പ്രശാന്ത് കിഷോർ
യഥാർഥ ജീവിതത്തിലെ ചില സംഭവങ്ങൾ നാടോടിക്കഥകളിൽ കേൾക്കാറുള്ളതുപോലുള്ള നാടകീയത സമ്മാനിക്കാറുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ സമ്പന്നമായ നാടോടിക്കഥകളേക്കാൾ വിചിത്രമാണ്. അതുകൊണ്ട് നമുക്ക് കാര്യങ്ങൾ ഉള്ളതുപോലെ പറയാം: തെരഞ്ഞെടുപ്പ് അമ്പരപ്പിക്കുന്ന ഒരു ഫലമാണ് നൽകിയത്. എന്നാൽ അതിലേറെ അതിശയിപ്പിക്കുന്ന കാര്യം, ഫലപ്രഖ്യാപന ശേഷം ജയിച്ചവരും തോറ്റവരും പെരുമാറുന്ന രീതിയാണ്.
എൻ.ഡി.എ നേടിയ വൻ വിജയത്തിൽ നിരീക്ഷകരും വിദഗ്ധരും അമ്പരന്നിരിക്കെ, പ്രതിപക്ഷമായ മഹാസഖ്യം തങ്ങളുടെ മോശം പ്രകടനത്തിൽ പകച്ചുനിൽക്കുകയാണ്. എൻ.ഡി.എയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി നിതീഷ് കുമാർ പതിവുപോലെ നിഗൂഢമായ മൗനം തുടർന്നു; മഹാസഖ്യത്തിന്റെ മുഖമായ തേജസ്വി യാദവും മൗനത്തിലായിരുന്നു. പാർട്ടി എം.എൽ.എമാരും പ്രവർത്തകരും വോട്ട് അട്ടിമറി എന്ന് ഉറക്കെ ആരോപിച്ചപ്പോഴും തേജസ്വി മാധ്യമങ്ങൾക്ക് മുന്നിൽ വന്നില്ല.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. കന്നിയങ്കത്തിനിറങ്ങിയ അദ്ദേഹത്തിന്റെ ‘ജൻ സുരാജ് പാർട്ടി’ ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയം ഏറ്റുവാങ്ങി. എന്നിട്ടും പ്രശാന്ത് മാന്യതയോടെ മാധ്യമങ്ങളെ നേരിട്ടു. അദ്ദേഹം പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.
ഞാൻ ആ വാർത്തസമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. നിങ്ങളെപ്പോലെ ഞാനും ഈ ഫലത്തിൽ അമ്പരന്നിരിക്കുകയാണ്, ആകയാൽ, ആഴത്തിലുള്ള വിശകലനത്തിന് മുതിരുന്നില്ല. തൽക്കാലം ഏജൻസി റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി പ്രശാന്ത് കിഷോർ പറഞ്ഞ കാര്യങ്ങൾ, ചുരുക്കത്തിൽ എന്നാൽ മാറ്റങ്ങളില്ലാതെ, ഇവിടെ ചേർക്കുന്നു:
‘‘ബിഹാറിലെ രാഷ്ട്രീയത്തെ മാറ്റണമെന്ന സ്വപ്നവുമായി ജാതിയോ സൗജന്യങ്ങളോ മുന്നോട്ടുവെക്കാതെ വിദ്യാഭ്യാസം, തൊഴിൽ, കുടിയേറ്റം തടയൽ, സദ്ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞങ്ങൾ വന്നത്; ഞങ്ങൾ പൂർണമായും പരാജയപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാത്തതിന്റെ നൂറ് ശതമാനം ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. വോട്ടുകിട്ടാത്തത് ഒരു കുറ്റമല്ല, മറിച്ച് ബിഹാറിലെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തത് എന്റെ പരാജയമാണ്.
നിതീഷ് കുമാറിനും എൻ.ഡി.എക്കും അഭിനന്ദനങ്ങൾ. എന്നാൽ, നമുക്ക് പച്ചയായി സംസാരിക്കാം: വോട്ടെടുപ്പിന് ആഴ്ചകൾക്കുമുമ്പ് ഒരു സർക്കാർ 40,000 കോടി രൂപ വോട്ടർമാർക്ക് നേരിട്ട് കൈമാറുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തത് സ്വതന്ത്ര ഇന്ത്യയിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് സ്ത്രീകൾക്ക് 10,000 രൂപ വീതം അക്കൗണ്ടിൽ ലഭിച്ചു, 1.5 കോടി ആളുകൾക്ക് രണ്ടുലക്ഷം രൂപയുടെ വായ്പയും വാഗ്ദാനം ചെയ്യപ്പെട്ടു. ഇതുവഴി സർക്കാർ സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിക്കുകയായിരുന്നു.
ആളുകൾ വോട്ട് വിറ്റു എന്ന് ഞാൻ പറയുന്നില്ല-പതിനായിരം രൂപക്ക് ആരും സ്വന്തം ഭാവി വിൽക്കില്ല-പക്ഷേ സമയം നോക്കിയുള്ള ഇത്തരം ആനുകൂല്യങ്ങൾ സ്വാധീനിക്കും എന്നത് നിഷേധിക്കാനാവില്ല. അതില്ലായിരുന്നെങ്കിൽ ജെ.ഡി.യു 25 സീറ്റിന് താഴെ പോകുമായിരുന്നു. ആ പ്രവചനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.
