തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ 37ാം നമ്പർ തെരുവിലെ ആരാധനാലയങ്ങൾ
2024 ഒക്ടോബറിലെ ഒരു ഉച്ചനേരം. ശിവക്ഷേത്രത്തിന് മുന്നിലെ തെരുവിൽ, ഓറഞ്ച് നിറമുള്ള പുതപ്പിൽ പൊതിഞ്ഞ ഒരു മൃതദേഹം കിടത്തിയിരുന്നു. മരിച്ചയാളുടെ കുടുംബത്തിലെ സ്ത്രീകൾ അലമുറയിട്ട് കരയുന്നു, കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഡസൻകണക്കിന് അയൽവാസികളും അവിടെ തടിച്ചുകൂടിയിരുന്നു.ന്യൂഡൽഹി തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ 37ാം നമ്പർ തെരുവിലാണീ രംഗം.
ആരായിരുന്നു അദ്ദേഹം? എങ്ങനെയാണ് മരിച്ചത്? എന്റെ ചോദ്യങ്ങൾക്ക് മറുപടിയായി, പരേതന്റെ അയൽവാസിയും എന്റെ ഫ്ലാറ്റുടമയുമായ സാബിർ ഖാൻ പറഞ്ഞു: ‘‘ഒരു സാധു ദലിത് വൃദ്ധൻ. കൈവണ്ടി വലിച്ച് കിട്ടുന്നതു കൊണ്ടാണ് അയാൾ കുടുംബം പുലർത്തിയത്. ഇപ്പോൾ മക്കൾക്ക് സ്വന്തം റിക്ഷകളായതോടെ ജീവിക്കാനുള്ള വരുമാനം അവർ കൊണ്ടുവരുന്നു. മക്കളും അച്ഛനും തമ്മിൽ വല്ലാത്ത അടുപ്പമായിരുന്നു; ഞങ്ങൾക്കെല്ലാവർക്കും ആ മനുഷ്യനെ വലിയ ഇഷ്ടമായിരുന്നു.’’മരണ കാരണവും ഖാൻ പറഞ്ഞു: ‘‘അദ്ദേഹം കടുത്ത മദ്യപാനിയായിരുന്നു; കുടിച്ചുകുടിച്ച് ലിവർ സിറോസിസ് ബാധിച്ചു. അവസ്ഥ വഷളായപ്പോൾ മക്കൾ ഹംദർദ് ആശുപത്രിയിൽ കൊണ്ടുപോയി. ഒരു തുള്ളിപോലും കുടിക്കരുതെന്ന് ഡോക്ടർമാർ വിലക്കി.’’
‘‘എന്നിട്ട്?, ‘‘മദ്യമില്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുന്നതിനെക്കുറിച്ച് അയാൾക്ക് ആലോചിക്കാൻ പോലുമാവില്ലായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോഴും എവിടെ നിന്നെങ്കിലും അൽപം മദ്യം സംഘടിപ്പിച്ചു വരാൻ അയാൾ നിർബന്ധം പിടിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണ് വെട്ടിക്കൽ അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടവർ കരിക്കിൻ വെള്ളത്തിൽ മദ്യം കലർത്തി അയാൾക്ക് നൽകി. അത് അകത്തുചെന്നതും അയാൾ ഉഷാറായി. തന്നെ സ്നേഹപൂർവം പരിചരിച്ചതിന് മക്കൾക്ക് ഒരുപാട് ആശിർവാദങ്ങൾ ചൊരിഞ്ഞു. അന്നുരാത്രി മരണപ്പെടുകയും ചെയ്തു’’.
പിന്നെയൊരു ദിവസം അയാളുടെ മകന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനിടയായപ്പോൾ അച്ഛനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ഞാൻ ചോദിച്ചു. മകൻ പറഞ്ഞു: ‘‘അദ്ദേഹം സ്നേഹനിധിയായ പിതാവായിരുന്നു. യു.പിയിലെ ഒരു വിദൂര ഗ്രാമത്തിൽനിന്ന് ഉപജീവനം തേടി ഈ മഹാനഗരത്തിൽ വന്ന അച്ഛൻ ഞങ്ങൾക്ക് ആഹാരം ഉറപ്പാക്കാനായി തെരുവുകളിൽ കഠിനാധ്വാനം ചെയ്തു. അദ്ദേഹത്തിന്റെ അധ്വാനവും അനുഗ്രഹവും കൊണ്ട് ഇന്ന് ഞങ്ങൾക്ക് ഒരു ഓട്ടോറിക്ഷയും ചെറിയൊരു വീടും സന്തുഷ്ടമായ ഒരു ജീവിതവുമുണ്ട്.’’
