അറിവിന്റെ ഇടനാഴിയിലെ ജാതിമതിൽ: അനഘ ശശിയുടെ അനുഭവം
ഇന്ത്യയിൽ സാമൂഹികമുന്നേറ്റത്തിനുള്ള പ്രധാന ഉപാധിയായി കണക്കാക്കപ്പെടുന്ന ഉന്നതവിദ്യാഭ്യാസരംഗത്ത് ജാതിവിവേചനം ഇപ്പോഴും ദലിത് ഗവേഷകരുടെ അക്കാദമികാവസരങ്ങളെ അട്ടിമറിക്കുന്നത് തുടരുകയാണ്. ഗവേഷണം നടത്തുന്നതിനും അറിവ് നിർമിക്കുന്നതിനും അക്കാദമികാംഗീകാരം നേടുന്നതിനുമുള്ള മുഴുവൻ പ്രക്രിയയിലും ജാതി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. പട്ടികജാതി-പട്ടികവർഗങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരായ ജാതിവിവേചനം തടയുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് യു.ജി.സിയുടെ നിലവിലെ ചട്ടങ്ങൾ തന്നെ നിഷ്കർഷിക്കുന്നുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ രാജ്യസഭയിൽ നൽകിയ മറുപടിയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജാതിവിവേചന പരാതികൾ പരിഹരിക്കുന്നതിന് സമിതി, ഓംബുഡ്സ്പേഴ്സൻ, തുല്യാവകാശ സെല്ലുകൾ തുടങ്ങിയ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം സംവിധാനങ്ങൾ ഫലപ്രദമല്ലെന്നാണ് ദലിത് വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങൾ തെളിയിക്കുന്നത്. ദലിത് വിദ്യാർഥികളുടെയും ഗവേഷകരുടെയും അക്കാദമികശേഷി സംശയിക്കപ്പെടുന്ന സാഹചര്യം വലിയൊരു വെല്ലുവിളിയാണ്. പട്ടികവിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹികാപമാനവും വിവേചനവും നേരിടേണ്ടിവരുന്നതായി പാർലമെന്ററി സമിതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് ഗവേഷണരംഗത്ത് ഗുരുതരപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പിഎച്ച്.ഡി. ഗവേഷണത്തിൽ ഗൈഡ്, സഹഗവേഷകർ, അക്കാദമിക് നെറ്റ്‌വർക്ക്, സെമിനാറുകൾ, ജേണലുകൾ തുടങ്ങിയവ വലിയ പ്രാധാന്യമുള്ള ഘടകങ്ങളാണ്. സാമൂഹികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള ഒന്നാംതലമുറ ഗവേഷകർക്ക് ഈ അക്കാദമിക മൂലധനം സ്വാഭാവികമായി ലഭിക്കണമെന്നില്ല. ഗവേഷണം പുസ്തകങ്ങളെയും ലൈബ്രറികളെയും മാത്രം ആശ്രയിച്ചുള്ള പ്രവർത്തിയല്ല; ഫീൽഡ് വർക്ക്, യാത്ര, ആർക്കൈവ് പരിശോധന, വിവരശേഖരണം, കോൺഫറൻസുകൾ, പ്രസിദ്ധീകരണം തുടങ്ങിയവയ്ക്കെല്ലാം സാമ്പത്തികവിഭവങ്ങൾ അത്യന്താപേക്ഷിതമാണ്.
അതുകൊണ്ടുതന്നെ ഫെലോഷിപ്പ് ലഭിക്കുന്നതിലെ കാലതാമസവും സാമ്പത്തിക അരക്ഷിതാവസ്ഥയും ഗവേഷണത്തിന്റെ വേഗത്തെയും ഗുണനിലവാരത്തെയും നേരിട്ടു ബാധിക്കുന്നു. പ്രവേശനത്തിലെ സമത്വം, ഗവേഷണത്തിലെ തുല്യത, അറിവിന്റെ അംഗീകാരം, അക്കാദമികാധികാരത്തിലെ പ്രാതിനിധ്യം എന്നീ നാല് ഘട്ടങ്ങളിലും നീതി ഉറപ്പാക്കുമ്പോഴാണ് ദലിത് ഗവേഷകരുടെ യഥാർഥ അക്കാദമികസ്വാതന്ത്ര്യം സാധ്യമാകുന്നത്.
