ഇനി ‘പേ’ ചെയ്യേണ്ടത് ആര്

ആദ്യം സൗജന്യം നൽകി ശീലിപ്പിക്കുക, പിന്നീട് വിലയീടാക്കി പിഴിയുക എന്നത് സ്വകാര്യ ടെക് കമ്പനികളുടെ പതിവുതന്ത്രമാണ്. ഒരു ജനാധിപത്യ സർക്കാർ അതേ വഴിയിലൂടെ നീങ്ങുമ്പോൾ ജനങ്ങളിൽ സംശയം ഉണരുന്നത് സ്വാഭാവികം. നിരക്കുകൾ പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടില്ല; തീരുമാനിച്ചത് ഒരു സമിതിയാണ്.

ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും സ്വീകാര്യതയുള്ള മുഖമാണ് യു.പി.ഐ. പണമിടപാടുകൾ സൗജന്യമായി നടത്താം എന്നത് തന്നെയായിരുന്നു ആ സ്വീകാര്യതയുടെ ഏറ്റവും വലിയ കാരണം. ഒക്ടോബർ 15 മുതൽ ആ സൗജന്യം ഭാഗികമാവുന്നു. ‘‘യു.പി.ഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാൻ പദ്ധതിയില്ല’’ എന്ന് 2025 ജൂണിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ ഉറപ്പിന് ഒന്നരവർഷത്തെ ആയുസ്സുപോലും ഉണ്ടായില്ല. ഫീസ് വേണോ വേണ്ടയോ എന്നതല്ല ഇപ്പോൾ ഉയരുന്ന ചോദ്യം. ഈ ഫീസ് നീതിയുക്തമാണോ, അതിനെക്കുറിച്ച് സർക്കാർ പറയുന്നത് പൂർണമായും സത്യമാണോ എന്നതാണ്.

2016-ൽ പിറന്ന യു.പി.ഐ ശരിക്കും കുതിച്ചുയർന്നത് 2020 ജനുവരിയിൽ വ്യാപാരി ഇടപാടുകൾക്കുള്ള ഫീസ് പൂർണമായി എടുത്തുകളഞ്ഞതോടെയാണ്. 2016-17-ൽ വെറും 0.07 ലക്ഷം കോടി രൂപയായിരുന്ന ഇടപാട് മൂല്യം 2025-26-ൽ ഏകദേശം 314 ലക്ഷം കോടി രൂപയിലെത്തി. നാലായിരം മടങ്ങിലേറെ വളർച്ച.

അടുത്ത മാസം പകുതി മുതൽ വ്യാപാരികൾക്ക് നൽകുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കാനാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനം. പരമാവധി 300 രൂപ. വ്യക്തികൾ തമ്മിലെ പണക്കൈമാറ്റം സൗജന്യമായി തുടരും. മാസം ഒരു ലക്ഷം രൂപ വരെ ക്യുആർ വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഇളവുണ്ട്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം എന്നിവയ്ക്ക് നിശ്ചിത 5 രൂപയും ഓഹരി, മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്ക് 0.02 ശതമാനവുമാണ് നിരക്ക്. ഫീസ് ഉപഭോക്താവിന്റെ ചുമലിൽ വെക്കരുതെന്ന നിർദേശവുമുണ്ട്.

സർക്കാർ വാദങ്ങളിൽ ശരിയുണ്ടോ?

യു.പി.ഐ എന്ന ഭീമൻ സംവിധാനം ചലിപ്പിക്കാൻ പ്രതിവർഷം ഏകദേശം 20,000 കോടി രൂപ വേണം. ബജറ്റിൽ നീക്കിവെക്കുന്നത് 2,000 കോടി മാത്രം. ബാക്കി ഭാരം ഇതുവരെ ചുമന്നത് ബാങ്കുകളും പേയ്‌മെന്റ് കമ്പനികളുമാണ്. വ്യാപാരി ഇടപാടുകളിൽ 86 ശതമാനവും 500 രൂപയിൽ താഴെയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ളവ എണ്ണത്തിൽ വെറും നാല് ശതമാനമാണെങ്കിലും മൂല്യത്തിൽ മൂന്നിൽ രണ്ടും അവയാണ്. ക്രെഡിറ്റ് കാർഡിന് വ്യാപാരികൾ ഒന്നര മുതൽ രണ്ട് ശതമാനം വരെ നൽകുമ്പോൾ 0.4 ശതമാനം അമിതമാണെന്നും പറയാനാവില്ല. ഇത്രയും ശരിയാണ്. പക്ഷേ, കഥ അവിടെ തീരുന്നില്ല.

