പരിസ്ഥിയുടേയും ആവാസവ്യവസ്ഥയുടേയും കാവലാളെന്ന് വിശേഷിപ്പിക്കാവുന്ന ശസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. കേരളം ഏറെ ചർച്ച ചെയ്ത പേരുകൂടിയായിരുന്നു ഗാഡ്ഗിലിന്റേത്. നമ്മെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ് പശ്ചിമഘട്ടം. എന്നാൽ പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സ്വീകരിച്ച നിലപാടുകകളെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കല്ലെറിയുകയായിരുന്നു. ഗാഡ്ഗിൽ പറഞ്ഞത് എന്തെന്ന് മനസിലാക്കാതെ, അദ്ദേഹം വികസന വിരോധിയെന്ന് ആക്ഷേപിച്ചു. പ്രായോഗിക പരിജ്ഞാനമില്ലാത്തയാളാണെന്നും ശാസ്ത്രഞ്ജനല്ലെന്നും കുറ്റപ്പെടുത്തലുണ്ടായി.
പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ അതിന്റെ പരിണിതി വലിയ ദുരന്തങ്ങളായിരുക്കുമെന്ന് ഗാഡ്ഗിൽ പകർന്ന പാഠങ്ങൾ നാം പഠിച്ചില്ല. പശ്ചിമഘട്ടത്തെ സൂക്ഷ്മമായി പഠിച്ച് അദ്ദേഹം വിളിച്ചുപറഞ്ഞ സത്യങ്ങൾക്ക് ചെവികൊടുത്തില്ല. പ്രകൃതിചൂഷണം പരിധിവിടുമ്പോൾ അത് പ്രളയമായും ഉരുൾപൊട്ടലായുമൊക്കെ മനുഷ്യനെ ഭീതിപ്പെടുത്തും. 2018ലെ പ്രളയവും വയനാട് ഉരുൾ ദുരന്തവുമൊക്കെ ഗാഡ്ഗിൽ പറഞ്ഞ കാര്യങ്ങളുടെ ഓർമപ്പെടുത്തലായിരുന്നു. മലകളും പുഴകളും ആവസവ്യവസ്ഥകളും വികസനത്തിന്റെ പേരിൽ വലിയതോതിൽ നശിപ്പിക്കപ്പെട്ടാൽ ദുരന്തങ്ങളും പലരൂപത്തിൽ നമ്മിലേക്കെത്തും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഗാഡ്ഗിൽ ആവർത്തിച്ച് ഓർമപ്പെടുത്തിയതും നമുക്ക് മുന്നിൽ വീണ്ടും നിലവിളികൾ ഉയരാതിരിക്കാനായിരുന്നു.
വികസനം വേണ്ടെന്ന അഭിപ്രായമല്ല അദ്ദേഹം മുന്നോട്ടുവച്ചത്. വികസന പദ്ധതികൾ മുകളിൽനിന്ന് താഴേക്ക് അടിച്ചേൽപ്പിക്കുന്നതാകരുത് എന്നതായിരുന്നു കാഴ്ചപ്പാട്. തദ്ദേശ വാസികളായ ആളുകൾ, പ്രത്യേകിച്ച് ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, കൃഷിക്കാർ എന്നിങ്ങനെയുള്ളവരെല്ലാം അടങ്ങൂന്ന തദ്ദേശവാസികളാണ് അവരവർക്ക് വേണ്ട വികസന പദ്ധതികൾ കണ്ടെത്തേണ്ടതും രൂപവൽകരിക്കേണ്ടതും. അടിച്ചേൽപ്പിക്കപ്പെടുന്നതാകരുത് വികസനം എന്ന നിലപാട് ഗാഡ്ഗിൽ പങ്കുവച്ചു. തദ്ദേശിയരുടെ ജൈവികമായ ബോധ്യങ്ങൾ കണക്കിലെടുത്ത വികസന പദ്ധതികൾക്ക് മാത്രമേ ഒരു സുസ്ഥിര വികസനം ഉറപ്പാക്കാൻ കഴിയൂ എന്നതായിരുന്നു അദ്ദേഹം പറഞ്ഞതിലെ കാതൽ.
പശ്ചിമഘട്ടം മാത്രമല്ല, സംരക്ഷണം വേണ്ട നിരവധി മേഖലകൾ നമുക്ക് മുന്നിലുണ്ട്. ആവാസവ്യവസ്ഥകൾ തടികം മറിക്കപ്പെടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ആരവല്ലിയിൽ കാണുന്നത്. ഇത്തരം വേളകളിലെല്ലാം ഗാഡ്ഡിലിനെപ്പോലുള്ളവർ ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് ഒടുവിൽ നാം തിരിച്ചറിയും. വികസന പദ്ധതികളില്‍ പരിസ്ഥിതി ആഘാതം കുറക്കുന്ന ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഭരണകൂടത്തിനനുസൃതമായ തരത്തിൽ റിപ്പോട്ടുകളിൽ വെള്ളം ചേർക്കാനും പാടില്ല. ജനകീയ മുന്നേറങ്ങളാണ് പ്രകൃതിചൂഷണത്തിന്റെ പല ശ്രമങ്ങളേയും ഇല്ലാതാക്കിയത്. അതേസമയം പല മുന്നേറ്റങ്ങളും തോറ്റുപോയി എന്നതും ശരിയാണ്. എങ്കിലും തലതിരിഞ്ഞ വികസന സങ്കൽപങ്ങളെ, പ്രകൃതി ചൂഷണങ്ങളെ എല്ലാം നമ്മൾ എതിർത്തുകൊണ്ടിരിക്കണം. ഗാഡ്ഗിലിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയ പാത നമ്മുടെ മുന്നിലുണ്ടെന്ന ബോധ്യത്തോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.