നീതിപാലനത്തിൽ തന്റെ മുൻഗാമികളിൽപെട്ട വിശ്വപ്രശസ്തനായ ഖലീഫ ഉമറിനെ പോലെ പേരുകേട്ട ഭരണാധികാരി ആയിരുന്നു, ഉമർ രണ്ടാമൻ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഉമർ ഇബ്നു അബ്ദിൽ അസീസ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തന്റെ രാജ്യത്തെ ഇരുവിഭാഗങ്ങൾ പരസ്പരം പഴിപറയുകയും അതിനുവേണ്ടി മസ്ജിദുകളിലെ പ്രസംഗ പീഠങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന ഒരു ഘട്ടത്തിൽ ഒരു ഖുർആൻ സൂക്തം വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ആ ഖുർആൻ സൂക്തത്തിന്റെ സാരം ഇപ്രകാരമാണ്: ‘‘നീതിയും നന്മയും ബന്ധുക്കൾക്ക് സഹായവും ദൈവം അനുശാസിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും അവൻ വിലക്കുകയും ചെയ്യുന്നു. അവൻ നിങ്ങളെ ഉപദേശിക്കുകയാണ്, നിങ്ങൾ ഉദ്ബുദ്ധരാകാൻ’’.
വെള്ളിയാഴ്ചയിലെ പ്രാർഥനാ വേളയിലാണെങ്കിലും ഇതര സന്ദർഭങ്ങളിലായാലും ഈ സൂക്തം കേൾക്കുന്ന ആരുടെയും കാതിലും അകതാരിലും സാർവകാലവും സാർവ ലൗകികവുമായ ഒരു ദൈവീക ശാസന മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. നീ സദാ നീതിയും നന്മയും മുറുകെപ്പിടിച്ചാണ് ജീവിക്കേണ്ടത്.
അധർമവും അക്രമവും അതിക്രമം ഏതും നിനക്ക് പാടില്ലാത്തതാണ്. ഒപ്പം കുടുംബബന്ധങ്ങൾ പുലർത്തണമെന്നും അധർമമേതും വെടിയണമെന്നും കൂടി ഈ ദൈവകൽപനയിൽ പ്രത്യേകം ഇരിക്കുന്നു. ദൈവത്തിലുള്ള വിശ്വാസത്തെയും അവനോടുള്ള സമർപ്പണത്തെയും മുഴുവൻ മനുഷ്യരോടും ആകെ ലോക വിശ്വാസികളോടുള്ള നീതി നിഷ്ഠയിലും സത്യ വ്യവഹാരങ്ങളിലും സ്ഥാപിക്കുന്ന ഖുർആനിന്റെ ദർശനവും അതിലടങ്ങിയ പ്രപഞ്ച വീക്ഷണവുമാണ് ഈ പ്രസ്താവനയിലും പ്രതിഫലിക്കുന്നത്.
നീതി എന്നത് അമൂല്യമായ ഒരു മൂല്യവും അനാദൃശമായ ഒരു ആദർശവും അതിന്റെ നിർവഹണം ഏതൊരു വ്യക്തിക്കും സമൂഹത്തിനും ഒരിക്കലും ലംഘിക്കപ്പെടാനാവാത്ത ഉത്തരവാദിത്തവും അവകാശവുമാണെന്നും വേദഗ്രന്ഥം നിരന്തരം ഉണർത്തുന്നതായി കാണാം. വിവിധ ജന വിഭാഗങ്ങൾക്കും സാമൂഹിക ഘടകങ്ങൾക്കും രാജ്യങ്ങൾക്കും സാംസ്കാരിക ധാരകൾക്കും ഇടയിൽ പാലിക്കേണ്ട നീതിബോധത്തെക്കുറിച്ച് അതിശക്തവും അത്യുദാരവും മാനവ പാരസ്പര്യത്തെ സംബന്ധിച്ച് അത്യന്താപേക്ഷിതവുമായ ഖുർആനിക നിലപാട് ഇപ്രകാരമാണ് അനുശാസിക്കപ്പെട്ടിരിക്കുന്നത്.
