ഇസ്ലാമിലെ സ്ത്രീയെക്കുറിച്ചുള്ള ഒരു പ്രസ്താവന വീണ്ടും പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഒരു മതപണ്ഡിതന്റെ വാക്കുകളോട് യോജിക്കാനും വിയോജിക്കാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, ഒരു വ്യക്തിയുടെ പ്രസ്താവനയെ ഇസ്ലാമിന്റെ മുഴുവൻ സ്ത്രീസങ്കൽപ്പമായി അവതരിപ്പിക്കുന്നതും ശരിയായ സമീപനമല്ല. ഇത്തരം പരാമർശങ്ങളെ ചില ചാനൽ ചർച്ചകളിൽ ‘ഇസ്ലാം സ്ത്രീവിരുദ്ധമാണ്’ എന്ന നിഗമനത്തിലേക്ക് കൊണ്ടുപോകുന്ന പ്രവണത കാണാം. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതകളെയും മറ്റ് മതവിഭാഗങ്ങളിലെ സ്ത്രീവിരുദ്ധതയെയും ചർച്ച ചെയ്യാതെ, മുസ്‌ലിം വിഷയങ്ങൾ വരുമ്പോൾ മാത്രം അത് ‘മതത്തിന്റെ മാത്രം കുഴപ്പമായി’ ചിത്രീകരിക്കുന്ന മാധ്യമരീതിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു വ്യക്തിയുടെ അഭിപ്രായവും ഒരു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും ചരിത്രവും നമ്മുടെ ചുറ്റുമുള്ള യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം മനസ്സിലാക്കാതെയുള്ള ഇത്തരം പൊതുവൽക്കരണങ്ങൾ ഗൗരവമുള്ള സാമൂഹികചർച്ചയെ ദുർബലപ്പെടുത്തുകയാണ്.

എന്തുകൊണ്ടാണ് ഇസ്ലാം വിമർശനങ്ങളിൽ വീണ്ടും വീണ്ടും ഹിജാബും പർദയും മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യവും മാത്രം പ്രധാന ആയുധങ്ങളായി മാറുന്നത്? എന്നാൽ അവളുടെ വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികസ്വാതന്ത്ര്യം, സ്വത്തവകാശം, സാമൂഹികപങ്കാളിത്തം, നേതൃത്വശേഷി എന്നിവ ചർച്ചയുടെ കേന്ദ്രത്തിലേക്ക് വരാറില്ല. ഇസ്ലാമിൽ സ്ത്രീ-പുരുഷ ഇടപഴകലുകളിൽ ധാർമികമായ അതിരുകൾ നിർദേശിക്കുന്നുണ്ട്. എന്നാൽ, അതിരുകൾ നിശ്ചയിക്കുക എന്നത് വിദ്യാഭ്യാസവും തൊഴിലും സാമൂഹികസേവനവും സാമ്പത്തികപ്രവർത്തനവും പൊതുജീവിതത്തിലെ പങ്കാളിത്തവും നിഷേധിക്കലല്ല. ഇസ്ലാമിൽ ഇത്തരം സാമൂഹിക, ധാർമിക, വൈയക്തിക മാനദണ്ഡങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ബാധകമാണ്.

