1991 മെയ് 21, രാവിലെ 5:30. മഹാരാഷ്ട്രയിലെ മിരാജ് ജങ്ഷൻ, ഉദയ്പൂരിൽനിന്നുള്ള ബിസിനസ് യാത്ര കഴിഞ്ഞ് പുലരിയുടെ മങ്ങിയ വെളിച്ചത്തിൽ ഞാൻ സ്റ്റേഷനിൽ ഇറങ്ങി. റെയിൽവേ സ്റ്റാളുകളിലെല്ലാം മറാഠി പത്രങ്ങളിൽ വലിയ ചിത്രവും തലക്കെട്ടും: രാജീവ് ഗാന്ധിയുടെ ഫോട്ടോ, "राजीव गांधी ठार झाले". മറാഠി അറിയാത്ത എനിക്ക് മനസ്സിലായില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തയായിരിക്കുമെന്ന് കരുതി. അമ്മാവൻ അഷ്റഫ്കാന്റെ മുറിയിലേക്ക് ഓടിച്ചെന്ന് പത്രം കാണിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ ആ ഞെട്ടൽ ഇന്നും മറക്കാനാവില്ല. ഉടൻ തന്നെ ടി.വി ഓൺ ചെയ്തു. സ്ക്രീനിൽ വിലാപസംഗീതം മുഴങ്ങുന്നു. "രാജീവ് ഗാന്ധി കൊല്ലപ്പെട്ടു" ആ വാക്കുകൾ കേട്ടപ്പോൾ എന്റെ തലകറങ്ങി. ഒരു യുഗം അവസാനിച്ചു എന്ന തോന്നൽ. ഒരു സ്വപ്നം കൊലചെയ്യപ്പെട്ടു എന്ന തിരിച്ചറിവ്. ആ നിമിഷത്തിന്റെ ദുഃഖം ഇന്നും മാറിയിട്ടില്ല .
മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. സോണിയ ഗാന്ധി എഴുതിയ 'രാജീവ്' എന്ന പുസ്തകത്തിലൂടെ സോണിയ ഗാന്ധിയുടെ ഓർമകളിലൂടെ ഞാൻ വീണ്ടും കടന്നുപോയി. ശ്രീപെരുമ്പുത്തൂരിലെ ആ ദാരുണമായ രാത്രിക്കുശേഷം മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, രാജീവ് ഗാന്ധിയെ മറ്റാരെക്കാളും നന്നായറിയുന്ന സോണിയ ഗാന്ധിയുടെ വാക്കുകൾ വായിക്കുമ്പോൾ രാജീവ് ഗാന്ധി എന്ന മാന്യനായ മനുഷ്യൻ; രാഷ്ട്രീയക്കാരനല്ല, സ്വപ്നദർശിയായ ഒരു മനുഷ്യൻ നമ്മുടെ മുന്നിൽ ഇന്നും ജീവിക്കുന്നതുപോലെ തോന്നി.
രാജീവ് ഗാന്ധി, സോണിയയുടെ ജീവിതത്തിന്റെ താളമായിരുന്നു. 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരിൽ ആ താളം നിലച്ചപ്പോൾ, അവരുടെ ലോകം നിശ്ചലമായി. പക്ഷേ, അദ്ദേഹം ജീവിച്ച ഓരോ നിമിഷവും ആ സ്നേഹവും ധൈര്യവും ദർശനവും അവരിൽ എന്നും ജ്വലിച്ചിരുന്നു.
രാജീവ് ഒരിക്കലും രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല. വിമാനം പറത്തുന്നതിലും ഫോട്ടോഗ്രഫിയിലും സംഗീതത്തിലും മുഴുകിയ ഒരു സ്വകാര്യ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബജീവിതം ലളിതവും സ്നേഹനിർഭരവുമായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ചെലവഴിക്കുന്ന സായാഹ്നങ്ങൾ, പുസ്തകങ്ങൾ, കുടുംബമൊത്തുള്ള യാത്രകൾ. എന്നാൽ, 1980-ൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ, വിധി രാജീവിനെ മറ്റൊരു വഴിയിലേക്ക് വലിച്ചിഴച്ചു.
1981 ജൂണിൽ അമേഠിയിൽനിന്ന് ആദ്യമായി മത്സരിച്ചപ്പോൾ, കാമറകൾക്ക് മുന്നിൽ നിൽക്കാൻ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. പൊതുശ്രദ്ധയുടെ കേന്ദ്രമാകുന്നതിനോടുള്ള തന്റെ സ്വാഭാവിക വിമുഖത മറികടക്കാൻ അദ്ദേഹത്തിന് വലിയ പരിശ്രമം വേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർഥത ജനങ്ങൾ തിരിച്ചറിഞ്ഞു.
