ഡേറ്റബാങ്ക് എന്ന ഊരാക്കുടുക്ക്

2017-ലാണ് 71 വയസ്സുകാരിയായ കമലമ്മ എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ വില്ലേജിൽപ്പെട്ട ഉളിയന്നൂരിൽ വീടുവെക്കാനായി അഞ്ച് സെന്റ് സ്ഥലം വാങ്ങുന്നത്. ആധാരത്തിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിരുന്ന ഭൂമി വില്ലേജ് രേഖകളിൽ നിലമായിരുന്നു. അന്ന് ഡേറ്റാബാങ്ക് നിലവിലില്ലാത്തതിനാൽ ഇത്തരം ഭൂമിയിൽ വീടുവെക്കാൻ അഞ്ച് സെന്റ് വാങ്ങുന്നതിന് തടസ്സങ്ങളുമുണ്ടായിരുന്നില്ല. തുടർന്ന്, 1057 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ പ്ലാൻ സഹിതം നിർമാണാനുമതിക്കായി 2018 ജനുവരിയിൽ കടുങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് അവർ അപേക്ഷ നൽകി.

കുറെക്കാലം നടപടിയെടുക്കാതെ പിടിച്ചുവെച്ച ശേഷം സെക്രട്ടറി ഈ അപേക്ഷ കടുങ്ങല്ലൂർ കൃഷി ഓഫീസർക്ക് റിപ്പോർട്ടിനായി അയച്ചു. കൃഷി ഓഫീസറാകട്ടെ 18 മാസമാണ് ഫയലിൻമേൽ അടയിരുന്നത്. ഒടുവിൽ 2019-ൽ വിചിത്രമായൊരു റിപ്പോർട്ടോടെ ഫയൽ മടക്കി: ‘‘ഇപ്പോൾ ഈ ഭൂമി ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല; എന്നാൽ ഭാവിയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ നിർമാണാനുമതി നൽകാനാവില്ല.’’ ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നിരസിച്ചു. പാർപ്പിടനിർമാണത്തിന് അനുമതി നൽകാൻ പൂർണ അധികാരമുള്ള പഞ്ചായത്ത് സെക്രട്ടറി, തന്റെ അധികാരം വിനിയോഗിക്കാതെ അപേക്ഷ കൃഷി ഓഫീസർക്ക് അയച്ചതുതന്നെ ചട്ടവിരുദ്ധമാണ്. ഭൂമി നിലവിൽ ഡേറ്റാബാങ്കിലില്ലെന്ന് വ്യക്തമാക്കിയ കൃഷി ഓഫീസറുടെ വിചിത്രമായ കണ്ടെത്തൽ അതേപടി അംഗീകരിക്കേണ്ട ബാധ്യതയും സെക്രട്ടറിക്കില്ലായിരുന്നു. നിയമപ്രകാരം സ്വതന്ത്രമായി തീരുമാനമെടുക്കാതെ പഞ്ചായത്ത് സെക്രട്ടറി കൃത്യവിലോപമാണ് കാട്ടിയത്. ഇതിനുപുറമേ, ഈ ഭൂമി ഡേറ്റാബാങ്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നത് 20 മാസങ്ങൾക്കു ശേഷം 2021 മാർച്ച് 20-നാണെന്നത് ഉദ്യോഗസ്ഥ അനാസ്ഥയുടെ ആഴം വ്യക്തമാക്കുന്നു. തുടർന്ന് നീതിതേടി അപേക്ഷക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഹൈകോടതിയിലെ ഒരു അഭിഭാഷകൻ മുഖേന കേസ് നൽകിയെങ്കിലും മൂന്നുവർഷം കഴിഞ്ഞിട്ടും കേസ് ബെഞ്ചിലെത്തിയില്ലെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ടു.ഇങ്ങനെ നിരാശപ്പെട്ടിരിക്കെയാണ് 2025 ഫെബ്രുവരി 12ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അസംബ്ലിയിൽ ഒരു പ്രസ്താവന നടത്തിയത്. ഇത്തരം സംഭവങ്ങളിൽ ചില ഉദ്യോഗസ്ഥന്മാർ അവരുടെ അധികാരം പ്രയോഗിക്കാതെ അപേക്ഷകൾ കൃഷി ഓഫീസർമാർക്കയച്ചു ആളുകളെ കഷ്ടപ്പെടുത്തുന്നത് ഉടനടി നിർത്തിവെക്കുവാൻ ഉത്തരവ് കൊടുത്തിട്ടുണ്ട് എന്നായിരുന്നു അത്. ഇതൊരു പിടിവള്ളിയാക്കി കമലമ്മ 2025 ഫെബ്രുവരി 18-ന് പഞ്ചായത്ത് സെക്രട്ടറിക്ക് പുനഃപരിശോധനാഹർജി സമർപ്പിച്ചു. മുൻ തീരുമാനം തിരുത്തി മുൻകാലപ്രാബല്യത്തോടെ നിർമാണാനുമതി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ അതേ തെറ്റ് ആവർത്തിച്ച് സെക്രട്ടറി വീണ്ടും അപേക്ഷ കൃഷി ഓഫീസർക്ക് അയച്ചു. ഭൂമിക്ക് നിലത്തിന്റെ രൂപമുണ്ടെന്ന വാദമുയർത്തി കൃഷി ഓഫീസർ ഇത്തവണയും എതിർത്തതോടെ ഹർജി സെക്രട്ടറി വീണ്ടും തള്ളി.

