ഇൗ ദുഷ്​പ്രചാരണങ്ങൾ കേരളം നിരാകരിക്കും

അന്ധമായ കോൺഗ്രസ്​ വിരോധവും  കേവലമായ  രാഷ്​ട്രീയ നേട്ടവും മുൻനിർത്തി  സി.പി.എം എടുക്കുന്ന നിലപാടുകൾ കേരളത്തി​​െൻറ രാഷട്രീയഭൂമികയിൽ  ഇടം പിടിക്കാനുള്ള ബി.ജെ.പിയുടെയും സംഘ്​പരിവാറി​​െൻറയും ശ്രമങ്ങൾക്ക്   കൂടുതൽ   കരുത്തുപകരുകയാണ്​. പകൽ വെളിച്ചത്തിൽ പരസ്​പരം ആയുധങ്ങൾ രാകി മൂർച്ചകൂട്ടുകയും, ഇരുളി​െൻറ മറവിൽ ഹസ്​തദാനം ചെയ്യുകയും ചെയ്യുന്ന ശത്രുഭാവേന പ്രവർത്തിക്കുന്ന മിത്രങ്ങളാണവർ.  കേരളത്തിൽ   കോൺഗ്രസ്​  നേതൃത്വം നൽകുന്ന രാഷ്​ട്രീയ മുന്നണി തകരേണ്ടതും,  ബി.ജെ.പിയും, സംഘ്​പരിവാറും    ശക്​തിപ്പെടേണ്ടതും  തങ്ങളുടെ   രാഷ്​ട്രീയ വളർച്ചക്ക്  അത്യന്താപേക്ഷിതമാണെന്ന്  സി.പി.എം  കരുതുമ്പോൾ  ഫാഷിസത്തി​െൻറ ഏറ്റവും വലിയ   ശത്രുവായ കോൺഗ്രസ്​ തകർന്നു കാണണമെന്ന്  സംഘ്​പരിവാറും  ആഗ്രഹിക്കുന്നു. ഫലത്തിൽ സി.പി.എമ്മും  ആർ.എസ്​.എസും   സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതും ഒന്നു തന്നെ.  ഇന്ത്യൻ നാഷനൽ കോൺഗ്രസും ആ പ്രസ്​ഥാനം നേതൃത്വം നൽകുന്ന മുന്നണിയും ദുർബലപ്പെടുകയും, പതിയെ ഇല്ലാതാവുകയും ചെയ്യുക.     അങ്ങനെ കേരളത്തി​െൻറ  പ്രബുദ്ധമായ രാഷ്​ട്രീയ മനസ്സിനെ ഒരറ്റത്തുനിന്ന്​ മതഫാഷിസം കൊണ്ടും,   മറ്റൊരറ്റത്ത് നിന്ന് രാഷ്​ട്രീയ ഫാഷിസം കൊണ്ടും വരിഞ്ഞു മുറുക്കുക.

ഇന്ത്യയിൽ  സംഘ്​പരിവാറിന്​ രാഷ്​ട്രീയാടിത്തറയുണ്ടാക്കിക്കൊടുത്തതി​െൻറ പാപഭാരത്തിൽനിന്ന് സി.പി.എമ്മിന് അത്ര പെട്ടെന്ന് കൈകഴുകി രക്ഷപ്പെടാൻ കഴിയില്ല.  സി. പി. ഐ നേതാവായ എസ്​.എ.  ഡാങ്കേ എഴുപതുകളിൽ എടുത്ത ധീരമായ നിലപാടാണ്   ഓർമവരുന്നത്. ’ഇനി സി.പി.ഐയും, സി.പി.എമ്മുമടങ്ങുന്ന ഇടതുപക്ഷം കോൺഗ്രസിനൊപ്പം നിൽക്കണം. കാരണം വരും ദശകങ്ങളിൽ ഇന്ത്യൻ സമൂഹം  അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ  പ്രതിസന്ധിയും, അപകടവും മതഫാഷിസമായിരിക്കും.’ – ഇതായിരുന്നു ആ കമ്യൂണിസ്​റ്റ്​ നേതാവി​െൻറ  നിലപാട്.  എന്നാൽ    ആദ്യം സി .പി.എമ്മും, പിന്നീട് അതി​െൻറ ചുവടുപിടിച്ച്​ സി.പി.ഐയും ഡാങ്കേയുടെ നിലപാടിനെ തള്ളിക്കളഞ്ഞു.  അദ്ദേഹത്തെ കോൺഗ്രസി​െൻറ കുഴലൂത്തുകാരനായി ചിത്രീകരിക്കുകയും ചെയ്തു. 

