പണ്ടത്തെ തോഴിയെപ്പറ്റി ചങ്ങമ്പുഴ ‘ചൂഢാമണി’യില്‍ പാടിയത് ഇങ്ങനെ: ‘പ്രാണനെക്കാളും പ്രിയപ്പെട്ട നിന്നൊടെന്‍ പ്രാണരഹസ്യങ്ങള്‍പോലും പറഞ്ഞു ഞാന്‍. ഫുല്ലപ്രമാദപ്രസന്നേ, മരിപ്പോളമില്ല, ഞാന്‍ നിന്നെ മറക്കില്ളൊരിക്കലും! ഇന്നോള,മെന്നെപ്പിരിയാതരികത്തു നിന്നവളാണെന്‍ കളിത്തോഴിയായി, നീ! വിട്ടുപിരിയാന്‍ വിടതരൂ!വന്നിതാ കര്‍ത്തവ്യമെന്നെ വിളിക്കുന്നു, പോട്ടെ ഞാന്‍. ഈ വിയോഗത്തിലൊരുല്‍ക്കടസങ്കടം ഭാവിക്കുവാനെന്തിനുദ്യമിക്കുന്നു നീ’. പുരട്ചി തലൈവി ശശികലയോടും ഇങ്ങനെ ചോദിക്കുന്നുണ്ടാവണം.
അല്ളെങ്കിലും ഈ വിയോഗത്തില്‍ ശശികല എന്തിനാണ് ഉല്‍ക്കടസങ്കടം ഭാവിക്കുന്നത്? പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പിന്‍ഗാമിയായി വാഴിക്കാന്‍ അണികള്‍ പിന്നാലെ. തലൈവിയുടെ കളിപ്പാവ പന്നീര്‍ശെല്‍വം മുഖ്യന്‍െറ കസേരയിലിരുന്നെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണം കൈയിലൊതുക്കി മുഖ്യമന്ത്രിണിയാവാനാണ് തോഴിയുടെ പടയൊരുക്കം എന്ന് ഉപശാലാസംസാരം.
വയസ്സിപ്പോള്‍ 60. പുരാണങ്ങളിലും കാളിദാസനാടകങ്ങളിലും കാണുന്ന തോഴിയുടെ അഭിനവപതിപ്പായിരുന്നു ശശികല. നഷ്ടസൗഭാഗ്യസ്മൃതിയില്‍ പലപ്പോഴും പൊട്ടിക്കരഞ്ഞു ചാരത്തിരുന്നവള്‍. ജയലളിത അമ്മയായിരുന്നപ്പോള്‍ തമിഴ് മക്കള്‍ക്ക് ‘ചിന്നമ്മ’യായിരുന്നു. പാര്‍ട്ടിയില്‍ ഒൗദ്യോഗിക പദവികളൊന്നുമില്ല. എന്നിട്ടും പാര്‍ട്ടി മേധാവിയുടെ അടുക്കല്‍ പ്രവേശിക്കാന്‍ 24 മണിക്കൂറും അനുവാദമുണ്ടായിരുന്ന ഏക വ്യക്തി. 50 കോടിയുടെ കൊട്ടാരസദൃശമായ രമ്യഹര്‍മ്യത്തില്‍ തലൈവിക്ക് ഒപ്പം വാണരുളാന്‍ ഭാഗ്യം കിട്ടിയത് തോഴിയായതുകൊണ്ടു മാത്രം. ഒരു കാര്യം ഉറപ്പാണ്. ഇനിയുള്ള നാളുകളില്‍ തമിഴകത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുന്നത് ശശികലയായിരിക്കും. കറുത്ത സാരി ധരിച്ച് തലൈവിയുടെ ഭൗതികദേഹത്തിനരികെ നിന്ന ആ നില്‍പ്പില്‍ അതിനുള്ള സൂചനകളുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ അവര്‍ക്ക് എന്തെങ്കിലും പിടിപാടുണ്ടോ എന്ന് ആര്‍ക്കുമറിയില്ല. അറിയാവുന്ന ഇടപാട് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് ഉറപ്പ്. അവരുടെ ശക്തിദൗര്‍ബല്യങ്ങളിലാവും പാര്‍ട്ടിയുടെ ഭാവി.
