അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓർമകൾ വീണ്ടും സമൂഹം ചർച്ച ചെയ്യവെയാണ് കെ.എം. സലീംകുമാർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരാണ് കണ്ണൂർ, തൃശൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിലുണ്ടായിരുന്നത്. അധികംപേരും മിസ തടവുകാരായിരുന്നു. ലഘുലേഖ വായിച്ചതിനോ കൈവശം വെച്ചതിനോ ഏതെങ്കിലും ഒരു യോഗത്തിൽ പങ്കെടുത്തതിനോ മറ്റോ അറസ്റ്റിലായവർ. ഏതെങ്കിലും രീതിയിൽ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്യുന്ന രീതിയാണ് അന്ന് പൊലീസ് സ്വീകരിച്ചത്. ജന്മിമാർക്കെതിരെയും പൊലീസ് സ്റ്റേഷനെതിരെയും നടത്തിയ സമരത്തെ തുടർന്നാണ് ഞാൻ അന്ന് ജയിലിലുണ്ടായിരുന്നത്. അങ്ങനെ അറസ്റ്റിലായവർ നൂറോളം പേരുണ്ടായിരുന്നു. കെ.എം. സലിംകുമാർ അടക്കമുള്ളവരാകട്ടെ മിസ തടവുകാരായിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ മിസ തടവുകാരെല്ലാം മോചിതരായി. മറ്റുള്ളവരുടെ കേസ് തുടർന്നു. അക്കാലത്ത് ഞാനും കെ.എൻ. രാമചന്ദ്രനുമടക്കമുള്ള നാലുപേരെ ഒരു കേസിന് എറണാകുളത്ത് കൊണ്ടുവന്നപ്പോൾ സലിംകുമാറും മറ്റ് ചിലരും കാണാൻ വന്നു.
പാർട്ടിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഒരു പ്രസിദ്ധീകരണം തുടങ്ങണമെന്ന ആശയവുമായാണ് സലിംകുമാർ വന്നത്. ഞങ്ങൾക്ക് അന്ന് ‘കോമ്രേഡ്’ എന്ന ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. അതിനാൽ മറ്റൊരു പ്രസിദ്ധീകരണം ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി അതിനെ നിരുത്സാഹപ്പെടുത്തി. അടിയന്തരാവസ്ഥക്ക് ശേഷം പാർട്ടിയുമായി ബന്ധമുള്ള അനവധി പേർ പുറത്തുവന്നു. തുടർന്ന് സംസ്ഥാനതലത്തിൽ തന്നെ പാർട്ടി പുനഃസംഘടിപ്പിച്ചു. സലിംകുമാറിനെ സംസ്ഥാന കമ്മിറ്റി അംഗമാക്കി. 80 കളുടെ രണ്ടാം പകുതിയായപ്പോഴേക്കും ജാതിപ്രശ്നം, സ്ത്രീ -പുരുഷ ബന്ധങ്ങൾ, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കുന്ന വർഗസമരത്തിന്റെ രീതി സ്വീകരിച്ചാൽ പോരായെന്നും അത്തരം പ്രശ്നങ്ങളിൽ വർഗാതീത സമീപനം വേണമെന്നുമുള്ള നിലപാടിലേക്ക് പ്രസ്ഥാനമെത്തി. ഇന്ത്യയിലെ വർണ-ജാതി വ്യവസ്ഥയെ നേരിടാൻ പുതിയ പ്രവർത്തനരീതി വേണമെന്ന് ബോധ്യമായി. ഡോ. അംബേദ്കറുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള രീതി സ്വീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ മുൻകൈയിൽ അധസ്ഥിത നവോത്ഥാന മുന്നണി എന്ന സംഘടന രൂപീകരിച്ചു. സലിംകുമാർ അന്ന് ആ സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വർണ-ജാതി വ്യവസ്ഥക്കെതിരെ മുന്നണിയുടെ നേതൃത്വത്തിൽ ജാഥ നടത്തി. 1989 സെപ്റ്റംബർ ഒന്നിന് ജാഥ വൈക്കത്ത് സമാപിച്ചു. വൈക്കത്ത് വെച്ച് മനുസ്മൃതി കത്തിക്കാനാണ് പദ്ധതിയിട്ടത്. എന്റെ ജീവിതപങ്കാളിയായ മണിയുടെ നേതൃത്വത്തിൽ സ്ത്രീകളും വന്നിരുന്നു. പെട്രോളും മനുസ്മൃതിയുമായാണ് അവർ വന്നത്. വൈക്കത്തെ പൊതുയോഗത്തിന്റെ അധ്യക്ഷൻ സലിംകുമാറായിരുന്നു. ആർ.