MOHAMMED ABED / AFP via Getty Images

സാംസ്കാരിക ചിഹ്നങ്ങളുടെ ഉന്മൂലനം: ഇസ്രായേൽ അധിനിവേശ തന്ത്രങ്ങൾ

ഇസ്രായേൽ ഉൾപ്പെടെയുള്ള സെറ്റ്ലർ കൊളോണിയലിസ്റ്റ് (കുടിയേറ്റ അധിനിവേശ) രാജ്യങ്ങൾ, കീഴടക്കപ്പെട്ട ജനതയുടെ വംശഹത്യ കൊണ്ട് മാത്രം തങ്ങളുടെ ഹിംസ അവസാനിപ്പിക്കാറില്ല. ക്ലാസിക്കൽ കൊളോണിയലിസം പ്രധാനമായും ലക്ഷ്യം വെച്ചത് കോളനികളിലെ വൻ സമ്പത്തിന്റെ ഉടമസ്ഥാവകാശമായിരുന്നു; അവിടെ തങ്ങളുടെ ജനസംഖ്യാപരമായ മേധാവിത്വം അവർ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, സെറ്റ്ലർ കൊളോണിയലിസം തദ്ദേശീയരെ ബലപ്രയോഗത്തിലൂടെ പുറന്തള്ളുകയും അവരുടെ ഭൂമി കൈയേറി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു.

ഉന്മൂലനത്തിന്റെ യുക്തി

സ്വന്തം സംസ്കാരവും സാമൂഹിക വ്യവസ്ഥയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കുടിയേറ്റ അധിനിവേശ ശക്തികൾക്ക് തദ്ദേശീയ ജനത എന്നും ഒരു തടസ്സമാണ്. ഇത് ഹിംസയിലൂടെ മാത്രമേ അവർക്ക് സാധ്യമാകൂ. ബ്രിട്ടന്റെ കോളനിയായിരുന്ന ഓസ്ട്രേലിയയിൽ അധിനിവേശം തുടങ്ങി 140 വർഷത്തിനുള്ളിൽ തദ്ദേശീയ ജനസമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ട 270-ലേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സായുധ സംഘട്ടനങ്ങളും പകർച്ചവ്യാധികളും ചേർന്ന് അവിടത്തെ തദ്ദേശീയരെ വൻതോതിൽ കൊന്നൊടുക്കി. ജാക്ക് ഡേവിസ് തന്റെ ‘അബോറിജിനൽ ഓസ്ട്രേലിയ’ എന്ന കവിതയിൽ ഈ കൊളോണിയൽ ക്രൂരതയെ ഹൃദയഭേദകമായി വരച്ചിടുന്നുണ്ട്.

സെറ്റ്ലർ കൊളോണിയലിസം ജനങ്ങളെ പുറത്താക്കുക മാത്രമല്ല ചെയ്യുന്നത്; അവർ ആ സമൂഹത്തിന്റെ ചരിത്രവും സാംസ്കാരിക ചിഹ്നങ്ങളും മായ്ച്ചു കളയാനും ശ്രമിക്കുന്നു. തങ്ങളുടെ വരവോടെയാണ് ആ നാടിന്റെ ചരിത്രം തുടങ്ങുന്നത് എന്ന വ്യാജ ആഖ്യാനം അവർ സൃഷ്ടിക്കുന്നു. തദ്ദേശീയരുടെ പഴയ ആചാരങ്ങളെ അദൃശ്യമാക്കുകയും അവരുടെ ഭക്ഷണരീതികൾ ഉൾപ്പെടെയുള്ളവ തങ്ങളുടേതെന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓസ്ട്രേലിയൻ അധിനിവേശത്തെക്കുറിച്ച് പഠിച്ച പാട്രിക് വോൾഫ് ഇതിനെ ‘ദ ലോജിക് ഓഫ് എലിമിനേഷൻ’ (ഉന്മൂലന യുക്തി) എന്നാണ് വിശേഷിപ്പിക്കുന്നത്.

ആഖ്യാനങ്ങളിലെ വംശഹത്യ

2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗസ്സയിൽ 72,000-ലേറെ ജീവനുകളാണ് പൊലിഞ്ഞത്. ഈ പ്രത്യക്ഷ വംശഹത്യയ്ക്ക് പുറമെ, കല, സാഹിത്യം, ഭാഷാപ്രയോഗങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങളുടെ തകർച്ച എന്നിവയിലൂടെ സയണിസ്റ്റ് അധിനിവേശം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വിശകലനം ചെയ്യപ്പെടേണ്ടതാണ്.

ഫലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാൻ സയണിസ്റ്റുകൾ വ്യാപകമായി ഉപയോഗിച്ച ഒരു പ്രയോഗമായിരുന്നു ‘എ ലാൻഡ് വിത്തൗട്ട് എ പീപ്പിൾ, ഫോർ എ പീപ്പിൾ വിത്തൗട്ട് എ ലാൻഡ്’ (ജനതയില്ലാത്ത ഒരു ദേശം, ദേശമില്ലാത്ത ഒരു ജനതയ്ക്ക് വേണ്ടി). 1882-ൽ ആദ്യ സയണിസ്റ്റ് കുടിയേറ്റക്കാർ ഫലസ്തീനിലെ ജാഫയിൽ എത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവിടെ ജനവാസമുണ്ടായിരുന്നു എന്ന വസ്തുത മറച്ചുവെക്കാനാണ് ഈ വ്യാജനിർമിതി നടത്തിയത്. യൂറോപ്പിലെ ഹോളോകാസ്റ്റ് സൃഷ്ടിച്ച നടുക്കവും ജൂതരുടെ ദുരവസ്ഥയും ഈ മുദ്രാവാക്യത്തിന് ആഗോളതലത്തിൽ സ്വീകാര്യത നേടിക്കൊടുത്തു.

കലയും സാഹിത്യവും അധിനിവേശത്തിന്

നിരുപദ്രവമെന്ന് തോന്നിക്കുന്ന കലാരൂപങ്ങളിൽ പോലും ഫലസ്തീൻ ദേശത്തെ അദൃശ്യമാക്കാൻ സയണിസ്റ്റുകൾ ശ്രദ്ധിച്ചിരുന്നു. ആദ്യകാല സയണിസ്റ്റ് ചിത്രകാരന്മാർ തങ്ങളുടെ ചിത്രങ്ങളിൽ ഫലസ്തീൻ ഗ്രാമങ്ങളെ പാടെ ഒഴിവാക്കി. അമേരിക്കൻ നോവലിസ്റ്റ് ലിയോൺ യൂറിസിന്റെ ‘എക്സോഡസ്’ (1958) എന്ന നോവൽ ഇതിന് ഉദാഹരണമാണ്. ചരിത്രവിരുദ്ധമായ കാര്യങ്ങൾ നിറഞ്ഞ ഈ കൃതി അറബ് ജനതയെ ‘വൃത്തികെട്ടവർ’,‘നാറുന്നവർ’ എന്നിങ്ങനെ വംശീയമായി അധിക്ഷേപിക്കുന്നു.

ഭാഷയും പദാവലികളും

തദ്ദേശീയരെ അപമാനവീകരിക്കുക എന്നത് സയണിസ്റ്റ് തന്ത്രമാണ്. അറബ് ജനതയെ നാഗരികതയില്ലാത്ത ‘അപരിഷ്കൃത’രായും ‘നാടോടി’കളായും അവർ ചിത്രീകരിക്കുന്നു. സയണിസ്റ്റുകൾ വന്ന് ഫലഭൂയിഷ്ഠമാക്കുന്നത് വരെ ഫലസ്തീൻ വെറുമൊരു മരുഭൂമിയായിരുന്നു എന്ന മിഥ്യ ഇസ്രായേൽ ഇപ്പോഴും പ്രചരിപ്പിക്കുന്നു.

2018 ജൂലൈ 19-ന് നെസ്സറ്റ് പാസാക്കിയ ‘ജ്യൂയിഷ് സ്റ്റേറ്റ് ലോ’ പ്രകാരം ഇസ്രായേലിൽ അറബിഭാഷയ്ക്ക് ഔദ്യോഗിക പദവി ഇല്ലാതായി. ഫലസ്തീനിയൻ സാഹിത്യത്തോടുള്ള അവരുടെ വിരോധം അങ്ങേയറ്റമാണ്. മഹ്മൂദ് ദർവീഷിന്റെ ‘സജിൽ, അന അറബി’ (എഴുതിയെടുക്കൂ, ഞാൻ ഒരു അറബി) എന്ന കവിത റേഡിയോയിൽ പ്രക്ഷേപണം ചെയ്തതിനെ അന്നത്തെ പ്രതിരോധമന്ത്രി അവിഗ്ദർ ലീബർമാൻ ഹിറ്റ്‌ലറുടെ ‘മീൻ കാംഫി’നോടാണ് ഉപമിച്ചത്.

