ഈ ചോദ്യങ്ങൾക്ക് ഉത്തരമെവിടെ?
തെരഞ്ഞെടുപ്പ് കമീഷൻ സെപ്റ്റംബർ 26-ന് പുറത്തിറക്കിയത് തികച്ചും അസാധാരണമായ ഒരു പത്രക്കുറിപ്പായിരുന്നു.ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാർ വോട്ടർമാരെ വീടുകളിലെത്തി കാണും, ഭവനരഹിതർക്കും അരികുവത്കരിക്കപ്പെട്ടവർക്കുമായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും, ഇ.സി.ഐ.നെറ്റ് സംവിധാനം വിദഗ്ധ പരിശോധനക്ക് വിധേയമാക്കും, പുതിയ ഐ.ടി മൊഡ്യൂളുകൾ സ്ഥാപനപരമായ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും, കമീഷൻ യോഗങ്ങൾക്ക് മുന്നോടിയായി അജണ്ട വിതരണം ചെയ്യുകയും തുടർന്ന് മിനിറ്റ്സ് രേഖപ്പെടുത്തുകയും ചെയ്യും, തെരഞ്ഞെടുപ്പ് കമീഷണർമാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടും എന്നിങ്ങനെ നിരവധി ഭരണപരമായ മാറ്റങ്ങളാണ് അതിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വൈകിയുദിച്ച ഈ വിവേകം നല്ലതു തന്നെ. പക്ഷേ, ഇവയിൽ ഏതൊക്കെയാണ് യഥാർത്ഥത്തിൽ പുതിയ പരിഷ്കാരങ്ങൾ? ആദ്യ പ്രഖ്യാപനം തന്നെയെടുക്കുക. കണ്ടെത്താൻ കഴിയാത്തവർ (unmapped), യുക്തിപരമായ പൊരുത്തക്കേടുകൾ (logical discrepancies) ഉള്ളവർ എന്നീ നോട്ടീസ് ലഭിച്ചവർ ഇനിമുതൽ നേരിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ(ഇ.ആർ.ഒ)ക്ക് മുന്നിൽ ഹാജരാകേണ്ടതില്ല. പകരം, ബി.എൽ.ഒമാർ അവരുടെ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ഇ.സി.ഐ.നെറ്റ് ഡിജിറ്റൽ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുമെന്ന്.
ഇത് വോട്ടർമാരുടെ അസൗകര്യം കുറക്കുമെന്നത് ശരിയാണ്. എന്നാൽ, ഇത് യഥാർത്ഥ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. വീടുതോറുമുള്ള സന്ദർശനം തെരഞ്ഞെടുപ്പ് കമീഷനെ സംബന്ധിച്ച് പുതിയ കാര്യമല്ല. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വേളയിൽ തന്നെ എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്നതിനും ശേഖരിക്കുന്നതിനുമായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിച്ചിരുന്നു. ഇവിടെ യഥാർത്ഥ പ്രശ്നം പൗരജനങ്ങൾക്ക് ഇ.ആർ.ഒ ഓഫീസിൽ എത്താൻ കഴിയാഞ്ഞതല്ല; മറിച്ച് രേഖകൾ ഹാജരാക്കാനുള്ള ബാധ്യതയായിരുന്നു. ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്ത ഒരു വോട്ടർക്ക്, ആ രേഖകൾ അവരുടെ പടിവാതിൽക്കൽ വന്ന് ആവശ്യപ്പെട്ടു എന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകുന്നില്ല.
‘യുക്തിപരമായ പൊരുത്തക്കേടു’കളെ ച്ചൊല്ലിയുള്ള വിവാദവും നിസ്സാരമല്ല. ഡൽഹിയിൽ ഇത്തരം നോട്ടീസുകൾ യാന്ത്രികമായി നൽകപ്പെട്ടതിനെക്കുറിച്ചും, പൊരുത്തക്കേടുകൾ കണ്ടെത്തുന്നതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്ന് സുപ്രീംകോടതി അടുത്തിടെ കമീഷന്റെ വിശദീകരണം തേടിയിരുന്നു.
ഭവനരഹിതർ, തൊഴിലാളികൾ, നൈറ്റ് ഷെൽട്ടറുകളിൽ കഴിയുന്നവർ എന്നിവർക്കായി പ്രത്യേക ക്യാമ്പുകൾ പ്രഖ്യാപിച്ചത് അവരുടെ നിലനിൽപ്പ് ഒടുവിൽ അംഗീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. എന്നാൽ, രേഖകൾ കൈവശമുണ്ടാവാൻ ഏറ്റവും സാധ്യത കുറഞ്ഞ പൗരരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ യഥാർത്ഥത്തിൽ ഈ ക്യാമ്പുകൾ സഹായിക്കുമോ?.
