പഠനത്തിൽ മികവ് കാട്ടിയിട്ടും പടപൊരുതണോ സീറ്റിനായി...

രണ്ടാം ഇടത്പക്ഷ സർക്കാർ അധികാരത്തിലേറിയശേഷം ഏറ്റവും അധികം വിമർശനം നേരിടേണ്ടി വന്നത് വിദ്യാഭ്യാസ മന്ത്രിയായ വി. ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പുമാണ്. അതിൽ വളരെ പ്രധാന്യത്തോടെ കാണേണ്ട ഒരു വിഷയം പ്ലസ് വൺ സീറ്റിൽ വന്ന ലഭ്യത കുറവ് തന്നെയാണ്. 100% വിജയം നേടിയവരും അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്ന അവസ്ഥ ദയനീയമാണ്. പതിനഞ്ച് വയസ്സുള്ള കുട്ടികൾ പഠനം മുന്നോട്ട് കൊണ്ടു പൊകുവാൻ സമരം നടത്തേടി വരിക എന്നത് സാക്ഷര കേരളത്തിന് എന്ത് മാത്രം അപമാനകരമാണ്. സർക്കാർ തലത്തിൽ സീറ്റുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിൽ വന്ന അപാകതയാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ പല കുട്ടികളുടേയും പരാതികൾ കാണുകയുണ്ടായി. അതിൽ ഒന്ന് കോഴിക്കോട് ബസ്സ് സ്റ്റാൻഡിനടുത്ത് കുട്ടികൾ നടത്തിയ സമരമാണ്. 2 പെൺകുട്ടികൾ വേദിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ഞങ്ങൾ കഷ്ഠപ്പെട്ട് പഠിച്ച് നേടിയ മാർക്കാണ്, ഇത്രയും പഠിച്ചിട്ടും സ്വകാര്യ മേഖലയിൽ പഠിക്കേണ്ടിവരുന്നത് സങ്കടകരമാണ്. ഞങ്ങൾക്ക് സർക്കാർ സീറ്റ് തന്നെ വേണം". ഒരു വിദ്യാർത്ഥി സംഘടനയുടേയും പിൻബലമില്ലാതെ, ഒരു രാഷ്ട്രീയപാർട്ടിയുടേയും കൂട്ടുകൂടാതെ ഈ വിദ്യാർത്ഥികളും രക്ഷിതാക്കളും നടത്തുന്നത് അവകാശപ്പോരാട്ടമാണ്. ഇവർ നടത്തുന്ന സമരത്തിന്‍റെ ആഴവും അതിനുള്ള ഗൗരവവും വളരെ വലുതാണ്. മുഴുവൻ എ പ്ലസ് വാങ്ങിയ കുട്ടികൾ മുതൽ കഷ്ടപ്പെട്ട് പഠിച്ച് മാർക്ക് വാങ്ങിയ വലിയ ഒരു ശതമാനം കുട്ടികളും സിറ്റുകൾ കിട്ടാതെ പുറത്താണ്. മുഴുവൻ എ പ്ലസ് നേടിയ കുട്ടികളുടെ കാര്യം എടുത്ത് പറയേണ്ടി വരുന്നത് വിഷത്തിന്‍റെ തീവ്രത മനസ്സിലാക്കാൻ മാത്രമാണ്. 9 എ പ്ലസ് നേടിയ കുട്ടികൾ മുതൽ 8 പ്ലസ്സും 5 പ്ലസും നേടിയ ഓരോ കുട്ടിയും നേടിയ മാർക്ക് പ്രശംസനീയമാണ്. ഇവർക്ക് നൽകേണ്ട ഇടമാണ് കേരളത്തിലെ പ്ലസ് വൺ സീറ്റുകൾ. ഇവർ പഠിക്കുവാനായി വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്നത് സ്റ്റേറ്റിന്‍റെ കടമയാണ്. വിദ്യാർത്ഥികൾ ഒരു സംസ്ഥാനത്തിന്‍റെ വിഭവങ്ങളാണ്. ഈ സംസ്ഥാനത്തിന് നാളെ കരുത്തായി മറേണ്ട, സംസ്ഥാനത്തിന് ഉപകാരപ്രദമാകേണ്ട വിഭവങ്ങൾ. അവരുടെ വളർച്ചക്കായി പിന്തുണ നൽക്കേണ്ടതും അതിനുള്ള സാഹചര്യം ഒരുക്കേണ്ടെതും ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ കടമയാണ്. മാനവവിഭവശേഷിയുടെ കരുത്തില്ലാതെ ഒരു സംമ്പത്ത് വ്യവസ്ഥയും വളർന്നിട്ടില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാർത്ഥികളോടുള്ള കടമ നിർവഹിക്കുന്നതിൽ ഈ സർക്കാർ എത്രത്തോളം ആത്മാർത്ഥത പുലർത്തി എന്നത് പരിശോധിക്കേണ്ടതാണ്.

