ജലീൽ അക്തർ അഭിഭാഷകരായ ഷാഹിദ് റാസ, അബൂബക്കർ ഖാലിദ് സൈഫുല്ല എന്നിവർക്കൊപ്പം
ഒരു ബംഗാളി മുസ്‌ലിമിനെ ‘ബംഗ്ലാദേശി’യാക്കുന്ന വിധം
ജൂൺ 19-ന് അർധരാത്രി ‘ബംഗ്ലാദേശി’ മുദ്രകുത്തി പശ്ചിമ ബംഗാളിലെ ദാൽഖോല പൊലീസ് പിടിച്ചുകൊണ്ടുപോയ ബഗ്രെയിൽ ഗ്രാമവാസി ജലീൽ അക്തറിന് മൂന്നു മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. കേസ് തീർപ്പാക്കുന്നതുവരെ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും അനുമതിയില്ലാതെ പ്രദേശം വിട്ടുപോകരുതെന്നുമുള്ള കർശന വ്യവസ്ഥകളോടെ സെപ്റ്റംബർ 15-നാണ് ഉത്തർ ദിനാജ്പൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജംഷദ് ശൈഖ് അക്തറിന് ജാമ്യം അനുവദിച്ചത്. ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം അദ്ദേഹം ഇസ്‌ലാംപൂർ സബ് കറക്ഷണൽ സെന്ററിൽനിന്ന് പുറത്തിറങ്ങി.
‘‘ഈ രണ്ട് അഭിഭാഷകർ ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും മോചനം ലഭിക്കുമായിരുന്നില്ല. അവർ സൗജന്യമായാണ് കേസ് നടത്തിയത്. കോടതി രേഖകൾ ഏർപ്പാടാക്കിയത് പോലും അവരുടെ ചെലവിലാണ്’’ - അഭിഭാഷകരായ ഷാഹിദ് റാസ, അബൂബക്കർ ഖാലിദ് സൈഫുല്ല എന്നിവരെ അരികിൽ നിർത്തിക്കൊണ്ട് അക്തർ ‘ദി വയറി’നോട് പറഞ്ഞു. ജാമ്യവ്യവസ്ഥയായി കോടതിയിൽ കെട്ടിവെക്കേണ്ടി വന്ന 10,000 രൂപ നൽകിയതും റാസയാണ്.
ഭാര്യ ബീബി തൗഫ പോലും അറിയാതെ അതീവ രഹസ്യമായാണ് പൊലീസ് വീട്ടിൽ അതിക്രമിച്ചുകയറി അക്തറിനെ അന്ന് കൊണ്ടുപോയത്. ‘‘അവർ എന്നെ ഒരു ബി.എസ്.എഫ് ക്യാമ്പിലേക്ക് കൈമാറി. ബംഗ്ലാദേശിയാണെന്ന് സമ്മതിക്കാൻ ഉദ്യോഗസ്ഥർ നിരന്തരം സമ്മർദം ചെലുത്തി. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. ജീവിതത്തിൽ ഒരിക്കൽപോലും ഞാൻ ബംഗ്ലാദേശിൽ പോയിട്ടില്ല. ഞാൻ ഇവിടെയാണ് ജനിച്ചതും വളർന്നതും. ഞാൻ എങ്ങനെ പെട്ടെന്ന് ഒരു രാത്രികൊണ്ട് ബംഗ്ലാദേശിയാകും?’’ - അക്തർ ചോദിക്കുന്നു.
മൊഴിയും സാഹചര്യവും ബോധ്യപ്പെട്ടതോടെ ബി.എസ്.എഫ് ഉദ്യോഗസ്ഥർ അക്തറിനെ ദാൽഖോല പൊലീസിന് തിരികെ കൈമാറി. എന്നാൽ ദുരിതം അവിടെ അവസാനിച്ചില്ല. പൊലീസ് സ്റ്റേഷനിലും ഹോൾഡിങ് സെന്ററിലും ജയിലിലുമായി കഴിഞ്ഞ മൂന്നു മാസത്തെ അനിശ്ചിതത്വം അദ്ദേഹത്തെ ശാരീരികമായും മാനസികമായും തളർത്തി. അയൽക്കാരും സമൂഹത്തിലെ ആളുകളും തന്നെ എങ്ങനെ നോക്കിക്കാണുമെന്ന ഭയം അക്തറിനെ വേട്ടയാടുന്നുണ്ട്.
