വൈ​ദ്യു​തി സ്വ​യം​പ​ര്യാ​പ്ത​ത കേ​ര​ളം തേ​ട​ണം പു​തു​വ​ഴി

കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള മഴക്കുറവും കൽക്കരി അധിഷ്ഠിത വൈദ്യുതി വാങ്ങുന്നതിലെ തടസ്സങ്ങളും സംസ്ഥാനത്തെ വലിയൊരു വിഷമവൃത്തത്തിലാക്കിയിരിക്കുന്നു. തമിഴ്‌നാട് അടക്കമുള്ള അയൽസംസ്ഥാനങ്ങളിലും സമാന സാഹചര്യമുള്ളതിനാൽ പെട്ടെന്നൊരു പരിഹാരം എളുപ്പമല്ല. എന്നാൽ, ഈ ഘട്ടത്തിലും കക്ഷിരാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം ശാസ്ത്രീയമായ പരിഹാരങ്ങൾ ചർച്ചയാകുന്നില്ല. പാരിസ്ഥിതിക കാരണങ്ങളാൽ ഉപേക്ഷിച്ച അതിരപ്പിള്ളി പോലുള്ള വൻകിട പദ്ധതികൾ വീണ്ടും പൊടിതട്ടിയെടുക്കാനും, കേരളത്തിന് അനുയോജ്യമല്ലെന്നു കണ്ട ആണവനിലയങ്ങൾ തിരികെ ചർച്ചകളിലേക്ക് കൊണ്ടുവരാനുമാണ് വൈദ്യുതി ബോർഡും അധികൃതരും ശ്രമിക്കുന്നത്.

ഇതിനിടയിൽ ബോർഡ് അവഗണിക്കുന്ന ഒരു വലിയ യാഥാർഥ്യമുണ്ട്. പകൽസമയങ്ങളിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് വീടുകളും സ്ഥാപനങ്ങളും പുരപ്പുറ സൗരോർജത്തിലൂടെ വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്; ചിലപ്പോൾ ഗ്രിഡിന് താങ്ങാവുന്നതിലധികം പോലും. എന്നാൽ സൂര്യനസ്തമിച്ചാൽ ചിത്രം മാറും. ഉപഭോഗം കുതിച്ചുയരുകയും ആഭ്യന്തര ഉൽപാദനം തികയാതെവരികയും ചെയ്യുമ്പോൾ വൻവില നൽകി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. ലഭ്യത കുറയുമ്പോൾ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ഇവിടെ പ്രശ്നം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയാത്തതല്ല; പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വൈകുന്നേരത്തെ പീക്ക് സമയത്ത് വിനിയോഗിക്കാൻ കരുതിവെക്കുന്ന ബാറ്ററി സംഭരണസംവിധാനങ്ങൾ നമ്മുടെ ഊർജനയത്തിന്റെ മുൻഗണനയിൽ വരുന്നില്ല എന്നതാണ്.

ഇതൊരു മുൻഗണനാപ്രശ്നമാണ്. സെപ്റ്റംബറിൽ പോലും പ്രതിദിന ഉപഭോഗം 90 ദശലക്ഷം യൂണിറ്റും കടന്ന് 94.76 ദശലക്ഷം യൂണിറ്റെന്ന റെക്കോർഡിലെത്തി. അന്ന് സംസ്ഥാനത്തെ സ്വന്തം ഉൽപാദനം വെറും 22.85 ദശലക്ഷം യൂണിറ്റായിരുന്നു; ബാക്കി 72.91 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയതാണ്. ആവശ്യത്തിന്റെ നാലിലൊന്ന് മാത്രമാണ് സ്വന്തം ഉൽപാദനം. മഴ കുറഞ്ഞാൽ ജലവൈദ്യുതി നിലയ്ക്കും, വിപണിവില ഉയർന്നാൽ ബോർഡിന്റെ സാമ്പത്തികബാധ്യതയും കൂടും. അതുകൊണ്ട് കൂടുതൽ ഉൽപാദിപ്പിക്കുന്നതിനേക്കാൾ പ്രധാനം, ഉള്ള വൈദ്യുതി കരുതിവെച്ച് അടിയന്തരാവശ്യത്തിന് വിനിയോഗിക്കാനുള്ള സംവിധാനമൊരുക്കലാണ്.

