ജനാധിപത്യ കേരളം അതിെൻറ ആരംഭദശയില്‍ പരിഹരിക്കേണ്ടിയിരുന്ന കേരള വികസനവുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാന പ്രശ്നം ഇന്നും അപരിഹാര്യമായി തുടരുകയാണ്. അതാണ് കേരളത്തിലെ അഞ്ച് ലക്ഷം കുടുംബങ്ങളുടെ ഭൂരാഹിത്യത്തിെൻറ വിഷയം. ഫ്യൂഡലിസത്തില്‍നിന്നും ജാതി മേധാവിത്വത്തില്‍നിന്നും ജനാധിപത്യത്തിലേക്ക് പ്രവേശിക്കുന്ന പ്രാഥമിക ഘട്ടത്തില്‍ തന്നെ പരിഹരിക്കേണ്ടിയിരുന്ന ഒരു ചോദ്യമായിരുന്നു കേരളത്തിലെ ഭൂമി പ്രശ്നം. ജാതിവ്യവസ്ഥയെ കമ്യൂണിസ്റ്റ് പാർട്ടിയടക്കം ശരിയായ അർഥത്തില്‍ അഭിമുഖീകരിക്കാത്തതു കൊണ്ടും ഭൂമിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പരിഷ്കരണപരമായ കാര്യങ്ങളില്‍തന്നെ സത്യസന്ധത കാണിക്കാത്തതുകൊണ്ടുമാണ് ഇത് ഇന്നും അപരിഹാര്യമായി തുടരുന്നത്. ജാതി കുത്തകയാക്കിയ ഭൂമിയില്‍ പിന്നീട് മൂലധനം പിടിമുറുക്കി എന്നതാണ് കേരളത്തില്‍ സംഭവിച്ചത്. ഭൂരിഭാഗം ദലിതരും ആദിവാസികളും ബാക്കിവരുന്ന ദരിദ്രരും ചേർന്ന് അഞ്ച് ലക്ഷം ഭൂരഹിത കുടുംബങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഇവർക്ക് ഭൂമി നൽകുന്നതിനുപകരം ഫ്ലാറ്റ് വാഗ്ദാനം നൽകി പ്രശ്നം പരിഹരിച്ചുവെന്ന് വരുത്തിത്തീർക്കാനാണ് നിലവിലെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നത്തെ അഭിമുഖീകരിക്കാതെ കുഴിച്ചുമൂടാനുള്ള വിഫലശ്രമമാണ്. ഭൂമി മൗലിക വിഭവമാണ്. അത് പുതുതായി ഉണ്ടാക്കാന്‍ കഴിയില്ല. ഉള്ളതിെൻറ വിതരണം നീതിപൂർവകമാക്കാനേ കഴിയൂ. അങ്ങേയറ്റം അനീതിപൂർവകമായ ഭൂമിവിതരണമാണ് കേരളത്തില്‍ നിലനിൽക്കുന്നത്. അതിെൻറ പ്രധാന കാരണം കോർപറേറ്റുകള്‍ അന്യായമായി കൈവശം വെച്ചിരിക്കുന്ന തോട്ടഭൂമി നിയമപരമായി തൊട്ടുകളിക്കാന്‍ ഇടത്-വലത് മുന്നണികള്‍ സന്നദ്ധമല്ല എന്നതാണ്. അതുകൊണ്ടാണ് എത്രയോ തവണ മൂന്നാർ കേരള സാമൂഹിക രാഷ്ട്രീയ രംഗത്തെ വൈകാരിക വിഷയമായി ഉയർന്നുവരുന്നത്. ഒരിക്കല്‍പോലും പരിഹാരത്തിലേക്ക് ഈ വിവാദങ്ങള്‍ പര്യവസാനിക്കാറില്ല. ഒരു കരിമ്പൂച്ചയും മൂന്നാറില്‍ എലിയെയോ പുലിയെയോ ഒന്നും പിടിക്കാറില്ല. പിടിക്കാന്‍ അനുവദിക്കാറില്ല.