ചരിത്രവും സമകാലിക യാഥാർഥ്യങ്ങളും

സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിൽപങ്കാളിത്തവും സാമൂഹികമുന്നേറ്റവും അവഗണിച്ചുകൊണ്ട് ‘മുസ്‌ലിം സ്ത്രീ എന്നാൽ വീട്ടിനുള്ളിൽ മാത്രം കഴിയുന്നവൾ’ എന്ന ചിത്രം വരയ്ക്കുന്നത് വസ്തുതാപരമല്ല. ഇസ്ലാമിന്റെ ചരിത്രം സ്ത്രീകളുടെകൂടി പങ്കാളിത്തത്തിന്റെ ചരിത്രമാണ്. കച്ചവടരംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഖദീജ(റ)യും ആയിരക്കണക്കിന് പുരുഷന്മാർക്കും സ്ത്രീകൾക്കും അറിവ് പകർന്നുനൽകിയ മഹാപണ്ഡിതയായ പ്രവാചകപത്നി ആയിശ(റ)യും ഇതിന് തെളിവാണ്. ഏഴാം നൂറ്റാണ്ടിൽതന്നെ സ്ത്രീക്ക് സ്വത്തവകാശവും വിവാഹ-ജീവിത തെരഞ്ഞെടുപ്പുകളിലെ സ്വയംഭരണാവകാശവും ഉറപ്പുനൽകിയ നിയമസംഹിതയാണ് ഇസ്ലാം. ഈ ചരിത്രപരമായ മുന്നേറ്റത്തെ ബ്രിട്ടീഷ് സാമൂഹികപ്രവർത്തകയും ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവുമായ ആനി ബസന്റ് നിരീക്ഷിച്ചത് ഇപ്രകാരമാണ്: “ഇസ്ലാമിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ ഭരണസിംഹാസനത്തിലും യുദ്ധക്കളത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും കവിതയിലുമെല്ലാം സ്ത്രീകൾ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നതായി കാണാം.”

കേരളീയ സാഹചര്യത്തിലും ഇത് പ്രകടമാണ്. സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ മുസ്‌ലിം സ്ത്രീകൾ കൈവരിച്ച മുന്നേറ്റം മതനേതൃത്വവും സാമൂഹികപ്രസ്ഥാനങ്ങളും ഒത്തുചേർന്ന് വളർത്തിയെടുത്തതാണ്. 1980കളിൽ വളരെ താഴ്ന്ന നിലയിലായിരുന്ന മുസ്‌ലിം സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനനിരക്കിൽ (GER) കഴിഞ്ഞ പതിറ്റാണ്ടുകളിൽ 30 മുതൽ 35 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് 90 ശതമാനത്തിലധികം സാക്ഷരത കൈവരിച്ച മുസ്‌ലിം പെൺകുട്ടികൾ ആർട്സ്, സയൻസ് കോളജുകൾക്ക് പുറമെ മെഡിക്കൽ, എൻജിനീയറിങ്, സിവിൽ സർവീസ് തുടങ്ങിയ പ്രഫഷനൽ മേഖലകളിലും മുൻപന്തിയിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീസംവരണവും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ (ചില മേഖലകളിൽ 40-50 ശതമാനം വരെ) സജീവപങ്കാളിത്തവും വഴി നിർണായക തീരുമാനങ്ങളെടുക്കുന്ന പദവികളിലേക്ക് അവർ ഉയർന്നുവന്നു. 1980കളിൽ വീട്ടകങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അവസ്ഥയിൽനിന്ന് മാറി ഇന്ന് അധ്യാപനം, ആരോഗ്യരംഗം, ഐ.ടി, മാധ്യമങ്ങൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയിലൊക്കെയും മുസ്‌ലിം സ്ത്രീകൾ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.

ഇസ്ലാമിക രാജ്യങ്ങളിലെ യാഥാർഥ്യവും വ്യത്യസ്തമല്ല. 2024ലെ ലോകബാങ്ക് വിവരങ്ങളനുസരിച്ച് സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനനിരക്ക് 56 മുതൽ 84 ശതമാനം വരെയാണ്. ഖത്തറിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 67 ശതമാനത്തിലെത്തി. യു.എ.ഇ പാർലമെന്റിൽ 50 ശതമാനവും സൗദി, ബഹ്റൈൻ സഭകളിൽ 20 ശതമാനത്തോളവും സ്ത്രീപ്രാതിനിധ്യമുണ്ട്.

അതുകൊണ്ട് ഒരു മതപണ്ഡിതന്റെ പ്രസ്താവനയെ വിമർശിക്കേണ്ടതുണ്ടെങ്കിൽ അത് ആ പ്രസ്താവനയുടെ ഉള്ളടക്കത്തിന്റെയും സന്ദർഭത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം. അതിനെ ഇസ്ലാമിന്റെ മുഴുവൻ സ്ത്രീസങ്കൽപ്പമായി ചിത്രീകരിക്കേണ്ടതില്ല.

