സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിക്കുന്നു

വെല്ലുവിളിയില്ല, പിന്നോട്ടുപോകില്ല

പാർട്ടി സെക്രട്ടറിയാകുകയെന്നത് വെല്ലുവിളിയായി കാണുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു വെല്ലുവിളിയും മുന്നിലില്ല. പാർട്ടിയും മുന്നണിയുമെടുക്കുന്ന നിലപാടനുസരിച്ച് മുന്നോട്ടുപോകുന്ന സർക്കാറാണ് കേരളത്തിലുള്ളത്. പിന്നെങ്ങനെയാണ് വെല്ലുവിളിയാകുന്നതെന്നും പുതിയ ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാർത്തസമ്മേളനത്തിലെ അദ്ദേഹം ചോദിച്ചു. സെക്രട്ടറി പദവിയിൽ എന്തിനാണ് പ്രഥമ പരിഗണന എന്ന ചോദ്യത്തിന് സെക്രട്ടറി പദവിയുടെ കാര്യത്തിൽ വ്യക്തിപരമായി ഇടപെടുന്നില്ലെന്നും എല്ലാം സംഘടനാപരവും കൂട്ടായുള്ളതുമായിരിക്കുമെന്നുമായിരുന്നു പ്രതികരണം. പാർട്ടിയുടെ മുന്നിലുള്ള എല്ലാ കാര്യങ്ങളിലും പാർട്ടി തത്ത്വങ്ങൾക്കനുസരിച്ച് ഇടപെടും, പരിഹരിക്കും. എല്ലാ കാലത്തും വിഭാഗീയതയുെണ്ടന്നുപറയുന്നത് ശരിയല്ല, ചില കാലത്ത് വിഭാഗീയതയുണ്ടായിട്ടുണ്ട്. അത് അവസാനിപ്പിക്കാനും സാധിച്ചിട്ടുണ്ട്. പാർട്ടി അതൊക്കെ അതിജീവിച്ച് മുന്നോട്ടുപോയി. അദ്ദേഹത്തിന്റെ വാർത്ത സമ്മേളനത്തിൽനിന്ന്...

ഗവർണറുടെ വിഷയത്തിൽ പിന്നോട്ടില്ല

ഗവർണർ എടുക്കുന്ന നിലപാട് ഭരണഘടനാപരവും ജനാധിപത്യപരവുമായിരിക്കണം. അങ്ങനെ ആകാതിരിക്കുന്ന ഘട്ടത്തിലാണ് വിമർശനമുണ്ടാകുക. അത് നേരത്തേ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി പിന്നോട്ട് പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അല്ലെങ്കിലും ആരെങ്കിലും പിന്നോട്ട് പോകുമോ എന്നായിരുന്നു മറുചോദ്യം. ഇത്തരം വിഷയങ്ങളിൽ പിന്നോട്ട് പോയാൽ പിന്നെ പാർട്ടിയുണ്ടാകില്ല. പാർട്ടി പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ട് പോകും. ഇന്നലെ അങ്ങനെയായിരുന്നു. ഇന്നും നാളെയും അങ്ങനെയായിരിക്കും. ഗവർണറുമായി ബന്ധപ്പെട്ട വിഷയത്തിന്‍റെ ഭാവി നമ്മളെ ആശ്രയിച്ചല്ല, ഭരണഘടനയെ ആശ്രയിച്ചാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ വീഴ്ചവരുത്തുമോ ഇല്ലയോ എന്നാണ് നോക്കേണ്ടത്.

മന്ത്രിസഭ മോശമാണെന്നല്ല, തിരുത്താനുണ്ടെന്നാണ് പറഞ്ഞത്

മന്ത്രിസഭയുടെ പ്രവർത്തനം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. തിരുത്തേണ്ട ചില കാര്യങ്ങളുണ്ട്, തിരുത്തുമെന്നാണ് പറഞ്ഞത്. അന്നും പറഞ്ഞത് അങ്ങനെയാണ്. ഇന്നും പറയുന്നത് അങ്ങനെയാണ്. തിരുത്താനുള്ളവ ഇനിയുമുണ്ട്. മാറ്റത്തിന് വിധേയമാകാത്തത് മാറ്റം മാത്രമാണുള്ളത്. മന്ത്രിസഭ പുനഃസംഘടനയൊന്നും പാർട്ടി ആലോചിച്ചിട്ടില്ല; ആലോചിച്ചിട്ട് പറയാം.