‘‘വിശ്വസിച്ചവരേ, നിങ്ങൾ നീതിക്കു സാക്ഷികളായിക്കൊണ്ട് ദൈവത്തിനുവേണ്ടി നിലകൊള്ളുന്നവരാകുക. ഒരു ജനതയോടുള്ള വിരോധം അവരോട് നീതിപാലിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങൾ നീതി പാലിക്കുവിൻ, അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത്. നിങ്ങൾ ദൈവഭക്തി പുലർത്തുക. നിശ്ചയം, ദൈവം നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് എല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’.
ദൈവവിശ്വാസം, ദൈവഭക്തി എന്നീ മതകീയ അടിസ്ഥാനങ്ങളെ മാനവ നീതിയിലും പ്രപഞ്ച നീതിയിലും സ്ഥാപിക്കുന്ന ഈ ഖുർആനിക ക്രമം സമാധാന സമ്പൂർണവും ക്ഷേമകരവുമായ തീർത്തും മാനവികവുമായ ഒരു ലോകകർമത്തിലേക്ക് വഴി കാണിക്കുന്നതും അതിലേക്ക് ആവശ്യമായ പ്രകാശം പ്രദാനം ചെയ്യുന്നതുമാണ്.
ലോകക്രമം (world order)എന്നത് ലോകക്രമരാഹിത്യവും (world disorder) അതിനുമപ്പുറം ലോകാക്രമവും ആയിക്കൊണ്ടിരിക്കുന്ന ആശങ്ക നിറഞ്ഞ സാഹചര്യത്തിലെ ഈദ് വിളംബരം ചെയ്യുന്നതും നീതിയുടെ സന്ദേശം തന്നെയാണ്. ‘നീതിയാണഖിലസാരമൂഴിയിൽ’ എന്ന്, കവിവാക്യം ഒറ്റവാക്ക് മാറ്റി പ്പറയാനാവുംവിധം ലോകത്തിനും അതിലെ മർത്യകുലത്തിനും അതിന്റെ അസ്തിത്വത്തിനും അഭിവൃദ്ധിക്കുമെല്ലാം അനിവാര്യമായിരിക്കുന്ന മൗലിക മൂല്യമാണ് നീതി. ഭൗമിക പ്രപഞ്ചത്തിൽ മനുഷ്യരാശിയുടെ നിലനിൽപിന് പ്രാണവായുവും കുടിവെള്ളവും പോലെ പരമപ്രധാനവും അനുപേക്ഷണീയവുമാണ് നീതിയും നീതിബോധവും നീതിനിഷ്ഠയും.
ആദ്യം പരാമർശിച്ച ഖുർആൻ സൂക്തത്തിൽ നീതി പാലിക്കാനും നന്മ പ്രവർത്തിക്കാനും കൽപിച്ചതിന് തൊട്ടുപിറകെ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യമാണ് ഉദ്ഘോഷിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇന്നത്തെ ലോക വ്യവസ്ഥയെ നിരീക്ഷിക്കുമ്പോൾ ഉത്കണ്ഠയോടെ നമുക്ക് കാണേണ്ടിവരുന്നത് മുഖ്യമായും കുടുംബം എന്ന അടിസ്ഥാനപരമായ മാനവിക സംവിധാനത്തിന്റെ ഇരുതലങ്ങളുടെയും തകർച്ചയാണ്.