ഏറ്റവും ഗുരുതരമായ വിഷയം നിയമപരമായ അധികാരം സംബന്ധിച്ചുള്ളതാണ്. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 13ബി വ്യക്തമാക്കുന്നത്, വോട്ടർപട്ടിക തയ്യാറാക്കേണ്ടതും പുതുക്കേണ്ടതും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് എന്നാണ്. തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരവും മേൽനോട്ടപരവുമായ അധികാരങ്ങൾ ഉണ്ടെന്നതിൽ തർക്കമില്ല; എങ്കിലും പാർലമെന്റ് ഓരോ മണ്ഡലത്തിലെയും വോട്ടർപട്ടിക തയ്യാറാക്കാനും പുതുക്കാനുമുള്ള അധികാരം കൃത്യമായി നിക്ഷിപ്തമാക്കിയിരിക്കുന്നത് ഇ.ആർ.ഒയിലാണ്.
ഗോവയിലെ സംഭവം പരിശോധിക്കുക. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് പ്രകാരം, ഇ.ആർ.ഒമാരും എ.ഇ.ആർ.ഒമാരും നടത്തിയ സൂക്ഷ്മപരിശോധനയിൽ 97 വോട്ടർമാർ യോഗ്യരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഡൽഹിയിൽനിന്ന് നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിൽ അവരുടെ പേരുകൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ തിരുത്തൽ സൗകര്യം നൽകിയിരുന്നില്ല. ഈ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ ഉദ്യോഗസ്ഥർ ഏഴു ദിവസത്തിനിടെ എട്ടു തവണ കത്തെഴുതി. എന്നാൽ, അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അത് പ്രവർത്തനക്ഷമമാക്കിയില്ല; അതോടെ ആ 97 പേരും പട്ടികക്ക് പുറത്തായി.
ഇപ്പോൾ കമീഷൻ പറയുന്നത്, ഈ 97 പേരിൽ 81 പേരും ഫോം 6 പൂരിപ്പിച്ചു നൽകിയിട്ടുണ്ട് എന്നാണ്. എന്നാൽ, അത് ഒരിക്കലും ഒരു മറുപടിയാകുന്നില്ല. ഇവിടെ നിയമപരമായ ചോദ്യം വളരെ വ്യക്തമാണ്: കേന്ദ്രീകൃതമായി നിയന്ത്രിക്കപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറിന്, നിയമപരമായ അധികാരമുള്ള ഒരു ഇ.ആർ.ഒയുടെ സാധുവായ തീരുമാനത്തെ നടപ്പാക്കുന്നതിൽനിന്ന് തടയാൻ കഴിയുമോ? സാങ്കേതികവിദ്യ നിയമത്തെ നടപ്പാക്കുകയാണ് വേണ്ടത്; അല്ലാതെ നിയമത്തിന്മേൽ വീറ്റോ അധികാരം പ്രയോഗിക്കുകയല്ല.
ഫോം 6 മറ്റൊരു ചോദ്യം ഉയർത്തുന്നു. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിലെ ചട്ടം 13 പ്രകാരം, വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷക്കായി നിഷ്കർഷിച്ചിട്ടുള്ളത് ഫോം 6 ആണ്. ആറു പതിറ്റാണ്ടിലേറെയായി ഈ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നു. ഫോമിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, അധികമായി ഒരു എസ്.ഐ.ആർ സത്യവാങ്മൂലം മാത്രമാണ് ചേർത്തതെന്നും, ഇതിന് എസ്.ഐ.ആർ ചട്ടക്കൂട് ശരിവെച്ചുകൊണ്ടുള്ള മെയ് 27-ലെ സുപ്രീംകോടതി വിധിയുടെ പിൻബലമുണ്ടെന്നുമാണ് കമീഷന്റെ വാദം.
ആ വിധി പ്രധാനപ്പെട്ടതാണ്, അത് അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. ആർട്ടിക്കിൾ 324, സെക്ഷൻ 21(3) എന്നിവ പ്രകാരം എസ്.ഐ.ആർ നടത്താനുള്ള കമീഷന്റെ അധികാരത്തെ കോടതി ശരിവെക്കുകയും, ഫോം 6-നൊപ്പം പ്രത്യേക സത്യവാങ്മൂലം വേണമെന്ന വ്യവസ്ഥ വിധിയിൽ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, കമീഷണർമാരുടെ കുറിപ്പുകളിലൂടെ പുറത്തുവന്ന മറ്റൊരു വിവാദത്തെ ഇത് ഇല്ലാതാക്കുന്നില്ല: ഓൺലൈൻ ഫോം 6-ൽ മാതാപിതാക്കളെ സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തിയത് ആരാണ്? ഈ ഓൺലൈൻ നിബന്ധന ഒഴിവാക്കിയിട്ടുണ്ടോ എന്നോ, ഇത് ഉൾപ്പെടുത്താൻ ആര് അനുമതി നൽകിയെന്നോ, നിയമപരമായ ഫോം 6-ഉം എസ്.ഐ.ആറിനായി നിശ്ചയിച്ച പ്രത്യേക സത്യവാങ്മൂലവുമായി ഇതിന് എന്തു ബന്ധമാണുള്ളതെന്നോ സെപ്റ്റംബർ 26-ലെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നില്ല.