എസ്.എസുകാർ ഇതിനെതിരെ പ്രചാരണവും സംഘടിപ്പിച്ചിരുന്നു. വൻ പൊലീസ് സാന്നിധ്യത്തിന് നടുവിൽ വൈകീട്ട് അഞ്ച് കഴിഞ്ഞപ്പോഴാണ് മനുസ്മൃതി പെട്രോൾ ഒഴിച്ച് കത്തിച്ചത്. സംഘടനയിലെ തീവ്രവാദ സ്വഭാവമുള്ള ചിലരും പൊലീസുമായി വാക്കേറ്റമുണ്ടായി. ആവശ്യമില്ലാത്ത കാര്യത്തിലാണ് പൊലീസുമായി തർക്കത്തിന് പോയത്. പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ലാത്തിചാർജ് തുടങ്ങി. ഞാനും സലിംകുമാറും ഉൾപ്പെടെ 60 ഓളം പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അതിനുശേഷം സലിംകുമാർ അധഃസ്ഥിത മേഖലയിൽ സജീവമായ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
1985ൽ പശ്ചിമബംഗാളിലെ മിഡ്നാപൂരിൽ നടന്ന സി.പി.ഐ.(എം.എൽ) പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ പ്ലീനത്തിൽ സലിംകുമാറും പങ്കെടുത്തിരുന്നു. ആദിവാസികളടക്കമുള്ള ഗ്രാമീണർ സമ്മേളനം കാണാൻ കൗതുകത്തോടെ എത്തി. സലിംകുമാറിനെ കണ്ടപ്പോൾ പെട്ടെന്ന് അവർ ആദിവാസിയാണെന്ന് തിരിച്ചറിഞ്ഞു. സലിംകുമാറുമായി അവർ ആശയവിനിമയം നടത്തി. അവരുടെ ഭാഷ മനസിലാക്കാൻ കഴിഞ്ഞു. അത് അത്ഭുതമുണ്ടാക്കിയ ഒരു സംഭവമാണ്. സലിംകുമാറിനും അത് സന്തോഷമായി.
1990-91 കാലത്ത് ഞാൻ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി തുടങ്ങി. 1991ൽ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അതിനുശേഷം സലിംകുമാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. പിന്നീട് അദ്ദേഹം ദലിത് ഐക്യവേദി എന്ന സംഘടനക്ക് രൂപം നൽകി. ഈ കാലത്തതാണ് അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങിയത്. പിന്നീട് സൈദ്ധാന്തിക സ്വഭാവത്തിലുള്ള ലേഖനങ്ങളും എഴുതി.
കെ.കെ. കൊച്ചിനെ പോലെയുള്ള ദലിത് ചിന്തകരുടെ ലേഖനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു സലിംകുമാറിന്റെ രീതി. മാർക്സിസ്റ്റ് സൈദ്ധാന്തിക സമീപനം സലിംകുമാറിന്റെ ലേഖനങ്ങളിലുണ്ടായിരുന്നു. അതിന് തനതായ ഒരു ഗൗരവ സ്വഭാവമുണ്ടായിരുന്നു. അത് സലിംകുമാറിെൻറ മാത്രം പ്രത്യേകതയായിരുന്നു.
ഏതാനും മാസം മുമ്പാണ് അദ്ദേഹം രോഗാവസ്ഥയിലായത്. നാലഞ്ച് മാസം മുമ്പ് എറണാകുളത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം വീടിനു പുറത്തുവന്ന് ഞങ്ങളെ സ്വീകരിച്ചു കൊണ്ട് പോയി. ഒന്ന്, രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു. ഞാനും സലിംകുമാറിനും തമ്മിൽ വല്ലാത്തൊരു വൈകാരിക ബന്ധം ഉണ്ടായിരുന്നു. അവസാന കൂടിക്കാഴ്ചയിലെ സംഭാഷണത്തിൽ അത് ഏറെ പ്രകടമായിരുന്നു.
(തയാറാക്കിയത്: എൻ. നിഹാസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.