മകൻ അഖിലേഷ് യാദവിനും ബി.എസ്.പി മേധാവി മായാവതിക്കുമൊപ്പം

രാഷ്ട്രീയഗോദയിലെ ഗുസ്തിവീരൻ

മകൻ ഒരു ഗുസ്തിക്കാരനാകണമെന്നായിരുന്നു ഇറ്റാവ ജില്ലയിലെ സയ്ഫായ് ഗ്രാമത്തിലെ സുഖാർ സിങ്ങിന്റെ ആഗ്രഹം. - ഇന്ത്യയുടെ രാഷ്ട്രീയ ഗോദയിലെ യാദവതാരമായ മുലായം സിങ് യാദവായി.

മെയിൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ വെച്ച് പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായ നത്തു സിങ് കണ്ടെത്തിയതോടെയാണ് മുലായത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നത്. മൂന്നുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്കും ഇന്ത്യൻ പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തുമെത്തി ഈ കണ്ടെത്തൽ.

രാം മനോഹർ ലോഹ്യയുടെ അനുചരന്മാർ ചരൺസിങ്ങിന്റെ ലോക്ദൾ വഴി ജനതയിലെത്തിയപ്പോൾ, 1977ൽ രാം നരേഷ് യാദവ് മന്ത്രിസഭയിൽ മുലായം രണ്ടാമനായി. പിന്നാക്ക ജാതി വോട്ടുകൾ, കർഷക വോട്ടുകൾ എന്നിവ മൂലധനവും ന്യൂനപക്ഷ മുസ്‍ലിം വോട്ടുകൾ കരുതൽ സംഖ്യയും യുവജന പിന്തുണ ബോണസുമായുണ്ടെങ്കിൽ യു.പി ഭരിക്കാമെന്ന് പഠിച്ചതോടെ ഒന്നാമനുമായി.

ചരൺ സിങ്, രാം നേരേഷ് യാദവ്, വി.പി. സിങ്, ചന്ദ്രശേഖർ തുടങ്ങിയവർ പലപ്പോഴായി മുലായമിന്റെ നേതാക്കളായി വന്നെങ്കിലും ആർക്കും ചിരപ്രതിഷ്ഠ നൽകിയുമില്ല. എല്ലാകാലത്തും വിവാദങ്ങൾ നിറഞ്ഞതായിരുന്നു മുലായമിന്റെ രാഷ്ട്രീയ ജീവിതം.

കൊള്ളക്കാരുമായി മുലായമിന് സൗഹൃദമുണ്ടെന്ന ആരോപണം യു.പിയെ ഇളക്കിമറിച്ചതാണ്. പക്ഷേ, ദരിദ്ര പിന്നാക്ക വിഭാഗങ്ങളുടെ രക്ഷകനെന്ന പരിവേഷവും മതേതരനെന്ന പ്രതിച്ഛായയും എല്ലാകാലത്തും മുലായമിനെ ജനപ്രീതിയുള്ള നേതാവായി നിലനിർത്തി.

ഒരിക്കൽ ശത്രുവായിരുന്ന വി.പി. സിങ്ങിന്റെ അടുത്തയാളായി മുലായം മാറുന്നതും പിന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് ചന്ദ്രശേഖറിനൊപ്പം ചേരുന്നതും ഒരുകാലത്ത് ഒപ്പമുണ്ടായിരുന്ന മായാവതി ബദ്ധശത്രുവാകുന്നതുമൊക്കെ രാഷ്ട്രീയ നാടകത്തിലെ രംഗങ്ങളായി.

ദേവഗൗഡ, ഗുജ്റാൾ എന്നിവർക്കൊപ്പം പ്രധാനമന്ത്രി പദത്തിലേക്കു വരെ മുലായമിന്റെ പേര് ഉയർന്നുവന്നു. മകൻ അഖിലേഷ് യാദവിനെ മുഖ്യമന്ത്രി പദവിയിലും മറ്റ് കുടുംബാംഗങ്ങളെ അധികാരകേന്ദ്രത്തിലെ പ്രധാന സ്ഥാനങ്ങളിലും അവരോധിച്ചതിന്റെ പേരിൽ രാഷ്ട്രീയ തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട് മുലായം സിങ് യാദവിന്.

തന്റെ ഉപദേശം കേൾക്കാത്തതിന്റെ പേരിൽ മകൻ അഖിലേഷ് യാദവിനെ 2017ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ മുലായം പിന്നീട് തീരുമാനം തിരുത്തി. ഇതോടെ സഹോദരൻ ശിവ്പാൽ യാദവ് എതിർപക്ഷത്തായി. പാർട്ടിയിലുണ്ടായ വിള്ളൽ പക്ഷേ, തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ബി.ജെ.പിയുടെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

രാഷ്ട്രീയശത്രുവായി മാറിയ മായാവതിയുമായി സഖ്യമുണ്ടാക്കാനുള്ള മകന്റെ തീരുമാനത്തിന് അംഗീകാരം നൽകിയതിലൂടെയും മുലായം രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു. മായാവതിക്കൊപ്പം മുലായം വേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Tags:    
News Summary - Mulayam Singh yadav-the genius of Indian politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.