1925ൽ രൂപംകൊണ്ട ആർ.എസ്.എസ് ഈ ഒക്ടോബറിൽ ശതാബ്ദിയിലേക്ക് കടക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ സ്വാധീനം ചെലുത്തുന്ന, രാജ്യംഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിലൂടെ തങ്ങളുടെ വിചാരധാര പ്രതിഫലിപ്പിക്കുന്ന ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി ഒരു ലക്ഷം ശാഖകൾ,1500–1600 ഹിന്ദു സമ്മേളനങ്ങൾ എന്നിവക്ക് പദ്ധതിയിടുന്നുണ്ട്. അതിനിടയിൽ മുസ്ലിംകൾക്കിടയിൽ പ്രവർത്തിക്കാൻ ആർ.എസ്.എസ് ഉപയോഗിക്കുന്ന ബാനറായ ‘മുസ്ലിം ദേശീയ മഞ്ച്’ന്റെ പേരിൽ 2025 ജൂലൈ 31ന് ഡൽഹിയിൽ ഒരു കൂടിക്കാഴ്ചയും സംഘടിപ്പിക്കപ്പെട്ടു. ‘സംവാദ് സെ സമാധാൻ’ (സംഭാഷണത്തിലൂടെ പരിഹാരം) എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിലെ 40–50 ഓളം വരുന്ന ക്ഷണിതാക്കളിൽ അധികപേരും ഉർദു മാധ്യമങ്ങളിൽ നിന്നുള്ള ജേണലിസ്റ്റുകളായിരുന്നു. ഉർദു മാധ്യമത്തിൽ നിന്നല്ലാത്ത, ഹിന്ദുവായ ഈ ലേഖികയെപ്പോലെ കുറച്ചുപേരുമുണ്ടായിരുന്നു.
മുതിർന്ന ആർ.എസ്.എസ് നേതാവും മുസ്ലിം ദേശീയ മഞ്ച് രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാറായിരുന്നു പരിപാടിയുടെ ആസൂത്രകൻ. സാഹോദര്യഭാവ (ഭായ് ചാര)ത്തിലും ഐക്യത്തിലും ഊന്നിയുള്ള ദേശീയ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പുനരൈക്യത്തിന് മാധ്യമങ്ങൾ നേതൃത്വം കൊടുക്കണമെന്നും ആവശ്യപ്പെട്ട ഇന്ദ്രേഷ് കുമാർ “പശുക്കളുടെ പേരിൽ അടിച്ചുകൊലയോ കലാപമോ ഇല്ലാത്ത രാജ്യമാവണം നമുക്ക് വേണ്ടത്” എന്നും പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയത്തെയും മതത്തിന്റെ പേരിൽ നടക്കുന്ന സംഘർഷങ്ങളെയും വിമർശിച്ച അദ്ദേഹം ഗ്യാൻവാപി, സംഭൽ തർക്കങ്ങളെ സൂചിപ്പിച്ച് “ഓരോ മസ്ജിദിലും ശിവക്ഷേത്രങ്ങൾ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ?” എന്ന ചോദ്യവും ഉന്നയിച്ചു. മുതിർന്ന സംഘ്പരിവാർ നേതാവ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധേയമായി തോന്നുമെങ്കിലും, യു.പിയിലെ ഫതേപൂരിൽ 200 വർഷം പഴക്കമുള്ള മഖ്ബറക്കുമേൽ ‘ഹിന്ദു ക്ഷേത്രം’ എന്ന അവകാശവാദം ഉന്നയിച്ച് കലഹവും കുഴപ്പങ്ങളും സൃഷ്ടിച്ച സമീപകാല സംഭവം ആലോചിക്കുമ്പോൾ ഇതുപോലുള്ള സംവാദ സംഗമങ്ങൾ സംഘടനയുടെ യഥാർഥ ആത്മപരിശോധനയാണോ അതോ വിമർശനങ്ങളെ മറികടക്കാനുള്ള അടവുനയങ്ങൾ മാത്രമാണോ എന്ന ന്യായമായ ചോദ്യം ഉയരുന്നു.
പലപ്പോഴും പ്രാദേശിക അധികാരികളുടെ കൂടി സഹായത്തോടെയാണ് ആരാധനാലയങ്ങൾക്കുമേൽ അന്യായ അവകാശവാദവും അതിക്രമിച്ചുകയറ്റവും നടക്കുന്നത്.
സംഭാഷണങ്ങളും സംവാദങ്ങളും തുടരുന്നതിനിടയിലും മോബ് ലിഞ്ചിങ്, സാമൂഹിക ബഹിഷ്കരണം, മതാചാരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിങ്ങനെ മുസ്ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അപരവത്കരണം അതിശക്തമാണ്.
കാവടിയാത്ര കടന്നുപോകുന്ന ഇടങ്ങളിലെ കച്ചവടക്കാർ മതം വെളിപ്പെടുത്താൻ നിർബന്ധിതരാവുന്നത്, നമസ്കാരം തടയുന്നത്, പൊലീസ് അനാസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർ ഉന്നയിച്ചു.