മനുഷ്യവ്യക്തി ഈ മണ്ണിൽ, ദൈവ നിയോഗത്താൽ പിറന്നുവീഴുന്ന, ഗൃഹസംവിധാനത്തിന് ആധാരമായിരിക്കുന്ന, മാതാപിതാക്കളാൽ കെട്ടിപ്പടുക്കപ്പെട്ട അവന്റെ/അവളുടെ ജനനത്തിനും വികാസത്തിനും വഴിയൊരുക്കുന്ന സ്വന്തം കുടുംബമാണ് ആദ്യത്തേത്. രണ്ടാമത്തേത്, മനുഷ്യർ എന്ന നിലയിൽ അവർക്കിടയിലെ സകല വ്യക്തികളും ജനസമൂഹങ്ങളും ലോകത്തെ മുഴുവൻ രാജ്യങ്ങളിലെ അന്തേവാസികളും വിവിധ ഭാഷകൾ മൊഴിയുന്നവരും വിഭിന്ന സംസ്കാരങ്ങൾ പുലർത്തുന്നവരും പൗരസ്ത്യരും പാശ്ചാത്യരും എന്ന് വേണ്ട ഭൂമണ്ഡലത്തിന്റെ അഖില ദിക്കുകളിൽ പാർക്കുന്നവരുമായ എല്ലാവരും ഉൾപ്പെടുന്ന സാർവ ലൗകികമായ മാനവ കുടുംബമാണ്.
അതായത് അഖണ്ഡവും അവിച്ഛിന്നവുമായ മർത്യകുലം. ആദ്യത്തേത് ഗൃഹത്തിലെ കുടുംബമാണെങ്കിൽ രണ്ടാമത്തേത് ഉപഗ്രഹത്തിലെ കുടുംബമാണ്. കുടുംബം എന്ന സിദ്ധാന്തത്തിന്റെയും സംവിധാനത്തിന്റെയും സൂക്ഷ്മവും സ്ഥൂലവുമായ ഭാവദ്വയത്തിനാണ് രണ്ടും പ്രതിനിധീഭവിക്കുന്നത്.
മാനവന്റെ സ്വാസ്ഥ്യവും ലോകത്തിന്റെ സമാധാനവും സാക്ഷാത്കരിക്കുന്നത് ഈ ഇരു മണ്ഡലങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കുടുംബ ശക്തിയാണ്. സ്വന്തം വീട്ടിലും ലോകമെന്ന തറവാട്ടിലും സമാധാനം പുലരുമ്പോഴാണ് വിശ്വശാന്തി യാഥാർഥ്യമാകുന്നത്.
എന്നാൽ, ഇന്ന് മനുഷ്യൻ താൻ അർഹിച്ചുവന്ന അവകാശപ്പെടുന്ന ശാസ്ത്ര നേട്ടങ്ങളും സാംസ്കാരിക പരിഷ്കാരങ്ങളും ഉപയോഗിച്ച് ഈ രണ്ട് കുടുംബങ്ങളെ കുളം തോണ്ടുന്നതിനും തല്ലിത്തകർക്കുന്നതിനുമാണ് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ സാമൂഹിക ജീവിയാണെന്നും സാമൂഹികതയാണ് വ്യക്തിപരതക്കും ഇടമൊരുക്കുന്നത് എന്നും ആർക്കും അറിയാത്തതുകൊണ്ടല്ല സർവനാശത്തിലേക്കുള്ള ഈ കൂപ്പുകുത്തൽ.
സാമൂഹികതയുടെ ഏതു രംഗത്തെയും പാരസ്പര്യത്തിന് അനിവാര്യമായിരിക്കുന്നത് സഹകരണം എന്ന മഹാതത്ത്വമാണെന്ന വസ്തുതയും സുവിദിതമാണ്. എന്നിട്ടും ഭൂമി എന്ന ഒരു ഉപഗ്രഹത്തിൽ പരസ്പര സഹകരണത്തോടെ വർത്തിക്കാനുള്ള ബോധമോ ധാരണയോ സ്വായത്തമാക്കാൻ മനുഷ്യർക്ക് സാധ്യമാകുന്നില്ലെന്നത് ഗൗരവാവഹമായ വിചിന്തനങ്ങൾക്കും പഠന, പര്യാലോചനകൾക്കും വിഷയമാകേണ്ടതാണ്.
