സ്വർണം വാങ്ങാതിരിക്കലല്ല പരിഹാരം


സ്വർണം വാങ്ങുന്നതിൽ കർശന നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ സമീപകാല ആഹ്വാനം ആഭരണ വ്യാപാര മേഖലയിൽ കാര്യമായ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യക്കാർ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ചിലർക്ക് ആഭരണങ്ങൾ ഫാഷൻ, അന്തസ്, അലങ്കാരം, ആത്മാവിഷ്കാരം എന്നിവയുടെയെല്ലാം പ്രതീകമാണ്. എന്നാൽ, മറ്റു പലർക്കും ഇത് പണപ്പെരുപ്പത്തിനെതിരായ സുരക്ഷയും, വിശ്വസനീയമായ നിക്ഷേപവും, അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ പണമാക്കി മാറ്റാൻ സാധിക്കുന്ന സുരക്ഷിത സാമ്പത്തിക ഉപകരണവുമാണ്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും, ആഗോള സാമ്പത്തിക അനിശ്ചിതത്വവും, രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്തായിരിക്കാം പ്രധാനമന്ത്രി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ഇത്തരമൊരു പരാമർശം വിപണിയിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണ്. ആ പ്രസ്താവനയ്ക്ക് പിന്നാലെ സ്വർണ മേഖലയുമായി ബന്ധപ്പെട്ട ചില കമ്പനികളുടെ വിപണി മൂല്യം 10 മുതൽ 15 ശതമാനം വരെ ഇടിഞ്ഞു. സ്വർണവില താഴ്ന്നേക്കുമെന്ന ആശങ്കയിൽ കൈവശമുള്ള സ്വർണം വിറ്റഴിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരുന്ന പ്രവണതയുമുണ്ടായി.

ഇത് വെറുമൊരു വാണിജ്യ പ്രശ്നമല്ല; ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ സ്വർണ മേഖലക്ക് വലിയ പങ്കുണ്ട്. ജ്വല്ലറി നിർമ്മാണം, റീട്ടെയിൽ വ്യാപാരം, കയറ്റുമതി, കരകൗശല തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, പണിക്കാർ, അനുബന്ധ സേവന മേഖലകൾ എന്നിവയുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാണ് ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ കറൻസി മൂല്യം ഡോളറിനെതിരെ 96.60 നിലവാരത്തിലേക്ക് ദുർബലമായ സാഹചര്യത്തിൽ, ഓരോ വർഷവും ഏകദേശം 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നതിനായി ഏകദേശം 12 ലക്ഷം കോടി രൂപയാണ് രാജ്യത്തുനിന്ന് വിദേശത്തേക്ക് പോകുന്നത്. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യം തന്നെയാണ്.

എന്നാൽ സ്വർണം വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് പകരം, രാജ്യത്തിനകത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന വമ്പൻ സ്വർണശേഖരത്തെ സാമ്പത്തിക ചലനങ്ങളിലേക്ക് കൊണ്ടുവരാനുള്ള നയങ്ങൾ ആവിഷ്കരിക്കുകയാണ് കരണീയമായ മാർഗം.

ഇന്ത്യയിലെ കുടുംബങ്ങൾ, ട്രസ്റ്റുകൾ, മതസ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ കൈവശം 25,000 മുതൽ 30,000 ടൺ വരെ സ്വർണം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ ചെറിയൊരു വിഹിതമെങ്കിലും ഓരോ വർഷവും പുനരുപയോഗത്തിനും ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിലേക്കും കൊണ്ടുവരാൻ കഴിഞ്ഞാൽ, രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറക്കാൻ സാധിക്കും.

ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ അഞ്ച് ശതമാനം മാത്രം വർഷംതോറും റീസൈക്ലിംഗ് സംവിധാനത്തിലേക്ക് എത്തിച്ചാൽ പോലും രാജ്യത്തിന്റെ വാർഷിക സ്വർണ ഇറക്കുമതി ആവശ്യകത വലിയ തോതിൽ കുറയും. ഇറക്കുമതി കുറക്കുക എന്ന ലക്ഷ്യത്തോടെ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തിൽനിന്ന് 15 ശതമാനമായി വർധിപ്പിച്ചത് കള്ളക്കടത്ത് ക്രമാതീതമായി ഉയരാൻ വഴിവെക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ചുരുക്കത്തിൽ, രാജ്യത്തിനകത്തെ സ്വർണശേഖരം നിയമപരവും സുതാര്യവുമായ രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ, സ്വർണ ഇറക്കുമതി ഗണ്യമായി കുറക്കാനും വിദേശനാണയ ചെലവ് ലാഭിക്കാനും ആഭ്യന്തര വ്യവസായവും തൊഴിലും സംരക്ഷിക്കാനും സാധിക്കും.

(കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്

അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്

ലേഖകൻ)

Tags:    
News Summary - The solution is not to not buy gold.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.