വാഗ്ദാനം ചെയ്യപ്പെട്ട ആ ഒന്നരക്കോടി സ്ത്രീകളിൽ അഞ്ചുലക്ഷം പേർക്കെങ്കിലും രണ്ടുലക്ഷം രൂപ പൂർണമായി ലഭിച്ചാൽ ഞാൻ രാഷ്ട്രീയം വിടും. നിതീഷ് കുമാർ മുഴുവൻ പേർക്കും പണം നൽകുകയും ഈ ജനവിധി വിലക്ക് വാങ്ങിയതല്ലെന്ന് തെളിയിക്കുകയും ചെയ്താൽ, അന്നുതന്നെ ഞാൻ വിരമിക്കും-അതിൽ മറ്റ് ഉപാധികളൊന്നുമില്ല.’’
‘‘ഇത് ഭരണമായിരുന്നില്ല, തെരഞ്ഞെടുപ്പ് എൻജിനീയറിങ് ആയിരുന്നു. ‘ജീവിക ദിദി’മാരെ പാർട്ടി പ്രവർത്തകരായി ഉപയോഗിച്ചു, അവസാന രണ്ട് മണിക്കൂറിൽ വോട്ടിലുണ്ടായ വിശദീകരിക്കാനാകാത്ത 15-20 ശതമാനം വർധന സംബന്ധിച്ച വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിക്കുന്നു. പ്രതിപക്ഷം ഈ വിഷയം ഗൗരവമായി കണ്ട് സുപ്രീംകോടതിയെ സമീപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ (Model Code of Conduct) പുനഃപരിശോധന ആവശ്യപ്പെടുകയും വേണം.
എനിക്ക് രാജിവെക്കാൻ പദവികളൊന്നുമില്ല. ബി.ജെ.പിയെ സ്പർശിക്കുന്നതിനേക്കാൾ മണ്ണിൽ ലയിച്ചുചേരുന്നതാണ് നല്ലതെന്ന് ശപഥം ചെയ്യുകയും, പിന്നീട് മൂന്നുതവണ അവരെ കെട്ടിപ്പിടിക്കുകയും ചെയ്ത നിതീഷ് കുമാർ അല്ല ഞാൻ. ജെ.ഡി.യു 25 സീറ്റ് കടന്നാൽ സജീവ രാഷ്ട്രീയം വിടുമെന്നാണ് ഞാൻ പറഞ്ഞത്-അല്ലാതെ ബിഹാർ വിട്ടുപോകുമെന്നല്ല. കസേരകളിക്കുള്ള രാഷ്ട്രീയം ഞാൻ നേരത്തെ ഉപേക്ഷിച്ചതാണ്. ഞാൻ ഇവിടെയുള്ളത് ഒരു ദൗത്യത്തിനാണ്, ബിഹാറിൽനിന്ന് ഞാൻ ഒളിച്ചോടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി.
ബിഹാറിന് എന്തിനാണ് ഒരു പുതിയ വ്യവസ്ഥിതി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ആർ.ജെ.ഡി വന്നാൽ ‘ജംഗിൾ രാജ്’ തിരിച്ചുവരുമെന്ന ഭയത്താൽ ഞങ്ങളുടെ വോട്ടർമാരിൽ പലരും എൻ.ഡി.എയിലേക്ക് പോയി. ചില നേതാക്കൾക്കെതിരായ ഞങ്ങളുടെ എതിർപ്പുകളിൽ മാറ്റമില്ല. ജനങ്ങൾ എൻ.ഡി.എക്ക് ഭരിക്കാനുള്ള അധികാരം നൽകി, പക്ഷേ അത് ആരോപണങ്ങളെ ഇല്ലാതാക്കുന്നില്ല. ഞങ്ങൾ പേരെടുത്തുപറഞ്ഞ ആ നാല് വ്യക്തികളെ അധികാര സ്ഥാനങ്ങളിൽ വീണ്ടും ഉൾപ്പെടുത്തിയാൽ, ഞങ്ങൾ ജനങ്ങളെയും, ആവശ്യമെങ്കിൽ കോടതിയെയും സമീപിക്കും.’’
‘‘ഇതൊരു തിരിച്ചടിയാണ്, അവസാനമല്ല. കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ ഇരട്ടി ഊർജത്തോടെ ഞാൻ പ്രവർത്തിക്കും. പിന്മാറ്റമില്ല, കീഴടങ്ങലുമില്ല. ബിഹാറിനോടുള്ള എന്റെ അഭ്യർഥന ഇതാണ്: ഒരു ദിവസം ജാതിക്കും മതത്തിനും സൗജന്യങ്ങൾക്കും മുകളിൽ ഉയരുക. നിങ്ങളുടെ മക്കൾക്ക് നാടുവിട്ടുപോകേണ്ടാത്ത ഒരു ഭാവിക്കായി വോട്ട് ചെയ്യുക. കുടിയേറ്റം അവസാനിക്കുന്ന ദിവസം, ഞാൻ സന്തോഷത്തോടെ രാഷ്ട്രീയം വിടും. അതുവരെ ഞാൻ ഇവിടെത്തന്നെ ഉണ്ടാകും.’’
അദ്ദേഹം ഒരു പുഞ്ചിരിയോടെ അവസാനിപ്പിച്ചു: ‘‘അഭിമന്യു ചക്രവ്യൂഹത്തിൽ മരിച്ചു, പക്ഷേ പാണ്ഡവർ യുദ്ധം ജയിച്ചു. നമ്മളും ജയിക്കും.’’ പ്രശാന്ത് കിഷോറിന്റെ വാർത്തസമ്മേളനം-ധീരവും സ്വയം വിമർശനാത്മകവും മാപ്പിരക്കാത്തതുമായ ആ വാക്കുകൾ-വിജയഭേരികൾ നിലച്ചാലും ഓർമിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.