സയൻസ് ഗവേഷണരംഗത്ത് ദലിതർ നേരിടുന്ന വിവേചനത്തിന് പ്രത്യേക മാനങ്ങളുണ്ട്. പിഎച്ച്.ഡി. പ്രവേശനം, ലബോറട്ടറി അനുഭവങ്ങൾ, ഗൈഡിങ്, പ്രസിദ്ധീകരണം, അധ്യാപകനിയമനം തുടങ്ങി മുഴുവൻ അക്കാദമികവഴികളിലും ജാതി ഒരു ഭീകരസ്വത്വമായി ദലിതരെ വരിഞ്ഞുമുറുക്കുന്നു. പട്ടികജാതി വിഭാഗത്തിന് പതിനഞ്ചു ശതമാനം സംവരണം നിലനിൽക്കുമ്പോഴും അവരുടെ പിഎച്ച്.ഡി. പ്രവേശനവിഹിതം ഐ.ഐ.ടി. ഡൽഹിയിൽ ആറു ശതമാനവും ഐ.ഐ.ടി. ഖരഗ്പുരിൽ 14 ശതമാനവും മാത്രമായിരുന്നുവെന്ന് 2019-ലെ കണക്കുകൾ വ്യക്തമാക്കുന്നു. ഉന്നതഗവേഷണ സ്ഥാപനങ്ങളിൽ പദവികൾ ഉയരുന്നതിനനുസരിച്ച് ദലിത്-ആദിവാസി പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി 'നേച്ചർ' മാസിക നടത്തിയ വിവരശേഖരണവും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ശാസ്ത്രസ്ഥാപനങ്ങളിലെ സവർണ ശാസ്ത്രജ്ഞർ ശാസ്ത്രത്തെ ഒരു പ്രത്യേക സാമൂഹികാവകാശമായി കാണുന്നുവെന്നും 'മെറിറ്റ്' എന്ന ആശയത്തിലൂടെ ജാതി-അധികാരബന്ധങ്ങളെ മറച്ചുപിടിക്കുന്നുവെന്നും റെനി തോമസിന്റെ നരവംശശാസ്ത്രപഠനം വ്യക്തമാക്കുന്നുണ്ട്. ലാബിലും ഗവേഷണസംഘത്തിലും ദലിത് ഗവേഷകർക്ക് വിവേചനം നേരിടേണ്ടിവരുന്നതായി മറ്റു പഠനങ്ങളും അടിവരയിടുന്നു. ദലിത് സ്ത്രീകൾക്കാകട്ടെ, ജാതിയും ലിംഗവിവേചനവും ചേർന്നുള്ള ഇരട്ടപ്രഹരമാണ് ഏൽക്കേണ്ടിവരുന്നത്. 2024-ൽ പുറത്തുവന്ന, 42 ദലിത് STEM ഗവേഷകരുടെ അഭിമുഖങ്ങൾ അവർ നേരിട്ട ജാതിവിവേചനങ്ങളുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്.
കേരളം രാജ്യത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മാതൃകാസംസ്ഥാനമാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയാത്തവിധം ഇവിടുത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലും ജാതിഹിംസകളും അപരവൽക്കരണങ്ങളും വേരുറച്ചുനിൽക്കുകയാണ്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതിപഠന വകുപ്പ് ഗവേഷണവിദ്യാർഥിനി അനഘാ ശശി ജാതിവിവേചനത്തെത്തുടർന്ന് രണ്ടര വർഷമായി പഠനം മുടങ്ങി നീതിക്കായി പോരാടുകയാണ്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഫെലോഷിപ്പോടെ രണ്ടു വർഷം മുൻപാണ് അനഘ മലയാള സർവകലാശാലയിൽ ഗവേഷകയായി പ്രവേശിക്കുന്നത്. സർവകലാശാലയിൽ ഗവേഷണത്തിനെത്തുന്ന വിദ്യാർഥികളുടെ പഠനപുരോഗതി ഉറപ്പാക്കുകയും ഗവേഷണം സുഗമമാക്കുകയും ചെയ്യേണ്ടത് സ്ഥാപനത്തിന്റെയും പഠനവകുപ്പിന്റെയും റിസർച്ച് ഗൈഡിന്റെയും പ്രാഥമിക ചുമതലയാണ്. എന്നാൽ, വലിയ പ്രതീക്ഷകളോടെ എത്തിയ അനഘയ്ക്ക് ജാതിവിവേചനത്തിന്റെ തിക്താനുഭവങ്ങളാണ് സർവകലാശാല സമ്മാനിച്ചത്.
താൻ നേരിട്ട വിവേചനങ്ങൾ ഒരു വർഷം മുൻപുതന്നെ അനഘ പട്ടികജാതി ക്ഷേമസമിതിയെ (പി.കെ.എസ്.) അറിയിച്ചിരുന്നു. അന്നുതന്നെ സംഘടനാപ്രവർത്തകർ വീട്ടിലെത്തി അനഘയുടെ അമ്മയെ കണ്ടു സംസാരിച്ചതായി പി.കെ.എസ്. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിൽനിന്നുതന്നെ നീതിക്കായി സർവകലാശാലയ്ക്കകത്തും പുറത്തും അനഘ പരാതികൾ ഉന്നയിച്ചിരുന്നുവെന്ന് വ്യക്തമാണ്.