തുടർന്ന് പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നുന്ന രണ്ട് പ്രഖ്യാപനങ്ങൾ വരുന്നു: ഇനിമുതൽ കമീഷൻ യോഗങ്ങൾക്ക് മുൻപ് അജണ്ടകൾ നൽകുമെന്നും യോഗതീരുമാനങ്ങൾ രേഖപ്പെടുത്തുമെന്നും; തെരഞ്ഞെടുപ്പ് കമീഷണർമാർ നൽകുന്ന നിർദേശങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുമെന്നും. അജണ്ടകളും മിനിറ്റ്സുകളും ഇനിമുതൽ പതിവാകുമെങ്കിൽ, സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്: ഇതിനുമുമ്പ് എന്തായിരുന്നു ഇവിടുത്തെ രീതി? കമീഷണർമാരുടെ നിർദേശങ്ങൾ ഇനി കൃത്യമായി പാലിക്കപ്പെടുമെങ്കിൽ, മുമ്പ് നൽകിയ നിർദേശങ്ങൾക്ക് എന്തു സംഭവിച്ചു?
യഥാർത്ഥ എസ്.ഐ.ആർ ഉത്തരവുകൾക്കും തുടർന്നുള്ള സമയക്രമങ്ങൾക്കും മൂന്ന് കമീഷണർമാരുടെയും ഏകകണ്ഠമായ അംഗീകാരമുണ്ടായിരുന്നു എന്ന് കമീഷൻ ഊന്നിപ്പറയുന്നുണ്ട്. ഇത് പ്രധാനമാണ്, ഒരു ചോദ്യത്തിന് അത് മറുപടിയുമാണ്: എസ്.ഐ.ആർ നടത്താനുള്ള തീരുമാനം ഏതെങ്കിലും ഒരാളുടെ ഏകപക്ഷീയമായ നടപടിയായിരുന്നില്ല. എന്നാൽ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പിന്നീട് കൈക്കൊണ്ട എല്ലാ തീരുമാനങ്ങൾക്കും കമീഷന്റെ പൂർണ അംഗീകാരമുണ്ടായിരുന്നോ?
പശ്ചിമബംഗാളിന്റെ കാര്യത്തിലാണ് ഈ നിശബ്ദത ഏറ്റവും പ്രകടം. ട്രിബ്യൂണലുകൾക്ക് മുന്നിലെത്തിയ 38.31 ലക്ഷം അപ്പീലുകളിൽ 22.21 ലക്ഷവും തങ്ങളെ ഒഴിവാക്കിയതിനെതിരെ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് വോട്ടർമാർ നൽകിയതായിരുന്നു; ബാക്കി 16.10 ലക്ഷം അപ്പീലുകൾ പട്ടികയിൽ ഉൾപ്പെടുത്തിയ ചിലരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു. ‘തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി’ ഇത്തരം അപ്പീലുകൾ സമർപ്പിക്കാൻ ആർക്കാണ് അധികാരം നൽകിയിരുന്നതെന്നും യഥാർത്ഥത്തിൽ അവ സമർപ്പിച്ചത് ആരാണെന്നും ഒരു കമീഷണർ ചോദിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
മറുപടി ലഭിക്കേണ്ട ചോദ്യങ്ങൾ ലളിതമാണ്: തർക്കത്തിലായ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് ആരാണ്? ഇ.ആർ.ഒയുടെ തീരുമാനത്തെ തകിടം മറിക്കാൻ സോഫ്റ്റ്‌വെയറിന് എങ്ങനെ സാധിച്ചു? ഡിജിറ്റൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കലുകൾ നടത്തുകയോ ചെയ്തത് ആരാണ്?
കമീഷന്റെ പേരിൽ അപ്പീലുകൾ ഫയൽ ചെയ്യാൻ ആര് അധികാരം നൽകി? കമീഷന്റെ പൂർണ അധികാരമില്ലാതെ കൈക്കൊണ്ട തീരുമാനങ്ങൾ ഏതൊക്കെയാണ്, അവയുടെ നിയമസാധുത എന്താണ്? ഈ പരാജയങ്ങൾ കാരണം ഇതിനകം പട്ടികയിൽനിന്ന് പുറത്തായ പൗരർക്ക് മുന്നിലുള്ള പരിഹാരമാർഗം എന്താണ്? ഈ ചോദ്യങ്ങൾ ഫയലുകൾക്കുള്ളിൽ മൂടിവെക്കപ്പെടാൻ പാടില്ലാത്തവിധം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ എന്ന സ്ഥാപനം.നാളെ മികച്ച നടപടികൾ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമല്ല സ്ഥാപനത്തിലുള്ള വിശ്വാസം വീണ്ടെടുക്കപ്പെടുന്നത്; മറിച്ച് ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിശദീകരിക്കുമ്പോൾ കൂടിയാണ്.
(ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ‘An Undocumented Wonder: The Making of the Great Indian Election’എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.