അഡ്വ. എം.വി.എസ് നമ്പൂതിരി
എന്തും പഠിച്ച് ആത്മവിശ്വാസത്തോടെ സഭയിൽ അവതരിപ്പിക്കുന്ന അതേ രീതി തന്നെയായിരുന്നു കോടതി മുറികളിൽ വാദമുഖങ്ങളുയർത്തി തലയുയർത്തി നിന്ന കാലത്തെയും അഡ്വ. വി.ഡി. സതീശൻ.
പഠനകാലം മുതലേ മുതൽക്കൂട്ടായ ആത്മവിശ്വാസവും കണിശതയും കൃത്യതയുമാണ് സതീശനെ വിദ്യാർഥി നേതാവ് മുതൽ മുഖ്യമന്ത്രി പദം വരെ എത്തിക്കാൻ സഹായിച്ചതെങ്കിൽ നിയമ മേഖലയിൽ കരുത്തനാകാൻ തുണയായതും പകരംവെക്കാനില്ലാത്ത ഇതേ ഗുണങ്ങൾ തന്നെ. അതുകൊണ്ട് വി.ഡി. സതീശൻ എന്ന കരുത്തനായ നേതാവ് മുഖ്യമന്ത്രിയായി വരുമെന്ന കാര്യത്തിൽ ഹൈകോടതിയിലെ അദ്ദേഹത്തിന്റെ സീനിയറും കോൺഗ്രസ് അഭിഭാഷക സംഘടന നേതാവുമായ എം.വി.എസ്. നമ്പൂതിരിക്ക് ഒരു സംശയവുമുണ്ടായില്ല. അത് യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
തിരുവനന്തപുരം ലോ കോളജിൽനിന്ന് എൽഎൽ.എം എടുത്ത ശേഷമാണ് 1991 മുതൽ എം.വി.എസ് നമ്പൂതിരിക്ക് കീഴിൽ ഹൈകോടതിയിൽ അഭിഭാഷകനായി സതീശൻ പ്രാക്ടീസ് ചെയ്യാനെത്തിയത്. കേസുകൾ കൃത്യമായി പഠിച്ച് വ്യക്തമായി അവതരിപ്പിക്കാനുള്ള കഴിവ് തുടക്കം മുതൽ പ്രകടിപ്പിച്ചിരുന്നു. ഹൈകോടതിക്കൊപ്പം കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും (സി.എ.ടി) സതീശനെ വാദിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. കോടതികളിൽ സതീശൻ വാദിക്കുന്ന രീതിയും ഉന്നയിക്കുന്ന വിഷയത്തിലെ വ്യക്തതയും ഏറെ ഇഷ്ടപ്പെട്ടതായി പിന്നീട് കണ്ടപ്പോൾ അക്കാലത്തെ ന്യായാധിപൻമാരിൽ ഒട്ടേറെ പേർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അഡ്വ. എം.വി.എസ് നമ്പൂതിരി പറയുന്നു.
‘നിങ്ങൾ സതീശനെ സി.എ.ടിയിലേക്ക് വിട്ടാൽ മതി, അയാൾ നോക്കിക്കൊളും’, കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന സി.എ.ടി വൈസ് ചെയർമാനായിരുന്ന ജസ്റ്റിസ് ചേറ്റൂർ ശങ്കരൻനായർ കേന്ദ്രസർക്കാർ അഭിഭാഷകൻ എം.വി.എസ്. നമ്പൂതിരിയോട് പറഞ്ഞ വാക്കുകളാണിത്. സതീശൻ അന്ന് പ്രാക്ടീസ് ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും സതീശന്റെ കഴിവിൽ ന്യായാധിപൻമാർക്ക് അത്രയേറെ വിശ്വാസമായിരുന്നു എന്നതിന് തെളിവാണിത്. കേസ് നൽകിയാൽ എന്തെങ്കിലും ഫലമുണ്ടാകാനിടയുണ്ടോയെന്ന് ഇഴകീറി പരിശോധിക്കുമായിരുന്നു. കേസ് കൊടുത്താലും ഗുണമുണ്ടാകില്ലെങ്കിൽ അത് അങ്ങിനെ തന്നെ കക്ഷിയോട് തുറന്നുപറയാൻ സതീശൻ മടികാട്ടിയിരുന്നില്ല.
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കിടയിൽ നിലനിന്നിരുന്ന സംഘടനയിലെ പ്രധാന മുഖമായിരുന്നു സതീശൻ. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലും മറ്റും വിഷയാവതാരകനുമായിരുന്നു. ജനപ്രതിനിധിയായി രാഷ്ട്രീയത്തിൽ തിരക്കിലായപ്പോഴും പ്രകൃതിസംരക്ഷണത്തിൽ ശ്രദ്ധാലുവായിരുന്നു ഈ ‘ഹരിത എം.എൽ.എ’. രാഷ്ട്രീയ പ്രവർത്തനവും അഭിഭാഷക വൃത്തിക്കൊപ്പം കൊണ്ടുപോകുന്നതിനിടെ 2001ലാണ് സതീശൻ പറവൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് അഭിഭാഷക വൃത്തിയിൽ സജീവമായില്ല. എങ്കിലും ജീവിതത്തിലെ പ്രധാന സംഭവങ്ങളുണ്ടാകുമ്പോൾ സീനിയറായിരുന്ന തന്നെ സതീശൻ മറക്കാറില്ലെന്ന് അഡ്വ. എം.വി.എസ്. നമ്പൂതിരി പറയുന്നു. .
അഭിഭാഷകനായി മാത്രമല്ല, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറുമായുണ്ടാക്കിയ കരാറിലൂടെ വ്യക്തിവിവരങ്ങളടക്കം ചോർന്നത് ചോദ്യം ചെയ്തും കെ -ഫോൺ നടത്തിപ്പിലും എ.ഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ചും സതീശൻ ഹൈകോടതിയിലെത്തിയിരുന്നു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് വഴിതടയലും പൊതുസ്വത്ത് നശിപ്പിക്കലുമടക്കം കേസുകൾ സതീശനെതിരെ വിവിധ കോടതികളിൽ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.