എന്ത് ലക്ഷ്യം പറഞ്ഞാണോ തോട്ടം ഭൂമിയെ ഭൂപരിഷ്കരണത്തില്‍നിന്ന് ഒഴിവാക്കിയത് ആ ലക്ഷ്യങ്ങളെല്ലാം ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു, അതുവഴി അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതോ പാട്ടക്കരാർ ലംഘിച്ചതോ ആണ് ഇന്ന് കേരളത്തിലെ മുഴുവന്‍ തോട്ടഭൂമികളും. നിലവിലുള്ള നിയമത്തിെൻറ പഴുതുകള്‍ ഉപയോഗിച്ച് തോട്ടം മുതലാളിമാർ കോടതികളില്‍ ജനങ്ങളെ തോൽപിക്കുകയാണ്. വ്യവസ്ഥാപിത രാഷ്്ട്രീയക്കാർ നിലവിലുള്ള നിയമത്തിെൻറ സാധ്യതപോലും ഉപയോഗിക്കാതെ കോടതികളില്‍ തോറ്റുകൊടുക്കുകയാണ്. അഥവാ ജനങ്ങളെ തോൽപിക്കുകയാണ്. വ്യാവസായിക സ്വഭാവമുള്ള തൊഴിൽരംഗം എന്നതായിരുന്നു തോട്ടം ഭൂമിയെ ഭൂപരിഷ്കരണത്തില്നിന്നും ഒഴിവാക്കാന്‍ പറഞ്ഞ പ്രധാന ന്യായം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി തോട്ടം ഉടമകള്‍ തോട്ടം തൊഴിലാളികളോട് എന്താണ് ചെയ്തത് എന്നതിെൻറ വെളിപ്പെടുത്തലാണ് ഹൈറേഞ്ച് വസന്തമായ പൊമ്പിളൈ ഒരുമൈ സമരം. നമ്മുടെ നാട്ടിലെ കൂലിത്തൊഴിലാളികൾക്ക് കിട്ടുന്ന വേതനംപോലും തോട്ടം തൊഴിലാളികൾക്ക്ലഭിക്കുന്നില്ല. ഏറ്റവും മോശമായ തൊഴില്‍ സാഹചര്യത്തിലാണ് അവർ തൊഴില്‍ ചെയ്യുന്നത്. പൊമ്പിളൈ ഒരുമൈയുടേത് ഒരേസമയം ഒരു തൊഴില്‍ സമരവും ഭൂസമരവുമാണ്. കേരളത്തിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും ഭൂരഹിതർകൂടിയാണ്.
തോട്ടം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന നിയമനിർമാണമാണ് പ്രശ്നത്തിനുള്ള പരിഹാരം. ഇത്തരമൊരു നിയമനിർമാണം കേരളത്തിലെ ഭൂമി വിഷയത്തെ സമഗ്രമായി അഭിസംബോധന ചെയ്യുന്നതാവണം. പാരിസ്ഥിതികമായി അങ്ങേയറ്റം പ്രധാനമാണ് കേരളത്തിെൻറ ഭൂമി. ഗാഡ്ഗില്‍ റിപ്പോർട്ട് ഇതിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്. ഗാഡ്ഗിലില്നിന്നും കസ്തൂരിരംഗനിലേക്കും കസ്തൂരിരംഗനില്നിന്നും ഉമ്മന്‍ കമ്മിറ്റിയിലേക്കും എത്തിയ കേരളം ഭൂമിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിഷയം പരിഹരിക്കുകയല്ല ചെയ്തത്. തീരദേശ ഭൂമിപ്രശ്നം ആഗോളവത്കരണത്തോടെ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
കടലിെൻറ മക്കള്‍ കടലമ്മയുടെ മടിത്തട്ടില്‍നിന്ന് കുടിയിറക്കപ്പെടുകയാണ്. തീരം മത്സ്യത്തൊഴിലാളിയെ സംബന്ധിച്ചിടത്തോളം തൊഴിലുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകൂടിയാണ് മത്സ്യത്തൊഴിലാളി തീരത്തുനിന്ന് കുടിയിറക്കപ്പെടുകയും മത്സ്യബന്ധനം കോർപറേറ്റുവത്കരിക്കപ്പെടുകയും ചെയ്യുക എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ നിയമനിർമാണത്തിലൂടെയേ മത്സ്യത്തൊഴിലാളികളുടെ ഭൂമിയെയും മത്സ്യബന്ധനത്തെയും നമുക്ക് സംരക്ഷിക്കാന്‍ കഴിയുകയുള്ളു.