‘‘പക്ഷേ, അദ്ദേഹത്തിന് സിറോസിസാണെന്നറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് മദ്യം നൽകിയത്?’’-ഞാൻ ചോദിച്ചു. ‘‘മദ്യപാനശീലം ഉപേക്ഷിക്കണമെന്ന് അമ്മയും ഞങ്ങളും പറയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം കേട്ടില്ല. രാവിലെ മുതൽ വൈകുന്നേരം വരെ കഠിനാധ്വാനം ചെയ്ത ശേഷം മറ്റ് വണ്ടിക്കാരും ചുമട്ടുതൊഴിലാളി സുഹൃത്തുക്കളും ചേർന്ന് കമ്പനി കൂടി മദ്യപിക്കലായിരുന്നു പതിവ്. മദ്യപാനം നിർത്തണമെന്ന് ആശുപത്രിയിൽവെച്ച് ഡോക്ടർമാർ തീർത്തുപറഞ്ഞതാണ്. പക്ഷേ, എങ്ങനെയെങ്കിലും മദ്യം കൊണ്ടുവരണമെന്ന് അദ്ദേഹം നിർബന്ധിച്ചു. അച്ഛൻ ജീവിച്ചതു മുഴുവൻ ഞങ്ങൾക്ക് വേണ്ടിയാണ്. ജീവിതത്തിന്റെ അവസാന വേളയിൽ ഒരു ആഗ്രഹം പറയുമ്പോൾ അത് നിഷേധിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലായിരുന്നു. എന്തായാലും അദ്ദേഹം മരിക്കുമായിരുന്നു... ഒരു ദിവസം നമ്മൾ എല്ലാവരും മരിക്കുമല്ലോ.’’- ഇതായിരുന്നു ആ മകന്റെ മറുപടി.
ഗലികളിലെ കുഞ്ഞുങ്ങൾ
വീടുകൾ തമ്മിൽ വളരെ കുറഞ്ഞ അകലം മാത്രമുള്ള തിങ്ങിനിറഞ്ഞ പ്രദേശമാണ് 37 തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ. ഒരു നാലുചക്ര വാഹനത്തിനുപോലും കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതാണ് ഈ വഴി. ഇതിന്റെ തെക്കേ അറ്റത്ത് ഒരു ചെറിയ ശിവക്ഷേത്രമുണ്ട്. ഒരു കോണിൽ, ഏകദേശം അമ്പത് മീറ്റർ അകലെ ഒരു മസ്ജിദ് സ്ഥിതി ചെയ്യുന്നു. വടക്കേ അറ്റത്തുള്ള തെരുവിൽ ഷാഹി പബ്ലിക് സ്കൂളിനോട് ചേർന്ന് ഒരു ചർച്ചുമുണ്ട്.
ചീറിപ്പായുന്ന വാഹനങ്ങളുടെ അഭാവം ഈ പ്രദേശത്തെ കുട്ടികൾക്ക് ഒരു തരത്തിൽ അനുഗ്രഹമാണ്-അവർ പകൽ മുഴുവൻ ഗോട്ടിയും പന്തും കളിച്ച് ചിരിച്ചും ഒച്ചവെച്ചും വഴക്കിട്ടും നടക്കുന്നു. കളി ചിരിയുമായി ഈ തെരുവുകൾക്ക് അലങ്കാരമേകി അവർ എന്നെന്നും കുട്ടികളായി തുടരുമെന്ന് തോന്നിപ്പോകും. പാൽ, മുട്ട, ചായപ്പൊടി, വിലകുറഞ്ഞ മിഠായിയും ബിസ്കറ്റുകളും, പലചരക്ക് സാധനങ്ങൾ എന്നിവ വിൽക്കുന്ന ചെറിയ കടകൾ ഇവിടെയുണ്ട്. തെരുവിന്റെ ഒരു കോണിലെ റേഷൻ കടക്കുമുന്നിൽ അഴുക്കുപുരണ്ട ദോത്തിയും സാരിയും പാന്റും കമീസും ധരിച്ച സ്ത്രീ പുരുഷന്മാർ തങ്ങളുടെ റേഷൻ വിഹിതം വാങ്ങാൻ ഒത്തുകൂടുന്നു.
എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ നിരവധി ആളുകൾ നമസ്കരിക്കാൻ എത്താറുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിൽനിന്ന് മണിനാദവും ഭജനകളും മുഴങ്ങാറുണ്ട്. ഉത്സവകാലങ്ങളിൽ നെറ്റിയിൽ സിന്ദൂരം ചാർത്തി, കൈകളിൽ താലങ്ങളുമേന്തി സ്ത്രീകൾ നഗ്നപാദരായി ക്ഷേത്രത്തിലേക്ക് പോകുന്നത് കാണാം. ചർച്ചിന് മുന്നിലുള്ള തെരുവ് പ്രധാന തുഗ്ലക്കാബാദ്-മെഹ്‌റോളി റോഡുമായി അതിർത്തി പങ്കിടുന്നതിനാൽ അവിടെ ഒരു ചെറിയ പാർക്കിങ് സ്ഥലമുണ്ട്.
ഭൂരിഭാഗവും മുസ്‍ലിം-ഹിന്ദു വീടുകളും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. പല വീടുകളും ഒരേ മേൽക്കൂര പങ്കിടുന്നു. സ്ത്രീകൾ ഉള്ളിയും ഉരുളക്കിഴങ്ങും പങ്കുവെക്കുന്നതും, മേൽക്കൂരകളിൽനിന്ന് പരസ്പരം സംസാരിക്കുന്നതും കാണാം.വീടിനടുത്തുള്ള ചെറിയ കടയിൽ ഒരു പാക്കറ്റ് പാൽ വാങ്ങാൻ പോയപ്പോൾ, സൈക്കിളിന്റെ പിൻസീറ്റിൽ നിരവധി മുട്ടത്തട്ടുകൾ സൂക്ഷ്മമായി അടുക്കിവെച്ച് നിൽക്കുന്ന ഒരു മധ്യവയസ്കനെ കണ്ടുമുട്ടി. ‘‘ഇത്രയധികം മുട്ടകൾ കിട്ടണമെങ്കിൽ നിങ്ങൾക്ക് ഒരുപാട് കോഴികൾ ഉണ്ടാകുമല്ലോ. അതിനെയൊക്കെ എവിടെയാണ് വളർത്തുന്നത്?’’-ഞാനൊരു തമാശ പറഞ്ഞു.
അയാൾ പറഞ്ഞു: ‘‘എന്റെ നാട് അയോധ്യയാണ്. ഞങ്ങളുടെ അബ്ബക്ക് ധാരാളം കോഴികളുണ്ടായിരുന്നു. ഞങ്ങൾ ഒരു കുടിലിലാണ് താമസിച്ചിരുന്നത്, കോഴികളോടൊപ്പമാണ് കളിച്ചിരുന്നത്. എന്നാൽ ഒരു ദിവസം പൊലീസുകാർ വന്ന് ഞങ്ങളുടെ കുടിൽ തകർക്കുകയും കോഴികളെ പിടിച്ചെടുക്കുകയും ചെയ്തു. വീട് നഷ്ടപ്പെട്ടതോടെ ഉപജീവനമാർഗം തേടി ഞാൻ ഡൽഹിയിൽ വന്നു. ഇപ്പോൾ ഞാൻ മൊത്തക്കച്ചവടക്കാരിൽനിന്ന് മുട്ട വാങ്ങി ചില്ലറ വ്യാപാരികൾക്ക് നൽകുന്നു. ഞങ്ങൾക്ക് ഇപ്പോൾ കോഴികളൊന്നുമില്ല’’- ആ മറുപടി ഒരു തമാശയായിരുന്നില്ല. ഇന്ത്യൻ ജീവിത യാഥാർഥ്യമായിരുന്നു.