ഓരോ പ്രതിസന്ധിക്കും പരിഹാരം പുതിയ അണക്കെട്ടുകളല്ല. 163 മെഗാവാട്ടിനായി അതിരപ്പിള്ളി വീണ്ടും ചർച്ചയാകുമ്പോൾ ചാലക്കുടിപ്പുഴയുടെ ഒഴുക്കും വനനശീകരണവും ജൈവവൈവിധ്യനഷ്ടവും ഉയർത്തുന്ന ചോദ്യങ്ങൾ ബാക്കിയാണ്. പ്രവചനാതീതമായ അതിതീവ്രമഴയും വരൾച്ചയും മാറിമറിയുന്ന ഇക്കാലത്ത് ജലവൈദ്യുതിയെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ല. ആണവനിലയമാകട്ടെ, ഭൂമിശാസ്ത്രപഠനങ്ങൾ, റേഡിയേഷൻ സുരക്ഷ, ആണവമാലിന്യ സംസ്കരണം, ഭീമമായ നിക്ഷേപം എന്നിവ ആവശ്യമുള്ള ഒന്നാണ്. ഇന്നത്തെയും അടുത്ത ഏതാനും വർഷങ്ങളിലെയും അടിയന്തരക്ഷാമത്തിന് ആണവോർജം ഉടനടി പരിഹാരവുമല്ല.

ഇവിടെയാണ് സമൂഹാധിഷ്ഠിത ബാറ്ററി സംഭരണസംവിധാനം (Community Battery Energy Storage System - C-BESS) മുന്നോട്ടുവെക്കുന്ന സാധ്യത. വലിയ നിലയങ്ങൾ പണിയാൻ വർഷങ്ങൾ വേണം; എന്നാൽ ഇത്തരം ബാറ്ററികൾ സ്ഥാപിക്കാൻ പുതിയ നദിയോ വനനശീകരണമോ നീണ്ട പ്രസരണലൈനുകളോ ആവശ്യമില്ല. 2025-ലെ കണക്കനുസരിച്ച് കേരളത്തിൽ 92,000-ത്തിലധികം വിതരണ ട്രാൻസ്ഫോർമറുകളുണ്ട്. ഓരോ ട്രാൻസ്ഫോർമറിനെയും ചുറ്റിപ്പറ്റിയുള്ള പ്രദേശത്തെ വികേന്ദ്രീകൃത ചെറുകിട ഊർജസംഭരണ കേന്ദ്രങ്ങളാക്കി മാറ്റിയാൽ പ്രാദേശിക വിതരണശൃംഖലയിലെ സമ്മർദം കുറയും; പീക്ക് സമയത്തെ വൈദ്യുതി വാങ്ങലും ഒഴിവാക്കാം. പഞ്ചായത്തുകളും പൊതുസമൂഹവും വൈദ്യുതി ബോർഡിനൊപ്പം നിൽക്കുന്ന പങ്കാളിത്താധിഷ്ഠിത മാതൃകയാണിത്.

പെരിഞ്ഞനം വിളക്കുതെളിക്കുന്നു

തൃശൂരിലെ പെരിഞ്ഞനം ഇതിന് മികച്ച ഉദാഹരണമാണ്. ആയിരത്തോളം വീടുകളിൽ പുരപ്പുറ സോളാർ നടപ്പാക്കിയ പെരിഞ്ഞനത്ത്, അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സിന്റെ പഠനത്തിന് പിന്നാലെ കെ.എസ്.ഇ.ബിയുമായി ചേർന്ന് രണ്ടു കോടി രൂപയുടെ സമൂഹ ബാറ്ററി പദ്ധതിയാണ് മുന്നിലുള്ളത്. പകൽ ലഭിക്കുന്ന അധിക സൗരോർജം സംഭരിച്ച് വൈകുന്നേരം ഗ്രിഡിലേക്ക് നൽകുകയാണ് ലക്ഷ്യം.