ആ മനുഷ്യരുടെ കണ്ണുകളിൽ രാജീവിനോടുള്ള സ്നേഹം ഞാൻ കണ്ടു. അമേഠി റോഡുകളോ, കുടിവെള്ളമോ, സ്കൂളുകളോ, ആരോഗ്യ സൗകര്യങ്ങളോ ഇല്ലാത്ത ഒരു പ്രദേശമായിരുന്നു. രാജീവ് വിശദമായ വികസന പദ്ധതികൾ തയാറാക്കി, ജോലിയുടെ പുരോഗതി സൂക്ഷ്മമായി അടുത്തറിയാനായി കമ്പ്യൂട്ടർ ഡേറ്റബേസ് ഉപയോഗിച്ചു. ഒരു പൈലറ്റ് എന്ന നിലയിലുള്ള പ്രഫഷനൽ പരിശീലനത്തിൽനിന്ന് ഉരുത്തിരിഞ്ഞ പ്രായോഗികവും, സമഗ്രവും , കാര്യക്ഷമവുമായ രീതിയായിരുന്നു അദ്ദേഹത്തിന്റേത് .ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ശൈലി.
2026ൽ, ആ ദുരന്തരാത്രിക്ക് 35 വർഷങ്ങൾക്കുശേഷം, ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, രാജീവ് ഗാന്ധിയുടെ ദർശനങ്ങൾ എത്രമാത്രം പ്രസക്തമാണെന്ന് തിരിച്ചറിയുന്നു. കമ്പ്യൂട്ടർ ഡേറ്റബേസ് ഉപയോഗിച്ച് വികസനം നിരീക്ഷിക്കുക എന്ന അദ്ദേഹത്തിന്റെ ചിന്ത, ഇന്ന് ഡിജിറ്റൽ ഇന്ത്യയുടെ അടിത്തറയായി മാറിയിരിക്കുന്നു. ഈ ശാസ്ത്രീയ മനോഭാവം ഇന്നത്തെ ലോകത്ത് ഏറ്റവും ആവശ്യമായ ഗുണമാണ്. സ്വാശ്രയത്വത്തെക്കുറിച്ചും ദരിദ്രർക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ, ഇന്നും ഇന്ത്യയുടെ നയരൂപവത്കരണത്തിന് വഴികാട്ടിയാകേണ്ടവയാണ്.
1984ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 542ൽ 405 സീറ്റുകൾ നേടി, ഇന്ത്യയുടെ ഏറ്റവും ചെറുപ്പക്കാരനായ പ്രധാനമന്ത്രിയായി, നാൽപ്പതാം വയസ്സിൽ, അദ്ദേഹം രാജ്യത്തെ നയിക്കാൻ തുടങ്ങി. "ഒരേയൊരു ഇന്ത്യ മാത്രമേയുള്ളൂ. അത് നമ്മൾ എല്ലാവരുടേതുമാണ്". ഇതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
രാജീവ് ഒരു സ്വപ്നദർശിയായിരുന്നു. "ഇന്ത്യ ഒരു പഴയ രാജ്യമാണ്, പക്ഷേ ഒരു യുവരാജ്യമാണ്" എന്ന് അമേരിക്കൻ കോൺഗ്രസിൽ അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. കമ്പ്യൂട്ടർ വിപ്ലവം, ടെലികമ്യൂണിക്കേഷൻ മിഷൻ, സാക്ഷരത മിഷൻ, കുടിവെള്ള മിഷൻ ഇവയെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ വിരിഞ്ഞ ആശയങ്ങളായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ലബോറട്ടറികളിൽ മാത്രം ഒതുങ്ങരുതെന്ന്, ദരിദ്രരുടെ ജീവിതത്തെ സ്പർശിക്കണമെന്ന് അദ്ദേഹം ശഠിച്ചു.
എന്നാൽ, രാജീവിന്റെ ഏറ്റവും വലിയ സ്വപ്നം പഞ്ചായത്തിരാജ് ആയിരുന്നു. അധികാരം ജനങ്ങളുടെ കൈകളിലേക്ക്. "ജനങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്ന അധികാരം ജനങ്ങൾക്ക് തന്നെ ലഭിക്കണം, ബ്യൂറോക്രാറ്റുകൾക്കല്ല". ഈ ബോധ്യം അദ്ദേഹം എല്ലാ വേദികളിലും ഉയർത്തിപ്പിടിച്ചു. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, ആദിവാസി മേഖലകളിലെ ഏറ്റവും ദരിദ്രമായ കുടിലുകളിൽപോലും അദ്ദേഹം കയറിച്ചെന്നു. "ജനങ്ങളുടെ കണ്ണുകളിൽ സ്നേഹവും സൗഹൃദവും വിശ്വാസവും, എല്ലാറ്റിലും ഉപരി പ്രതീക്ഷയും ഞാൻ കാണുന്നു" .ഈ വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ആഴം വെളിപ്പെടുത്തി.
