1944 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫ്രെഡറിക് വോൺ ഹയേക്കിന്റെ ‘അടിമത്തത്തിലേക്കുള്ള വഴി’ എന്ന ഗ്രന്ഥമാണ് നവ ലിബറൽ തത്ത്വശാസ്ത്രത്തിന് നാന്ദി കുറിച്ചത്. സോവിയറ്റ് മോഡൽ കേന്ദ്രീകൃത സാമ്പത്തികാസൂത്രണത്തെയും സമ്പദ്ഘടനയിൽ സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്ന കെയ്നീഷ്യൻ ചിന്തകളെയും രൂക്ഷമായി വിമർശിച്ച ഹയക്കിയൻ കാഴ്ചപ്പാടുകൾ അവയെ അടിമത്തത്തിലേക്കുള്ള പാതയായിട്ടാണ് കണ്ടത്. നിയന്ത്രണരഹിതവും സ്വതന്ത്രവും മത്സരാധിഷ്ഠിതവുമായ കമ്പോളം, സ്വകാര്യവത്കരണം എന്നിവയിലൂടെ സാമ്പത്തിക പുരോഗതി കൈവരിക്കാമെന്ന ആശയമാണ് നവലിബറലിസം മുന്നോട്ടുവെച്ചത്. ഹയക്കിന്റെ ആശയങ്ങളുടെ താത്ത്വികതലത്തെ മിൽട്ടൺ ഫ്രീഡ്മാൻ, വോൺ മൈസസ്, ജെയിംസ് ബുക്കാനൻ തുടങ്ങിയവർ മുന്നോട്ടുകൊണ്ടുപോയെങ്കിലും അവയുടെ ആദ്യത്തെ പരീക്ഷണശാലകളായത് റീഗന്റെ അമേരിക്കയും താച്ചറുടെ ബ്രിട്ടനുമായിരുന്നു. 1990കൾ ആയപ്പോഴേക്കും ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും നവലിബറൽ പരിഷ്കാരങ്ങൾ ഏറ്റെടുത്തു.
പരിഷ്കാരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഉയർന്ന വളർച്ചാനിരക്കായിരുന്നു ഇന്ത്യ രേഖപ്പെടുത്തിയത്. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ മധ്യമാകുമ്പോഴേക്കും 9 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലായിരുന്നു ഇന്ത്യയുടെ വളർച്ച. എന്നാൽ, ഇതിനോടൊപ്പം തന്നെ തൊഴിലില്ലായ്മയും സാമ്പത്തികാസമത്വവും രൂക്ഷമായി. ഗ്രാമങ്ങളിലാണ് ഈ പ്രശ്നങ്ങൾ ഏറ്റവും തീവ്രമായത്. ഇതിനെ ഭാഗികമായെങ്കിലും അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ ഗവണ്മെന്റ് ആവിഷ്കരിച്ചത്.
പരിഷ്കാരങ്ങൾക്കിടയിൽ ഏറ്റെടുത്ത തൊഴിലുറപ്പു പദ്ധതി നവലിബറൽ കാഴ്ചപ്പാടുകൾക്ക് എതിരായിരുന്നുവെന്ന് മാത്രമല്ല പരിഷ്കാരങ്ങൾക്ക് മാനവിക മുഖം നൽകാനുള്ള ശ്രമം കൂടിയായിരുന്നു. 2005ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ ആശയം പൂർണമായും നവീനമായിരുന്നില്ല. മൂന്നാം പഞ്ചവത്സര പദ്ധതി (1961 -66) രേഖതന്നെ 100 ദിവസമെങ്കിലും തൊഴിൽ നൽകുന്ന ഒരു പദ്ധതിയുടെ ആവശ്യകതയെ സൂചിപ്പിച്ചിരുന്നു. 1972ലെ കഠിനമായ വരൾച്ചയെത്തുടർന്ന് മഹാരാഷ്ട്രയിൽ, മുഖ്യമന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ആന്തുലെയുടെ നേതൃത്വത്തിൽ സമാനമായ ഒരു പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ ഒരാൾക്ക് സംസ്ഥാന സർക്കാറുകൾ നിർണയിക്കുന്ന ദിവസവേതന നിരക്കിൽ, വർഷത്തിൽ നൂറു തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക എന്നതായിരുന്നു 2005 ലെ നിയമത്തിന്റെ കാതൽ. തൊഴിൽ ആവശ്യപ്പെട്ടാൽ അത് നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്കായിരിക്കുമ്പോൾ അപ്രകാരം നൽകാതിരുന്നാൽ തൊഴിലില്ലായ്മ വേതനം നൽകാനുള്ള ബാധ്യതയും സംസ്ഥാന സർക്കാറുകൾക്കുണ്ട്. അതായത് ആവശ്യപ്പെടുന്നവർക്ക് പതിനഞ്ചു ദിവസത്തിനകം തൊഴിൽ നൽകാനുള്ള ബാധ്യതയാണ് സംസ്ഥാന സർക്കാറുകളിൽ നിയമം മൂലം നിക്ഷിപ്തമാക്കിയത്. അതേസമയം തന്നെ മെറ്റീരിയൽ ചെലവുകളുടെ 25 ശതമാനം ഒഴികെ, പദ്ധതിക്കുള്ള ചെലവ് പൂർണമായും കേന്ദ്ര സർക്കാറാണ് വഹിക്കേണ്ടിയിരുന്നത്.
