?? ?????????????????????

ചങ്കൂറ്റമായി സഫ; കരുണക്ക്​ ചങ്കായി ഷഹാന

സഫ ഫെബിൻ...

ഇതൊരു മലപ്പുറംകാരി പെൺകുട്ടിയുടെ പേര്​ മാത്രമല്ല, അതിരില്ലാത്ത ആത്​മവിശ്വാസത്തി​​െൻറ മലയാളക്ഷരങ്ങൾ കൂടിയാണ്​. ‘‘ഞങ്ങൾക്കാരെയും കാത്തുനിൽക്കാനില്ലെന്നും ഞങ്ങളിങ്ങനാണു കേരളമേ’’ എന്നും ​പ്രഖ്യാപിക്കുന്ന ചുവടുവെപ്പുകളോടെ, ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും പ്രധാന നേതാക്കളിലൊരാളുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ചാടിത്തുള്ളി പുറപ്പെട്ട പുത്തൻപുതുകാല ചങ്കാണവൾ. ഏറനാടൻ മലയോര ഗ്രാമമായ കരുവാരകുണ്ടിനെ പത്ത് മിനിറ്റുകൊണ്ട് രാജ്യത്തി​​െൻറ ശ്രദ്ധാകേന്ദ്രമാക്കി സഫ മാറ്റിക്കളഞ്ഞത്​ നാമെല്ലാം അതിശയത്തോടെ നോക്കി നിന്നു.

മദ്റസാധ്യാപകൻ കുട്ടത്തി ഒടാല കുഞ്ഞിമുഹമ്മദി​​െൻറയും സാറയുടെയും അഞ്ചുമക്കളിലെ ഇളമക്കാരി. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനി. നാലായിരത്തിലധികം വരുന്ന വിദ്യാർഥി സഞ്ചയത്തിൽനിന്ന് രാഹുൽ ഗാന്ധി കൈപിടിച്ച് കൊണ്ടുവന്ന് രാജ്യത്തിന് പരിചയപ്പെടുത്തിയ കൊച്ചു പ്രതിഭ.

ഇനി അവൾ പറയട്ടെ
‘‘എനിക്ക് ടെൻഷനടിക്കാൻ പോലും സമയം കിട്ടും മുമ്പ് എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധി വരുന്നു എന്നറിഞ്ഞപ്പോൾ ഒന്ന് കാണണം, ഇൻററാക്​ഷനുണ്ടെങ്കിൽ എന്തെങ്കിലും ചോദിക്കണം, തരംകിട്ടിയാൽ ഒരു സെൽഫിയുമെടുക്കണം-ഇത്ര ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കണ്ണടച്ച് തുറക്കും വേഗത്തിൽ അല്ലാഹു ഇത്രയൊക്കെ എന്നെയാക്കി. അൽഹംദുലില്ലാഹ് (ദൈവത്തിന്​ സ്​തുതി). ആഹ്ലാദക്കണ്ണീരും പുഞ്ചിരിയും സമം ചേർത്ത് സഫ പറഞ്ഞു.

സഫ മാതാപിതാക്കൾക്കൊപ്പം


പ്രസംഗം വിവർത്തനം ചെയ്യാനുള്ള രാഹുലി​​െൻറ ഇംഗ്ലീഷിലുള്ള ക്ഷണം മനസ്സിലായിരുന്നു. പെട്ടെന്ന് ഒരുൾവിളി. പക്ഷേ, എഴുന്നേറ്റില്ല. കൂട്ടുകാരികളെല്ലാം അങ്ങോട്ടുമിങ്ങോട്ടും ധൈര്യം നൽകുന്നതിനിടെ ധൈര്യം സംഭരിച്ച് എഴുന്നേറ്റു നടന്നു. ആയിരങ്ങളുടെ ആരവങ്ങൾക്കിടെ നടന്നുകയറുമ്പോൾ ടെൻഷനടിക്കാൻ പോലും കഴിഞ്ഞില്ല. വേദിയിൽ കയറി രാഹുലിന് കൈകൊടുക്കുമ്പോൾ കൺഫ്യൂഷൻ-ഇത് സ്വപ്നമാണോ അതോ ജീവിതം തന്നെയോ?
മൈക്ക് തന്നും പേര് ചോദിച്ചും ഒപ്പം ചുമലിൽ ഒരു തലോടലും തന്ന് ആശ്വസിപ്പിച്ച രാഹുൽജി പ്രസംഗം തുടങ്ങി.