ഇത്തരം പദ്ധതികൾ വിജയിക്കാൻ സഹകരണ ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങൾ, ഉപഭോക്തൃ കൂട്ടായ്മകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വ്യക്തമായ ഉടമസ്ഥതാ-വരുമാന പങ്കിടൽനയം വേണം. വീടുകളിലെ സോളാർ സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഇതിന്റെ ഭാഗമാകണം. മന്ത്രി സണ്ണി ജോസഫ് പഞ്ചായത്തുതല സംഭരണത്തെക്കുറിച്ച് സംസാരിച്ചതും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റിൽ സമൂഹാധിഷ്ഠിത ബാറ്ററി സംഭരണത്തിന് ഇടംലഭിച്ചതും പ്രതീക്ഷ നൽകുന്ന തുടക്കമാണ്. ഇനി വേണ്ടത് സമയബന്ധിതമായ സംസ്ഥാനതല കർമപദ്ധതിയാണ്.

വേണം വിവേകപൂർണമായ വിനിയോഗം

കേരളത്തിന്റെ ഊർജഭാവിയെക്കുറിച്ചുള്ള ചോദ്യം കൂടുതൽ വൈദ്യുതി എവിടെനിന്ന് കൊണ്ടുവരാം എന്നതിലല്ല, ഉള്ളത് എങ്ങനെ വിവേകത്തോടെ ഉപയോഗിക്കാം എന്നതിലാണ്. പെരിഞ്ഞനം മാതൃക ഒരു പഞ്ചായത്തിന്റെ വിജയകഥയായി അവസാനിക്കേണ്ടതല്ല. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ നഗരപ്രദേശത്തും അനുയോജ്യമായ ഓരോ വിതരണ ട്രാൻസ്ഫോർമറിനോടും ചേർന്ന് ഇത്തരം സംഭരണസംവിധാനങ്ങൾ ഉയർന്നുവരുന്ന ദിവസം കേരളത്തിന്റെ വൈദ്യുതിഭൂപടം തന്നെ മാറും. അന്ന് വൈദ്യുതിപ്രതിസന്ധി മറികടക്കുക മാത്രമല്ല, ഊർജസംവിധാനത്തിന്റെ ഉടമസ്ഥതയിലും ജനങ്ങളുടെ പങ്കാളിത്തം വർധിക്കും. കേരളം വീണ്ടും വലിയൊരു അണക്കെട്ടിനായി കാത്തിരിക്കേണ്ടതില്ല.

നമ്മുടെ അടുത്ത ഊർജനിലയം ഒരുപക്ഷേ ഒരു അണക്കെട്ടോ ആണവ റിയാക്ടറോ ആകണമെന്നില്ല; പകൽ സൂര്യനിൽനിന്ന് ചാർജ് ചെയ്യപ്പെടുകയും രാത്രി നാടിന് വെളിച്ചം നൽകുകയും ചെയ്യുന്ന ആയിരക്കണക്കിന് ചെറുകിട സമൂഹ ബാറ്ററികളായിരിക്കും. കേവലം വൈദ്യുതിസംഭരണം മാത്രമല്ല, കേരളത്തിന്റെ ഊർജസ്വാതന്ത്ര്യത്തിലേക്കുള്ള പുതിയൊരു വഴി കൂടിയാകുമത്.

shajiwayanad@gmail.com

Tags:    
News Summary - Kerala Electricity Self-Sufficiency: Exploring New Energy Paths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.