ഓർവലിയൻ യുദ്ധതന്ത്രങ്ങൾ

ഫലസ്തീനികളിൽ ഭീതി ജനിപ്പിക്കാൻ സൈന്യം പുതിയ പദപ്രയോഗങ്ങൾ കണ്ടെത്തുന്നു. ഇസ്രായേൽ സൈന്യം നിശ്ചയിക്കുന്ന ‘വേദനയുടെ ഭൂപടം’ ഫലസ്തീനികളുടെ ബോധത്തിൽ കൊത്തിവെക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് 2002-ൽ സൈനിക മേധാവി മോശെ യാലോൺ പറയുകയുണ്ടായി. ജോർജ് ഓർവലിന്റെ '1984' എന്ന നോവലിലെ 'തോട്ട് ക്രൈം' പോലെ ഭീകരമാണിത്.

ഗസ്സക്ക് മേൽ നടന്ന ആക്രമണങ്ങൾക്ക് നൽകിയ പേരുകളും (ഉദാഹരണത്തിന്: ഓപ്പറേഷൻ കാസ്റ്റ് ലെഡ്, ഓപ്പറേഷൻ പ്രൊട്ടക്ടീവ് എഡ്ജ്) അധിനിവേശത്തെ സ്വയം പ്രതിരോധം എന്ന് ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ഫലസ്തീനികളുടെ ചെറുത്തുനിൽപ്പിനെ അവർ ‘ഭീകരത’ എന്നും തങ്ങളുടെ ആക്രമണങ്ങളെ ‘സംഘർഷം’ എന്നും വിളിക്കുന്നു.

സ്മരണകൾക്ക് മേലുള്ള യുദ്ധം

365 ചതുരശ്ര കിലോമീറ്ററിൽ 21 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ഗസ്സയിൽ ഇസ്രായേൽ കെട്ടിടങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ബോധപൂർവം ലക്ഷ്യം വെക്കുന്നു. ഇത് കേവലം സൈനിക നീക്കമല്ല, മറിച്ച് ഒരു ജനതയുടെ ഭൂതകാല സ്മരണകളെ മായ്ച്ചുകളയാനുള്ള ശ്രമമാണെന്ന് പുരാവസ്തു ഗവേഷകരായ റാഫേൽ ഗ്രീൻബർഗും അലൻ അറാദും നിരീക്ഷിക്കുന്നു. തദ്ദേശീയരുടെ സ്വത്വത്തെയും മനുഷ്യത്വത്തെയും നിഷേധിക്കാനായി സൈനികർ വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുന്നു.

1967-ലെ യുദ്ധവിജയത്തിന് ശേഷം ‘ഞങ്ങൾ ഒരു സാമ്രാജ്യമായിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ച മോശെ ദയാന്റെ വാക്കുകളാണ് ഇന്നത്തെ ഇസ്രായേൽ നേതൃത്വവും പിന്തുടരുന്നത്. ബൈബിളിനെ ഒരു ചരിത്രരേഖയായി അവതരിപ്പിച്ച് ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന സ്വപ്നമാണ് അവർ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തെയോ സമാധാന ശ്രമങ്ങളെയോ അംഗീകരിക്കാത്ത ഒരു വിപുലീകരണ നയമാണ് ഇസ്രായേൽ ചരിത്രത്തിലുടനീളം സ്വീകരിച്ചുപോരുന്നത്.

സഹായക ഗ്രന്ഥങ്ങൾ:

  • ഇലാൻ പപ്പെ, ദി എത്നിക് ക്ലെൻസിംഗ് ഓഫ് ഫലസ്തീൻ
  • ഇലാൻ പപ്പെ, എ വെരി ഷോർട്ട് ഹിസ്റ്ററി ഓഫ് ദി ഇസ്രായേൽ-ഫലസ്തീൻ കോൺഫ്ലിക്റ്റ്
  • രാജ ഷെഹാദെ, വാട്ട് ഡസ് ഇസ്രായേൽ ഫിയർ ഫ്രം ഫലസ്തീൻ
  • സ്റ്റാൻലി ജോണി, ഒറിജിനൽ സിൻ: ഇസ്രായേൽ, ഫലസ്തീൻ ആൻഡ് ദ റിവഞ്ച് ഓഫ് ഓൾഡ് വെസ്റ്റ് ഏഷ്യ
Tags:    
News Summary - The Eradication of Cultural Symbols: Israeli Occupation Tactics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.