Now I start with a couple of things ‘ഇപ്പോൾ ഞാനിവിടെ കുറച്ച് കാര്യങ്ങൾ വെച്ചിട്ടാണ് തുടങ്ങാൻ പോണത്’-ഞാനും തുടക്കമിട്ടു. വിറച്ചുകൂടല്ലോ. സ്കൂളി​​െൻറ മുഴുവൻ മാനവും കാക്കേണ്ടത് ഞാനല്ലേ? എ​​െൻറ ഓരോ വാചകങ്ങൾക്കും പിന്നാലെ ഉയർന്നുകേട്ട പ്രിയപ്പെട്ടവരുടെ കൈയടിയും ആരവങ്ങളും പിന്നെപ്പിന്നെ ആവേശമായിക്കൊണ്ടിരുന്നു. ഒടുവിൽ എനിക്കു കൂടി നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു. അഭിനന്ദനങ്ങളുമായി രാഹുൽ വീണ്ടും കൈ തന്നു, ഒപ്പം ഒരു ചോക്ലേറ്റും. പിന്നെ ചേർത്തുനിർത്തി ഒരു ഫോട്ടോ. സ്വപ്നലോകമാകുന്ന വേദിയിൽനിന്ന് ജീവിതമാകുന്ന മുറ്റത്തേക്ക് ഞാനിറങ്ങുമ്പോൾ എ​​െൻറ കണ്ണുകൾ നിറഞ്ഞു.

Full View

അഭിനന്ദനങ്ങളുമായി ഓടിവരുന്നവരുടെ കൈകളിലേക്ക് ഞാൻ വീണു. ഏതൊരാൾക്കും ഒരു ദിനമുണ്ടല്ലോ. എ​​െൻറ ദിനം ഇതായിരിക്കാം’’ ‘‘എന്നെ ഇങ്ങനെയാക്കിയതിൽ കുറേ പേരോട് കടപ്പാടുണ്ട്. ഞാനേറെ ഇഷ്​ടപ്പെടുന്ന, ഞങ്ങളുടെ എം.പി കൂടിയായ രാഹുൽജിയോട് ഒന്നാമത്തെ നന്ദി. അദ്ദേഹത്തിലെ ടാലൻറാണ് എന്നെപ്പോലുള്ള ഒരു പെൺകുട്ടിയെ വേദിയിലെത്തിച്ചത്. പിന്നെ എന്നെ ഞാനാക്കിയ എ​​െൻറ പ്രിയപ്പെട്ട അധ്യാപകരോടാണ്.

എന്നെ ജീവനായിക്കാണുന്ന സ്നേഹനിധികളായ ഉപ്പയും ഉമ്മയും. അവരോടുള്ള കടപ്പാട് പറഞ്ഞു തീർക്കാനാവില്ല. അഭിനന്ദനങ്ങളുടെ നടുവിൽ നിൽക്കുന്ന എന്നെ തേടി ഉപ്പയെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കരയാൻ മാത്രമേ എനിക്കായുള്ളൂ. എന്തിനും ഏതിനും കൺനിറക്കുന്നവളാണ് ഞാനെന്ന് ഉമ്മ എപ്പോഴും പറയും. എപ്പോഴും കണ്ണു നിറക്കുന്ന കുട്ടിയാണിപ്പോൾ ഉമ്മയുടെയും ഉപ്പയുടെയും കുടുംബത്തി​​െൻറയും സ്​കൂള​ി​​െൻറയും നാടി​​െൻറയുമൊക്കെ അഭിമാനം ആകാ​ശത്തോളം ഉയർത്തിയതെന്ന്​ തിരിച്ചറിയുന്നു.

ഷഹാന ഷെറിൻ...

ബസ്​ സ്​റ്റോപ്പിൽ കണ്ട അന്ധനായ യാചകന്, ബസുകളിൽ കയറി പണം പിരിച്ചെടുത്തു നൽകിയ മലപ്പുറം ചെറുകര അലിഗഢ്​ റോഡിലെ ചോലക്കൽ അബ്​ദുറഹ്​മാ​​െൻറ മകൾ ഷഹാന ഷെറിക്ക്​ ഒരാഴ്​ചക്കു ശേഷം വിവരമന്വേഷിക്കു​േമ്പാൾ ഭാവഭേദമേതുമില്ല. സാമൂഹിക മാധ്യമങ്ങളിൽ സജീവചർച്ചക്കും ആനമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ അസംബ്ലിയിലെ അനുമോദനത്തിനും അർഹമാകാൻ മാത്രം താനെന്തു ചെയ്​തു എന്ന മട്ട്​.
ആനമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ഷഹാന ഷെറിൻ പറയുന്നത്​ ഒന്നു മാത്രം; നമുക്ക്​ കാഴ്ചക്കാരുടെ വേഷം എപ്പോഴും ചേരില്ല...

