മൂലധന മേൽക്കോയ്മക്കെതിരെ നടന്ന നിരവധി സമരങ്ങളിൽ വിമോചന വഴിത്തിരിവ് സൃഷ്ടിച്ച ഒരു മഹാസമരത്തിന്റെ സ്മരണകളാണ് മേയ്ദിനത്തിൽ ഇന്നും ഇരമ്പുന്നത്. സുകേതുവിന്റെ, ‘രണ്ടപേക്ഷകളും’ രാജേഷ് മോൻജിയുടെ ‘ആമസോണിൽ കിട്ടാത്ത മക്കാനിപ്പൊതികളും’ ആഘോഷിക്കുന്നത് മേയ് ദിനത്തിന്റെയും കേരളീയ നവോത്ഥാനത്തിന്റെയും മഹത്വമാണ്
ഇരുട്ടിൽ വെളിച്ചം കൊണ്ടുവരുന്ന അനുഭവങ്ങൾ കൂടിയുള്ളതുകൊണ്ടാണ് ജീവിതം കെട്ടുപോവാത്തത്. ക്രൂരതകൾ കൊടികുത്തിവാഴുമ്പോഴും കരുണയുടെ മന്ദഹാസങ്ങളാണ് ജീവിതത്തെ മനോഹരമാക്കുന്നത്. വിൽക്കലിലും വാങ്ങലിലും വീണവർക്കിടയിലേക്ക് വിസ്മയങ്ങൾ വന്നുചേരുമ്പോഴാണ് ജീവിതം വിസ്തൃതമാവുന്നത്. കണക്കുകളിൽ കുടുങ്ങുമ്പോഴും കവിതയിലേക്ക് തുറക്കുന്ന കണ്ണുകളാണ് ജീവിതത്തെ സൗഹൃദപ്പെടുത്തുന്നത്. സുകേതുവിന്റെ, ‘രണ്ടപേക്ഷകളും’ രാജേഷ് മോൻജിയുടെ ‘ആമസോണിൽ കിട്ടാത്ത മക്കാനിപ്പൊതികളും’ ആഘോഷിക്കുന്നത് മേയ് ദിനത്തിന്റെയും കേരളീയ നവോത്ഥാനത്തിൻെറയും മഹത്വമാണ്. മേയ്ദിന മഹാസമരം നടന്നിട്ടില്ലായിരുന്നെങ്കിൽ, അടിസ്ഥാന ജനവിഭാഗങ്ങൾക്ക്, അക്ഷരലോകങ്ങളിലേക്ക് ഇന്ന് കാണുംവിധം കുതിക്കാൻ കഴിയുമായിരുന്നില്ല. അക്ഷരം നിഷേധിക്കപ്പെട്ട ശൂദ്രന് സ്വാതന്ത്ര്യത്തിന്റെ സ്വാദ് രുചിക്കാൻ കഴിയുമായിരുന്നില്ല. തമ്പുരാനിസത്തിന്റെ നെഞ്ചം ചവിട്ടിപ്പൊളിക്കാൻ കഴിയുമായിരുന്നില്ല. ഇതുപോലുള്ള അനേകം, ‘കഴിയുമായിരുന്നില്ലകളിൽ’ നിന്ന്, കഴിവുകളുടെ കരുത്തവർ ആർജിച്ചത്, അടിമബോധം അഴുക്കുചാലുകളിലേക്ക് കുടഞ്ഞ് കളഞ്ഞാണ്.