‘‘ജാമ്യം ലഭിച്ചു, പക്ഷേ എനിക്ക് പേടിയാണ്. ഇനിയെനിക്ക് സാധാരണ ജീവിതം സാധ്യമാകുമോ? അന്വേഷണത്തിന്റെ പേരിൽ വീണ്ടും അവരെന്നെ ഓരോ സ്ഥലങ്ങളിലേക്ക് വലിച്ചിഴയ്ക്കുമോ? അങ്ങനെ സംഭവിച്ചാൽ എനിക്ക് അതിജീവിക്കാൻ കഴിയില്ല’’ - അദ്ദേഹം വിതുമ്പലോടെ പറയുന്നു.
‘ബംഗ്ലാദേശി’ മുദ്ര വന്ന വഴി
ഉത്തർ ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ച് നഗരത്തിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ബഗ്രെയിൽ ഗ്രാമത്തിലാണ് അക്തർ ജനിച്ചതും ഭാര്യയും നാലു മക്കളുമൊത്ത് ജീവിച്ചതും. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞു; ആൺമക്കൾ രണ്ടുപേർ ഡൽഹിയിലും ഹൈദരാബാദിലും അതിഥിത്തൊഴിലാളികളാണ്. സ്വന്തമായി കൃഷിഭൂമിയില്ലാത്ത അദ്ദേഹം കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്.
പിടിച്ചുകൊണ്ടുപോകാൻ വന്ന പൊലീസുകാരോട് ‘‘എന്തിനാണ് എന്നെ കൊണ്ടുപോകുന്നത്?’’ എന്ന് ചോദിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ‘‘നീ ബംഗ്ലാദേശിൽനിന്ന് വന്നതാണ്, നിന്നെ ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയക്കും’’ എന്നായിരുന്നു മറുപടി. ഭാര്യയെ വിളിക്കാൻ സമയം നൽകണമെന്ന് പൊലീസുകാരോട് അഭ്യർഥിച്ചെങ്കിലും അനുവദിച്ചില്ല. ബലമായി വലിച്ച് വാഹനത്തിൽ കയറ്റി ദാൽഖോല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പൊലീസ് കൊണ്ടുപോയെന്ന് കേട്ടയുടൻ പരിഭ്രാന്തരായ കുടുംബം, അക്തറിന്റെ തിരിച്ചറിയൽ രേഖകളായ ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ്, ഭൂമിയുടെ രേഖകൾ എന്നിവയും മറ്റ് രേഖകളും ശേഖരിച്ച് ദാൽഖോല പൊലീസ് സ്റ്റേഷനിലെത്തി.
‘‘ഞങ്ങൾ എല്ലാ രേഖകളും പൊലീസിനെ കാണിച്ചു. അവർ വിഷയം പരിശോധിക്കുകയാണെന്ന് പറഞ്ഞു’’ - ബന്ധു മതീഉർറഹ്‌മാൻ പറഞ്ഞു. അക്തറിനെ ചാകുലിയയിലെ നിസാംപൂർ ഡിറ്റൻഷൻ സെന്ററിലേക്കാണ് കൊണ്ടുപോയതെന്ന് കുടുംബം അറിയുന്നത് പൊലീസ് സ്റ്റേഷനിൽ വെച്ചാണ്.
അക്തറിന്റെ പേര് ദീർഘകാലമായി വോട്ടർപട്ടികയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. ഇതൊക്കെ പറഞ്ഞിട്ടും പൊലീസ് അദ്ദേഹത്തെ വിട്ടയച്ചില്ല. പകരം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: ‘‘അദ്ദേഹത്തെ വിട്ടയക്കാൻ നിങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ ഞാൻ എന്തുമാത്രം സമ്മർദത്തിലാണെന്ന് നിങ്ങൾക്കറിയാമോ? 500 പേരുടെ പട്ടിക തന്നിട്ട് അവരെ പിടികൂടാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നുപോലും വേറെ 30 പേരുകൾ വന്നിട്ടുണ്ട്.’’
ബി.എസ്.എഫ് ക്യാമ്പിൽനിന്ന് അക്തറിനെ കൊണ്ടുപോയ ശേഷം പ്രാഥമിക അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ എത്തിയിരുന്നുവെന്ന് റഹ്മാൻ പറഞ്ഞു. അവർ കുടുംബം നൽകിയ രേഖകളും വിവരങ്ങളും പരിശോധിക്കുകയും അക്തർ ഇന്ത്യൻ പൗരനാണെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും പൊലീസ് അദ്ദേഹത്തെ വിട്ടയച്ചില്ല.