ഈ വർഷം മാർച്ച് 27ന്, തോക്കുകളേന്തിയ അഞ്ച് പൊലീസുകാർ ക്ഷേത്രത്തിനുസമീപം കാവൽ നിൽക്കുന്നത് കണ്ടു. ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്രയിൽ ഉച്ചത്തിൽ ‘ജയ് ശ്രീറാം’ മുഴക്കി കുറെ ചെറുപ്പക്കാർ അണിനിരന്നു. തെരുവിൽ നിത്യവും കളിക്കാറുള്ള കുട്ടികളെ ഒരാളെപ്പോലും അവിടെങ്ങും കാണാനില്ലായിരുന്നു. യൂനിവേഴ്സിറ്റിയിൽനിന്ന് തിരിച്ചുവരുമ്പോൾ അസാധാരണമായ ഈ സാന്നിധ്യത്തിന്റെ കാരണം ഞാൻ ഒരു പൊലീസുകാരനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘‘ഇന്ന് രാമനവമിയാണ്. ഇതൊരു മുസ്‍ലിം പ്രദേശമാണ്. സമാധാനം ഉറപ്പാക്കാനാണ് ഞങ്ങൾ ഇവിടെ ഡ്യൂട്ടിയിലുള്ളത്.’’
വീടിന്റെ താഴത്തെ നിലയിലെ ചെറിയ മുറിയിൽ സാബിർ ഖാനും ഓട്ടോറിക്ഷാ ഡ്രൈവറും ഇരിപ്പുണ്ടായിരുന്നു. ‘‘ഘോഷയാത്രയിലുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണ്. ഞങ്ങൾക്ക് അവരെ അറിയില്ല. പൊലീസുകാർ ഇവിടെ വന്ന് നിൽക്കുന്നതെന്തിനെന്നും ഞങ്ങൾക്കറിയില്ല’’-ഖാൻ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർ കൂട്ടിച്ചേർത്തു: ‘‘സാറിപ്പോൾ രണ്ടു വർഷമായി ഇവിടെ താമസിക്കുന്നു. ഞങ്ങൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നത് സാർ കണ്ടിട്ടുണ്ടോ?’’
ഞാൻ സാധാരണയായി എന്റെ സുഹൃത്തുക്കളെ 37 തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ എന്റെ വീട്ടിലേക്ക് ക്ഷണിക്കാറില്ല. കാരണം ഇവിടെ പാർക്കിങ് സൗകര്യമില്ല, സന്ദർശകർക്ക് എന്റെ വീട്ടിലെത്താൻ ഇടുങ്ങിയ വഴിയിലൂടെ നടന്ന് ബുദ്ധിമുട്ടേണ്ടി വരും. ഞാൻ ഈ തെരുവ് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം, ഞാൻ പഠിപ്പിക്കുന്ന ജാമിയ ഹംദർദ് യൂനിവേഴ്സിറ്റിയിലേക്ക് ഇവിടെ നിന്ന് നടക്കാവുന്ന ദൂരം മാത്രമേയുള്ളൂ എന്നതാണ്.
മറ്റൊരു കാരണം കൂടിയുണ്ട്- ഈ തെരുവിൽ നിരവധി ഹെയർകട്ടിങ് സലൂണുകളുണ്ട്-ആഡംബരമായി അലങ്കരിച്ചതൊന്നുമല്ല. പക്ഷേ, ബിഹാറിലെയും യു.പിയിലെയും ഗ്രാമങ്ങളിൽ നിന്നുള്ള അവിടത്തെ ബാർബർമാർ കൗതുകകരമായ പല കഥകളും എന്നോട് പങ്കുവെക്കാറുണ്ട്. അവർക്കെല്ലാം എന്നെ വലിയ ഇഷ്ടമാണ്. അവരുമായി സംസാരിക്കാനും കഥകൾ കേൾക്കാനും എനിക്കും വലിയ ഇഷ്ടമാണ്.ഇതിനേക്കാളെല്ലാം വലിയ ആകർഷണം സാബിർ ഖാൻ തന്നെ; ഒന്നാമത് വളരെ കുറഞ്ഞ വാടകയാണ് അദ്ദേഹം ഈടാക്കുന്നത്. കൈയിൽ പൈസയില്ലാത്തപ്പോൾ അദ്ദേഹം വാടകക്ക് നിർബന്ധം പിടിക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.