‘‘ഉപഭോക്താവിന് ഒരു രൂപ പോലും ബാധ്യത വരില്ല’’ എന്ന അവകാശവാദമാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. വ്യാപാരിയുടെ മേൽ ചുമത്തുന്ന ഏത് ചെലവും ഒടുവിൽ വിലയിൽ ലയിക്കുമെന്നത് സാമ്പത്തികശാസ്ത്രത്തിലെ ബാലപാഠമാണ്. ബില്ലിൽ ‘‘യു.പി.ഐ ചാർജ്’’ എന്ന് കാണില്ലായിരിക്കാം. പക്ഷേ വിലയിലെ നേരിയ വർധനയായോ ‘‘പണമായി നൽകിയാൽ കിഴിവ്’’ എന്ന ഓഫറായോ അത് ഉപഭോക്താവിന് മേലെത്തും. നേർത്ത ലാഭത്തിൽ പിടിച്ചുനിൽക്കുന്ന മൊത്തവ്യാപാരികൾക്കും മരുന്നുകടകൾക്കും 0.4 ശതമാനം ലാഭത്തിന്റെ നല്ലൊരു പങ്കാണ്. അവർ അത് സ്വന്തം കീശയിൽ നിന്ന് സഹിക്കുമെന്ന് കരുതുന്നത് ദിവാസ്വപ്നമാണ്. ഉപഭോക്താക്കൾ സുരക്ഷിതരാണെന്ന വാദം രാഷ്ട്രീയമായി സൗകര്യപ്രദമാണ്; സാമ്പത്തികമായി അർധസത്യവും.

സബ്‌സിഡി തികയുന്നില്ല എന്ന ന്യായത്തിനും ഒരു മറുവശമുണ്ട്. 2023-24-ൽ 3,631 കോടി രൂപയായിരുന്ന സഹായം ഇക്കൊല്ലം 2,000 കോടിയായി ചുരുക്കിയത് സർക്കാർ തന്നെ. ഇടപാടുകൾ കുതിച്ചുയരുന്ന കാലത്ത് സഹായം വെട്ടിക്കുറയ്ക്കുക, എന്നിട്ട് സബ്‌സിഡി പ്രായോഗികമല്ലെന്ന് പ്രഖ്യാപിക്കുക. സ്വയം സൃഷ്ടിച്ച പ്രതിസന്ധിക്ക് ജനങ്ങളിൽ നിന്ന് പരിഹാരം തേടുന്നതിന് തുല്യമാണിത്. ലക്ഷക്കണക്കിന് കോടികളുടെ കേന്ദ്ര ബജറ്റിൽ ഡിജിറ്റൽ ഇന്ത്യയുടെ മുന്നേറ്റത്തിന് പണം കണ്ടെത്താനാവുന്നില്ലെങ്കിൽ, അത് പണമില്ലായ്മയല്ല, മുൻഗണനയുടെ പ്രശ്നമാണ്.

ഇതിനേക്കാൾ ഗൗരവമുള്ളതാണ് ഫീസ് ഒഴിവാക്കാൻ വ്യാപാരികൾ വീണ്ടും കടലാസ് കറൻസിയിലേക്ക് മടങ്ങാനുള്ള സാധ്യത. യു.പി.ഐയുടെ യഥാർഥ ഗുണം സുതാര്യതയാണ്. ഓരോ ഡിജിറ്റൽ ഇടപാടും നികുതി വലയിൽ പതിയുന്ന ഒരു രേഖയാണ്. മുന്നൂറു രൂപ ലാഭിക്കാൻ ഇടപാടുകൾ പണത്തിലേക്ക് മാറിയാൽ ജി.എസ്.ടി ചോർച്ച കൂടും. ഫീസിലൂടെ കിട്ടുന്നതിനേക്കാൾ വലുതായേക്കാം ഖജനാവിന്റെ നഷ്ടം. ഡിജിറ്റൽ ഇടപാടുകളുടെ ബലത്തിൽ ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുന്ന രീതി വളർന്നുവരുന്ന കാലമാണിത്. പണത്തിലേക്കുള്ള മടക്കം അവരുടെ വായ്പാസാധ്യതകളെയും തളർത്തും. നോട്ടുനിരോധനം മുതൽ സർക്കാർ ഉയർത്തിപ്പിടിച്ച ‘‘പണരഹിത സമ്പദ്‌വ്യവസ്ഥ’’ എന്ന സ്വപ്നത്തിന് നേർവിപരീതമാകും ഫലം.