വാസ്തവത്തിൽ 15 സെന്റ് വരുന്ന ഒരു ഭൂമിയുടെ നടുവിലുള്ള അഞ്ച് സെന്റാണ് കമലമ്മയുടേത്. ഇതിനോടു ചേർന്നുള്ള അഞ്ച് സെന്റിൽ കോൺക്രീറ്റ് വീടുണ്ട്. ബാക്കി അഞ്ച് സെന്റ് തരിശായി കിടക്കുകയാണ്. ചുറ്റും വീടുകളുള്ള, കൃഷിയോഗ്യവുമല്ലാത്ത ഈ ഭൂമി നിലമല്ലെന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യമാകുന്നതാണ്.

നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008-ൽ നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമം കൊണ്ടുവന്നത്. എന്നാൽ, കൃത്യമായ സ്ഥലപരിശോധന നടത്താതെ വില്ലേജ് രേഖകളിലെ ‘നിലം’എന്ന പഴയ രേഖപ്പെടുത്തലുകൾ അതേപടി പകർത്തി കാടടച്ച് ഡേറ്റാബാങ്ക് തയാറാക്കിയതാണ് കാര്യങ്ങൾ തകിടംമറിച്ചത്. റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളും ഓഫിസുകൾ കയറിയിറങ്ങുന്ന ആയിരക്കണക്കിന് സാധാരണക്കാരും ഈ അശാസ്ത്രീയതയുടെ ഇരകളാണ്.

ഇത്തരത്തിൽ സംസ്ഥാനത്തുടനീളം അനേകം ഏക്കർ ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇത് സർക്കാരിനോ ഉടമസ്ഥർക്കോ ഒരുവിധത്തിലും പ്രയോജനപ്പെടുന്നില്ല; കൃഷിയിറക്കാനോ, വീടുവെക്കാനോ, വിൽക്കാനോ സാധിക്കാതെ പാഴ്ഭൂമിയായി മാറുന്നു. ഡേറ്റാബാങ്കിൽനിന്ന് ഭൂമി ഒഴിവാക്കിക്കിട്ടാൻ അപേക്ഷ നൽകി കമലമ്മയെപ്പോലെ നിരവധിയാളുകൾ നിത്യേന ഓഫിസുകൾ കയറിയിറങ്ങുന്നു. ഇവ കൈകാര്യം ചെയ്യാൻ അധിക ജീവനക്കാരെ വെക്കേണ്ടിവരുന്നതിലൂടെ സർക്കാരിനും വലിയ സാമ്പത്തികച്ചെലവുണ്ടാകുന്നു. സാധാരണക്കാരുടെ സമയവും അധ്വാനവും വരുമാനവുമാണ് ഇതിലൂടെ പാഴാകുന്നത്. നിയമങ്ങളും ചട്ടങ്ങളും മനുഷ്യർക്ക് ഉപകാരപ്പെടാനാണ്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമികളിൽ അടിയന്തര പുനഃപരിശോധന നടത്താൻ സർക്കാർ തയാറാകണം. കമലമ്മയുടേതുപോലുള്ള അപേക്ഷകളും കൃഷിയോഗ്യമല്ലാത്തതുമായ ഭൂമികൾ ഡേറ്റാബാങ്കിൽനിന്ന് ഒഴിവാക്കാൻ ഉത്തരവിറക്കണം. ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്ന ഒരു സർക്കാർ മനസ്സ് വെച്ചാൽ ഒറ്റ നാൾ കൊണ്ട് പരിഹരിക്കാവുന്നതാണ് ഈ ദുരിതം.  

Tags:    
News Summary - Kerala’s Data Bank Dilemma: Bureaucratic Red Tape and the Plight of Landowners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.