കേരളത്തില്‍ 80ല്‍ മുതല്‍ നടക്കുന്ന ശക്തമായ ജനകീയ സമരങ്ങളിലൊന്നാണ് ഭൂസമരങ്ങള്‍. ഇവ നിയമനിർമാണത്തിലേക്ക് വികസിക്കാത്തതുകൊണ്ടുതന്നെ സമരത്തിലൂടെ ലഭിക്കുന്ന ഭൂമി രേഖാരഹിതമായിത്തീരുകയാണ്. ഈ രേഖാരാഹിത്യം പൗരരാഹിത്യത്തിലേക്ക് നയിക്കുന്ന അപകട സാധ്യത മേഖല കൂടിയാണ്. കേരളത്തിലെ മുത്തങ്ങ മുതല്‍ ചെങ്ങറ ഉൾപ്പെടെയുള്ള ജനകീയ ഭൂസമരങ്ങള്‍ ഭൂരാഷ്ട്രീയ മുന്നേറ്റത്തിലെ ഉജ്ജ്വലമായ അധ്യായങ്ങള്തന്നെയാണ്. പക്ഷേ, ഈ സമരങ്ങളെ അതിനപ്പുറത്തേക്ക് ഒരു നിയമ നിർമാണത്തിലേക്ക് മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയേണ്ടതുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ നവരാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടി അതിെൻറ കർമാരംഭം മുതല്‍ കേരളത്തില്‍ ശക്തമായി ഉയർത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് ഭൂമി പ്രശ്നം. ഉമ്മന്‍ ചാണ്ടി സർക്കാർ പ്രഖ്യാപിച്ചിരുന്ന സീറോലാൻഡ് ലെസ് പദ്ധതി കേരളത്തിലെ ഭൂമിപ്രശ്നത്തിന് ഒരു പരിഹാരമേ ആയിരുന്നില്ല. മൂന്ന് സെൻറുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമായിരുന്നു അത്. എന്നാല്‍, ഇതുപോലും ആത്മാർഥമായി സർക്കാർ നടപ്പാക്കിയതുമില്ല. പക്ഷേ, അതുകൊണ്ട് കേരളത്തിലെ ഭൂരഹിതർക്ക് ചരിത്രപരമായ ഒരു ഗുണം ലഭിച്ചു. ഈ പദ്ധതിയിലൂടെ അവർ കേരളത്തിലെ ഒരു സംഘടിത ജനവിഭാഗമായിത്തീർന്നു. സീറോ ലാൻഡ്ലെസ് പദ്ധതിയിലെ സർക്കാർ അംഗീകരിച്ച ഗുണഭോക്തക്കളെ സംഘടിപ്പിച്ചാണ് വെൽഫെയർ പാർട്ടി ഭൂസമരത്തെ ജനകീയ സ്വഭാവത്തില്‍ വിപുലീകരിച്ചെടുത്തത്. നിരവധി സമരങ്ങള്‍ ഈ വിഷയത്തില്‍ കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടി കേരളത്തില്‍ നടത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലടത്തണ്ണിയില്‍ 2016 ആഗസ്റ്റ് ആറിന് നടത്തിയ ഭൂമി പിടിച്ചെടുക്കല്‍ സമരം ഈ പരമ്പരയിലെ വളരെ സുപ്രധാനമായ ഒന്നാണ്.
ഈ സമരങ്ങളുടെ തുടർച്ചയും വിപുലീകരണവുമായാണ് മേയ് 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് പാർട്ടി , കേരള ലാൻഡ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. സമഗ്ര ഭൂപരിഷ്കരണ നിയമം തയാറാക്കുന്നു എന്നതാണ് ഈ സമ്മിറ്റിെൻറ ഉദ്ദേശ്യവും ശീർഷകവും. ഈ വിഷയത്തില്‍ ജനപക്ഷത്തുനിന്ന് ചിന്തിക്കുകയും എഴുതുകയും ഇടപെടുകയും ചെയ്യുന്ന വിദഗ്ധരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വിഷയത്തിെൻറ വിവിധ തലങ്ങളിലെ ചർച്ചകളിലൂടെ ഒരു സമഗ്ര നിയമത്തിെൻറ കരട് രൂപകൽപന ചെയ്യുക എന്നതാണ് ലക്ഷ്യം.
വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യസംസ്ഥാന പ്രസിഡൻറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.