ചിന്നമ്മയുടെ ചലനങ്ങളെക്കുറിച്ച് പരക്കുന്ന ഊഹാപോഹങ്ങള്‍ അനവധി. അമ്മ മരിക്കുന്നതിനു മുമ്പ് അപ്പോളോ ഹോസ്പിറ്റലിന്‍െറ സമ്മേളനഹാളില്‍ എല്ലാ മന്ത്രിമാരെയും പാര്‍ട്ടി സാമാജികരെയും വിളിച്ചുവരുത്തി ശൂന്യമായ വെള്ളക്കടലാസില്‍ പേരെഴുതി ഒപ്പിടുവിച്ചു. പാര്‍ട്ടി സമ്മേളനം നടന്നുവെന്ന് കാണിക്കുന്ന രജിസ്റ്ററിലും ഒപ്പുവെപ്പിച്ചു. പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാനായിരുന്നു അര്‍ധരാത്രിയിലെ അട്ടിമറി എന്ന് മാധ്യമങ്ങള്‍ പറയുന്നു. അനുശോചിക്കാന്‍ പ്രധാനമന്ത്രി വന്നപ്പോള്‍ സ്വീകരിച്ചതും മറീന ബീച്ചില്‍ അമ്മയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതും ചിന്നമ്മ തന്നെ. അമ്മയുടെ ശരീരത്തിനരികെ നിലകൊണ്ട ചിന്നമ്മ തന്‍െറ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കി. പ്രാണനുണ്ടായിരുന്നെങ്കില്‍ പലരെയും കണ്ട് അമ്മ ആട്ടിയിറക്കുമായിരുന്നുവെന്ന് ചിന്നമ്മക്ക് അറിയാഞ്ഞിട്ടല്ല. പുതിയ ശക്തികേന്ദ്രമായി ചിന്നമ്മ മാറിയതോടെ പന്നീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കാണാന്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയായി. പാര്‍ട്ടി ആസ്ഥാനത്ത് ചിന്നമ്മയെ പിന്‍ഗാമിയായി വാഴിക്കുന്ന പോസ്റ്ററുകളുണ്ട്. പക്ഷേ, ആ പോസ്റ്ററുകളില്‍ പലതും വലിച്ചുകീറിയ നിലയിലാണ്. എതിര്‍പ്പുള്ളവരുമുണ്ടെന്ന് വ്യക്തം.
ഇപ്പോഴും ദുരൂഹതയുടെ വലയം ശശികലക്ക് ചുറ്റുമുണ്ട്. ജയലളിതയെ ഇല്ലാതാക്കാന്‍ പതിയെ കൊല്ലുന്ന വിഷം നല്‍കിയെന്ന് തെഹല്‍ക പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് നാലു കൊല്ലം മുമ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലെഡ് ചേര്‍ത്ത പഴങ്ങളിലൂടെയാണ് വിഷം നല്‍കിയത് എന്ന് ജീമോന്‍ ജേക്കബിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. മോണോറെയില്‍ പദ്ധതിയുടെ കരാര്‍ സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു കമ്പനിക്ക് നല്‍കണമെന്നായിരുന്നു ജയലളിതയുടെ താല്‍പര്യം. പക്ഷേ, അതിനെ മറികടന്ന് മലേഷ്യ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കാന്‍ ശശികല തീരുമാനിച്ചു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചരടുവലി നടത്തി. ഫയല്‍ മുന്നിലത്തെിയപ്പോഴാണ് അമ്മക്ക് ചിന്നമ്മയുടെ ചതി മനസ്സിലായത്. അപ്പോള്‍തന്നെ വിട്ടോളാന്‍ പറഞ്ഞു. പക്ഷേ, രണ്ടു മാസത്തിനുശേഷം പോയസ് ഗാര്‍ഡനില്‍ തിരികെയത്തെി. അനധികൃതസ്വത്ത് സമ്പാദനകേസില്‍ തനിക്കെതിരെ മൊഴികൊടുക്കുമെന്ന പേടിയായിരുന്നു പിണക്കം മാറ്റിവെച്ച് ജയ തോഴിയെ തിരിച്ചുവിളിക്കാനിടയാക്കിയത്.
