???????? ?????

അനാഥമാകുന്ന വാര്‍ധക്യം

ആഗോളതലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഖ്യ ക്രമാതീതമായി പെരുകുന്ന സാഹചര്യത്തില്‍ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വര്‍ഷംതോറും ഒക്ടോബര്‍ ഒന്നിന് അന്തര്‍ദേശീയ വയോജനദിനമായി ആചരിക്കാന്‍ 1990 ഡിസംബറില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതോടെയാണ് ലോകം മുതിര്‍ന്ന പൗരന്മാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ലോകജനസംഖ്യയില്‍ 60 വയസ്സിനു മുകളില്‍ 600 ദശലക്ഷമുണ്ടെന്നും 2025 ആകുമ്പോള്‍ അത് 1200 ദശലക്ഷവും 2050 ആകുമ്പോഴേക്കും അത് 200 കോടിയും ആകുമെന്നാണ് കണക്ക്.

ഇന്ത്യയിലെ ജനസംഖ്യയില്‍ 2001ലെ സെന്‍സസ് പ്രകാരം 60 വയസ്സിനു മുകളിലുള്ളവര്‍ 77 ദശലക്ഷമായിരുന്നത് 2025 ആകുമ്പോള്‍ 177 ദശലക്ഷമാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ 33 ശതമാനം വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരും 99 ശതമാനം അസംഘടിത മേഖലയില്‍പെട്ടവരും 73 ശതമാനം നിരക്ഷരരും കായികാധ്വാനം വഴി ഉപജീവനം നടത്തുന്നവരുമാണ്.

മഡ്രിഡ് ഇന്‍റര്‍നാഷനല്‍ പ്ളാന്‍ ഓഫ് ആക്ഷന്‍ ഓണ്‍ ഏജിങ് 2002 ഏപ്രിലില്‍ ചേര്‍ന്ന രണ്ടാമത് ആഗോള സമ്മേളനത്തില്‍ 159 രാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയം ഐക്യരാഷ്ട്രസഭയിലും അംഗീകരിക്കപ്പെട്ടു. അതുപ്രകാരം സാമൂഹിക, സാമ്പത്തിക വികസന നയരൂപവത്കരണത്തിന്‍െറ മുഖ്യധാരയിലേക്ക് മുതിര്‍ന്നവരെ ഉള്‍പ്പെടുത്തുകയും അവര്‍ക്കു പ്രാതിനിധ്യം നല്‍കി നയങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുക, 2015ഓടെ ലോകത്തെ ദരിദ്രരുടെ സംഖ്യ (വയോധികരാണ് അധികവും) പകുതിയായി കുറക്കുക എന്നീ സുപ്രധാന തീരുമാനങ്ങളുണ്ടായി. അതിന്‍െറ ചുവടുപിടിച്ച് 48 രാജ്യങ്ങള്‍ ഇതിനകം വയോജന ക്ഷേമത്തിനുള്ള ദേശീയ നയത്തിന് രൂപംനല്‍കിക്കഴിഞ്ഞു. 10ലേറെ രാജ്യങ്ങള്‍ ഇതിലേക്കാവശ്യമായ നിയമനിര്‍മാണവും നടത്തുകയുണ്ടായി. പല രാജ്യങ്ങളും നിയമനിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലാണ്.   

1999ല്‍ ദേശീയ വയോജന നയത്തിന് ഇന്ത്യ രൂപംനല്‍കുകയുണ്ടായി. അതുപ്രകാരം മുതിര്‍ന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം, ആരോഗ്യ പരിപാലനം, കിടപ്പാടം, മുതിര്‍ന്നവരുടെ ക്ഷേമവും മറ്റാവശ്യങ്ങളും, പീഡനങ്ങളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും സംരക്ഷണം, അനുഭവസമ്പത്തിന് അംഗീകാരം, ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ സുപ്രധാന വിഷയങ്ങളില്‍ നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
2007ല്‍ ദ മെയിന്‍റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്‍റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പാസാക്കി പാര്‍ലമെന്‍റ് ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു. ഈ നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമായ ചട്ടങ്ങള്‍ ക്രോഡീകരിക്കേണ്ടത് വിവിധ സംസ്ഥാനങ്ങളാണ്. ഈ നിയമത്തിന് പോരായ്മകള്‍ ഒട്ടേറെയുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ അവഗണിക്കപ്പെടാനാവാത്ത ശക്തിയാണെന്ന് പരോക്ഷമായി അംഗീകരിക്കുന്ന ഒരു നടപടിയായിവേണം ഇതിനെ കരുതാന്‍.