2006 ഫെബ്രുവരി രണ്ടിന് നിലവിൽവന്ന ദേശീയ തൊഴിലുറപ്പു നിയമം ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കപ്പെട്ടത്. തുടക്കത്തിൽ 200 ജില്ലകളിൽ നടപ്പാക്കപ്പെട്ട നിയമം, 2007 ഏപ്രിൽ ഒന്നിന് 130 ജില്ലകളിലേക്കും സെപ്റ്റംബർ 28ന് ബാക്കിയുള്ള 285 ജില്ലകളിലേക്കും വ്യാപിപ്പിക്കപ്പെട്ടു. അതായത് 2007 സെപ്റ്റംബർ 28 ആയപ്പോഴേക്കും ഇന്ത്യയിലെ 615 ഗ്രാമീണ ജില്ലകളും തൊഴിലുറപ്പ് നിയമത്തിന്റെ പരിധിയിലായിക്കഴിഞ്ഞിരുന്നു. 2009 ഡിസംബർ 31ന് -ഇത് ഗാന്ധിജി ജനിച്ചതിന്റെ നൂറ്റി നാൽപതാം വർഷവും കൂടിയായിരുന്നു- കൊണ്ടുവന്ന നിയമഭേദഗതിയോടെയാണ് പദ്ധതിയുടെ പേരിനോടൊപ്പം മഹാത്മാഗാന്ധിയുടെ പേരുകൂടി ചേർക്കപ്പെട്ടത്. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശ നിയമം എന്നിങ്ങനെ യു.പി.എ സർക്കാറിന്റെ പതാകാവാഹക പദ്ധതികളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സ്ഥാനം വളരെ ഉയർന്നതായിരുന്നു.
2020 നും 2025 നുമിടയിൽ നടത്തിയ നിരവധി പഠനങ്ങൾ ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, ഗ്രാമങ്ങളിൽനിന്നുള്ള കുടിയേറ്റത്തിലെ കുറവ്, ജലസംരക്ഷണം, അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം, സുസ്ഥിര ജീവിത മാർഗങ്ങൾ തുടങ്ങിയവയിൽ തൊഴിലുറപ്പു പദ്ധതി വരുത്തിയ പുരോഗതിയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിലൊക്കെ പ്രധാനമാണ് ഇതുണ്ടാക്കിയ ഗ്രാമീണ ചോദന (rural demand) വർധന. 2007 - 2009 ലെ ആഗോള മാന്ദ്യ സമയത്തും ചോദനത്തിന്റെ പ്രഭാവം നിലനിർത്താൻ ഇത് സഹായകരമായിരുന്നു, 2016ലെ നോട്ടുനിരോധനത്തെ തുടർന്നുണ്ടായ അസ്ഥിരതയിലും സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഗ്രാമീണ ചോദനം നിലനിർത്താൻ തൊഴിലുറപ്പു വരുമാനം സഹായകമായിരുന്നു. 2025 -26 ൽ 12.16 കോടി ആൾക്കാരാണ് ഇതിൽ പേര് ചേർക്കപ്പെട്ടിട്ടുള്ളത് എന്നത് അതിന്റെ വ്യാപ്തിയെ വ്യക്തമാക്കുന്നുണ്ട്. ഇതിൽ മൂന്നിൽ ഒന്നും സ്ത്രീകളാണെന്നതാണ് ഏറെ ശ്രദ്ധേയം.
എന്നാൽ, ഈ പദ്ധതിയുടെ തുടക്കം മുതൽതന്നെ എതിർപ്പുകളും സജീവമായിരുന്നു. നവലിബറൽ സമീപനങ്ങൾക്കിടയിൽ വന്ന ഈ ഇടപെടൽ തീവ്ര വലതുപക്ഷങ്ങളിൽ എതിർപ്പുണ്ടാക്കുക സ്വാഭാവികമായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു നവലിബറലിസത്തിന്റെ പ്രമുഖ വക്താക്കളായ ലോക ബാങ്ക് പുറത്തിറക്കിയ 2009 ലെ വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ട് ഈ പദ്ധതിയെ ‘വികസനത്തിന് വിഘ്നം’ എന്നാണ് വിശേഷിപ്പിച്ചത്. 2016ൽ പ്രതിപക്ഷങ്ങളോടായി പരിഹാസരൂപേണ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതിപ്രകാരമാണ്. ‘നിങ്ങൾക്ക് അറുപത് കൊല്ലം കൊണ്ട് ദാരിദ്ര്യം മാറ്റാൻ കഴിയാഞ്ഞതിന്റെ ജീവിക്കുന്ന സ്മാരകമായി തൊഴിലുറപ്പ് പദ്ധതി തുടരും; പാട്ടും കൊട്ടും പെരുംപറയുമായി ഞാൻ അത് തുടരുകതന്നെ ചെയ്യും’. 2019 ജൂലൈയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ഈ പദ്ധതി തുടരുന്നതിനു താൻ അനുകൂലമല്ല എന്ന് സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു.
ഇവയുടെയെല്ലാം പരിണതി എന്നോണമാണ് വേണ്ടവണ്ണം ചർച്ചക്കുപോലും വിധേയമാക്കാതെ 2025 ഡിസംബർ പതിനെട്ടാം തീയതി ലോക്സഭ പാസാക്കിയ നിയമം. നിലവിലുണ്ടായിരുന്ന നിയമത്തെ ഇല്ലാതാക്കി കൊണ്ടുവന്ന പുതിയ നിയമം മൊത്തം തൊഴിലുറപ്പ് ദിനങ്ങൾ നൂറിൽനിന്ന് നൂറ്റി ഇരുപത്തഞ്ചാക്കി. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞപോലെയാണീ വർധന. ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായി വിവക്ഷിക്കപ്പെട്ട പദ്ധതിയുടെ നടത്തിപ്പിനായി ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതം അതാത് വർഷത്തിൽ കേന്ദ്ര സർക്കാറായിരിക്കും നിശ്ചയിക്കുക. ഇതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതും കേന്ദ്ര സർക്കാരായിരിക്കും. സ്വാഭാവികമായും ഇവിടെ ക്രൂശിക്കപ്പെടുക കേന്ദ്രഭരണം കൈയാളുന്നവരല്ലാത്ത കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആയിരിക്കും. മുൻ നിയമത്തിൻ കീഴിൽ പദ്ധതിയുടെ മൊത്തം ചെലവും കേന്ദ്രസർക്കാറിന്റെ ബാധ്യതയായിരുന്നെങ്കിൽ പുതിയ നിയമം കേന്ദ്ര ബാധ്യത 60 ശതമാനമാക്കി കുറച്ചിരിക്കുന്നു.