ജയലളിതയുടെ ശരീരത്തില്‍ ലെഡിന്‍െറ അളവ് കൂടുതലാണെന്ന് അന്ന് ആശുപത്രിയില്‍ നടന്ന രക്തപരിശോധനയില്‍ വ്യക്തമായിരുന്നു. ചിന്നമ്മയുടെ സ്ഥലമായ മണ്ണാര്‍കുടിയില്‍നിന്നുള്ള 40 പരിചാരകരായിരുന്നു പോയസ് ഗാര്‍ഡനിലെ പാചകമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കിയിരുന്നത്. ജയലളിതയുടെ അസുഖം സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് ഇനിയും അപ്പോളോ ആശുപത്രി പുറത്തുവിട്ടിട്ടില്ല.
ഒരു വിഡ്ഢിദിനത്തിലാണ് ജനനം. 1956 ഏപ്രില്‍ ഒന്നിന്. തിരുവരൂര്‍ ജില്ലയിലെ മണ്ണാര്‍കുടിയിലെ കള്ളാര്‍ ജാതിയില്‍പെട്ട കുടുംബത്തില്‍. നാല് സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠിപ്പു നിര്‍ത്തി. സര്‍ക്കാര്‍ പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ എം. നടരാജനെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിന്‍െറ ഗതി മാറുന്നത്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. ഉള്ള സ്വര്‍ണം പണയംവെച്ചാണ് നാലുകൊല്ലം കഴിഞ്ഞത്. 1980ല്‍ നടരാജന്‍ ജോലിയില്‍ തിരികെയത്തെി. കുടുംബവരുമാനം ഉറപ്പുവരുത്താന്‍ ശശികല കല്യാണത്തിന്‍െറയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുക്കുന്ന പാര്‍ലര്‍ തുടങ്ങി.
നടരാജന്‍െറ അപേക്ഷയനുസരിച്ച് ആര്‍ക്കോട്ട് ജില്ല കലക്ടര്‍ വി.എസ്. ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തി. പാര്‍ട്ടി പരിപാടികള്‍ വിഡിയോവില്‍ പകര്‍ത്തി തുടങ്ങിയ ശശികല അടുത്ത വിശ്വസ്തയാവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ചെന്നൈയിലെ ഒറ്റമുറി വീട്ടില്‍നിന്ന് തമിഴകത്തെ ഏറ്റവും ശക്തയായ സ്ത്രീയുടെ സന്തതസഹചാരിയായി മാറിയ ശശികല പോയസ് ഗാര്‍ഡനിലെ പതിവുകാരിയായി. ജയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എം.ജി.ആര്‍ നിയോഗിച്ച ചാരവനിത എന്ന് പഴികേട്ടിട്ടുണ്ട്.
ജയ പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് താമസം മാറിയപ്പോള്‍ ശശികലയും കുടുംബവും അവിടെയത്തെി. തമിഴകം അടക്കിഭരിക്കാന്‍ തുടങ്ങിയ ശശികലയുടെ കുടുംബം മണ്ണാര്‍കുടി മാഫിയ എന്നു വിളിക്കപ്പെട്ടു. 1991ലാണ് ജയലളിത മുഖ്യമന്ത്രിയാവുന്നത്. മണ്ണാര്‍കുടി മാഫിയ ചരടുവലിച്ചപ്പോള്‍ തമിഴകം അഴിമതിയുടെ കൂത്തരങ്ങായി. ശശികലയെ ചോദ്യം ചെയ്തവര്‍ പാര്‍ട്ടിക്ക് പുറത്തായി. അമ്മ എല്ലാം വകവെച്ചുകൊടുത്തു. 96ല്‍ അധികാരം നഷ്ടപ്പെട്ട ജയലളിത അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു. തനിക്ക് പേരുദോഷമുണ്ടാക്കിയ തോഴിയെ അമ്മ പുകച്ച് പുറത്തുചാടിച്ചു. എന്നാല്‍, മാപ്പു പറഞ്ഞ് ചിന്നമ്മ തിരിച്ചത്തെി. 1996ലും 2011ലും പുറത്താക്കിയിട്ടും അമ്മയെ ചിന്നമ്മ തള്ളിപ്പറഞ്ഞില്ല. ഈ വിശ്വസ്തതയാണ് അമ്മക്ക് ദൗര്‍ബല്യമായതും. ഇനിയും മണ്ണാര്‍കുടി മാഫിയ ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.