പഠിപ്പും വിവരവും ഒരുപാട് നേടി എന്ന് അഹങ്കരിക്കുമ്പോഴും എന്തുകൊണ്ടാണ് ഈ പ്രാഥമിക വിദ്യാഭ്യാസം വ്യക്തിക്കും സമൂഹത്തിനും നഷ്ടമാകുന്നത്. മാനവ മോക്ഷത്തിനും ലോക ക്ഷേമത്തിനും അനിവാര്യമായ പാരസ്പര്യത്തെ ഖുർആൻ ഇപ്രകാരമാണ് അധ്യാപനം ചെയ്തിരിക്കുന്നത്. നന്മയിലും ധർമനിഷ്ഠയിലും നിങ്ങൾ പരസ്പരം സഹകരിക്കുക. പാപത്തിലും പരാക്രമത്തിലും നിങ്ങൾ പരസ്പരം സഹായികളാകരുത്’.
പാപത്തിലും പരാക്രമത്തിലുമുള്ള ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും സഹായസഹകരണങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുന്ന ശാത്രവങ്ങളും വൈരവിദ്വേഷങ്ങളുമായിത്തീർന്നും യുദ്ധക്കെടുതികൾ സമ്മാനിച്ചും നിരപരാധികളെ വേട്ടയാടുന്ന പ്രവണത ലോകത്ത് വർധിച്ചുവരുകയാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞുണ്ടാക്കി പരമാധികാര രാജ്യങ്ങളെ ഒന്നൊന്നായി ആക്രമിച്ചു കീഴടക്കി നശിപ്പിച്ച് മനുഷ്യത്വത്തെയും ലോക നീതിയെയും വെല്ലുവിളിക്കുന്ന പൈശാചിക ദുഃശക്തികളുടെ കൈകളിലെ കളിപ്പാവയായി ലോകം മാറുന്നതിനുമുമ്പുള്ള രക്ഷാമാർഗം ലോകനീതിക്കുവേണ്ടി ആഗോള മർത്യകുലം ഉയർത്തെഴുന്നേൽക്കുക എന്നത് തന്നെയാകുന്നു.
മതങ്ങളുടെ മൗലിക സ്രോതസ്സുകളിലും വിശ്വദർശനങ്ങളുടെ അന്തസ്സത്തയിലും ലോക സംസ്കാരങ്ങൾ പകർന്നേകിയ പാഠങ്ങളിലും സർവോപരി ചരിത്രത്തിന്റെ പൊരുളുകളിലും ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഏകലോകം, ഏക മാനവകുലം എന്നിത്യാദി അടിസ്ഥാന പ്രമാണങ്ങളെ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ പ്രയത്നങ്ങൾ ഉണ്ടാകണം. അതിനായി ആഗോള സമൂഹം ഉണരുക എന്നത് തന്നെയാണ് ഇദ് സന്ദേശത്തിന്റെ ഉള്ളടക്കം.
ഒരുവശത്ത് സാമൂഹികതയുടെ ആകാശം. മാനവികതയുടെ പ്രവിശാലമായ വാനലോകം തന്നെയാണത്. അതിലേക്ക് പടർന്നു പരന്നു വ്യാപിക്കുക എന്നതാണ് മനുഷ്യത്വത്തിന്റെ ദൗത്യം. എന്നാൽ, മറുവശത്തുള്ള സ്വാർഥത്തിന്റെ സങ്കുചിതമായ അറകളിലേക്ക് ഉൾവലിയാനാണ് ഇന്ന് മനുഷ്യന് താൽപര്യം. ആന്തരികതയുടെ ആത്മീയ തങ്ങളിലേക്കുള്ള ആരോഹണമാണ് ശാന്തിയിലേക്കും സ്വാസ്ഥ്യത്തിലേക്കുമുള്ള കവാടങ്ങൾ വ്യക്തിക്ക് തുറന്നേകുന്നത്.