ആത്മബോധത്തിൽ നിർവൃതമാവുമ്പോഴാണ് ശരീരം, മനുഷ്യശരീരമാവുന്നത്. ആത്മബോധത്തിൽ വെന്ത മാംസമാണ്, ജന്തുശരീരത്തിൽനിന്നും മനുഷ്യശരീരത്തെ വേർതിരിക്കുന്നത്. സ്മരണകളുടെ അഗ്നിയിൽ സ്വപ്നങ്ങൾ പാകമാവുമ്പോൾ ജീവിതം പൂക്കും. മറ്റെന്ത് നഷ്ടമായാലും ഓർമകളുണ്ടെങ്കിൽ, മനുഷ്യർ മലർന്നുവീഴില്ല. നമ്മളെ കാത്തിരിക്കുന്ന ഒരാളെയെങ്കിലും എവിടെവെച്ചെങ്കിലും ഓർമകൾ കാട്ടിത്തരും. ഒന്നുമില്ലെങ്കിൽ സ്മരണകൾ സ്വപ്നങ്ങൾക്കെങ്കിലും കാവൽ നിൽക്കും. ഓർമകളിലാണ് ജീവിതം കറങ്ങുന്നത്. സ്മരണകളുടെ ഭ്രമണപഥങ്ങളിൽനിന്നും തെറിച്ചുപോവുമ്പോഴാണ് നാം തളർന്നുപോകുന്നത്. ഓർമ ഭൂതകാലമല്ല, കാലങ്ങൾക്കൊക്കെയും അപ്പുറം സഞ്ചരിക്കാൻ കഴിയുന്ന ബന്ധവിസ്തൃതിയാണ്. ബന്ധവിപുലതകളിൽ വെച്ചാണ് സ്മരണകൾ വളരുന്നത്. അതുകൊണ്ടാണ്, ഓർമയില്ലെങ്കിൽ പിന്നെ ഒന്നുമില്ലാതാവുന്നത്.
ഇതുസംബന്ധമായി കൂടുതൽ ആലോചിച്ചപ്പോൾ, മനസ്സിലുണ്ടായത്, ഒരു പുതിയ ചൊല്ലാണ്. അതിങ്ങനെ. ‘ഒരു പട്ടിയായാലും ഒരു പുട്ടിയാവരുത്’. നിയോമീൻ ക്ലീനിൽനിന്നാണ്, ‘പുട്ടി’ കിട്ടിയത്. പട്ടി പ്രത്യേകം പറയേണ്ടതില്ലാതാവുന്നത് അതിന് അസാധാരണമായ കഴിവുകൾ ഇല്ലാത്തതുകൊണ്ടല്ല, അതിന്റെ ശരീരം ആത്മബോധത്തിൽ വേവാത്തതുകൊണ്ടാണ്.
എന്നിട്ടുപോലും ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കണ്ടാൽ ജാതി തിരിച്ചറിയാനാവും. പരസ്പരം മുരണ്ടുകൊണ്ടവ സൗഹൃദം പങ്കുവെക്കും. എന്നാൽ, ഗുരു പറഞ്ഞതുപോലെ മനുഷ്യരുടെ കാര്യമാണ് കഷ്ടം. കണ്ടാൽ മനസ്സിലാവില്ല, മനസ്സിലാവണമെങ്കിൽ കൊള്ളണം. പട്ടിക്കുള്ള ക്വാളിറ്റി പുട്ടിക്കില്ല. നിയോമീക്ലീൻ ഓർമകളില്ലാത്ത മനുഷ്യരെ സൂചിപ്പിക്കാനാണ്, എങ്ങനെയും വഴങ്ങുന്ന, ആ പുട്ടിയെ കൂട്ടുപിടിച്ചത്. ‘People without memoy are putty.’ സത്യത്തിലത് മറവിരോഗമല്ല, സാമൂഹ്യമായ അർഥത്തിൽ അതിനേക്കാൾ മാരകമായ വ്യവസ്ഥാനുകൂല ദാസ്യമാനസികാവസ്ഥയാണ്. ഒരാൾക്ക് മറവിരോഗം ബാധിച്ചാൽ മറ്റുള്ളവർക്കെങ്കിലും അത് മനസ്സിലാവും. സഹായിക്കും. എന്നാൽ, പുട്ടിയാവുന്നവർ ഒന്നും മനസ്സിലാക്കാൻ ഉഷ്ണിക്കുകയില്ല. വ്യവസ്ഥയുടെ സുഖശീതളിമയിൽ, അറിഞ്ഞതിനെയും അറിയാത്തതിനെയും പറ്റി ഒരാകുലതയുമില്ലാതെ അവർ കഴിഞ്ഞുകൂടും. ‘Amnesia