മുത്തലാഖ് തര്‍ക്കം തീര്‍ക്കേണ്ടവര്‍ മുസ്ലിംകളോ കാവിപ്പടയോ?

മുത്തലാഖ് മൊത്തം മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള സമ്പ്രദായമാണെന്ന് കരുതുന്നത് അബദ്ധമായിരിക്കും. സുന്നി മുസ്ലിംകള്‍ക്കിടയില്‍ പരിമിതമാണത്. ശിയാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇറാനില്‍ മുത്തലാഖിന് അനുമതി ഇല്ല. തുര്‍ക്കിയും ഈ സമ്പ്രദായം പിന്തുടരുന്നില്ല. തലാഖ് ചൊല്ലുന്ന രീതിയെ പണ്ഡിതന്മാര്‍ അഹ്സന്‍ (വളരെ നല്ലരീതി), ഹസന്‍ (നല്ലരീതി), ബിദ്അ (അനാചാരപരം) എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചതായും കാണാം. മൂന്നുതവണയായി ചൊല്ളേണ്ട തലാഖ് ഒറ്റയടിക്ക് ചൊല്ലുന്ന രീതി നിയമപരമായി സാധുവാകുമെന്ന് വിവിധ കര്‍മശാസ്ത്രധാരകള്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നതായി പ്രഖ്യാപിച്ചാലും അതിനെ ഒരുതവണ ചൊല്ലിയതായേ കണക്കാക്കാനാകൂ എന്ന് ഹനഫി വിഭാഗം വിശദീകരിക്കുന്നു. ഇന്ത്യയില്‍ ഹനഫി ധാരക്കാണ് ഭൂരിപക്ഷം. അതേസമയം, മുത്തലാഖ് ഖുര്‍ആന്‍, പ്രവാചകചര്യ എന്നിവയുടെ സത്തക്ക് നിരക്കാത്ത സമ്പ്രദായമാണെന്ന് കര്‍മശാസ്ത്ര കാര്‍ക്കശ്യക്കാരായ സലഫികള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ വിവാദമായ മുത്തലാഖുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ഏഴു നൂറ്റാണ്ടായി സുന്നി മുസ്ലിംകള്‍ ആഭ്യന്തര സംവാദങ്ങള്‍ നടത്തുന്നു എന്ന സൂചന നല്‍കുക എന്നതാണ് മുഖവുര എഴുതിയതിന് പിന്നിലെ ഉദ്ദേശ്യം. മുസ്ലിം ആചാര സമ്പ്രദായങ്ങള്‍ പരിഷ്കരിക്കാന്‍ കാവി ബ്രിഗേഡിന്‍െറ ഇടപെടല്‍ ആവശ്യമില്ളെന്നും ഈ വസ്തുത നമ്മെ ഓര്‍മിപ്പിക്കുന്നു. ബാഹ്യ ഇടപെടല്‍ ആഭ്യന്തര സംവാദങ്ങളില്‍ തെറ്റായ പ്രത്യാഘാതങ്ങളായിരിക്കും ഉളവാക്കുക.
ഇസ്ലാമിലെ സുപ്രധാനമായൊരു പരികല്‍പനയാണ് ഇജ്തിഹാദ് (ഗവേഷണം). ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും പരാമര്‍ശിക്കാത്ത വിഷയങ്ങളുമായും വിധികള്‍ വ്യക്തമല്ലാത്ത കാര്യങ്ങളിലും ഗവേഷണം ചെയ്യാന്‍ ഇജ്തിഹാദ് അവസരം നല്‍കുന്നു. തിരുവചനങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതിനും മുജ്തഹിദിന് (ഗവേഷകന്) സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സമകാലിക വിഷയങ്ങളില്‍ ഗവേഷകന് ഇസ്ലാമിക വിധി നല്‍കാം. ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യവും വിചാരശേഷിയുമുള്ള മുസ്ലിംകള്‍ക്ക് സ്ത്രീപുരുഷഭേദമന്യേ ഇത്തരം ഇജ്തിഹാദുകള്‍ക്ക് അവകാശവും അര്‍ഹതയുമുണ്ട്.

