യുദ്ധമുണ്ടാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് അധികനാൾ നീളുന്നതാകില്ലെന്നാണ് നിഗമനം. യുദ്ധം ആരംഭിച്ചാൽ ദേശീയ ഐക്യമാണ് പ്രധാനം. അത് ഇന്ത്യക്കുണ്ടെന്നതിലും കൂടുതൽ ശക്തിപ്പെടുമെന്നതിനും തർക്കമില്ല. മറ്റ് കാര്യങ്ങളിൽ സർക്കാറുമായി യോജിക്കുന്നവരും അല്ലാത്തവരുമായ പൗരന്മാർ, ഇക്കാര്യത്തിൽ സർക്കാർ നയത്തെ ഒരു ഉപാധിയുമില്ലാതെ പിന്തുണക്കും.
അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മാന്ത്രികത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്ത്യക്ക് ഒരുപാട് പിന്തുണ ഇതിനകം ലഭിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരായ നിരവധി അഭിപ്രായങ്ങൾ ലോകരാജ്യങ്ങളിൽനിന്ന് വന്നുകഴിഞ്ഞു.
യുദ്ധമുണ്ടായാൽ ആരാണ് ഇന്ത്യക്ക് സൈനിക സഹായം നൽകുകയെന്നത് പ്രധാനമാണ്. അമേരിക്ക ഒരുപക്ഷേ, പിന്തുണച്ചേക്കും. എന്നാൽ, പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം യുദ്ധമുണ്ടാകാതിരിക്കാനായിരിക്കും പ്രാമുഖ്യം നൽകുക. ഇന്ത്യ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എങ്കിലും ഇരു രാജ്യവും അതിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. സൈനിക ശക്തിയിൽ ഇന്ത്യക്കാണ് മുൻതൂക്കം. യുദ്ധമുണ്ടായാൽ വാഷിങ്ടണും മോസ്കോയും ഇടപെടുകയും പിന്മാറണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്യും. അത് നിരാകരിക്കാൻ രണ്ട് രാജ്യങ്ങൾക്കും കഴിയില്ല.
ഓപറേഷൻ സിന്ദൂർ പാക്കിസ്താനെ സംബന്ധിച്ചിടത്തോളം ആകസ്മികമാണ്. ഇപ്പോൾ അവർക്ക് അതിന്റെ വ്യാപ്തി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകണം. രണ്ടോ മൂന്നോ എയർക്രാഫ്റ്റുകളും ഒരു ഡ്രോണും വെടിവെച്ചിട്ടു എന്നാണ് അവരുടെ അവകാശവാദം. യുദ്ധത്തിന് മുന്നോടിയായി പലവിധ പ്രചാരണങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഓപറേഷൻ സിന്ദൂറിനോടുള്ള പ്രതികരണമെന്ന നിലയിൽ പാകിസ്താന്റെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ട്.
എന്നാൽ അത് എപ്പോൾ, എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാകില്ല. പാകിസ്താനിൽ സിവിലിയൻ സംവിധാനത്തിനപ്പുറം സൈന്യത്തിനാണ് പ്രാധാന്യം. അവരുടെ മിലിട്ടറി ചീഫ് ജനറൽ അസിം മുനീർ ഐ.എസ്.ഐയുടെ മേധാവിയുമായിരുന്നു. പഹൽഗാം ആക്രമണത്തിന് മുന്നോടിയെന്നോണം ഇദ്ദേഹം ഒരു അഭിപ്രായപ്രകടനം നടത്തിയിരുന്നു.
അതിലൂടെ ആരാണ് പഹൽഗാമിന് പിന്നിലെന്നതറിയുക പ്രധാനമാണ്. നേതൃത്വം നൽകിയത് പാകിസ്താനിലെ ആർമി ചീഫ് ജനറൽ അസിം മുനീറാണ്. ഏപ്രിൽ 22ന് കുറേദിവസം മുമ്പ് അദ്ദേഹത്തിന്റെ ഒരു ട്വീറ്റുണ്ടായിരുന്നു. ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം ഇപ്പോൾ പറയുന്നത്, ഇന്ത്യക്ക് തിരിച്ചടി നൽകുമെന്നാണ്.
പാകിസ്താന്റെ സമ്പദ്വ്യവസ്ഥ ദുർബലമാണ്. എന്നിരുന്നാലും അവരുടെ സൈന്യത്തിന് തൽക്കാലം സാമ്പത്തിക ബുദ്ധിമുട്ടുകളില്ല. ഹ്രസ്വകാല യുദ്ധം നടത്താനുള്ള ശേഷിയുണ്ടെന്ന് വേണം മനസ്സിലാക്കാൻ. ഓപറേഷൻ സിന്ദൂറിനോട് ഖേദകരമെന്നാണ് ചൈനയുടെ പ്രതികരണം. യുദ്ധമുണ്ടാകുകയും പാകിസ്താന് കൂടുതൽ നഷ്ടം സംഭവിക്കുകയും ചെയ്യുന്നതോടെ ചൈന ഏതെങ്കിലും വിധത്തിലുള്ള നീക്കം നടത്താനുള്ള സാധ്യതയുമുണ്ട്.
ചാണക്യ പറഞ്ഞതുപോലെ, ഏത് രാജ്യവും അയൽരാജ്യങ്ങളിലൊന്നിനെ അവരുടെ സ്വാഭാവിക ശത്രുവായി കാണും. പാകിസ്താനും ചൈനയും ഇന്ത്യയെ ഇത്തരത്തിൽ സ്വാഭാവിക ശത്രുവായി കണക്കാക്കുന്നുണ്ട്. അതേസമയം, കൈമുതലായുള്ള ഇന്ത്യയുടെ ദേശീയ ഐക്യം യുദ്ധത്തിന്റെ സാഹചര്യമുണ്ടായാൽ കൂടുതൽ ശക്തമാകുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.