is a Poignant forgetfullnes, Erasure in a systematic destruction of memory’ ജീവിതസത്യങ്ങളെ മായ്ച്ചുകളയുന്ന അധികാരത്തിൻെറ ആക്രമണങ്ങളെക്കുറിച്ച് ഒരാധിയുമില്ലാതെ ആഹ്ലാദംകൊള്ളുന്ന അവസ്ഥക്കുള്ളിൽവെച്ചാണ്, ‘പുട്ടികൾ’ ഉണ്ടാവുന്നത്. പട്ടിയെക്കുറിച്ചുള്ള വിശകലനത്തിൽ ഊർജം പകർന്നത് പ്രശസ്ത എഴുത്തുകാരനായ മാടമ്പ് കുഞ്ഞുകുട്ടനാണ്. പട്ടി എന്നത് ഭട്ടി എന്നതിൻെറ തത്ഭവമാണെന്നും ഭട്ടൻ എന്നാൽ പണ്ഡിതസാർവഭൗമൻ എന്നാണ് അർഥമെന്നും ഭട്ടവൃത്തി ഉണ്ടായിരുന്നതിനാൽ ഭട്ടതിരിപ്പാടായി, ഭട്ടിപ്പാടായി, പട്ടിപ്പാടായി, പട്ടിയായി ലോപം വന്നതാണെന്നും അവിടുന്നരുളി ചെയ്തു (സാരമേയം). സാരമേയത്തിന്റെ മോനേ എന്ന വിളി കേൾക്കുമ്പോൾ ചിരിക്കുന്നത് വിളി സംസ്കൃതത്തിലായതുകൊണ്ടാണ്. പട്ടിമോനേ എന്ന് മലയാളം. പുട്ടിമോനാണ് പക്ഷേ കൂടുതൽ കടുപ്പം. പരിണാമം എന്ന പ്രശസ്ത നോവലിൽ എം.പി. നാരായണപ്പിള്ള മനുഷ്യരെയും മൃഗങ്ങളെയും കൃത്യം വേർതിരിക്കുന്നുണ്ട്. അതിങ്ങനെ.
‘മനുഷ്യരും മൃഗങ്ങളുമായുള്ള പ്രധാന വ്യത്യാസം മൃഗങ്ങൾക്ക് കള്ളത്തരമില്ലെന്നുള്ളതാണല്ലോ. ഉള്ളിലൊന്നുവെച്ചുകൊണ്ട് വേറൊന്ന് പ്രവർത്തിക്കാൻ മൃഗങ്ങൾക്ക് അറിയില്ല. വാലാട്ടിക്കൊണ്ട് ഒരു പട്ടിക്കും കടിക്കാൻ പറ്റില്ല’. എന്നാൽ, ആവശ്യമായ ഓർമകൾ ഇല്ലാതാവും മുറക്ക് പുട്ടികൾക്ക് അതും അതിലപ്പുറവും കഴിയും!
ഇന്ത്യയുടെ തലസ്ഥാനം ന്യൂഡൽഹി, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നീ പ്രകാരമുള്ള വിവരങ്ങളിൽ ഓർമ ഒതുങ്ങുമ്പോഴാണ്, മേയ്ദിനം ഒരൊഴിവ് ദിവസം എന്നതിൽ ഓർമ അവസാനിക്കുന്പോഴാണ് മുന്നാമ്പുറത്തുനിന്ന് പുട്ടികളുടെ പൊട്ടിച്ചിരി മുഴങ്ങുന്നത്. ആ വ്യവസ്ഥാസേവക ചിരികൾക്കിടയിൽനിന്ന് വേണം മുമ്പേ പരാമർശിച്ച സുകേതുവിന്റെ കഥയും രാജേഷ് മോൻജിയുടെ കവിതയും നമ്മൾ വായിക്കാൻ. പുട്ടിത്തരത്തിൻെറ എല്ലൂരും രണ്ടും. മേയ്ദിനത്തിൻെറ സമരപഥങ്ങളിലേക്ക് വെളിച്ചം പകരും രണ്ടും. അതിശയകരമായ കാര്യം രണ്ടിലും ഒരുവിധേനെയും പ്രത്യക്ഷമായി മേയ്ദിനം പരാമർശിക്കുന്നേയില്ല എന്നുള്ളതാണ്. എന്നിട്ടുമതിൽ മേയ്ദിനം മുഴങ്ങുന്നു. മനുഷ്യത്വത്തിന്റെ പൂക്കൾ വിടരുന്നു. സൗഹൃദത്തിൻെറ അരുവികൾ ഒഴുകുന്നു. ‘തലയിൽ വെളിച്ചം ചൂടിവരുന്ന തലമുറയേയാണ്’ സുകേതു കണ്ടെടുക്കുന്നത്. കുറച്ചു വാക്കുകളിൽ കൂടുതലും, നേർവരയിൽ വളവും, കണ്ണീരിൽ ചിരിയും ചിന്തയിൽ വെന്തമണ്ണിന്റെ വീര്യവുമാണ് സുകേതുവിന്റെ, രണ്ടപേക്ഷകളിൽ കൂടിക്കലരുന്നത്. അഞ്ചിൽ പഠിക്കുന്ന ചെക്കനെ മുൻനിർത്തി ഒരച്ഛൻ എന്നോട് പറഞ്ഞു. മാഷേ ഇവനേം കൂടി ലൈബ്രറീല് ചേർക്കണം. കോരിത്തരിച്ചുപോയി ഞാൻ. മറ്റൊന്ന്, പ്ലസ് വണ്ണിന് അപേക്ഷകൊടുക്കാൻ വന്ന മറ്റൊരു ചെക്കൻ ബിഭൂതിഭൂഷന്റെ അശനിസങ്കേത് എന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. സാറേ ഇതൊന്ന് വായിച്ചുനോക്ക്... മനസ്സ് എന്തൊക്കെയോ ആയിപ്പോകുന്നു. ചങ്ങാതി, നാട് മൊത്തം കുട്ടിച്ചോറായിപ്പോയി എന്നൊക്കെ പറയുന്നത് വെറുതെ. ഇരുട്ട് ഇപ്പോഴും എൻെറ കണ്ണിൽതന്നെ.
കാലത്തെക്കുറിച്ചുള്ള കാഴ്ചയെ കലഹിക്കുന്ന കാഴ്ചപ്പാടാക്കി മാറ്റുകയാണ് കഥ. ഉള്ള വെളിച്ചത്തെ കാണാനും സ്വന്തം ഇരുട്ടിനെ കരിച്ചു കളയാനുമാണ് സുകേതു കഥകൾ കുതറുന്നത്. സ്മരണകളിൽനിന്നാണത് സമരോത്സുകമാവുന്നത്. ലൈബ്രറിയും പുസ്തകവുമെല്ലാം ആ എട്ടുമണിക്കൂർ മേയ്ദിന സമരം സൃഷ്ടിച്ചതാണ്.
രാജേഷ് മോൻജിയുടെ, ‘ആമസോണിൽ കിട്ടാത്ത മക്കാനിപ്പൊതികൾ’, ശബ്ദായമാനമായൊരു കഥാകാവ്യമാണ്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിരായിമാരുടെ ഉയിർത്തെഴുന്നേൽപാണ് കവിതയുടെ ലോകം. ഹബർമാസും മറ്റും അടയാളപ്പെടുത്തിയ, പൊതുസ്ഥലം എന്ന വിമർശനാത്മക ഇടമായി കവിതയിൽ സജീവമാവുന്നത് കുഞ്ഞിരായൻെറ ചായ മക്കാനിയാണ്. പഴയ കേരളത്തിൽനിന്ന് പുതിയ കേരളത്തിലേക്കുള്ള പാലമാണ് രാജേഷ് മോൻജി വാക്കുകളിൽ കെട്ടിപ്പൊക്കുന്നത്. ധ്വനിക്കപ്പുറം വളരുന്ന വികാരവിചാരവീര്യമാണ് കുഞ്ഞിരായിൻെറ തുറക്കാത്ത പൊതികളിൽ കുതറുന്നത്. ചായയടിക്കുന്ന കുഞ്ഞിരായിൻ പത്രം വായിക്കുന്ന കുഞ്ഞിരായിൻ, വരുന്നവർക്കും പോകുന്നവർക്കും ഏതോ ഒരത്ഭുതപ്പൊതി സമ്മാനിക്കുന്ന കുഞ്ഞിരായിൻ, ഫക്കീറുപ്പാപ്പയുടെ പ്രിയ കുഞ്ഞിരായിൻ, ചാരം വാരുന്നതിനിടയിൽ മരിച്ചുപോവുന്ന കുഞ്ഞിരായിൻ, എന്നിട്ടും സ്മരണകളിൽ വന്ന് നിറയുന്ന കുഞ്ഞിരായിൻ എന്നിങ്ങനെ നിരവധി കുഞ്ഞിരായിന്മാരാണ് കവിതയിൽ നൃത്തം വെക്കുന്നത്.