മക്കള്‍ക്കെതിരെ പരാതി കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന മാതാപിതാക്കള്‍, ശിക്ഷക്കു വിധേയരാവേണ്ടിവരുന്ന മക്കളും അവകാശികളും, ശാശ്വത പരിഹാരം നേടാനാവാതെ ആത്മഹത്യയുടെ വക്കിലത്തെിനില്‍ക്കുന്ന മുതിര്‍ന്നവര്‍, ഇങ്ങനെ സംഘര്‍ഷഭരിതമായ ഒരന്തരീക്ഷം സംജാതമാകുന്നതിന് ഈ നിയമം കാരണമായിട്ടുണ്ട്. അതിദ്രുതം വളരുന്ന നാടും നഗരവും മുതിര്‍ന്നവരെ അങ്കലാപ്പിലാക്കുന്നു. ഭാരതീയ പൈതൃകത്തില്‍ മുതിര്‍ന്നവര്‍ക്കുണ്ടായിരുന്ന പ്രാധാന്യവും പ്രസക്തിയും ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും ഗ്രാമത്തിന്‍െറയും ഘടനയില്‍ വരുന്ന മാറ്റങ്ങളാല്‍ മുതിര്‍ന്നവര്‍ അവഗണിക്കപ്പെടുന്നു.

കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ ആവിര്‍ഭാവവും മുതിര്‍ന്നവരുടെ താല്‍പര്യങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. വാര്‍ധക്യത്തില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ ദുര്‍ബലാവസ്ഥയില്‍ കുടുംബാംഗങ്ങളുടെ പരിചരണവും പരിപാലനവുമാണ് ഏറ്റവും സഹായകരം. സ്വന്തം കുടുംബാംഗങ്ങളില്‍നിന്നുള്ള അവഗണനയാണ് മുതിര്‍ന്നവരെ അലട്ടുന്ന കാതലായ പ്രശ്നം. ഇന്നലെവരെ ഉമ്മറത്തിരുന്ന് എല്ലാം നിയന്ത്രിച്ചിരുന്നവര്‍, എന്തിനും ഏതിനും കുടുംബാംഗങ്ങള്‍ എല്ലാവരും ശരണംപ്രാപിച്ചിരുന്നവര്‍, എതിര്‍ക്കപ്പെടാത്ത തീരുമാനങ്ങളുമായി കുടുംബ ഭരണചക്രം തിരിച്ചിരുന്നവര്‍, സമൂഹത്തില്‍ മതിപ്പും ബഹുമാനവും ആദരവും നേടിയിരുന്നവര്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാല്‍ മാനസികമായി തകിടംമറിക്കുന്നു. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും അവരുടെ അന്തസ്സിനു ക്ഷതമേല്‍പിക്കുന്നു.

മക്കളുടെയും കൊച്ചുമക്കളുടെയും അവഗണനയും അവജ്ഞയും അവഹേളനവും അവരില്‍ താങ്ങാനാവാത്ത മുറിവുകളാണ് ഏല്‍പിക്കുന്നത്. എവിടെയും അഭിമാനത്തോടെ തലയുയര്‍ത്തി നടന്നിരുന്നവര്‍ നിരാശയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുകയാണ്. മുതിര്‍ന്നവരുടെ ആത്മഹത്യനിരക്ക് വര്‍ധിക്കുന്നതിനു കാരണവും മറ്റൊന്നുമല്ല. വാര്‍ധക്യത്തില്‍ വര്‍ധിച്ചുവരുന്ന സങ്കടങ്ങള്‍, പ്രത്യാശയില്ലായ്മ, മനോവിഭ്രാന്തി, വൈധവ്യം മൂലമുണ്ടാകുന്ന അനാഥത്വം എന്നിവ ഗുരുതരമായ അവസ്ഥയിലേക്ക് അവരെയത്തെിക്കുന്നു.

ഇവയെക്കാളൊക്കെ ഗുരുതരമായി മുതിര്‍ന്നവര്‍ നേരിടുന്ന അതിക്രമങ്ങള്‍, മക്കളുടെയും മരുമക്കളുടെയും പീഡനങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ അനുദിനം വര്‍ധിച്ചുവരുകയാണ്. വാര്‍ധക്യത്തിലത്തെിയ മാതാപിതാക്കളെ വെറും പാഴ്വസ്തുക്കളായി കണ്ട് അവരെ തെരുവിലെറിയാന്‍ അവസരം പാര്‍ത്തിരിക്കുന്ന മക്കള്‍  ഒട്ടനവധിയാണ്. ജന്മം നല്‍കി താലോലിച്ചു വളര്‍ത്തി വലുതാക്കിയവരെ നിഷ്കരുണം പീഡിപ്പിക്കുന്നവര്‍. ഒരു നേരത്തെ മരുന്നിനുപോലും നിവൃത്തിയില്ലാത്ത നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ എത്രയെത്ര വീടുകളിലുയരുന്നു. ധാര്‍മികതയിലൂന്നിയ അവബോധം വരുംതലമുറക്ക് കൈമാറിയും മുതിര്‍ന്ന പൗരന്മാര്‍ അനതിവിദൂര ഭാവിയില്‍ നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് അറിഞ്ഞിട്ടും അറിയില്ളെന്ന ഭാവം നടിക്കുന്ന അധികൃതരെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തുന്നതിന് തക്കതായ നടപടികള്‍ സ്വീകരിച്ചും നമുക്ക് നല്ളൊരു തുടക്കമിടാം.

(കാഞ്ഞിരപ്പള്ളി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സെക്രട്ടറിയാണ് ലേഖകന്‍)

Tags:    
News Summary - international day for older persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.