സത്യപ്രതിജ്ഞക്കുശേഷം നടത്തിയ രോമാഞ്ചമുണർത്തുന്ന പ്രസംഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞത്, സംസ്ഥാനത്തെ എട്ടുകോടി ജനങ്ങളും തനിക്ക് മക്കളെപ്പോലെയാണെന്നാണ്. പറഞ്ഞ കാര്യം എത്രത്തോളം നടപ്പാക്കാൻ കഴിയും എന്നതാണ് വിജയ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുക. ദ്രാവിഡ രാഷ്ട്രീയം ആശയപരമായി ബ്രാഹ്മണമൂല്യ വിരുദ്ധമായിരുന്നുവെങ്കിലും അത് ജാതിവിവേചനങ്ങളെ ഇല്ലാതാക്കാൻ പര്യാപ്തമായിരുന്നില്ല. ജാതിവിവേചന നിർമാർജനം ദ്രാവിഡ പാർട്ടികളുടെ പ്രായോഗിക ലക്ഷ്യവുമായിരുന്നില്ല. എന്നാൽ, ടി.വി.കെയുടെ ആശയപരമായ അടിത്തറ തന്തൈ പെരിയാറിലും ബാബാസാഹെബ് അംബേദ്കറിലും ഉറപ്പിക്കുന്ന വിജയ്, അസ്പൃശ്യതാ നിർമാർജനം അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ബാബാസാഹെബും പെരിയാറും മുന്നോട്ടുവെച്ച ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തിയുടെ അന്തസ്സും സ്വാഭിമാനവുമായിരുന്നു.
തമിഴ് ഗ്രാമങ്ങളിൽ തുടരുന്ന കടുത്ത ജാതിവിവേചനത്തിന്റെ ഒരു മേഖല ശുചീകരണത്തൊഴിലുകളാണ്. പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കാക കാലേൽക്കർ കമീഷൻ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞത്, ശുചീകരണത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മൃഗങ്ങളുടേതിനേക്കാൾ മോശമാണെന്നും മനുഷ്യത്വരഹിതമായ തോട്ടിപ്പണി അവസാനിപ്പിക്കണമെന്നുമാണ്. അതിനുശേഷം ഏതാണ്ട് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിൽ തോട്ടിപ്പണി തുടരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശുചീകരണത്തൊഴിലാളികൾ മരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിൽ 2026നുള്ളിൽ തോട്ടിപ്പണി സമ്പൂർണമായി അവസാനിപ്പിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. പക്ഷേ, 2022 മാർച്ച് 16ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പ് പറയുന്നത്: തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, എന്നാൽ കൃത്യമായ സുരക്ഷകളില്ലാതെ കക്കൂസ് ടാങ്കുകളും ഓടകളും വൃത്തിയാക്കാൻ ഇറങ്ങിയ 43 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ്. അതായത്, ഈ 43 മരണങ്ങൾ ഭരണകൂട നിർവചനപ്രകാരം തോട്ടിപ്പണി മൂലമല്ല.
ഇന്ത്യ മുഴുവൻ പ്രധാനമായും പട്ടികജാതിക്കാരാണ് തോട്ടിപ്പണിയെടുക്കുന്നത്. ജോലിക്കിടയിൽ മരിക്കാത്തവർ തീരാരോഗങ്ങൾക്കടിപ്പെട്ട് ദുരിതമനുഭവിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ സന്നദ്ധ സംഘടനകൾ നടത്തിയ സർവേകളിൽ പ്രകടമായ ചിത്രങ്ങളിലൊന്ന് ഈ തൊഴിലിലേക്ക് കൂടുതൽ കൂടുതൽ സ്ത്രീകൾ എത്തുന്നു എന്നതാണ്. ശുചീകരണത്തൊഴിലാളികളുടെ കുടുംബത്തിലേക്ക് മരുമകളായി എത്തുന്ന പെൺകുട്ടികൾ അമ്മായിയമ്മയുടെ തൊഴിൽ ഏറ്റെടുക്കുക എന്നത് ഇന്നും തുടരുന്ന ‘ഭാരതീയ പാരമ്പര്യ’മാണ്.
തോട്ടിപ്പണി ഇല്ലാതാക്കുന്നതിന് രാജ്യത്ത് നിയമങ്ങളില്ലാത്തതല്ല പ്രശ്നം. ഇന്ത്യയിൽ 1993 മുതൽ നിയമംമൂലം തോട്ടിപ്പണി നിരോധിച്ചിട്ടുണ്ട്. 2013ൽ കൂടുതൽ കാര്യക്ഷമമായ നിയമങ്ങളുണ്ടായി. നിയമങ്ങൾ എത്രതന്നെയുണ്ടായിട്ടും ഇന്നും തോട്ടിപ്പണി തുടരുന്നു; പഴയ അസ്പൃശ്യ ജാതികൾ തന്നെയാണ് ഇന്നും ഇത് ചെയ്യുന്നത്. തോട്ടിപ്പണിക്കിടയിൽ മരണം സംഭവിച്ചാലും അതൊക്കെ കേവലം ‘അപകടം’ എന്ന വിഭാഗത്തിൽപ്പെടുത്തി നിയമത്തിൽനിന്ന് മറച്ചുവെക്കപ്പെടുന്നുമുണ്ട്. 1993നുശേഷം തോട്ടിപ്പണിക്കിടയിൽ മരണപ്പെട്ട എല്ലാ തൊഴിലാളികൾക്കും പത്തുലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്ന് 2014ൽ നിർദേശിച്ച സുപ്രീംകോടതി പിന്നീട് ഈ തുക 30 ലക്ഷമായി വർധിപ്പിക്കണമെന്ന് പറഞ്ഞു. 1993നുശേഷം തമിഴ്‌നാട്ടിലെ ഓടകളും കക്കൂസുകളും വൃത്തിയാക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുറഞ്ഞത് 30 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കുന്ന ഉത്തരവിൽ വിജയ് ഒപ്പുവെച്ചാൽ അത് ആ മനുഷ്യർ ജീവിച്ചുതീർത്ത വേദനകൾക്കുള്ള ഒരു ആശ്വാസമാകും. കക്കൂസ് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്ന തൊഴിലുകൾ പൂർണമായും സർക്കാർ ഉടമസ്ഥതയിൽ മാത്രം ചെയ്യുന്ന ഒന്നായി മാറ്റുകയാണ് ഏറ്റവും അടിസ്ഥാനപരമായി ഈ മേഖലയിൽ ഉണ്ടാകേണ്ട ഒരു കാര്യം.
ശൗചാലയ ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നത് സർക്കാർ ചുമതലയിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നടത്തിയാൽ ആ മേഖലയിൽ വരുന്ന മരണങ്ങളും ഒഴിവാക്കാവുന്നതാണ്. അംബേദ്കർ പറഞ്ഞത്, ‘‘ഒരാൾ തോട്ടിപ്പണി എടുക്കുന്നതുകൊണ്ടല്ല അയാളൊരു തോട്ടിയാകുന്നത്; അയാൾ ജനിക്കുന്നത് തന്നെ തോട്ടിയാകാനാണ്’’ എന്നാണ്. ജാതിയുടെ ചരിത്രപരമായ ഈ ഊരാക്കുടുക്കിനെ പൊട്ടിക്കാൻ വിജയ് യുടെ സർക്കാറിന് കഴിയുമോ എന്നത് കാത്തിരുന്നു കാണണം. ശുചീകരണത്തൊഴിലാളികൾ ജോലിക്കിടയിൽ മരിക്കാത്തതും ഒരു വികസന സൂചികയാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.