ഫീസിന്റെ രൂപകൽപ്പനയിലുമുണ്ട് പാളിച്ചകൾ. 2,000 രൂപ എന്ന പരിധി വിലക്കയറ്റവുമായി ബന്ധിപ്പിച്ചിട്ടില്ല. ഇന്നത്തെ രണ്ടായിരത്തിന് അഞ്ചുവർഷം കഴിയുമ്പോൾ ഇതേ മൂല്യമുണ്ടാകില്ല. അതോടെ ഒരു പ്രഖ്യാപനവുമില്ലാതെ ഫീസിന്റെ വല നിശ്ശബ്ദമായി വിസ്തൃതമാകും. ബില്ല് 1,999 രൂപയുടെ കഷണങ്ങളായി മുറിച്ചാൽ ഫീസ് ഒഴിവാക്കാമെന്ന പഴുത് നയകർത്താക്കൾ കാണാതെ പോയതാണോ? മാസം ഒരു ലക്ഷം എന്ന പരിധിയാകട്ടെ, ചെറുകിട വ്യാപാരിക്ക് മുന്നിൽ ഉയരുന്ന ഒരു മതിലാണ്. അത് കടക്കുന്ന നിമിഷം വളർച്ച ഒരു ശിക്ഷയായി മാറും. കോടികൾ വിറ്റുവരവുള്ള വൻകിട ശൃംഖലകളും നാട്ടിൻപുറത്തെ ഇടത്തരം കടകളും ഒരേ നിരക്ക് നൽകണമെന്ന് പറയുന്നതിൽ എന്ത് നീതിയാണുള്ളത്? വാർഷിക വിറ്റുവരവ് 20 ലക്ഷത്തിന് മുകളിലുള്ളവർക്ക് മാത്രം ഫീസ് എന്ന വ്യവസായ മേഖലയുടെ നിർദേശം എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല?

ഇളവുകളുടെ പട്ടിക അതിലേറെ കൗതുകകരമാണ്. ഇന്ധനവും ടെലികോമും ഇൻഷുറൻസും അവശ്യസേവനങ്ങളായി പരിഗണിക്കപ്പെടുമ്പോൾ ആശുപത്രി ബില്ലുകളും വിദ്യാഭ്യാസ ഫീസും ആ പട്ടികയ്ക്ക് പുറത്താണ്. ഫോൺ റീചാർജിനേക്കാൾ അവശ്യമല്ലേ ചികിത്സ? ഒരു സാധാരണ കുടുംബത്തിന്റെ ഏറ്റവും വലിയ ചെലവുകൾ ചികിത്സയും പഠനവുമാകുമ്പോൾ ഈ മുൻഗണനാക്രമത്തിന്റെ യുക്തി മനസ്സിലാക്കാൻ പ്രയാസമാണ്. ചികിത്സാച്ചെലവ് താരതമ്യേന ഉയർന്ന കേരളത്തിന് ഈ ചോദ്യം അവഗണിക്കാനാവില്ല.

തട്ടിപ്പുകൾ തടയാനും സൈബർ സുരക്ഷയ്ക്കുമാണ് ഈ പണം എന്നാണ് മറ്റൊരു ന്യായം. നല്ലതുതന്നെ. എന്നാൽ ഇന്നും യു.പി.ഐ തട്ടിപ്പിനിരയാകുന്നവർ തെളിവുകളുമായി ബാങ്കിനും ആപ്പിനും പൊലീസ് സ്റ്റേഷനും ഇടയിൽ അലയുകയാണ്. നിശ്ചിത സമയത്തിനകം നഷ്ടപരിഹാരം ഉറപ്പാക്കുന്ന, ബാങ്കുകൾക്കും ആപ്പുകൾക്കും വ്യക്തമായ ബാധ്യത നിശ്ചയിക്കുന്ന ചട്ടം എവിടെ? ഫീസ് ഒക്ടോബറിൽ വരും. ഉത്തരവാദിത്തം എന്ന് വരും?

ഈ വരുമാനം ആരുടെ കീശയിലേക്ക്?

ഫീസ് വരുമാനം ആരുടെ കീശയിലേക്കാണ് ഒഴുകുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. പൊതു അടിസ്ഥാനസൗകര്യമായി വളർത്തിയെടുത്ത യു.പി.ഐയുടെ വിപണി ഇന്ന് ചുരുക്കം ചില സ്വകാര്യ പ്ലാറ്റ്‌ഫോമുകളുടെ കൈപ്പിടിയിലാണ്. പുതിയ വരുമാനം ആ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കാനാണോ ഉപകരിക്കുക? വരുമാനം എങ്ങനെ വീതിക്കുന്നു, എന്തിന് ചെലവിടുന്നു എന്ന് ജനങ്ങളെ അറിയിക്കാൻ ഇപ്പോൾ ഒരു സംവിധാനവുമില്ല.

