പി.എം ശ്രീയിൽ നിന്ന് സംസ്ഥാനം പിന്മാറണമെന്നാവശ്യപ്പെട്ട് തൃശൂരിൽ നടന്ന എ.ഐ.എസ്.എഫ് പ്രകടനം
രാജ്യത്തിന്റെ മതനിരപേക്ഷതാ മൂല്യങ്ങളെയും ഭരണഘടനയെത്തന്നെയും അട്ടിമറിക്കുംവിധത്തിൽ ഓരോ മേഖലയിലേക്കും കടന്നുകയറുന്ന സംഘ്പരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ നമ്മുടെ വിദ്യാഭ്യാസ മേഖലയെ അടിമുടി തച്ചുടച്ചുകൊണ്ടിരിക്കുകയാണ്. ആ സർക്കാർ മുന്നോട്ടുവെക്കുന്ന ‘പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ’ (പി.എം ശ്രീ) പദ്ധതിയുടെ ലക്ഷ്യവും മറ്റൊന്നല്ല. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ വരെ, സമഗ്ര കാവിവത്കരണത്തിലേക്കെത്തിക്കുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020ൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾതന്നെ വ്യക്തമായതാണ്, പി.എം ശ്രീയും അതിന്റെ അവിഭാജ്യ ഘടകമാണെന്ന്. ഈ പദ്ധതിരേഖ അതേപടി നടപ്പാക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നതും.
കേന്ദ്ര ബി.ജെ.പി ഭരണകൂടത്തിന്റെ ഈ അജണ്ട തിരിച്ചറിഞ്ഞ തമിഴ്നാട്ടിലെ ഡി.എം.കെയുടെ സ്റ്റാലിൻ ഭരണകൂടവും പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ ടി.എം.സി ഭരണകൂടവും തുടക്കം മുതൽ അതിശക്തമായനിലയിലാണ് തങ്ങളുടെ എതിർപ്പ് ഇതിനെതിരെ രേഖപ്പെടുത്തിയത്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാറും അന്ന് സമാനമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരുന്നത്. പി.എം ശ്രീ ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന് നഷ്ടമാകുമെന്ന് ഉറപ്പുണ്ടായിരുന്ന 2000 കോടി രൂപ തങ്ങൾ സഹിക്കാൻ തയാറാണെന്ന് തുറന്നുപറഞ്ഞ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും ഇന്ത്യൻഭരണഘടന സമാവർത്തി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ, സ്വതന്ത്രനിലപാടുകളെടുക്കാൻ സംസ്ഥാനങ്ങൾക്കുള്ള അവകാശം മുൻനിർത്തി, സംരക്ഷണം നൽകണമെന്ന ആവശ്യവുമായി നിയമ നടപടികൾക്ക് തുടക്കമിടുകയും ചെയ്തു. പശ്ചിമ ബംഗാൾ സർക്കാറും സമാനമായൊരു പാതയാണ് സ്വീകരിച്ചത്. എൻ.ഇ.പിക്കും, അതിന്റെ അനിവാര്യ ഘടകമായ പി.എം ശ്രീക്കും എതിരായ നിലപാടാണ് സി.പി.ഐയും സി.പി.എമ്മും ഉറക്കെപ്പറഞ്ഞിരുന്നത്. എന്നാൽ, അതെല്ലാം അട്ടത്തുവെച്ച് വിദ്യാഭ്യാസമേഖലയുടെ കാവിവത്കരണത്തിന് കീഴടങ്ങിയിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ; ഒപ്പം ഭരണഘടനാ വ്യവസ്ഥയുടെ ലംഘനത്തിനും.
എന്താണ് പൊടുന്നനെ ഇങ്ങനെയൊരു മനം മാറ്റം? എൻ.ഇ.പിയേയും പി.എം ശ്രീയേയും തുടക്കം മുതൽ വിമർശിച്ചിരുന്ന സി.പി.എം ദേശീയതലത്തിൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി, പാർട്ടിയുടെ ദേശീയ സെക്രട്ടറി എം.എ. ബേബി ആവർത്തിച്ചു വ്യക്തമാക്കിയ ശേഷവും പി.ബി. അംഗംകൂടിയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനത്തിന് മുതിർന്നു എന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുന്നത്. പി.എം ശ്രീയുടെ വകയിൽ കേന്ദ്രത്തിൽനിന്ന് വെച്ചുനീട്ടുന്ന 1500 കോടി രൂപ, പ്രത്യയശാസ്ത്ര നിലപാടുകൾക്ക് അവധി കൊടുത്താണെങ്കിലും, വെറുതെ നഷ്ടപ്പെടുത്തേണ്ടതില്ലെന്നായിരിക്കും, സംസ്ഥാന സി.പി.എം നേതൃത്വത്തിന്റെ ചേതോവികാരം. സംഘ്പരിവാർ സഹയാത്രികർക്ക് തുല്യമായ ആവേശത്തോടെയാണ് സി.പി.എം നേതാക്കളും അവരുടെ പ്രക്ഷേപണ ഏജന്റുമാരായ സൈബർ സഖാക്കളും പി.എം ശ്രീയുടെ പ്രാധാന്യത്തെക്കുറിച്ച് ഇപ്പോൾ വാചാലരാവുന്നത്. ഫെഡറൽ തത്ത്വലംഘനങ്ങളും ചരിത്രത്തിന്റെയും സാമൂഹിക മാനവിക ശാസ്ത്രപഠനങ്ങളുടെ കാവിവത്കരണവും അവർക്കൊരു വിഷയമേ അല്ലാത്തതുപോലെ!.
ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ നിലപാട് മാറ്റിയിട്ടില്ല. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മന്ത്രിസഭയിലെയും പാർലമെന്റിലെയും പാർട്ടി പ്രതിനിധികളും വിദ്യാർഥി-യുവജന സംഘടനകളും ശക്തമായ എതിർപ്പാണ് ഉന്നയിച്ചുപോരുന്നത്. മന്ത്രിസഭയിൽപ്പോലും ചർച്ച ചെയ്യാതെ രായ്ക്ക് രാമാനം തിടുക്കപ്പെട്ട് പി.എം ശ്രീയിൽ ഒപ്പുവെച്ച് മോദിയെ പ്രീണിപ്പിക്കുക വഴി ഫണ്ടിന്റെ സുരക്ഷ മാത്രമാണോ പിണറായി സർക്കാർ ലക്ഷ്യം വെക്കുന്നത് എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും സി.പി.ഐയുടെയും സംസ്ഥാന സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും എതിർപ്പിന് പുല്ലുവില പോലും, സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും കൽപ്പിക്കുന്നില്ല എന്നുവേണം മനസ്സിലാക്കാൻ.
പി.എം ശ്രീ മാത്രമല്ല സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും സംയുക്തമായി നടത്തിയ ചെറുത്തുനിൽപ്പുകളെയെല്ലാം മറികടന്ന് അവശ്യമേഖലയായ ജലവിതരണ സംവിധാനത്തിന്റെ നടത്തിപ്പ് എ.ഡി.ബി വഴി സിംഗപ്പൂർ ആസ്ഥാനമായൊരു ആഗോള കോർപറേറ്റിനെ ഏൽപ്പിക്കാനുള്ള തീരുമാനവും ‘ഇടതുപക്ഷ’ സർക്കാർ നടപ്പാക്കാൻ പോകുന്നു. അതും പോരാഞ്ഞിട്ടാണ് സി.പി.ഐ മന്ത്രിമാർക്കുകീഴിലെ രണ്ടു പ്രധാന വകുപ്പുകളായ കൃഷി, റവന്യൂ ചുമതലയിലുള്ള പ്രസാദിന്റെയും കെ. രാജുവിന്റെയും ശക്തമായ വിയോജിപ്പ് മറികടന്ന് പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസ് എന്ന ആഗോള കുത്തക കമ്പനിയെ, 636.5 കോടിയുടെ ഡിസ്റ്റിലറി പദ്ധതിയുമായി മുന്നോട്ടുപോകാൻ ധിക്കാരം നിറഞ്ഞ ഭാഷയിൽ പിന്തുണച്ചുകൊണ്ട് തദ്ദേശ ഭരണ മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഐകകേണ്ഠ്യനയുള്ള എതിർപ്പിനെ പുച്ഛിച്ചുതള്ളിയാണ് വകുപ്പുമന്ത്രിയുടെ പോക്ക് എന്നത് നിസ്സാരമായി കാണാനാവില്ല.
നയപരമായ കാര്യങ്ങളിൽ മാറ്റം വരുത്തുന്നതിനു മുമ്പ് എൽ.ഡി.എഫിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നിലവിലെ എൽ.ഡി.എഫ് സർക്കാറിന് ബാധകമേയല്ല എന്നല്ലേ നാം ധരിക്കേണ്ടത്? ഒന്നാം എൽ.ഡി.എഫ് സർക്കാറിൽ എൻ.സി.പി മന്ത്രിയായിരുന്ന കുട്ടനാട് എം.എൽ.എ, പരേതനായ തോമസ് ചാണ്ടി യുടെ രാജിയിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത് അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പരേതനായ കാനം രാജേന്ദ്രന്റെ ധീരമായ നിലപാടായിരുന്നു. സി.പി.ഐയുടെ ആവർത്തിച്ചുള്ള ഡിമാൻഡ് വക വെക്കാതെ എൻ.സി.പി മന്ത്രിയെ പിൻവലിക്കാൻ മുഖ്യമന്ത്രി വിസമ്മതിച്ചപ്പോൾ സ്വന്തം പാർട്ടി മന്ത്രിയോട് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട ധീരനായൊരു സി.പി.ഐ നേതാവായിരുന്നു കാനം രാജേന്ദ്രൻ. അങ്ങനെ, ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിച്ഛായ നിലനിർത്താൻ സഹായകമായ നിലപാടുകളെടുത്ത ‘തിരുത്തൽ ശക്തി’ എന്ന സൽപ്പേര് സി.പി.ഐക്ക് കൈവന്നിരുന്നു. വർഗീയ ഫാഷിസത്തോട് ഒരു സാഹചര്യത്തിലും സന്ധി ചെയ്യരുത് എന്ന നിലപാടിൽ എൽ.ഡി.എഫിനെ ഉറപ്പിച്ചു നിർത്താൻ ഈ ‘തിരുത്തൽ ശക്തി’ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പരിശ്രമിക്കുമോ, അതോ വല്യേട്ടന്റെ അനുനയത്തിനും കണ്ണുരുട്ടലിനും വഴങ്ങി ‘തിരുമ്മൽ ശക്തി’യായി ഒതുങ്ങുമോ എന്നാണ് ജനാധിപത്യസമൂഹം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.