1977ലെ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്​ വിരുദ്ധ സർക്കാറി​െൻറ പ്രധാന ശിൽപികൾ   ജനസംഘവും, സി.പി.എമ്മുമായിരുന്നു.  അന്നാണ് പിണറായി  വിജയനുവേണ്ടി    ബി.ജെ.പിയുടെ ആദിമ രൂപമായ ജനസംഘക്കാർ വോട്ടു പിടിച്ചപ്പോൾ, ഒ. രാജഗോപാലിനും, കെ.ജി. മാരാർക്കും വേണ്ടി സി.പി.എമ്മുകാരും വോട്ടു പിടിച്ചത്.  ഒരു  വ്യാഴവട്ടത്തിന് ശേഷം  വീണ്ടുമൊരു നെറികെട്ട രാഷ്​ട്രീയ  പരീക്ഷണത്തിന് സി.പി.എമ്മും ഇടതു കക്ഷികളും  പിന്തുണ നൽകി. 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷവും,  ബി.ജെ.പിയും ഇടത്തുവലത്തും നിന്നാണ് വി.പി. സിങ്​ സർക്കാറിനെ അധികാരത്തിലെത്തിച്ചത്.  84 ലെ തെരഞ്ഞെടുപ്പിൽ  കേവലം രണ്ടു സീറ്റിൽ മാത്രം  പ്രാതിനിധ്യമുണ്ടായിരുന്ന ബി.ജെ.പി ക്ക്  ആദ്യമായി 88 സീറ്റുകൾ ലോക്സഭയിലേക്ക് നേടിക്കൊടുത്തതിൽ പ്രധാന പങ്കുവഹിച്ചത് ഇടതു പക്ഷമായിരുന്നു.   അന്ന്  ഇ.എം.എസ്​ പറഞ്ഞു, കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്ന്.   അന്ന് സി.പി.എം കൂട്ടുകൂടിയ ചെകുത്താൻ ഇന്ന് ഭീകരസത്വമായി ഇന്ത്യയെ വിഴുങ്ങുകയാണ്.

അഞ്ച് സംസ്​ഥാനങ്ങളിലെ നിയമസഭകളിലേക്ക്   ഈ കഴിഞ്ഞ മാസം നടന്ന  തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതു കക്ഷികളും ആരോടൊപ്പമായിരുന്നു?  ഒരിക്കലും  കോൺഗ്രസും,  മറ്റു ജനാധിപത്യ  കക്ഷികളും നേതൃത്വം നൽകുന്ന  മതേതര ചേരിയോടൊപ്പമായിരുന്നില്ല അവർ. ഫലത്തിൽ അവർ സഹായിച്ചത്  ബി. ജെ.പി നേതൃത്വം നൽകുന്ന ഫാഷിസ്​റ്റ്​ ചേരിയെയാണ്.  മണിപ്പൂരിൽ സി.പി.എമ്മും, സി.പി.ഐയും പിന്തുണച്ച ഇറോം ശർമിളക്ക്  കിട്ടിയത് 90 വോട്ടാണ്. കോൺഗ്രസി​െൻറ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ടായിരുന്നു അവർ  ഇറോം ശർമിളക്ക് പിന്തുണ നൽകിയത്.  

പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള ഇടതു  സർക്കാർ  ചുരുങ്ങിയ സമയം കൊണ്ടു ഏറ്റവും ജനവിരുദ്ധമായ  സർക്കാർ എന്ന ഖ്യാതി നേടിയിരിക്കുകയാണ്.  സിനിമാ നടിമുതൽ പിഞ്ചുകുട്ടികൾവരെ പീഡിപ്പിക്കപ്പെടുകയും അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്നു. വാളയാറിലെ  രണ്ടു  പിഞ്ചു  കുഞ്ഞുങ്ങൾക്ക് ലൈംഗിക പീഡനം മൂലം ജീവനൊടുക്കേണ്ടി വന്നു.

പൊലീസ്​ തികച്ചും നിഷ്ക്രിയമായിരിക്കുന്നുവെന്ന്  മാത്രമല്ല, ശിവസേനയെപ്പോലുള്ള അതി തീവ്രവർഗീയവാദികൾക്ക് സദാചാര ഗുണ്ടായിസം നടപ്പാക്കാൻ  ചൂട്ടുപിടിച്ച് കൊടുക്കുകയും ചെയ്യുന്നു.  ചരിത്രത്തിലാദ്യമായി  കേരളത്തിൽ റേഷൻ വിതരണം മുടങ്ങുന്നു. ഇത്തരത്തിൽ ജനവിരുദ്ധതയുടെ പരകോടിയിലാണ് പിണറായി നേതൃത്വം നൽകുന്ന ഇടതു സർക്കാർ.  ഇതിനെതിരെ പ്രതിപക്ഷം നിയമസഭക്കകത്തും, പുറത്തും നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ  കഴിയാതെ വന്നപ്പോൾ സി.പി.എം എടുത്തിരിക്കുന്ന പുതിയ അടവാണ് കോൺഗ്രസിനെയും, സംഘ്​പരിവാറിനെയും ഒരേ തൊഴുത്തിൽ കെട്ടാൻ ശ്രമിച്ചുകൊണ്ടുള്ള  പ്രചാരണം അഴിച്ചുവിടുക എന്നത്.

നിയമസഭയിൽ ഉയർത്തുന്ന ജനകീയ വിഷയങ്ങൾപോലും വർഗീയമായി വളച്ചൊടിക്കാനാണ്  സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. കാരണം സർക്കാറി​െൻറ മുഖം രക്ഷിക്കാൻ അവർക്കുള്ള ഏക ആയുധം ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങളാണ്. എന്നാൽ,  അത്തരം ദുഷ്പ്രചാരണങ്ങളെല്ലാം കേരളത്തിലെ പ്രബുദ്ധരായ സമൂഹം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയും.

Tags:    
News Summary - kerala rejects these wrong campaginig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.