സംഘടിത വിലപേശലി​െൻറ അയ്യൻ കാളി പാഠങ്ങൾ

മരണദിനത്തിലോ ജന്മദിനത്തിലോ മാത്രം ഓർമിക്കപ്പെടേണ്ട ഒരാളല്ല അയ്യൻ കാളി. വിവേചനവിരുദ്ധസമരം, ജാതി അധികാരങ്ങൾക്കെതിരെ നിരന്തരമായ ഏറ്റുമുട്ടലുകൾ, ആദ്യ കർഷകത്തൊഴിലാളി സമരം, 1893ലെ വില്ലുവണ്ടി സമരം, സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനം, വിദ്യാഭ്യാസ അവകാശ സമരങ്ങൾ തുടങ്ങി ആധുനിക കേരളത്തി​​െൻറ നിർമിതിയിൽ അദ്ദേഹം വഹിച്ച പങ്ക് വേണ്ടവിധം രേഖപ്പെടുത്തപ്പെടാതെ പോയി.

എല്ലാ സാമൂഹികവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ അവരുടെ ആവശ്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ നിരന്തരം നവീകരിക്കപ്പെട്ടു രൂപപ്പെട്ട പദ്ധതിയാണ് കേരളത്തി​​െൻറ നവോത്ഥാനം. വിമോചനമുന്നേറ്റങ്ങൾ ശക്തിപ്രാപിച്ച 19ാം നൂറ്റാണ്ടി​​െൻറ തുടക്കത്തിൽതന്നെ അയിത്തജാതികളുടെ ഭൂമിയുൾപ്പെടെയുള്ള വിഭവാധികാരം രാഷ്​ട്രീയപ്രശ്നമായി ഉയർന്നുവരുന്നുണ്ട്. 1926ൽ ഭൂപരിഷ്കരണത്തെക്കുറിച്ച ആദ്യചർച്ചകൾ അയ്യൻകാളി പ്രജാസഭയിൽ ആരംഭിച്ചിരുന്നു. പൊതുഇടങ്ങൾക്കുവേണ്ടിയും  സ്കൂൾ ഉൾപ്പെടെയുള്ള വിഭവാവശ്യങ്ങളുന്നയിച്ചും അദ്ദേഹം പ്രക്ഷോഭം ആരംഭിച്ചു.
 ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന് ഒറ്റക്കു പാടാൻ ശേഷിയുള്ള ഒരു ജനതയുടെ കർതൃത്വം അപഹരിക്കുകയാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടികൾ ചെയ്തത്. ഭൂമി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിഭവാധികാരത്തിനായി ചോരയും വിയർപ്പും നൽകി പോരാട്ടത്തിൽ ഏർപ്പെട്ട അടിസ്ഥാനജനതയെ തങ്ങളുടെ ചുവന്നകൊടിക്കു കീഴിൽ അണിനിരത്തി പുന്നപ്രയിലും വയലാറിലും അടക്കം നിരവധി സമരമുഖങ്ങളിൽ മരിച്ചുവീഴാൻ നിയോഗിച്ചതാണ് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സംഭാവന. രാഷ്​ട്രീയലാഭത്തിന് ചെയ്തുകൂട്ടിയ വലിയ തെറ്റുകളിൽനിന്നു പുറത്തുവരാൻ കേരളത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടികൾ ഉപയോഗിച്ചതും ഈ അടിസ്ഥാന വർഗത്തി​​െൻറ ചോരയാണ്.

‘കില’യുടെ പഠനപ്രകാരം നിലവിൽ കേരളത്തിൽ 26,193ലധികം ദലിത് കോളനികളും 4600ലധികം ആദിവാസി കോളനികളും ആയിരക്കണക്കിന് തോട്ടം ലയങ്ങളും അഞ്ഞൂറോളം മത്സ്യത്തൊഴിലാളി കോളനികളുമുണ്ട്. ദലിതരിലെ 79 ശതമാനത്തോളം ആളുകൾ 26,193 കോളനികളും സമാന സാഹചര്യത്തിലാണ് കഴിയുന്നത്. ഇക്കാലത്തിനിടയിൽ എല്ലാ സാമൂഹികവിഭാഗങ്ങൾക്കിടയിലും പുരോഗതി ദൃശ്യമാണെങ്കിലും അവർക്കിടയിലെ അധികാരപരമായ അന്തരം നിലനിൽക്കുകയാണ്. അയ്യൻകാളിയടക്കമുള്ളവർ ഉയർത്തിക്കൊണ്ടുവന്ന അധികാരപങ്കാളിത്തം എന്ന ആശയം അടിമുടി ഉടച്ചുകളയാൻ മാത്രമാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്​റ്റ്​ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണംകൊണ്ട് സാധിച്ചത്. ഭൂമിക്കും മറ്റ് അധികാരകേന്ദ്രങ്ങളിലും ജനാധിപത്യപരമായി തുല്യപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന ദലിത്ജനതയിലെ വലിയ ജനസംഖ്യയും തലമുറകളായി ചേരിസമാനമായ കോളനികളിൽ കഴിയാൻ നിർബന്ധിതരായി. എന്നാൽ, അടിസ്ഥാനജനതയുടെ ജീവിതത്തെ ഈ കൊടുംദുരിതത്തിൽ തളച്ചിട്ട ഇടതുപക്ഷം അതേ ഭൂപരിഷ്കരണത്തെ തന്നെ രാഷ്​ട്രീയ മൂലധനമായി ഉപയോഗപ്പെടുത്തുകയും സാമൂഹികനീതിക്കുവേണ്ടിയുള്ള പിന്നാക്കശബ്​ദങ്ങളെ കേരളത്തിൽ ഞങ്ങൾ ജാതിയില്ലാതാക്കി എന്ന് പറഞ്ഞു നിശ്ശബ്​ദമാക്കുകയും ചെയ്തു.