മുത്തലാഖിനെ സംബന്ധിച്ച് ഇന്ത്യന്‍ മുസ്ലിംകള്‍ നടത്തുന്ന സമകാല ചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ ഇജ്തിഹാദ് തന്നെയെന്ന് ഞാന്‍ കരുതുന്നു. മുത്തലാഖ് എന്ന അനാചാരം (ബിദ്അ) അവസാനിപ്പിക്കണമെന്ന വാദവുമായി ആദ്യമായി രംഗപ്രവേശം ചെയ്തത് ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ ആയിരുന്നു. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെടുന്ന നിവേദനത്തിന് 50,000ത്തോളം ഒപ്പുകള്‍ ശേഖരിക്കാനും അവര്‍ക്ക് സാധിച്ചു. ബീഗം നൂര്‍ജഹാന്‍ സഫിയ നിയാസ് ആണ് ഈ കാമ്പയിന് നേതൃത്വം നല്‍കിയത്. അതേസമയം, മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിംകള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് കുറയുന്നതായി പേഴ്സനല്‍ ലോ ബോര്‍ഡ് അംഗമായ അസ്മ സഹീര്‍ ചൂണ്ടിക്കാട്ടുന്നു. ശരീഅത്ത് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ ബാഹ്യ ഇടപെടല്‍ നടത്തേണ്ട ആവശ്യമേ ഇല്ളെന്നും അവര്‍ വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതപരമായ അവകാശ സ്വാതന്ത്ര്യങ്ങള്‍ അവസാനിപ്പിച്ച് കാവിപ്പടയുടെ സ്ഥാപിത താല്‍പര്യാര്‍ഥമുള്ള അജണ്ടകളാണോ നടപ്പാക്കേണ്ടത് എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു.

മുസ്ലിം സ്ത്രീകള്‍ക്ക് ഭരണഘടനാദത്തമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള ചുമതല സര്‍ക്കാറിനുണ്ട് എന്ന വാദത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവേശപ്രകടനം. മുത്തലാഖ് ഖുര്‍ആന്‍െറ സത്തക്ക് നിരക്കുന്നതല്ല എന്ന സലഫി കാഴ്ചപ്പാട് സ്വീകാര്യമാക്കുന്ന ഇജ്തിഹാദ് പ്രക്രിയ നടന്നുകൊണ്ടിരിക്കേ മോദിയും സംഘവും നടത്തുന്ന ഇടപെടലുകള്‍ പുരോഗമന നീക്കങ്ങളെ അട്ടിമറിക്കാനേ ഉതകൂ.
‘മുസ്ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അനീതികള്‍ക്ക് മുമ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍’ മൗനം അവലംബിക്കുന്നതായി മോദി കുറ്റപ്പെടുത്തുന്നു. വോട്ടുബാങ്കിനോടുള്ള ആര്‍ത്തിയാണ് ഈ മൗനത്തിന് കാരണമെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. എന്നാല്‍, ഈ വിമര്‍ശം വിശകലനം ചെയ്താല്‍ അതില്‍ അന്തര്‍ലീനമായ ഭോഷ്കുകള്‍ നിഷ്പ്രയാസം പുറത്തുവരാതിരിക്കില്ല. വോട്ടുബാങ്കിലുള്ള ആര്‍ത്തി എന്ന് പഴിക്കുന്ന മോദിയും സംഘവും ഗോധ്രാനന്തര ഗുജറാത്തില്‍ നടത്തിയ വിക്രിയകള്‍ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നില്ളേ?

ഗുജറാത്തിലെ മുസ്ലിംകളില്‍ ഭൂരിപക്ഷവും മോദി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ലാക്കുകള്‍ അംഗീകരിക്കുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കേ മുസ്ലിംകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അദ്ദേഹത്തിന് എത്രമാത്രം യോഗ്യതയുണ്ട്? തെരഞ്ഞെടുപ്പ് ആസന്നമാകുന്ന ഓരോ ഘട്ടത്തിലും മതമൈത്രിയുടെ അന്തരീക്ഷം തകര്‍ക്കുന്ന വിഷലിപ്ത പ്രസ്താവനകളുമായി അദ്ദേഹവും സില്‍ബന്ധികളും രംഗപ്രവേശം ചെയ്യുന്നത് പുതുമയുള്ള സംഭവമല്ല (ഇപ്പോള്‍ യു.പി ഇലക്ഷന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു എന്നോര്‍മിക്കുക). എന്നാല്‍, മോദിയുടെ ഹിന്ദുത്വവാദത്തില്‍ ഭൂരിപക്ഷം ഹൈന്ദവ സമൂഹവും ആകൃഷ്ടരല്ല എന്നതാണ് പരമാര്‍ഥം. ‘21ാം നൂറ്റാണ്ടിലും സ്ത്രീകള്‍ക്കെതിരെ അനീതികള്‍ തുടരുന്നത്’ ബഹുവിചിത്രമായ അനുഭവമാണെന്ന് മോദി അവകാശപ്പെട്ടിരിക്കുന്നു. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ വിദ്യാഭ്യാസയോഗ്യതയും ടോയ്ലറ്റ് സൗകര്യവും മാനദണ്ഡമാക്കിയതിനാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച 85 ശതമാനം സ്ത്രീ സ്ഥാനാര്‍ഥികള്‍ അയോഗ്യരാക്കപ്പെടുകയുണ്ടായി.  ഇതാണോ 21ാം നൂറ്റാണ്ടിലെ സ്ത്രീ നീതി.

