങ്ങന്നൂരും താനാളൂരും സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി. പൊലീസ് പടയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കിണറ്റിൽ ചാടിയ വിദ്യാർഥിയെ വലിച്ചിഴച്ചു.

ഹൃദ്രോഗിയായ ഭർത്താവ് കുഴഞ്ഞുവീഴുമ്പോഴും വലിച്ചിഴക്കുന്ന പൊലീസിനെ നോക്കി, ഞങ്ങളുടെ സ്വപ്നങ്ങൾക്കും വിലയുണ്ടെന്ന് മുഖ്യമന്ത്രിയോട് പറയുവാനാവശ്യപ്പെട്ട് ഒരു വീട്ടമ്മ തേങ്ങി. തൊണ്ണൂറിന് മേലെ പ്രായമുള്ള ഏലിയാമ്മയും കാലടിയിൽ കൊച്ചുമകന്റെ കൈയും പിടിച്ച് വന്ന ഉമ്മയുമെല്ലാം പൊലീസ് ഭീകരതക്ക് മുന്നിലും പൊരുതിനിന്നു.

മലപ്പുറത്ത് പരപ്പനങ്ങാടിയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് കെ-റെയിൽ കല്ലിടൽ നടന്നത്. സ്ഥലത്തെ ബൈറോഡുകളും ഇടവഴികളും ബാരിക്കേഡുകൾവെച്ചു മാർച്ച് 7ന് അതിരാവിലെ അടച്ചു. സർവസന്നാഹങ്ങളോടെയും പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു.

സമരസമിതിയുടെ പ്രാദേശിക നേതാക്കളെ മുൻകൂട്ടി അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ചവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പൊലീസ് ആക്ഷനിൽ കുഴഞ്ഞുവീണ മജീദ് എന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുവാൻ വൈകിച്ചു. പിതാവിന്റെ ദയനീയമായ അവസ്ഥ കണ്ട പെൺകുട്ടികളും കരഞ്ഞുവീഴുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ ബാധ്യസ്ഥരായ പൊലീസ് നോക്കിനിന്നു.

സി.പി.എം പ്രാദേശിക നേതാക്കളുടെ അകമ്പടിയോടെ പൊലീസ് സംരക്ഷണയിൽ കല്ലിടൽ നടത്തി. തിരൂരും താനാളൂരുമെല്ലാം സമാനമായ ആക്രമണമാണുണ്ടായത്. പൊലീസ് ആക്രമണം വിഡിയോയെടുത്തവരെയും ലൈവ് കൊടുത്തവരെയുംപോലും അറസ്റ്റ് ചെയ്തു. മൊബൈലുകൾ തട്ടിയെടുത്ത് ദൃശ്യങ്ങൾ നശിപ്പിച്ചു.

ഇത്തരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുന്നേറുമ്പോഴും പൊലീസ് സമാധാനപരമായാണ് പെരുമാറുന്നത് എന്ന് നിയമസഭയിൽ പ്രഖ്യാപിക്കുക വഴി ജനങ്ങൾക്ക് മേലുള്ള കടന്നാക്രമണം തുടരുവാൻ അനുവാദം കൊടുക്കുകയല്ലേ മുഖ്യമന്ത്രി. മാടപ്പള്ളിയിലെ അതിക്രമങ്ങൾ സകലസീമകളെയും ലംഘിച്ചു. സ്ത്രീകളെയും സമരസമിതി പ്രവർത്തകരെയും ആക്രമിച്ചു. കിടപ്പാടം സംരക്ഷിക്കാൻ മണ്ണെണ്ണയുമായി ആത്മഹത്യാഭീഷണി മുഴക്കിനിൽക്കുന്ന ജനങ്ങളുടെ മാനസികാവസ്ഥയെ തെല്ലും വകവെക്കാതെ കിരാതമായ ആക്രമണം അഴിച്ചുവിട്ടു.

സാമൂഹികാഘാതപഠനം നടത്തുവാനാണ് കുറ്റിനാട്ടലും അനുബന്ധ നടപടികളുമെന്നാണ് അധികൃതരുടെ വിശദീകരണം.

എന്തുതന്നെയായാലും സമരഭൂമിയിൽനിന്നുയർന്ന കുഞ്ഞുങ്ങളുടെ കണ്ണുനീരും ജനങ്ങളുടെ നിലവിളിയും സിൽവർലൈനിന്റെ ആഘാതമെന്തെന്ന് സമൂഹത്തിന് ഇതിനോടകംതന്നെ ബോധ്യപ്പെടുന്നുണ്ട്.

(കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ വനിതാകൂട്ടായ്മ ഭാരവാഹിയാണ്)

Tags:    
News Summary - social impact of the K-Rail is Understanding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.