ഇന്നും നിലനിൽക്കുന്ന ജാതിവിവേചനങ്ങളെക്കുറിച്ച വിമർശനങ്ങളിൽനിന്ന്​ ഒരു മുഖ്യധാരാ പ്രസ്ഥാനത്തെയും മാറ്റിനിർത്തുകയല്ല. എന്നാൽ, പിന്നാക്കവിഭാഗങ്ങളുടെ മുഴുവൻ കർതൃത്വവും റദ്ദ് ചെയ്ത്​ ഭൂപരിഷ്കരണം അടക്കമുള്ള അശാസ്ത്രീയ നടപടികളിലൂടെ അയ്യൻകാളി അടക്കമുള്ളവർ ഉയർത്തിയ സ്വാഭിമാനത്തിലൂന്നിയ രാഷ്​ട്രീയധാരയെ ദുർബലപ്പെടുത്തിയ ഉത്തരവാദിത്തത്തിൽനിന്ന് സി.പി.എമ്മിന് വിട്ടുനിൽക്കാനാവില്ല.100 വർഷം മുമ്പ്​ പഞ്ചമി എന്ന ദലിത് പെൺകുട്ടിയുടെ വിദ്യാഭാസം ഉറപ്പുവരുത്താൻ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദലിത്​സമുദായത്തിന്​ കൃഷിപ്പണി ഉപേക്ഷിച്ച്​ സമരം ചെയ്യേണ്ടിവന്നു. എന്നാൽ, ഈ പകർച്ചവ്യാധിയുടെ ഘട്ടത്തിലും നമ്മുടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളുടെയും വിദ്യാഭ്യാസം നൂതനമാർഗങ്ങളിലൂടെ ഉറപ്പുവരുത്തിയെന്ന് അഭിമാനിക്കുമ്പോൾ അതിൽനിന്ന് ദലിത്കോളനികളിലെയും ആദിവാസി ഊരുകളിലെയും മക്കൾ പുറത്താണെന്ന് കേരളത്തിലെ ഇടതുസർക്കാറിന് ബോധ്യപ്പെടാൻ ദേവികയെന്ന ദലിത് പെൺകുട്ടിക്ക് ജീവൻ കൊടുക്കേണ്ടിവന്നു എന്നറിയുമ്പോഴുണ്ടാകുന്ന നിസ്സഹായതക്ക് നൂറ്റാണ്ടുകളായുള്ള മാറ്റിനിർത്തലി​​െൻറ അപമാനഭാരംകൂടിയുണ്ട്.

ഗാന്ധിയും നെഹ്​റുവും അടക്കമുള്ള സമുന്നത കോൺഗ്രസ്​ നേതാക്കൾക്ക് അംബേദ്​കർ കാഴ്​ചപ്പാടുകളോടും സംവരണമടക്കമുള്ള ഭരണനയങ്ങളോടും വ്യത്യസ്ത വീക്ഷണമാണ് ഉണ്ടായിരുന്നതെങ്കിലും നെഹ്റു പ്രധാനമന്ത്രിയായ, കോൺഗ്രസിന് അധികാരമുള്ള ഇന്ത്യയിൽ അംബേദ്​കർ ഭരണഘടനശിൽപിയാവുകയും സംവരണം ഇന്ത്യയുടെ സാമൂഹികനീതിയിലേക്കുള്ള നാഴികക്കല്ലാവുകയും ചെയ്തു. ഇന്ദിരഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ്​ പ്രധാനമന്ത്രിമാർ ആ പാതയാണ് പിന്തുടർന്നത്. അയ്യൻകാളി ആവശ്യങ്ങൾ ഉന്നയിച്ചത് പ്രജാസഭയിലും അംബേദ്​കർ വിമർശനങ്ങൾ ഉന്നയിച്ചത് മുഖ്യധാര ദേശീയ മുന്നേറ്റങ്ങൾക്ക് ഒപ്പം നിന്നുകൊണ്ടുമായിരുന്നു. ഒറ്റപ്പെട്ട വ്യക്തികളായി ഇടപെടൽ നടത്തുന്നതിനുപകരം ഒരു ജനത എന്ന നിലയിൽ സംഘടിതരായി ജനാധിപത്യത്തിനുള്ളിൽ വിലപേശാനുള്ള ശേഷി കൈവരിക്കുമ്പോഴാണ് അംബേദ്​കറി​​െൻറയും അയ്യൻകാളിയുടെയും രാഷ്​ട്രീയം ലക്ഷ്യം കാണുന്നത്.

(പാർലമ​െൻറ്​ അംഗവും കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പുമാണ് ലേഖകൻ)  

Tags:    
News Summary - Kodikunnil suresh MP on Ayyankali-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT