സന്തോഷത്തി​െ​ൻ​റ വ​ലി​യ ഇ​ട​യ​ൻ

മാർത്തോമ സഭയുടെ ഇരുപതാമത്തെ മാർത്തോമയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ  മെത്രാപ്പോലീത്ത. 1918 ഏപ്രിൽ 27ന് മാർത്തോമ സഭയുടെ വികാരി ജനറലായിരുന്ന കലമണ്ണേൽ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും പുത്രനായി ഇരവിപേരൂർ കലമണ്ണേൽ കുടുംബത്തിൽ ജനനം. ഫിലിപ് ഉമ്മൻ എന്നായിരുന്നു പേര്. 1953ൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ എപ്പിസ്കോപ്പയായി. ജീവിതത്തി​െൻറ സുവർണമായ നൂറാം സംവത്സരത്തിലേക്ക് പ്രവേശിക്കുന്ന വലിയ മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് സംസാരിക്കുന്നു

സ്നേഹം ജീവിതമന്ത്രമാക്കി സകലർക്കും പ്രിയപ്പെട്ട വലിയ ഇടയനായി ഒരു നൂറ്റാണ്ടി​െൻറ സ്നേഹം വിതറുന്ന ഒരു തിരുമേനിയുണ്ട് തിരുവിതാംകൂറിന്. ക്രിസ്ത്യാനിയെന്നോ മുസൽമാനെന്നോ ഹിന്ദുവെന്നോ ഭേദമില്ലാതെ നാട്ടുകാരെ സ്നേഹിച്ചും അവരുടെ ആദരവ് ആവോളം സ്വീകരിച്ചും കനിവുവേണ്ടവർക്കു കനിവും കിഴുക്ക് വേണ്ടവർക്ക് സ്നേഹം പൂത്തുലയുന്ന നാവുകൊണ്ട് വാക്കി​െൻറ നാലടിയും ലാളന വേണ്ടവർക്ക് തരളമായ ശബ്ദത്തിൽ അതും കൊടുക്കുന്ന നാടി​െൻറ തിരുമേനി^ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. ഇങ്ങനെ മറ്റൊരാൾ കേരളത്തിൽ ഇല്ല. ധാരാളം വൃക്ഷങ്ങൾ തണൽവീശുന്ന, ആടുകളും മുയലുകളും കോഴിക്കുഞ്ഞുങ്ങളും കൂടാതെ ചെടികളും പച്ചക്കറികളും ചുറ്റുമുള്ള വലിയ വീട്ടിൽ വിശ്രമമില്ലാത്ത വിശ്രമജീവിതം നയിക്കുകയാണ് ക്രിസോസ്റ്റം തിരുമേനി.

ആരു ചെന്നാലും നിറഞ്ഞ സ്നേഹത്തോടെ വരവേൽക്കുന്ന വീട്. പകൽ മുഴുവൻ തുറന്നുകിടക്കുന്ന മുന്നിലത്തെ കതകിൽ ഇങ്ങനെ ഒരു കുറിപ്പ് തടിയിൽ എഴുതി ഒട്ടിച്ചുവെച്ചിട്ടുണ്ട്^ ‘Peace to all who enter here’.  എത്തുന്നവർക്കെല്ലാം, അറിയുന്നവർക്കെല്ലാം സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന, ദൈവത്തി​െൻറ നല്ല ഇടയൻ.

•പിന്നിട്ട ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു?
ഇത്രയുംകാലം ജീവിക്കുമെന്നൊന്നും പ്രതീക്ഷിച്ചതല്ല. എന്നാൽ, ഇത്രയും നാൾ എന്നെ ദൈവം പരിപാലിച്ചു. രോഗങ്ങളും വിഷമങ്ങളും വന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വലിയ രോഗവും വിഷമങ്ങളും ഇല്ലാതെ കഴിയുന്നു. അനേകരുടെ സ്നേഹം അനുഭവിച്ച് സന്തുഷ്ട മനുഷ്യനായി കഴിയുകയാണിന്ന്. ഞാൻ മനുഷ്യരെ സ്നേഹിക്കുന്നതുകൊണ്ട് ദൈവം എനിക്കുതന്ന അനുഗ്രഹമാണത്. മനുഷ്യസ്നേഹം അർഹിക്കുന്ന ഒരാളല്ല ഞാൻ. വെറും സാധാരണക്കാരനാണ്. എന്നാൽ, എല്ലാവരും അസാധാരണമായ സ്നേഹവും കടാക്ഷവും എന്നോട് കരുതുന്നു.

•ഇൗയൊരു ആദരവിലേക്ക് എത്താൻ ജീവിതത്തിൽ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടാവണമല്ലോ?
ഇല്ല. ഒന്നും സ്വന്തം പ്രയത്നമല്ല. മാതാപിതാക്കളുടെ പ്രാർഥനയും നന്മയുമാണ്. അവർ മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചു. അവരോട് തീരാത്ത കടപ്പാടുണ്ട്. അവരാണ് ഇൗ നിലയിലെത്തിച്ചത്.  അവർ തന്ന അനുഗ്രഹമാണ്. വളരെ ചെറിയ വീടായിരുന്നു ഞങ്ങളുടേത്. അന്ന് അതൊരു അസൗകര്യമായി തോന്നിയിട്ടില്ല. വലിയ സംതൃപ്തിയായിരുന്നു.

•ഇങ്ങനെയൊരു ആത്മീയജീവിതം കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നതാണോ?
കുട്ടിക്കാലത്ത് ജ്യേഷ്ഠാനുജന്മാരുമായി വഴക്കിടും. ചെറിയ കള്ളങ്ങൾ പറയും. അമ്മക്ക് അതൊന്നും ഇഷ്ടമില്ല. അതിനാൽ അത് അധികം തുടർന്നില്ല. എ​െൻറ ദൈവഭക്തിയെക്കാൾ മാതാപിതാക്കളുടെ ദൈവഭക്തിയാണ് എന്നെ എത്തേണ്ടിടത്ത് എത്തിച്ചത്.

വലിയ ഭക്തനൊന്നുമായിരുന്നില്ല ഞാൻ. എന്നാൽ, സൺഡേ സ്കൂളിലെ പഠനവും മാതാപിതാക്കളുടെ ജീവിതശൈലിയുമാണ് ഇൗ പാതയിലേക്ക് തിരിച്ചുവിട്ടത്, യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെക്കാൾ കൂടുതൽ കരുതൽ ദൈവം എനിക്ക് നൽകി എന്നുതോന്നുന്നു. ദൈവത്തെ ദുഃഖിപ്പിക്കാതെ ജീവിക്കണമെന്ന് അമ്മ പറയും. പഞ്ചാബിൽനിന്ന് ഒരു ആത്മീയപ്രഭാഷകൻ ഇവിടെ പണ്ടൊരിക്കൽ പ്രഭാഷണത്തിന് വന്നു. അമ്മ അന്ന് എന്നെ ഗർഭത്തിൽ വഹിച്ചിരിക്കുകയായിരുന്നു. കോഴഞ്ചേരിയിൽ െവച്ചായിരുന്നു. എല്ലാവരും പോയി പ്രാർഥിച്ചു. എനിക്കുണ്ടാകുന്നത് ആൺകുട്ടിയാണെങ്കിൽ അവനെ സുവിശേഷകനാക്കും എന്ന് അമ്മ അന്ന് തീരുമാനിച്ചു. അങ്ങനെ കുട്ടിക്കാലം മുതൽ അത്തരം ഉപദേശങ്ങൾ തന്നു.

മാതാപിതാക്കളായിരുന്നു എ​െൻറ ഉപദേശകർ. തിന്മയെ തിരിച്ചറിയാൻ അവർ കാരണമായി. എ​െൻറ ജീവിതത്തിലെ തിന്മയെ വളർത്താൻ അവർ അനുവദിച്ചില്ല. ആദ്യകാലങ്ങളിൽ ഞാൻ ഇത്തരം തിന്മകളിൽനിന്ന് മുക്തനായിരുന്നില്ല. എന്നാൽ, എന്നെക്കാൾ തിന്മയുള്ളവർ ചുറ്റും കൂടുതലായിരുന്നു. തിന്മയുടെ മധ്യഭാഗത്തായിരുന്നു ഞാൻ. ദോഷങ്ങളിൽനിന്ന് മുക്തനായ ഒരാളായിരുന്നില്ല. എന്നാൽ, ദോഷങ്ങളിലേക്ക് താഴ്ന്നുപോകാതെ ശ്രദ്ധിച്ചു.

•പിന്നീട് കൂടുതലായി സ്വാധീനിച്ചത് ആരായിരുന്നു?
എന്നെ സ്വാധീനിക്കാത്തവരായി ആരുമില്ല. എല്ലാവരിൽനിന്നും ഞാൻ പാഠം ഉൾക്കൊള്ളുന്നു. ഒരിക്കൽ ദൈവം എന്നോടു ചോദിച്ചു: ‘ഞാൻ നിനക്ക് ഒരായുസ്സുകൂടി തന്നാൽ നി​െൻറ ജീവിതത്തിൽ പുതുതായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യണം.’

അപ്പോൾ ഞാൻ മറുപടി പറഞ്ഞു: ‘പിതാവേ, അവിടന്ന് എ​െൻറ ജീവിതത്തിൽ ചെയ്തതിനെക്കാൾ കൂടുതൽ നന്നായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങയുടെ വലിയ സ്നേഹവും കരുതലും എന്നെ അങ്ങയോടുള്ള കടപ്പാടി​െൻറയും അതിരില്ലാത്ത അനുഗ്രഹത്തി​െൻറയും അവകാശിയാക്കി മാറ്റുന്നു’.

എ​െൻറ സ്നേഹിതന്മാരെല്ലാം മഹാന്മാരായിരുന്നു. അതുകൊണ്ടാണ് അവർ എന്നെ വലിയവനായി കണ്ടത്. ഉള്ളതിനെക്കാൾ വലുതായി ആളുകൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. സാധാരണ ഉള്ളതിലും കുറച്ച് ആളുകളെ കാണാനാണ് മനുഷ്യർ ശ്രമിക്കാറ്. എ​െൻറ കാര്യത്തിൽ അതു മറിച്ചാണ് സംഭവിച്ചത്. വലിയ ആളുകളുടെ കൂടെ പോകുേമ്പാൾ നമ്മളും വലിയ ആളാണെന്ന് തെറ്റിദ്ധരിക്കും. കൂടെപോകുന്ന ആളി​െൻറ വലുപ്പംകൊണ്ടാണ് അങ്ങനെ തോന്നുന്നത്.

കോളജ് പഠനകാലത്ത് ഞാൻ സാധാരണ വിദ്യാർഥിയായിരുന്നു. ആലുവ യു.സി കോളജിലായിരുന്നു പഠിച്ചത്. പിന്നീട് ബംഗളൂരുവിൽ തിയോളജിക്കൽ കോളജിൽ പഠിക്കാൻ പോയി. അക്കാലങ്ങളിൽ ജോലാർപേട്ടയിൽ സാധാരണക്കാരായ റെയിൽവേ പോർട്ടർമാരുടെ ഇടയിൽ പ്രവർത്തിച്ചു. അവരോടൊപ്പം പണി എടുത്തിട്ടുണ്ട്. എ​െൻറ ഒരു സുഹൃത്ത് ചോദിച്ചു, ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടോ എന്ന്. അതറിയാനായി ഞാൻ മൂന്നുദിവസം പോർട്ടറായി ജോലിനോക്കി. കാട്ടിൽ വിറകുവെട്ടി ചുമന്നുകൊണ്ടുവരുന്ന ജോലി ചെയ്തിട്ടുണ്ട്. പറഞ്ഞാൽ മനസ്സിലാകില്ല, അനുഭവിച്ചുതന്നെ അറിയണം മനുഷ്യ​െൻറ കഷ്ടപ്പാടുകൾ. 

•കൃഷിയും ജീവികളുമൊക്കെ ധാരാളമായുണ്ടല്ലോ. ഇതൊക്കെ പണ്ടേ താൽപര്യമായിരുന്നോ?
വല്യപ്പൻ കൃഷിക്കാരനായിരുന്നു. കുട്ടിക്കാലത്ത് കൃഷിയിൽ സഹായിക്കും. വലിയ താൽപര്യമാണ്. അത് ഇന്നുമുണ്ട്. ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വാഴ, കപ്പ, കാച്ചിൽ, ചേന, പച്ചക്കറികൾ ഒക്കെ. ഇപ്പോൾ ജോലിചെയ്യാൻ നിവൃത്തിയില്ല. അല്ലെങ്കിൽ ചെയ്യുമായിരുന്നു.

•കേരളത്തിൽ ആളുകൾ, പ്രകൃതി കൃഷിക്കുള്ളതല്ല, ചൂഷണം ചെയ്യാനുള്ളതാണെന്ന് കരുതുന്നു. എന്തുതോന്നുന്നു?
മനുഷ്യൻ മനുഷ്യനാകാൻ ദൈവം തന്നതാണ് പ്രകൃതി. മനുഷ്യ​െൻറ ആവശ്യത്തിന് ഉപയോഗിക്കണം. ഭക്ഷണവും ശ്വാസവും തരുന്നത് പ്രകൃതിയാണ്. അതുകൊണ്ട് പ്രകൃതിയെ നശിപ്പിക്കുന്നത് പാപമാണ്. കുട്ടിക്കാലത്തൊക്കെ വീടുകളിൽ ചക്കയും മാങ്ങയുമൊക്കെ ഒരു വീടി​െൻറ മാത്രം വകയായിരുന്നില്ല. അത് അയലത്തുകാരനുകൂടി കൊടുക്കാനുള്ളതായിരുന്നു. ഞങ്ങടെ പറമ്പിലെ വലിയ മാവിൽ ഒരു കാറ്റടിച്ചാൽ മാങ്ങകൾ വീഴും. അതു പെറുക്കാൻ നാട്ടിലെ പിള്ളേർ എല്ലാവരും കാണും. ഇത്തരം കൂട്ടായ്മകൾ നഷ്ടപ്പെടുന്നത് കാണുേമ്പാൾ ദുഃഖമുണ്ട്.

•സമൂഹത്തിലും കുടുംബങ്ങളിലുമൊക്കെ മുമ്പില്ലാത്ത വിധം തിന്മകൾ കൂടിവരുകയാണ്?
ഇപ്പോഴത്തെ ചില സംഭവങ്ങളൊക്കെ കാണുേമ്പാൾ തിന്മയാണ് ജയിക്കുന്നത്, നന്മയല്ല എന്ന് തോന്നും. എന്നാൽ, ആത്യന്തികമായി അങ്ങനെയല്ല. മഹാത്മഗാന്ധി ജീവിതത്തിൽ തോറ്റു എന്ന് തോന്നാം. എന്നാൽ, അഹിംസയുടെ മാർഗത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്ന് അദ്ദേഹം ആത്യന്തികമായി വിജയിച്ചു. തിന്മ ചെയ്യുന്നവരെ വീട്ടിൽ കയറ്റാതിരിക്കുകയല്ല വേണ്ടത്. അവനെ സ്വീകരിച്ച് മാനസാന്തരപ്പെടുത്തുകയാണ് വേണ്ടത്. പലരും പാപികളായിത്തീരുന്നത് അവരെ സമൂഹം ഉപേക്ഷിക്കുന്നതുകൊണ്ടാണ്.

•പലരെയും അങ്ങ് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നു. ധാരാളം വിദേശ മലയാളികളുള്ള നാടാണല്ലോ സ്വന്തം നാടായ ഇരവിപേരൂർ. പ്രായമായവർ മാത്രം കഴിയുന്ന വീടുകൾ അവിടെയുണ്ട്. മക്കളുടെ സ്നേഹം കേരളത്തിൽ പല അച്ഛനമ്മമാർക്കും കിട്ടുന്നില്ല?
മുമ്പ് എ​െൻറ കൂടെ ഒരു ധർമക്കാരനുണ്ടായിരുന്നു. അവന് ഞാൻ ഒരു വീടുവെച്ചു കൊടുത്തു. അപ്പോൾ മറ്റൊരിടത്ത് ധർമക്കാരുടെ ഇടയിൽ കഴിയുകയായിരുന്ന അവ​െൻറ അമ്മയെ പോയി അവൻ കൂട്ടിക്കൊണ്ടുവന്നു. മനുഷ്യരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാമെന്നാണ് ഫ്രാൻസിസ് പാപ്പ നമ്മെ പഠിപ്പിച്ചുതന്നത്. െകാൽക്കത്തയിലെ യാചകരിലും കുഷ്ഠരോഗികളിലും ക്രിസ്തുവി​െൻറ മുഖം ദർശിച്ച മദർ തെരേസയും പഠിപ്പിച്ചത് ഇതേ സത്യമാണ്.

•കേരളത്തി​െൻറ പരിസ്ഥിതിയെക്കുറിച്ച് ഏറെ ഉത്കണ്ഠാകുലനായിരുന്നു തിരുമേനി. ഇന്ന് പ്രകൃതിചൂഷണം ഏറി വരുകയാണ്?
പരിസ്ഥിതിക്കാണ് നമ്മൾ മുഖ്യ പ്രാധാന്യം കൊടുക്കേണ്ടത്. പാറയെല്ലാം പൊട്ടിച്ചു കൊണ്ടുപോകുന്നു. നദികളിൽനിന്ന് മണലെല്ലാം കോരിക്കൊണ്ടുപോകുന്നു. ജീവിക്കുന്ന മനുഷ്യന് ഉപകാരപ്രദമാകേണ്ട പ്രകൃതിയാണ് നശിപ്പിക്കുന്നത്. അവരുടെ ജീവിതം തടസ്സപ്പെടുത്തുന്ന വികസനം ആർക്കാണ്? ആറന്മുളയിൽ വിമാനത്താവളം തുടങ്ങാൻ പോയപ്പോഴും ഞാനതാണ് പറഞ്ഞത്. വിമാനത്താവളം ആർക്കാ. അങ്ങ് പറന്ന് പോകുന്നവർക്കാണ്. ഇവിടെ താമസിക്കുന്നവരുടെ കിടപ്പാടം ഇല്ലാതാക്കി കുടിവെള്ളം മുട്ടിച്ചിട്ട് എന്തിനാണ് നമുക്ക് വിമാനത്താവളം?

•എപ്പോഴും ഇങ്ങനെ സന്തോഷവാനായിരിക്കാൻ കഴിയുന്നതി​െൻറ രഹസ്യം എന്താണ്?
കല്യാണം കഴിച്ചിട്ടില്ല. പിന്നെ, പണത്തോട് ആർത്തിയും ഇല്ല. ഇത് രണ്ടുമാണ് പലരുടെയും മുഖത്തുനിന്ന് ചിരി മാറ്റുന്നത്. ഭാര്യയും ഭർത്താവും വഴക്കിടുന്നത് പക്ഷേ, അവരുടെ സന്തോഷത്തി​െൻറ ഭാഗമാണ്.

ഇന്ന് നമ്മൾ അയൽപക്കക്കാരനോട് സംസാരിക്കുന്നതിനെക്കാൾ കൂടുതൽ പുറത്തുള്ളവരുമായി ഫോണിൽ സംസാരിക്കും. കുട്ടികൾക്ക് വീട്ടുകാരെക്കാൾ കൂടുതൽ സൗഹൃദം അവരുടെ ഹെഡ്സെറ്റിനോടാണ്. സമൂഹത്തിലാണ് മനുഷ്യൻ മനുഷ്യനാകുന്നത്. സമൂഹവുമായി ബന്ധപ്പെട്ടിരിക്കുകയാണ് വ്യക്തിയുടെ ജീവിതം. സമൂഹബോധത്തെക്കാൾ വ്യക്തികളെക്കുറിച്ചുള്ള ബോധമാണ് ഇന്നധികവും നടക്കുന്നത്. മനുഷ്യർ പരസ്പരം സ്നേഹിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.

തയാറാക്കിയത്: സജി ശ്രീവൽസം

Tags:    
News Summary - happy priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.