ജൂലൈ 22-ന് അക്തറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴും പൊലീസ് അദ്ദേഹത്തെ ബംഗ്ലാദേശ് പൗരനായിത്തന്നെയാണ് ചിത്രീകരിച്ചത്. ബംഗ്ലാദേശിലെ ഠാക്കൂർഗാവ് ജില്ലയിലുള്ള ഹരിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അന്ധാരാഹമത്പൂർ ഗ്രാമവാസിയാണ് അക്തർ എന്നാണ് പൊലീസ് റിപ്പോർട്ടിൽ അവകാശപ്പെട്ടത്. അന്ന് പൗരത്വ രേഖകൾ സമർപ്പിച്ച് ജാമ്യം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. പകരം, വിവരങ്ങളെല്ലാം കൃത്യമായി പരിശോധിച്ച് ജൂലൈ 28-നകം റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയതായി അക്തറിന്റെ അഭിഭാഷകൻ റാസ പറഞ്ഞു.
എന്നാൽ, ജൂലൈ 28-ന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം കൂടുതൽ സമയം ആവശ്യപ്പെട്ടു. തുടർന്ന് റിപ്പോർട്ട് നൽകാനുള്ള അടുത്ത സമയപരിധിയായി കോടതി ആഗസ്റ്റ് 1 നിശ്ചയിച്ചു. ഒടുവിൽ ആഗസ്റ്റ് 5-നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യൻ പൗരത്വം തെളിയിക്കാൻ അക്തറിന്റെ കുടുംബം സമർപ്പിച്ച രേഖകളുടെ യാതൊരു പരിശോധനയും ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്ന് റാസ വ്യക്തമാക്കുന്നു. പകരം, അക്തറിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട റിപ്പോർട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്.
തങ്ങളുടെ മുന്നിൽവെച്ച പൗരത്വ രേഖകൾ പൊലീസ് പരിശോധിച്ച് ഉറപ്പുവരുത്താതിരുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന്, ആഗസ്റ്റ് 19-ന് അക്തറിന്റെ വോട്ടർ ഐഡിയും റേഷൻ കാർഡും സാധുവാണെന്ന് കാണിച്ച് പൊലീസ് മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. സെപ്റ്റംബർ 10-ന് കേസ് പരിഗണിച്ച കോടതി, സെപ്റ്റംബർ 14-ന് വീണ്ടും പരിഗണിക്കുമെന്നും കുടുംബാംഗങ്ങളോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചു.
സെപ്റ്റംബർ 14-ന് ഭാര്യ തൗഫയും പെൺമക്കളായ റുക്സാനയും ഫുൽസുമയും കോടതിയിൽ നേരിട്ടെത്തി. സമർപ്പിച്ച രേഖകളും വാദങ്ങളും പരിശോധിച്ച ശേഷം അഡീഷണൽ ഡിസ്ട്രിക്റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജംഷദ് ശൈഖ് അക്തറിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.
അക്തർ തടവിലായത് കുടുംബത്തെ കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഭാര്യ തൗഫ ഭക്ഷണംപോലും ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആൺമക്കൾ പിതാവിന് സംഭവിച്ചത് പുറത്തറിഞ്ഞാൽ തങ്ങളും വേട്ടയാടപ്പെടുമോ എന്ന ഭയത്തിലാണ് ആഴ്ചകൾ തള്ളിനീക്കിയത്. ഗ്രാമത്തിൽ ഇപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്: അക്തറിന്റെ പൗരത്വം തെളിയിക്കുന്ന രേഖകൾ കുടുംബം കൃത്യമായി ഹാജരാക്കിയിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ വിട്ടയക്കാതിരുന്നത്? ബംഗ്ലാദേശിയെന്ന് മുദ്രകുത്തി പൊലീസ് അദ്ദേഹത്തെ മൂന്നു മാസമാണ് അകാരണമായി കസ്റ്റഡിയിൽ വെച്ചത്. അദ്ദേഹം ബംഗ്ലാദേശ് പൗരനാണെന്നതിന് പൊലീസിന് എന്തെങ്കിലും തെളിവ് ലഭിച്ചോ? ഉത്തരം ഇപ്പോഴും വ്യക്തമല്ല.
അത്തരം തെളിവുകളൊന്നും ലഭിച്ചില്ലെങ്കിൽ, 66 വയസ്സുള്ള ഒരു ദിവസവേതന തൊഴിലാളിയെ ഇത്രയും കാലം ജയിലിലടച്ചതിന്റെ അടിസ്ഥാനം എന്തായിരുന്നു? ആ ചോദ്യത്തിന് ആരാണ് മറുപടി പറയുക?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.