നേരത്തേയുണ്ടായിരുന്ന തൊഴിലുറപ്പുറപ്പ് വ്യവസ്ഥകൾ ഗ്രാമീണ -കാർഷിക കൂലികളിൽ വരുത്തിയ വർധന, സ്വതന്ത്ര തൊഴിൽ കമ്പോളത്തിന്റെ കണക്കുകൂട്ടലുകൾക്കതീതമായിരുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു കൂലിവർധന ഒഴിവാക്കേണ്ടത് നിക്ഷിപ്ത താൽപര്യങ്ങളുടെ ആവശ്യമാണ്. ഇക്കാരണം കൊണ്ടാണ്, പുതിയ നിയമത്തിന് കീഴിൽ കൂലി കേന്ദ്രസർക്കാർ നിർണയിക്കുമെന്ന് പറയുമ്പോഴും അത് നിലവിലെ കൂലിയിൽനിന്ന് കുറവാകില്ല എന്ന് മാത്രം പറയുന്നത്. മാത്രവുമല്ല, പുതിയ നിയമനിർമാണത്തിന്റെ ലക്ഷ്യമായി പറയുന്നതുതന്നെ പ്രധാന കാർഷികപ്രവർത്തനത്തിന്റെ സമയങ്ങളിൽ ആളുകളെ ലഭ്യമാക്കുക എന്നതാണ്. ഇത്തരത്തിലുള്ള സമയങ്ങളിൽ വരുന്ന 60 ദിനങ്ങൾ തൊഴിലുറപ്പു പദ്ധതിയിൽനിന്ന് ഒഴിവാക്കണമെന്ന് നിയമം വ്യവസ്ഥപ്പെടുത്തുന്നു. സ്വാഭാവികമായും ഇങ്ങനെയുള്ള സമയങ്ങളിൽ അവരെ തൊഴിലുറപ്പിൽ നിന്നൊഴിവാക്കിയാൽ ഇത്തരം സീസണുകളിൽ ഉണ്ടാകുന്ന കൂലി വർധനക്ക് തടയിടാൻ സാധിക്കും. മാത്രമല്ല വികസിത ഭാരത് നാഷനൽ റൂറൽ ഇൻഫ്രാസ്ട്രക്ചറൽ സ്റ്റാക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു മാത്രമേ പുതിയ തൊഴിലുറപ്പു നിയമം അനുമതി നൽകുന്നുള്ളൂ. അവയാകട്ടെ, ജല സുരക്ഷിതത്വം, പ്രധാന ഗ്രാമീണ ആസ്തികളുടെയും ഉപജീവനവുമായി ബന്ധപ്പെട്ട ആസ്തികളുടെയും നിർമാണം, തീവ്ര കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന സാഹചര്യങ്ങളുടെ നിയന്ത്രണം എന്നിവയിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് പദ്ധതിയിൽ അംഗങ്ങങ്ങളായിട്ടുള്ളവരിൽ നല്ലൊരു ഭാഗവും സ്ത്രീകളും മധ്യവയസ്കരുമാണെന്നതാണ്. കഠിനമായ ജോലികൾ ആവശ്യമായ മേഖലകൾ മാത്രം നിഷ്കർഷിച്ചാൽ ഇവരിൽ പലരും പദ്ധതിയിൽനിന്ന് സ്വയം ഒഴിവാകുകയിരിക്കും ചെയ്യുക.
ഇവിടെയാണ് പദ്ധതിയെ ഞെക്കിക്കൊല്ലാനുള്ള പുറപ്പാട് വ്യക്തമാകുന്നതും. അങ്ങനെ ഞെക്കിക്കൊല്ലുമ്പോൾ വിജയശ്രീലാളിതരാകുന്നത് നവ ലിബറലിസത്തിന്റെ വക്താക്കളായിരിക്കും എന്നതിൽ സംശയമില്ല. അർഥഗർഭമായിത്തന്നെ, പുതിയ നിയമത്തിന്റെ പേരിൽനിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കിയിരിക്കുന്നു, പുതിയ പേരാകട്ടെ, വിചിത്രവും: വികസിത ഭാരത ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (റൂറൽ) - VB G RAM (g ) Act -2025. എന്നാൽ ഒന്നോർക്കുക, മഹാത്മാ ഗാന്ധിയുടെ നാമം തൊഴിലുറപ്പ് നിയമത്തിൽനിന്ന് മാറ്റിയാലോ ജവഹർ ലാൽ നെഹ്റുവിന്റേത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽനിന്ന് ഒഴിവാക്കിയാലോ മാഞ്ഞുപോകുന്നതല്ല അവർ ഇന്ത്യയുടെ നിർമിതിയിൽ വഹിച്ച പങ്കും അവരെക്കുറിച്ചുള്ള ദീപ്തസ്മരണകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.