ഭൗതികതയുടെ ബാഹികതയാകട്ടെ അന്ധകാര നിബിഢവും അർഥരഹിതവുമായ ഇടുക്കങ്ങളിലേക്കും അതിലൂടെ അധഃപതനത്തിലേക്കും നയിക്കുന്നു. ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും ആന്തരികത നഷ്ടപ്പെടുന്ന കാലമാണിത്. ആന്തരികം എന്ന ലോകം തന്നെ അന്യമാകുന്നതോടെ ആത്മ സംസ്കരണം എന്ന മതത്തിന്റെയും സംസ്കാരത്തിന്റെയും പരമ ധർമം പോലും വിസ്മൃതമാവുകയാണ്.
ഇസ്‍ലാമിക സംസ്കാരത്തിലെ ആഘോഷ ദ്വയത്തിലെ ഓരോന്നിന്റെയും സന്ദർഭവും പശ്ചാത്തലവും സുപ്രധാനമായ ആരാധന കർമങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈദുൽഫിത്ർ, റമദാൻ ഉപവാസ മാസത്തിന്റെ അന്ത്യം കുറിച്ചു കടന്നുവരുന്ന ചെറിയ പെരുന്നാളും ഹജ്ജ് കർമങ്ങളുടെ സമാപനം ആയിരിക്കുന്ന ബലിപെരുന്നാളുമാണ്.
രണ്ടിലും ദൈവവിശ്വാസത്തിന്റെ ദാർഢ്യവും ദൈവഭക്തിയുടെ ജ്വലനവും അതോടൊപ്പം മനുഷ്യത്വത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഈടുറ്റ പാഠങ്ങളും പ്രയോഗങ്ങളുമുണ്ട്. രണ്ടു ആഘോഷങ്ങളെയും പ്രസക്തവും സുശക്തവും സുന്ദരവും ആക്കുന്നത് അതിലടങ്ങിയിട്ടുള്ള മറ്റുള്ളവർക്കുവേണ്ടിയുള്ള കരുണയുടെയും കരുതലിന്റെയും പങ്കുവെപ്പിന്റെയും വിശുദ്ധ വികാരങ്ങളും അതിന്റെ മാനവികമായ ആവിഷ്കാരങ്ങളുമാണ്.
അകം വെളുപ്പുള്ള വ്യക്തികളുടേതായ സമൂഹത്തിന് മാത്രമേ സുരക്ഷിതവും ആരോഗ്യ സമ്പൂർണവുമായ സമൂഹത്തെ സൃഷ്ടിക്കാൻ ആവുകയുള്ളൂ. മതത്തിന്റെ മർമപ്രധാനമായ ഈ ലക്ഷ്യമാണ് റമദാൻ വ്രതാനുഷ്ഠാനം പ്രതിഫലിപ്പിക്കുന്നത്. വിശുദ്ധമാസം മുന്നോട്ടുവെക്കുന്ന സാമ്പത്തിക സാഹോദര്യത്തിന്റെയും ജീവകാരുണ്യത്തിന്റെയും പദ്ധതികളെ ഈദുൽ ഫിത്ർ ദിനത്തിലെ ഫിത്ർ സകാത്ത് പിന്നെയും അഗാധമാക്കി ത്തീർക്കുന്നു.
ഹൃദയം നഷ്ടപ്പെട്ട ഭരണാധികാരികൾ വിതക്കുന്ന വിനാശങ്ങൾ പരസഹസ്രം നിരപരാധികളെ ഞൊടിയിടയിൽ കൊന്നൊടുക്കുന്നു, അവരുടെ വാസസ്ഥാനങ്ങളെ ചാരമാക്കുന്നു, അവരുടെ കൃഷിപ്പാടങ്ങളെയും ഭൂമിയിലെ ഇതര ജീവജാലങ്ങളെയും നശിപ്പിക്കുന്നു. മനുഷ്യത്വവും കരുണയും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഏതാനും വ്യക്തികൾ ചേർന്ന് മനുഷ്യ വംശത്തെ തന്നെ ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിൽ ഖുർആൻ വിളംബരം ചെയ്ത ‘മനുഷ്യനെ മാനിക്കുക’ എന്ന മഹാതത്ത്വം തന്നെ ഈദിന്റെ സന്ദേശം.