മഹാത്മാഗാന്ധി സർവകലാശാലയിൽ നാനോ സയൻസ് ഗവേഷക ഡോ. ദീപ പി. മോഹനന് അനിശ്ചിതകാല നിരാഹാരസമരം നടത്തേണ്ടിവന്നതും സമാനമായ വിവേചനത്തിനെതിരെയായിരുന്നു. നാനോ സയൻസ് പോലൊരു വിഷയത്തിൽ ഗവേഷണം നടത്താൻ ദീപയ്ക്കു ശേഷിയില്ലെന്ന തരത്തിലുള്ള സവർണാധികാര ആഖ്യാനങ്ങളാണ് അന്നും അധികാരികൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ദലിത് വിദ്യാർഥികൾ ഉയർന്നു വരുമ്പോൾ മാത്രം എന്തിനാണ് അവരുടെ കഴിവിനെ ചോദ്യംചെയ്യുന്ന ഇത്തരം വ്യാജ ആഖ്യാനങ്ങൾ ചമയ്ക്കപ്പെടുന്നത്? പൊതുസമൂഹം ഇതൊക്കെ വളരെവേഗം വിശ്വസിക്കത്തക്കവിധം ദലിത് വിരുദ്ധത നമ്മുടെ പുരോഗമന മുഖംമൂടികൾക്കു പിന്നിൽ ആഴത്തിൽ ഒളിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
പത്തുവർഷം മുൻപാണ് ശാസ്ത്രഗവേഷണ പ്രതിഭയായിരുന്ന രോഹിത് വെമുലയുടെ ഹൈദരാബാദ് സർവകലാശാലയിലെ ആത്മഹത്യ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചത്. ആ ദാരുണാന്ത്യത്തിനു ശേഷമാണ് അതേ സർവകലാശാലയിലെ ഒരു പ്രഫസർ തന്റെ ക്വാർട്ടേഴ്സിൽ ജാതിവിശുദ്ധി സൂക്ഷിക്കാൻ കിണർ കുഴിച്ചതും അത് 'ബ്രാഹ്മൺ കിണർ' എന്ന പേരിൽ കുപ്രസിദ്ധമായതും മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞത്. ഇത്രയും കാലത്തെ നമ്മുടെ വിദ്യാഭ്യാസം ജാതിനിർമാർജനത്തിലോ വിവേചനരഹിതമായ ഒരു അക്കാദമികാന്തരീക്ഷം രൂപപ്പെടുത്തുന്നതിലോ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. പുരോഗമന കേരളത്തിലെ കോളേജ് കാമ്പസിൽ ഡെന്റൽ വിദ്യാർഥിയായിരുന്ന നിധിൻ രാജ് ആക്രമിക്കപ്പെട്ടതിനു ശേഷമാണ് അവിടെയുള്ള മറ്റു പല ദലിത് വിദ്യാർഥികളും സ്ഥാപനവൽകൃത ജാതിവിവേചനത്തിന്റെ ഭീകരത തുറന്നുപറയാൻ തയാറായത്.
സംഘബലവും ജാതീയമായ പ്രിവിലേജുകളും സ്ഥാപനപരമായ അധികാരമുപയോഗിച്ചും ആളുകളെ നിശ്ശബ്ദരാക്കുന്ന സവർണ മേൽക്കോയ്മയെ പ്രതിരോധിക്കാൻ കേരളത്തിലും 'രോഹിത് വെമുല ആക്ട്' നടപ്പാക്കേണ്ടതുണ്ട്. അനഘയ്ക്ക് നഷ്ടപ്പെട്ട അധ്യയനവർഷങ്ങൾ തിരിച്ചുനൽകാനും ആത്മാഭിമാനത്തോടെ ഗവേഷണം പൂർത്തിയാക്കാനുമുള്ള ജനാധിപത്യപരമായ അന്തരീക്ഷം ഒരുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
ഇരകളെത്തന്നെ സ്വഭാവഹത്യ നടത്തുന്ന സ്ഥിരം സവർണശൈലികളെ മറികടക്കാൻ പൊതുസമൂഹത്തിന് കഴിയേണ്ടതുണ്ട്. അനഘ ശശിക്ക് നീതിതേടി നിരാഹാരമിരിക്കേണ്ടി വന്ന സാഹചര്യം, പുരോഗമന കേരളം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യബോധത്തിന്റെ പൊള്ളത്തരത്തെ മാത്രമല്ല, ഉന്നതവിദ്യാഭ്യാസ രംഗത്തെ കടുത്ത ദലിത് വിരുദ്ധതയെക്കൂടിയാണ് തുറന്നുകാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.