മുസ്ലിം സ്ത്രീകള്‍ക്ക് ഭരണഘടനാദത്ത അവകാശങ്ങള്‍ ലഭ്യമാക്കേണ്ടത് സര്‍ക്കാറിന്‍െറ കര്‍ത്തവ്യമാണെന്ന മോദിയുടെ വാദവും വൈരുധ്യാധിഷ്ഠിതമാണ്. മുസ്ലിം സ്ത്രീപുരുഷന്മാരുടെ വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ഭരണഘടനാ ഖണ്ഡികക്ക് ഊന്നല്‍ നല്‍കാന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി തയാറാകുന്നില്ല? അന്യസമുദായക്കാരാണോ ഏതെങ്കിലുമൊരു സമുദായത്തിന്‍െറ വ്യക്തിനിയമങ്ങള്‍ നിര്‍ണയിക്കേണ്ടത്? മുസ്ലിം സമൂഹം ഒന്നടങ്കം പ്രശ്നപരിഹാര ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ തലയിടാന്‍ കാവി ബ്രിഗേഡിന് എന്തവകാശമാണുള്ളത്? മാത്രമല്ല ത്തലാഖ് പ്രശ്നം കോടതികള്‍ കൈകാര്യം ചെയ്തുവരുകയുമാണ്്.

മുത്തലാഖ് പ്രശ്നത്തെ രാഷ്ട്രീയ പന്തുകളിയായി മാറ്റിയിരിക്കുകയാണ് മോദി. ഇതുവഴി അദ്ദേഹം മുസ്ലിം സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയം സുപ്രീംകോടതി പരിശോധിച്ചുവരുന്നതിനിടെ കലക്കുവെള്ളത്തിലെ മീന്‍പിടിത്ത ശ്രമമാണ് മോദിയുടേത്. ലോ കമീഷന്‍െറ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനും ഇത് കാരണമായേക്കും. ലോ കമീഷന്‍െറ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന് ഇപ്പോഴേ പല സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

ഹിന്ദു സിവില്‍കോഡിനെ സംബന്ധിച്ച് സ്വാതന്ത്ര്യലബ്ധിക്കുമുമ്പും പിമ്പുമായി അനേകം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുണ്ടായി. അവയിലൊന്നിലും ഒറ്റ മുസ്ലിമിനെപ്പോലും നാം പങ്കെടുപ്പിക്കുകയുണ്ടായില്ല. മുസ്ലിം പങ്കാളിത്തമില്ലാതെയാണ് ഹിന്ദു വ്യക്തി നിയമം പാസാക്കപ്പെട്ടത്. ഇതേ മാതൃകയില്‍ മുസ്ലിം വ്യക്തി നിയമഭേദഗതി പ്രശ്നം മുസ്ലിംകള്‍ക്ക് വിടുന്നതല്ളേ യുക്തിസഹമായ രീതി? അതിനാല്‍ ആ ദൗത്യം പൂര്‍ണമായി അവര്‍ക്കുതന്നെ വിട്ടുകൊടുക്കുക.
നൂറ്റാണ്ടുകളായി അവര്‍ ആഭ്യന്തരമായി ഇത്തരം സംവാദങ്ങളും ചര്‍ച്ചകളും നടത്തിവരുന്നു  എന്ന കാര്യം പരിഗണിക്കുക ‘72 വിഭിന്ന ധാരകളുടെ ഒരുമ’ എന്ന കവി ഉമര്‍ ഖയ്യാമിന്‍െറ പ്രയോഗം ഓര്‍മിക്കുക. അഭിപ്രായ വൈവിധ്യമുള്ള 72 വിഭാഗങ്ങളുമായി മുസ്ലിംകള്‍ ഭിന്നാഭിപ്രായക്കാരാകുമെന്ന ബഹുസ്വരതയിലേക്കാണ് അദ്ദേഹം സൂചന നല്‍കിയിരിക്കുന്നത്. സ്വകീയമായ ജീവിതമാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ചിന്തിക്കുന്ന മുസ്ലിംകള്‍ക്ക് വകവെച്ചുകൊടുക്കാന്‍ മതേതര ഇന്ത്യ തയാറാകണം. നമുക്കവരെ വിശ്വസിക്കാം. ഉചിതമായ ഉത്തരങ്ങള്‍ അവര്‍ കണ്ടത്തൊതിരിക്കില്ല.

മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമാണ് ലേഖകന്‍
(കടപ്പാട് എന്‍.ഡി.ടി.വി ഡോട്കോം)-

Tags:    
News Summary - muthalaqh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.