നമ്മുടെ പരിസരങ്ങളിൽ ഈയിടെയായി മക്കളാൽ കൊലചെയ്യപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും പെരുകിവരുന്നു. പച്ചക്കറികൾ കായ്ക്കുന്ന വള്ളിച്ചെടികൾക്ക് പടർന്നു കയറി വളർന്ന് വികസിക്കാനുള്ള മരക്കമ്പ് പോലെയാണ് മനുഷ്യരിലെ വ്യക്തികൾക്ക് കുടുംബം. അത് ഒരേസമയവും വള്ളിയും വേരുമാണ്. നവീന അഭ്യസ്തവിദ്യർ പിടിവള്ളിയും വേരുകൾ തന്നെയും അറുത്തുമുറിച്ചു കളയുന്നു. വിവാഹം എന്ന മാനവികതയുടെ മഹാസ്ഥാപനത്തെ, സംസ്കാരത്തിന്റെ അടിസ്ഥാനത്തെ നിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.
കുടുംബവും അതിലടങ്ങിയ ഇമ്പവും സ്നേഹവും പരാശ്രയവും തന്നെയാണ് അവസാനത്തെ ആലംബമെന്ന തിരിച്ചറിവിലേക്ക് ജനസമൂഹങ്ങളെ തിരിച്ചുവിളിക്കുകയാണ് ഈദ് ആഘോഷം. അല്ലെങ്കിലും ആഘോഷമേതും ആഘോഷമായി ത്തീരുന്നത് അത് കുടുംബത്തിലാകുമ്പോഴാണ്. ഒറ്റക്കുള്ള ജീവിതത്തിൽ ആഘോഷമില്ല, ആനന്ദവുമില്ല.
കരുണ, സ്നേഹം, നന്ദി തുടങ്ങിയ അനിവാര്യതകൾക്ക് വേണ്ടിയാണ് മാനവ ജീവിതം ഇന്ന് ദാഹിക്കുന്നത്. ജീവിതമഖിലം നന്ദി എന്ന ഒറ്റമൂല്യത്തിന്റെ മഹിമയിലും വികാരത്തിന്റെ സാന്ദ്രതയിലും അധിഷ്ഠിതമായിരിക്കുന്നു. ദൈവത്തോടും മാതാപിതാക്കളോടും മനുഷ്യൻ നന്ദി കാണിക്കണമെന്ന് ഖുർആൻ കൽപിക്കുന്നു. ഖുർആനിക വീക്ഷണത്തിൽ നന്ദികേട് തന്നെയാണ് സത്യനിഷേധവും.
ദൈവം മാനവരാശിക്ക് മാർഗദർശനമായി പവിത്രമായ ഖുർആൻ നൽകിയതിനുള്ള നന്ദിയായിരുന്നു വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം. അത് ഭംഗിയായി പൂർത്തീകരിച്ച് അനുഷ്ഠിച്ചതിനുള്ള ദൈവീക സമ്മാനമാണ് ഇന്നത്തെ ഈദാഘോഷം. ഉർദു മഹാകവി ഹാലിയുടെ വാക്കുകളിൽ:
‘‘ഉപവാസം പൂർണം, ഈദ് ആഗതം,
പെരുന്നാളിൻ ആനന്ദം അനുഭവവേദ്യം.
നോമ്പുകാരുടെ നന്ദി, ദൈവത്തിന് സമർപ്പിതം, സഹനത്തിനുള്ള
സമ്മാനം തീർത്തും ലഭ്യം’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.