സാമൂഹിക യാഥാർഥ്യങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

നമ്മുടെ നാട്ടിൽ സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ ഇന്നും സ്ഥിതി പൂർണമായും തൃപ്തികരമാണെന്ന് പറയാനാകില്ല. നിയമപരമായ അവകാശങ്ങളും ഭരണഘടനാപരമായ സംരക്ഷണങ്ങളും ഉണ്ടായിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അസമത്വങ്ങളും പല രൂപത്തിൽ തുടരുന്നു. അതുകൊണ്ടുതന്നെ, സ്ത്രീകൾക്ക് എല്ലാ അവകാശങ്ങളും ഉറപ്പുനൽകുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലും രാജ്യത്തിലും ഇത്തരം ചർച്ചകൾ നടക്കുമ്പോൾ, ഒരു സമുദായത്തിലെ സ്ത്രീകളുടെ പ്രശ്നം എന്നതിനപ്പുറം നമ്മുടെ പൊതുസാമൂഹിക യാഥാർഥ്യങ്ങളിലേക്കും ഒരുനിമിഷം തിരിഞ്ഞുനോക്കേണ്ടതുണ്ട്.

ഇതെഴുതുമ്പോൾ, കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട, ‘നിർഭയ’ സംഭവത്തെ ഓർമിപ്പിക്കുന്ന പതിനാറുകാരിയായ പെൺകുട്ടി നേരിട്ട ദാരുണമായ പീഡനവാർത്ത മനസ്സിലേക്ക് വരികയാണ്. സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾ നടത്തുമ്പോൾ, അവർക്ക് നേരെയുള്ള അതിക്രമങ്ങളുടെ ഭീകരയാഥാർഥ്യങ്ങളെക്കുറിച്ചും നാം അതേ ഗൗരവത്തിൽ സംസാരിക്കേണ്ടതില്ലേ?

ഇസ്ലാമിലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുമ്പോൾ, നമ്മുടെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സംവരണം, രാഷ്ട്രീയ-ഭരണ പങ്കാളിത്തം, വിദ്യാഭ്യാസം, തൊഴിൽ, തീരുമാനമെടുക്കാനുള്ള അവസരങ്ങൾ, സാമൂഹികസുരക്ഷ എന്നിവയും സാന്ദർഭികമായി പരിശോധിക്കുന്നത് ഉചിതമാണ്. കേരളം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സാമൂഹികപുരോഗതിയിലും മുന്നിലാണ് എന്ന് അഭിമാനിക്കുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ പൂർണമായി ഇല്ലാതായിട്ടില്ല എന്നതും മറക്കരുത്.

അതിനാൽ, ‘മുസ്‌ലിം സ്ത്രീ സ്വതന്ത്രയാണോ?’ എന്ന ചോദ്യത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ഇത്. ‘നമ്മുടെ സമൂഹത്തിലെ എല്ലാ സ്ത്രീകളും യഥാർഥത്തിൽ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരും തുല്യാവകാശമുള്ളവരുമാണ്?’ എന്ന ചോദ്യംകൂടി നാം സ്വയം ചോദിക്കണം. ഒരു സ്ത്രീയുടെ വസ്ത്രം മാത്രം നോക്കി അവളുടെ സ്വാതന്ത്ര്യത്തെ അളക്കാനാകില്ല. അതുപോലെ, ഒരു മതപണ്ഡിതന്റെ പ്രസ്താവന മാത്രം ചൂണ്ടിക്കാട്ടി ഒരു മതത്തിന്റെ സ്ത്രീസങ്കൽപ്പത്തെ മുഴുവൻ നിർവചിക്കാനും കഴിയില്ല. സ്ത്രീയെ അവളുടെ വസ്ത്രത്തിനപ്പുറം, അവകാശങ്ങളിലൂടെയും കഴിവുകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തികസ്വാതന്ത്ര്യത്തിലൂടെയും സാമൂഹികപങ്കാളിത്തത്തിലൂടെയും നേതൃത്വത്തിലൂടെയും കാണാൻ നമുക്ക് കഴിയണം. അതാണ് സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയെ കൂടുതൽ സത്യസന്ധവും നീതിപൂർവവും പ്രസക്തവുമാക്കുക.

thayyiba.s@gmail.com

Tags:    
News Summary - The Muslim Woman: Realities Beyond Media Trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.