സി.പി.ഐ സമ്മേളനങ്ങളിലെ വിമർശനത്തെക്കുറിച്ച്

വിമർശനമുന്നയിക്കാതെ ഒരു പാർട്ടിയുണ്ടെങ്കിൽ ശരിക്കത് പാർട്ടിയാകുമോ? പ്രവർത്തിക്കുന്ന ഏത് പാർട്ടിക്കകത്തും ചർച്ചയും വിമർശനവും സ്വയം വിമർശനവുമുണ്ടാകും. പ്രത്യേകിച്ച്, മാർക്സിസ്റ്റ് പാർട്ടി. വിമർശനമുന്നയിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. മാധ്യമങ്ങൾ വലിയ തോതിൽ പർവതീകരിക്കുന്നുണ്ടാകും. പിന്നെ, പത്രത്തിലെ വാർത്ത കണ്ടിട്ട് സി.പി.ഐ എടുക്കുന്ന നിലപാട് അതാണെന്ന നിലപാടും ഞങ്ങൾക്കില്ല.

അതൊന്നും ഗൗരവമായി എടുക്കുന്നില്ല. പാർട്ടിക്കകത്ത് വിമർശനമുണ്ടാകും. സി.പി.ഐ സമ്മേളനത്തിനകത്ത് ചർച്ചവരുന്നത് ആരോഗ്യകരമാണ്.എല്ലാ മാർക്സിസ്റ്റ് ലെനിസ്റ്റ് പാർട്ടികളും വിമർശനവും സ്വയം വിമർശനവുമെല്ലാം നടത്തിയാണ് തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നത്. അല്ലാതെ, ആരെങ്കിലും ഒരാൾ പറയുന്നതുപോലെ അങ്ങ് കേട്ടുപോകുകയല്ല.

ആർ.എസ്.പി തിരുത്തി വന്നാൽ നോക്കാം

യു.ഡി.എഫിൽ ഇടതുസ്വഭാവമുള്ള പാർട്ടികളില്ല. ആർ.എസ്.പി ഇടതാണെങ്കിൽ യു.ഡി.എഫിൽ നിൽക്കില്ലല്ലോ. ഇടതായിരുന്നു മുമ്പ് എന്ന് ചരിത്രത്തിന്‍റെ ഭാഗമായി പറയാം. ആർ.എസ്.പി ഇപ്പോൾ എടുക്കുന്ന തികഞ്ഞ വലതുപക്ഷ നിലപാട് തിരുത്തി വന്നാൽ ഇടതുപക്ഷത്തിന്‍റെ ഭാഗമായി പോകാം. അതിൽ ഒരു തർക്കവുമില്ല.

മൃദുഹിന്ദുത്വം സ്വീകരിച്ച് വർഗീയതയെ പ്രതിരോധിക്കാനാകില്ല

നിലവിൽ ഇന്ത്യയിലെ കോൺഗ്രസ് എന്താെണന്നത് കോൺഗ്രസുകാർക്കു തന്നെ ആശങ്കയുണ്ട്. ഗുലാം നബി പുറത്തുപോയതോടെ ആരൊക്കെയാണ് അതിനു പിന്നാലെ പോകുക എന്നത് കണ്ടറിയണം. അവർ തന്നെ വലിയ ആശയക്കുഴപ്പത്തിലാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് വർഗീയതയെ പ്രതിരോധിക്കാനാകില്ല. കോൺഗ്രസ് വർഗീയതക്കെതിരെ എന്തെങ്കിലും പറയുന്നത് ഇവിടെയാണ്. അങ്ങോട്ട് കടന്നാൽ പിന്നെ ഒന്നുമില്ല. കോൺഗ്രസിന് ബി.ജെ.പിയെ പരാജയപ്പെടുത്തി ബദലാകാനുള്ള ശേഷിയോ കഴിവോ ഇന്ത്യൻ രാഷ്ട്രീയത്തിലില്ലെന്ന് കോൺഗ്രസിനുതന്നെ അറിയാം. രാഹുൽ ഗാന്ധി പുറപ്പെട്ട് ഇങ്ങോട്ട് വരുമോ ഇല്ലയോ എന്ന് പറയാനാകില്ലല്ലോ.

ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടും

ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഒരുക്കൽ എന്നത് സെക്രട്ടറിയുടെ മാത്രം ചുമതലയല്ല, അത് പാർട്ടിയുടെ മൊത്തം ദൗത്യമാണ്. അത് നല്ലതുപോലെ നിർവഹിക്കും. ശക്തിയായി തിരിച്ചുവരും. ലോക്സഭയിൽ നല്ല വിജയമായിരിക്കും. അത് താൻ സെക്രട്ടറിയായതു കൊണ്ടല്ല. പാർട്ടി ഒറ്റക്കെട്ടായി നടത്തുന്ന കൂട്ടായ്മയുടെ ഫലമാണത്.

എല്ലാ മതനിരപേക്ഷ കക്ഷികളും യോജിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളിലേക്ക് പോകണം. ഇക്കാര്യത്തിൽ ഇന്ന് നമ്മുടെ മുന്നിലുള്ള ആവേശകരമായ ഉദാഹരണം ബിഹാറാണ്. രാഷ്ട്രീയം ദ്രുതഗതിയിൽ മാറുകയാണ്, അത് എങ്ങനെയെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല. കേരളം ഒരു ബദലായി മുന്നോട്ടുപോകും. ഇന്ത്യയിലാകെ ബദലായി ഇത്തരമൊരു സംവിധാനം രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്ല രീതിയിൽ നൽകണം. വലതുപക്ഷവത്കരണത്തിന് കൃത്യമായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അതിൽ അതിജീവിച്ച് മുന്നോട്ടുപോകണമെങ്കിൽ ബദലായ ആശയങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണ പാർട്ടി അണികളിലും പൊതുജനങ്ങളിലുമുണ്ടാകണം. മാധ്യമങ്ങൾ മിക്കവയും വലതുപക്ഷ ആശയങ്ങൾ ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. വലത് ആശയങ്ങളുടെ മലവെള്ളപ്പാച്ചിലുകൾക്കിടയിൽ ഇടതുപക്ഷ ആശയങ്ങൾ ഉൽപാദിപ്പിക്കുകയും ഇടത് ആശയങ്ങൾക്കൊപ്പം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകുകയും വേണം.

മുഖ്യമന്ത്രിയെ നയിക്കുന്നത് പാർട്ടി

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ നയിക്കുന്നതും സി.പി.എം സംസ്ഥാന സെക്രട്ടറിയെ നയിക്കുന്നതും പാർട്ടിയാണ്. അല്ലാതെ, ആരെങ്കിലും വ്യക്തിപരമായി നിയന്ത്രിക്കുകയല്ല. എല്ലാറ്റിന്‍റെയും അടിസ്ഥാനപരമായ കാര്യം പാർട്ടിയാണ്. പാർട്ടിക്ക് വിധേയമാക്കപ്പെട്ട മുഖ്യമന്ത്രിയും പാർട്ടിയുടെ ഭാഗമായി സെക്രട്ടറിയും സെക്രേട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയുമെല്ലാം പ്രവർത്തിക്കുക എന്നതാണ് പാർട്ടിയുടെ കാഴ്ചപ്പാട്.

പാർട്ടിയെയും മുന്നണിയെയും സർക്കാറിനെയുമെല്ലാം നയിക്കുന്നത് കണ്ണൂരുകാരാണല്ലോ എന്ന ചോദ്യത്തിന് തങ്ങളൊക്കെ കണ്ണൂരിൽനിന്ന് പുറപ്പെട്ടിട്ട് എത്രയോ കാലമായി എന്നായിരുന്നു മറുപടി. താൻ 1980ന് മുമ്പ് കണ്ണൂർ വിട്ട് പ്രവർത്തിക്കാൻ തുടങ്ങിയതാണ്. കോടിയേരിയും പിണറായിയും ഇ.പിയുമെല്ലാം അങ്ങനെതന്നെ. കേരളത്തിലെ ഏത് ജില്ല, ഏത് പ്രദേശം എന്നതല്ല പ്രസക്തം.

ബി.ജെ.പി ബോധപൂർവം കുഴപ്പമുണ്ടാക്കുന്നു

ആർ.എസ്.എസും ബി.ജെ.പിയും ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ആനാവൂർ നാഗപ്പന്‍റെ വീടിനു നേരെയുള്ള ആക്രമണം ഇതിന്‍റെ ഭാഗമാണ്. ഡി.വൈ.എഫ്.ഐ നേതാക്കൾക്കു നേരെ കടന്നാക്രമണം നടക്കുന്നു. ഇവിടെ കുഴപ്പമുണ്ടാക്കാൻ തന്നെയാണ് ശ്രമം. എ.കെ.ജി സെൻറർ ആക്രമിച്ചവരെ പിടികൂടും.

Tags:    
News Summary - No challenge, no backing down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.