15-ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ പ്രതിപക്ഷ എം.എൽ.എ. എം.കെ മുനീർ അടിയന്തര പ്രമേയമായി പ്ലസ് വൺ സീറ്റ് വിഷയം ഉന്നയിച്ചപ്പോൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത് പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്നതാണ്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടു. തുടർന്ന് സീറ്റ് വിഷയത്തിന്‍റെ ഗൗരവം എടുത്ത് കാണിച്ച പ്രതിപക്ഷ നേതാവിന്‍റെ സംഭാഷണത്തെ അത്യധികം ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രി സമീപിച്ചത് എന്നതും എടുത്ത് പറയേണ്ടതുണ്ട്. സീറ്റ് വിഷയത്തിൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല എന്ന് ആവർത്തിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പിന്നീട് ഈ നിലപാട് മാറ്റുന്നതായി കണ്ടു. വിദ്യാർത്ഥികൾ സഹകരിക്കണം എന്ന നിലപാടിലേക്ക് വിദ്യാഭ്യാസ മന്ത്രി ഇറങ്ങി വന്നു. കുറച്ച് വിദ്യാർത്ഥികൾ ഐ.ടി.ഐകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലുമായി പഠിക്കണം എന്ന നിലപാടിലേക്കും പിന്നീട് മുഴുവൻ വിദ്യാർത്ഥികൾക്കും നൽകാൻ സീറ്റില്ല എന്നും അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു.


ഇത്രയും വലിയ ഒരു വിജയ ശതമാനം വിദ്യാഭ്യാസ വകുപ്പിന്‍റെ മുന്നിലേക്ക് വന്നപ്പോൾ, ഈ കുട്ടികളെ ഉൾക്കൊള്ളിക്കാനുള്ള സീറ്റുകൾ തങ്ങളുടെ കൈവശം ഉണ്ടോ എന്ന് വിലയിരുത്തേണ്ടുന്ന ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന്‍റേതായിരുന്നു. അൺഎയ്ഡഡ് മേഖലയിൽ സീറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിഷയം പരിഹരിക്കാം എന്നതാണ് ആദ്യം ചിന്തിച്ച കാര്യം. എന്നാൽ തലവരിപ്പണം ഈടാക്കരുത് എന്ന് സർക്കാർ പറയുമ്പോൾ തന്നെയും ഇവർ വലിയ തുകകൾക്ക് സീറ്റ് കച്ചവടം നടത്തുന്നത് പകൽ പോലെ യാഥാർത്ഥ്യവുമാണ്.

ആർക്കാണ് ഇവിടെ തെറ്റ് പറ്റിയത്? ആരാണിവിടെ ഇതിൽ കൃത്യമായ ഇടപെടൽ നടത്തേണ്ടിയിരുന്നത്? ഇതിനെ ലാഘവ ബുദ്ധിയോടെ സമീപിച്ച സർക്കാറിന്‍റെ കെടുകാര്യസ്തത മൂലം ഇന്ന് കുട്ടികൾക്ക് (മുഴുവൻ എ പ്ലസ് വാങ്ങിയവർക്ക് പോലും) തെരുവിൽ ഇറങ്ങി അവരുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്നു.

ലിബറലായി പെരുമാറിയത് കൊണ്ടാണ് ഈ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടാനായത് എന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട് എത്രയോ അപമാനകരമാണ്. ഈ വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തേയും മികവിനേയും അപമാനിക്കുന്നതിന് തുല്യമല്ലെ? സർക്കാറിന്‍റെ ഉദാരമനസ്കതയാണ് ഈ കുട്ടികളുടെ ഉന്നത വിജയത്തിന് പിന്നിൽ എന്ന വാദം, ഈ കുട്ടികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. നാളെ കേരളത്തിന്‍റെ മാനവ വിഭവസമ്പത്തായ ഇവർക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും കിട്ടേണ്ടുന്ന മൂല്യത്തെ നശിപ്പിക്കാൻ കെൽപ്പുള്ള വാദഗതിയാണിത്. അടുത്തിടെ ഡൽഹി യുനിവേഴ്സിറ്റിയിലെ ഒരു അധ്യാപകൻ മലയാളി വിദ്യാർത്ഥികളുടെ ക്വാളിറ്റിയെ ചോദ്യം ചെയ്ത് നടത്തിയ മാർക് ജിഹാദ് പരാമർശത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കത്ത് എഴുത്തി പ്രതിഷേധം അറിയിച്ചെങ്കിലും, ആ പ്രസ്താവനയിലെ ജിഹാദ് ഒഴിച്ച് നിർത്തിയാൽ സംസ്ഥാന സർക്കാറും ഇത് തന്നെ അല്ലേ മറ്റൊരു വ്യാഖ്യാനത്തിൽ പറയാൻ ശ്രമിച്ചത് എന്നത് ചിന്തിക്കേണ്ടതാണ്.

നമുക്ക് പണം തികയുന്നില്ലേ ഒന്നിനും..? സാമ്പത്തികമായി വലിയ ബാധ്യത വരും എന്നതിനാലാണ് പ്രതിപക്ഷവും കുട്ടികളും രക്ഷിതാക്കളും പുതിയ ബാച്ചുകൾ തുടങ്ങണം എന്ന് ആവിശ്യപ്പെട്ടിട്ടും ക്രിയാത്മകമായി ഒന്നും ചെയ്യാൻ സർക്കാർ തയാറാകാത്തത് എന്ന വസ്തുത നാം അവലോകനം ചെയ്യേണ്ടതാണ്. എന്നാൽ ഇതേ ഗവൺമെന്‍റ് തന്നെ സാമ്പത്തിക ഞെരുക്കത്തിന് നടുവിൽ നിൽക്കുമ്പോഴും മറ്റ് ഇതര പ്രവർത്തനങ്ങളിൽ നടത്തുന്ന ധൂർത്ത് കാണാതെപോകരുത്. സംസ്ഥാനത്തെ കൂടുതൽ കട ബാധ്യതയിലേക്ക് തള്ളി വിടുന്ന വൻകിട പദ്ധതികളും പുത്തൻ കാറുകളും ഹെലികോപ്പ്റ്റർ വാടകയുമുൾപ്പെടെ കോടികൾ ചിലവഴിക്കാൻ മടി കാണിക്കാത്ത സർക്കാർ നാളെയുടെ വാഗ്‌ദാനമായ കുട്ടികളുടെ കാര്യത്തിൽ കാണിക്കുന്ന നിഷ്‌ക്രിയത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ലേ..? സിൽവർ ലൈൻ പദ്ധതിയ്ക്ക് വേണ്ടി ലക്ഷം കോടി രൂപ കണ്ടെത്താൻ നിൽക്കുന്ന സർക്കാറിന് സംസ്ഥാനത്തിന്‍റെ, രാജ്യത്തിന്‍റെ തന്നെ അഭിമാനമായി മാറേണ്ടുന്ന ഈ കുട്ടികൾക്ക് വേണ്ടി ചിലവഴിക്കാൻ പണം ഇല്ലാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞ ധനകാര്യ മന്ത്രി തോമസ് ഐസക് കേരളത്തോട് പറഞ്ഞ മുണ്ടു മുറുക്കി ഉടുക്കണമെന്ന നയം ഇപ്പോൾ ചെയ്യേണ്ടത് പൊതുജനങ്ങൾ മാത്രവും, സർക്കാറാകട്ടെ ധൂർത്തിൽ മുൻപന്തിയിലും എന്നാണോ നാം മനസ്സിലാക്കേണ്ടുന്ന വസ്തുത?

ഈ കുട്ടികൾക്ക് പഠിക്കാൻ സൗകര്യങ്ങൾ ഒരുക്കേണ്ടുന്ന സർക്കാർ തന്നെ, കുട്ടികളോട് സന്മനസ്സ് കാണിക്കണം എന്ന് ആവിശ്യപ്പെടുന്നതിലും അപമാനകരമായ കാര്യം മറ്റെന്താണ്? പ്രതിപക്ഷം മുൻകൂട്ടി കാര്യങ്ങൾ ധരിപ്പിച്ചിട്ടും സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇവിടെ പരാജയപ്പെട്ടു എന്ന് വേണ്ടെ കരുതാൻ.

Tags:    
News Summary - plus one seat vacancy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.