പ്രസ്താവനയല്ല നീതിയാണ് വേണ്ടത്
2015 മുതൽ ഇന്ത്യയിൽ പശു സംരക്ഷണവുമായി ബന്ധപ്പെട്ട 50ലേറെ ആൾക്കൂട്ട അതിക്രമ കേസുകളുണ്ട്. മുഹമ്മദ് അഖ്ലാഖ്, പെഹ്ലു ഖാൻ, ജുനൈദ് ഖാൻ തുടങ്ങിയവർ അതിലെ ഏതാനും പേരുകൾ മാത്രം. ഇത്തരം സംഭവങ്ങളിൽ നീതി ഉറപ്പാക്കാതെ, ‘സംവാദം’ നടത്തിയാൽ ‘സമാധാനം’ ഉണ്ടാകുമോ? പ്രസ്താവനകളല്ല, പ്രായോഗിക നടപടികളും ഉത്തരവാദിത്തമേൽക്കലും, നീതി ഉറപ്പാക്കലുമാണ് വേണ്ടത്. ദേശീയത മതത്തിനു മുകളിൽ ആയിരിക്കണമെന്ന് സംസാരത്തിലുടനീളം ഇന്ദ്രേഷ് കുമാർ ഊന്നിപ്പറഞ്ഞു. “നാം ഹിന്ദുവോ മുസ്ലിമോ അല്ല, പ്രാഥമികമായി ഭാരതീയരായിരിക്കണം- പ്രത്യേകിച്ച് ഇസ്രായേൽ-ഹമാസ് സംഘർഷം പോലുള്ള അന്താരാഷ്ട്ര വിഷയങ്ങളോടുള്ള പ്രതികരണത്തിൽ” എന്നും പറഞ്ഞുവെച്ചു. ദേശീയതയെ ഹിന്ദു ഐഡന്റിറ്റിയുമായി ഒത്തുപോകുന്ന രീതിയിൽ നിർവചിക്കുമ്പോൾ ദേശത്തിന്റെ വൈവിധ്യം തന്നെ അപകടത്തിലാകുമെന്ന ആശങ്ക നിലനിൽക്കുന്നു. യഥാർഥത്തിൽ ദേശീയത ഏവരെയും ഉൾക്കൊള്ളുന്നതും ഭരണഘടനാപരവുമായിരിക്കണം. എന്നാൽ ഭരണഘടന, തുല്യത, ജനാധിപത്യം, മതനിരപേക്ഷത-ഇത്യാദി കാര്യങ്ങളൊന്നും സംഭാഷണത്തിൽ പരാമർശിക്കപ്പെടാതെ പോയത് പ്രക്രിയയുടെ പ്രഖ്യാപിത ലക്ഷ്യത്തെത്തന്നെ ന്യൂനീകരിക്കുന്നു.
സമാധാനമാണ് ലക്ഷ്യമെങ്കിൽ
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഈയിടെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു: “സംഘത്തെ ഒരു വാക്കിൽ നിർവചിക്കുകയാണെങ്കിൽ,‘സ്വന്തം’ എന്നാണ് വിശേഷിപ്പിക്കാനാവുക’’ എന്ന്. പക്ഷേ, അപരരെ ഉൾക്കൊള്ളുന്നില്ലെങ്കിൽ സ്വന്തത്തിനും ബന്ധുത്വത്തിനുമെന്തർഥം?വൈവിധ്യത്തെ സഹിക്കുമ്പോളല്ല, ആഘോഷിക്കുമ്പോൾ മാത്രമേ യഥാർഥ സ്വന്തവും ബന്ധവും രൂപപ്പെടുകയുള്ളൂ. ജൂലൈ 31ലെ യോഗം പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിലും ആത്മപരിശോധനയുടെ ഒരു അവസരം എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ യോഗത്തിന്റെ തലക്കെട്ടിൽ പറഞ്ഞതുപോലെ സമാധാനം ആർ.എസ്.എസ് ആഗ്രഹിക്കുന്നുവെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും ചെയ്യാൻ അവർ തയാറാവണം:
● മതത്തിന്റെയും ദേശീയതയുടെയും പേരിൽ നടക്കുന്ന എല്ലാ അതിക്രമങ്ങളെയും പരസ്യമായി തുറന്ന് അപലപിക്കാൻ തയാറാവുക.
● സംഘ്പരിവാറുമായി ബന്ധപ്പെട്ട നേതാക്കളും ബുദ്ധിജീവികളും വിദ്വേഷ പ്രസംഗങ്ങളിൽനിന്ന് അകലം പാലിക്കുക.
● വർഗീയ അതിക്രമങ്ങളിലെ ഇരകൾക്ക് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കുക.
● ഭരണഘടനാ മൂല്യങ്ങളുടെ, പ്രത്യേകിച്ച് മതനിരപേക്ഷതയുടെ, ഉറച്ച പുനർപ്രഖ്യാപനം നടത്തുക.
അറേബ്യയുടെ നായകനെ പുൽകിയ കുളിർതെന്നൽ വീശിയ ഇടമാണ് ഇന്ത്യ എന്ന അല്ലാമ ഇഖ്ബാലിന്റെ വരി (‘മീർ എ അറബ് കോ ആയി ടംണ്ഠീ ഹവാ ജഹാം സേ’) ഉദ്ധരിച്ചുകൊണ്ടാണ് ഇന്ദ്രേഷ് കുമാർ യോഗത്തിന് സമാപ്തം കുറിച്ചത്. സംശയവും വിഭാഗീയതയും വെടിഞ്ഞ് കൂടുതൽ ഉൾക്കൊള്ളുന്ന, സഹിഷ്ണുതയുള്ള, സഹാനുഭൂതിപൂർണമായ ദേശീയാത്മാവിലേക്ക് കുളിർതെന്നൽ വീശിയിരുന്നെങ്കിൽ എന്നാണ് ആ നിമിഷം ഞാൻ ആശിച്ചത്.
(ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.