ആദ്യം സൗജന്യം നൽകി ശീലിപ്പിക്കുക, പിന്നീട് വിലയീടാക്കി പിഴിയുക എന്നത് സ്വകാര്യ ടെക് കമ്പനികളുടെ പതിവുതന്ത്രമാണ്. ഒരു ജനാധിപത്യ സർക്കാർ അതേ വഴിയിലൂടെ നീങ്ങുമ്പോൾ ജനങ്ങളിൽ സംശയം ഉണരുന്നത് സ്വാഭാവികം. നിരക്കുകൾ പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടില്ല; തീരുമാനിച്ചത് ഒരു സമിതിയാണ്. ഇന്ന് രണ്ടായിരമാണ് പരിധി; നാളെ അത് ആയിരമാകില്ലെന്ന് ആര് ഉറപ്പുനൽകും? ഒരിക്കൽ ഇളകിയ വിശ്വാസം വീണ്ടെടുക്കുക എളുപ്പമല്ല. അടുത്ത ഡിജിറ്റൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ‘‘ഇതിനും നാളെ ഫീസ് വരുമോ’’ എന്നായിരിക്കും ജനം ആദ്യം ചോദിക്കുക.

ആശയവിനിമയത്തിലെ വീഴ്ചയും ചെറുതല്ല. ഡിജിറ്റൽ സാക്ഷരത കുറഞ്ഞ മുതിർന്നവരും ഗ്രാമീണ വ്യാപാരികളും പലപ്പോഴും ‘‘യു.പി.ഐക്ക് ഫീസ് വന്നു’’ എന്ന തലക്കെട്ട് മാത്രമാണ് കേൾക്കുക. സൗജന്യമായി തുടരുന്ന ചെറിയ ഇടപാടുകളിൽ നിന്നുപോലും അവർ പിൻവാങ്ങിയേക്കാം. ഫീസ് പ്രഖ്യാപിക്കാൻ കാണിച്ച തിടുക്കം അത് ജനങ്ങൾക്ക് വിശദീകരിക്കാൻ സർക്കാർ കാണിച്ചിട്ടില്ല.

ഫീസ് എന്ന ആശയം വില്ലനല്ല. ഒരു പൊതുസംവിധാനം നിലനിൽക്കാൻ പണം വേണം. പക്ഷേ ഇപ്പോൾ അവതരിപ്പിച്ച രൂപത്തിൽ ഈ ഫീസ് സത്യസന്ധതയിലും രൂപകൽപ്പനയിലും ഉത്തരവാദിത്തത്തിലും ഒരുപോലെ പിന്നിലാണ്. ലക്ഷ്യം ശരിയാണ്; മാർഗം പിഴച്ചു. അതുകൊണ്ടുതന്നെ വേണ്ടത് സമഗ്രമായ പുനർരൂപകൽപ്പനയാണ്. പരിധി വിലക്കയറ്റവുമായി ബന്ധിപ്പിക്കാനും ഇടപാട് തുകയ്ക്കൊപ്പം വ്യാപാരിയുടെ വിറ്റുവരവും മാനദണ്ഡമാക്കാനും സർക്കാർ തയ്യാറാകണം. ആരോഗ്യവും വിദ്യാഭ്യാസവും അവശ്യപട്ടികയിൽ ഇടം നേടണം. ഫീസ് വരുമാനത്തിന്റെ വിനിയോഗം ഓരോ വർഷവും പരസ്യപ്പെടുത്തണം. തട്ടിപ്പിനിരയാകുന്നവർക്ക് സമയബന്ധിത നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമം ഫീസിനൊപ്പംതന്നെ നിലവിൽ വരണം. ആറുമാസത്തിനുശേഷം ഫലം സ്വതന്ത്രമായി വിലയിരുത്തി തിരുത്താനുള്ള ആർജവവും സർക്കാർ കാണിക്കണം.

യു.പി.ഐയെ ലോകം വാഴ്ത്തിയത് അതിന്റെ സാങ്കേതിക മികവുകൊണ്ട് മാത്രമല്ല; കോടിക്കണക്കിന് സാധാരണക്കാർ അതിൽ അർപ്പിച്ച വിശ്വാസം കൊണ്ടുകൂടിയാണ്. ഫീസ് കൊണ്ട് സർവറുകളുടെ ചെലവ് നികത്താനായേക്കും. പക്ഷേ, നഷ്ടപ്പെടുന്ന വിശ്വാസം എങ്ങനെയാണ് തിരിച്ചുപിടിക്കുക?

(കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ആണ് ലേഖകൻ

Tags:    
News Summary - Decoding the New UPI MDR Charges: Impact on Consumers and Merchants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.