ഷഹാന ഷെറിൻ


ഷഹാന കഥാപാത്രമായി മാറിയ ആ കഥ ഇങ്ങനെ
നവംബർ 28ന് ഉച്ചക്ക്​ രണ്ടിന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ കാഴ്​ചയിൽ കുഴപ്പമില്ലാത്ത, എന്നാൽ രണ്ടുകണ്ണിനും കാഴ്ചയില്ലാത്തയാൾ തിരക്കുള്ള ബസ്​ സ്​റ്റോപ്പിനരികിലിരുന്ന് പാടുകയാണ്. ചെറിയ മെഗഫോണിൽ അയാൾ പറയുന്നതോ പാടുന്നതോ അധികമാരും ഗൗനിക്കുന്നില്ല. ബസിൽ കയറിപ്പറ്റാനുള്ള തിരക്കിൽ ആരും അയാളെ ഗൗനിക്കുന്നില്ല. തൊഴിലെടുത്ത് ജീവിച്ചിരുന്നയാളാണെന്നും ഇപ്പോൾ രണ്ടു കണ്ണിനും കാഴ്ചയില്ലാത്തതിനാൽ മറ്റു വഴിയില്ലാതെ സഹായം തേടുകയാണെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്​.

ഷഹാനയുടെ കൈയിൽ ബസിനു കൊടുക്കാൻ രണ്ടു രൂപ മാത്രം. പണമുണ്ടായിരുന്നെങ്കിൽ കൊടുക്കാമായിരുന്നെന്നു തോന്നി. ആരും സഹായമൊന്നും നൽകുന്നില്ലെന്ന്​ അറിഞ്ഞതോടെ അടുത്തുനിന്ന ചെറുപ്പക്കാരനോട് ത​​െൻറ കൂടെ ഒന്നു കൂടാമോ എന്നു ചോദിച്ചു. പാട്ടുപാടി രണ്ടു ചുവട് നൃത്തം വെച്ച് പൊതുശ്രദ്ധ ക്ഷണിച്ച് വിഷയം അവതരിപ്പിക്കലായിരുന്നു ലക്ഷ്യം. ആരെയും കിട്ടില്ലെന്ന്​ കണ്ടതോടെ ഒറ്റക്ക് ഇറങ്ങി. വേണ്ടത് ഒരു പാത്രമായിരുന്നു. കിട്ടാനില്ല. തലയിൽ ക്യാപ്​ വെച്ച് വരുന്ന രണ്ടു വിദ്യാർഥികളെ കണ്ടത്​ അപ്പോഴാണ്. ‘തൊപ്പിയൊന്നു തരൂ, തിരികെ തരാം’ എന്ന് പറഞ്ഞ് വാങ്ങി. പിന്നെ ഒന്നും നോക്കിയില്ല. കൂടി നിന്നവരോടെല്ലാം അവിടെയിരിക്കുന്ന കാഴ്ചയില്ലാത്തയാൾക്കാണെന്ന് പറഞ്ഞ് ഷഹാന ഷെറിൻ പണം പിരിച്ചു.

സ്കൂൾ യൂനിഫോമിട്ട പെൺകുട്ടി ബസിൽ കയറി പണം പിരിക്കുന്നത് ആദ്യം കൗതുകത്തോടെ നോക്കിനിന്ന യാത്രക്കാർ കാര്യം മനസ്സിലാക്കി പണം നൽകാൻ തുടങ്ങി. അവിടെയെത്തിയ മൂന്നു ബസുകളിൽ കയറി യാത്രക്കാരിൽ നിന്നും പണം പിരിച്ചു. മിനിറ്റുകൾക്കകം തൊപ്പി നിറഞ്ഞ ശേഷം അത് കാഴ്ചയില്ലായാളുടെ പാത്രത്തിൽ നിക്ഷേപിച്ച് ഒന്നും സംഭവിക്കാത്ത പോലെ മടങ്ങുകയും െചയ്തു. സംഭവം സമൂഹ മാധ്യമം വഴി അറിഞ്ഞ ആനമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകർ പിറ്റേന്നു തന്നെ പ്രത്യേകം അസംബ്ലി വിളിച്ചുകൂട്ടി അഭിനന്ദിച്ചു.

തയാറാക്കിയത്​: വി.എസ്​.എം. കബീർ, ഇ. ഷംസുദ്ദീൻ

Tags:    
News Summary - safa febin and shahana sherin -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.