‘വന്നുപോകുന്നവർക്കൊക്കെ
കുഞ്ഞിരായിൻ ഒരു പൊതി സമ്മാനിച്ചു
ആദ്യ ദിവസം വന്ന്
നിലത്ത് കുനിഞ്ഞിരുന്ന ചേന്നന്
അപ്പൊതി കിട്ടിയതിൽ പിന്നെയാണ്
ബെഞ്ചിലിരിക്കാൻ തോന്നിയത്
അപ്പൊതി കിട്ടിയതിൽ പിന്നെയാണ്
കുന്നത്തെ കമ്മള് പറയരോടൊപ്പം
ചെളിയിലിറങ്ങിയത്
കുഞ്ഞോതീൻഹാജിക്ക്
കണക്കനെ കാണുമ്പോഴുള്ള ആട്ട്
ചിരിയായി മാറിയത്...’
മാറുന്ന മനുഷ്യരുടെ പുതിയ മേൽവിലാസത്തിലാണ് ഒരു പകിട്ടുമില്ലാത്ത കുഞ്ഞിരായിന്റെ മക്കാനി വിലസിയത്. ആമസോണിൽ കിട്ടാത്ത, വിപണികൾക്കൊന്നും വികസിപ്പിക്കാനാവാത്ത, മനുഷ്യപ്പറ്റാണ് ആ മക്കാനിയെ മഹത്വപ്പെടുത്തിയത്. ആരുമില്ലാത്ത കുഞ്ഞിരായിനും ആരെന്നും എന്തെന്നുമറിയാത്ത ഫക്കീറും കൗതുകപൂർവം കുഞ്ഞിരായിൻ സ്മാരക വായനശാലയിലൊത്തുചേർന്ന് കഥ കേൾക്കുന്ന പുതുതലമുറയും പങ്കുവെക്കുന്ന പ്രതീക്ഷ കൂടിയാണ്, മേയ്ദിനം.
‘കുഞ്ഞിരായിൻ മന്ത്രവാദം പഠിച്ചിട്ടില്ല
കുഞ്ഞിരായിന് കൺകെട്ടും അറിയില്ല
എന്നിട്ടും വന്നോരല്ല പോയത്
പോയോരൊക്കെ പിന്നെയും വന്നു...
കുഞ്ഞിരായിൻ സ്മാരക ഗ്രന്ഥശാലയുടെ
വരാന്തയിലിരുന്ന്
കുട്ടികൾ കേൾക്കുകയാണ്
കുഞ്ഞിരായിന്റെ മക്കാനിപ്പൊതിയെക്കുറിച്ച്.
പറഞ്ഞുകൊടുക്കുന്നത് ഏതോ ഒരു ഫക്കീർ
ഏതോ പുസ്തകത്താളുകളിലേക്കെന്ന വണ്ണം
അയാൾ കടന്നുപോയി
കുട്ടികൾ ആമസോണിൽ സെർച്ച് ചെയ്തു
മക്കാനിപ്പൊതികൾ.’
മൂലധന മേൽക്കോയ്മക്കെതിരെ നടന്ന നിരവധി സമരങ്ങളിൽ വിമോചന വഴിത്തിരിവ് സൃഷ്ടിച്ച ഒരു മഹാസമരത്തിന്റെ സ്മരണകളാണ് മേയ്ദിനത്തിൽ ഇന്നും ഇരമ്പുന്നത്. 24/7 നു പകരം 8/6 സമയക്രമമാണത് മുന്നോട്ടുവെക്കുന്നത്. സമയം ധനമല്ല, ജീവിതമാണെന്ന മഹാസന്ദേശമാണത് ആവിഷ്‍കരിക്കുന്നത്. ഡിഫ്ലേഷൻ, ഡീവാല്യൂവേഷൻ, ഡീ നാഷനലൈസേഷൻ, ഡീ റെഗുലേഷൻ എന്ന മൂലധന, ‘ഫോർ ഡി’ ക്കു പകരം, അത് ഒരൊറ്റ ക്യാപിറ്റൽ, ‘എൽ’, എന്ന മഹാ ജീവിത സംതൃപ്തിയിലാണ് ഒപ്പുചാർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.