ലോകവേദികളിൽ രാജീവ് ധീരമായി നിലകൊണ്ടു. മോസ്കോയിൽ ഗോർബച്ചേവുമായി സൗഹൃദം സ്ഥാപിച്ചു; അമേരിക്കൻ പ്രസിഡന്റ് റീഗനോട് ആത്മവിശ്വാസത്തോടെ സംവദിച്ചു. സാർക്ക് സ്ഥാപകരിൽ ഒരാളായി; ആഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ ശബ്ദമുയർത്തി. ഐക്യരാഷ്ട്രസഭയിൽ ആണവനിരായുധീകരണത്തിനായി വാദിച്ചു. "നിരായുധീകരണം ആയുധശേഖരം കുറയ്ക്കുന്ന യാന്ത്രിക പ്രക്രിയ മാത്രമല്ല, ലോകത്തെ ഒരു കുടുംബമായി കാണുന്ന മാനസിക പ്രക്രിയ കൂടിയാണ്". ഈ ദർശനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നു. പക്ഷേ, അപകടങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു.
കൊളംബോയിൽ ഒരു സൈനികൻ തോക്കിന്റെ പാത്തികൊണ്ട് അടിച്ചപ്പോഴും, രാജീവ് പരിപാടി പൂർത്തിയാക്കിയിട്ടേ പോന്നുള്ളൂ. ഭയം എന്താണെന്ന് അദ്ദേഹം ഒരിക്കലും അറിഞ്ഞിരുന്നില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും അവഗണിച്ചു.വീട്ടിൽ, അദ്ദേഹം മറ്റൊരു മനുഷ്യനായിരുന്നു. ലാളിത്യമുള്ള സ്നേഹനിധിയായ കുടുംബ നാഥൻ.
1987ലെ ഭയാനകമായ വരൾച്ചയിൽ ദശലക്ഷകണക്കിന് ജനങ്ങളെ സംരക്ഷിച്ചുകൊണ്ട്, ധാന്യം ഇറക്കുമതി ചെയ്യാതെ, ഇന്ത്യ ആദ്യമായി ക്ഷാമകാലത്ത് പോസിറ്റീവ് വളർച്ചാനിരക്ക് കൈവരിച്ചു. അത് രാജീവിന്റെ സൂക്ഷ്മമായ ആസൂത്രണത്തിന്റെ ഫലമായിരുന്നു. പരിസ്ഥിതിയെക്കുറിച്ച് "ഓരോ നാശവും ഇന്ത്യയുടെ ഒരു ഭാഗത്തിന്റെ മരണമാണ്" എന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, കേരളത്തിലെ സൈലന്റ് വാലിയിൽ മരങ്ങൾ മുറിച്ചുമാറ്റിയത് കണ്ട് രോഷാകുലനായി.
കോൺഗ്രസ് ശതാബ്ദി സമ്മേളനത്തിൽ ബോംബെയിൽ അദ്ദേഹം പറഞ്ഞു: "ഒരു മഹത്തായ രാജ്യം മഹത്തായ ഭൂതകാലം മാത്രമുള്ളതല്ല. ആ ഭൂതകാലത്തിൽനിന്ന് ഒരു മഹത്തായ ഭാവി ഉദയം കൊള്ളണം." ആ വാക്കുകൾ ഒരു യുവാവിന്റെ തീക്ഷ്ണമായ പ്രതിജ്ഞയായിരുന്നു.
മിറജ് ജങ്ഷനിൽവെച്ച് അറിഞ്ഞ ആ ദുരന്ത വാർത്തയുടെ വേദന ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ സോണിയ ഗാന്ധിയുടെ രാജീവിനെക്കുറിച്ചുള്ള പുസ്തകം വീണ്ടും വായിക്കുമ്പോൾ രാഷ്ട്രീയത്തിലെ മാന്യനായ ആ നേതാവിനെ ഞാൻ മനസ്സുകൊണ്ട് തൊടുന്നതായി എനിക്കനുഭവപ്പെട്ടു. ഇന്ത്യയ്ക്ക് അത്തരമൊരു നേതാവുണ്ടായിരുന്നു എന്നതിൽ അഭിമാനം തോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.