വിദ്യാഭ്യാസത്തെ മരുന്നാക്കി മാറ്റിയ ഡോക്ടർ

ക്രാന്തദർശിത്വവും പ്രായോഗികതയും സമന്വയിച്ച നേതാവ് എന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാവുന്ന മുസ്‍ലിം എജുക്കേഷനൽ ​സൊസൈറ്റി മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. പി.കെ. അബ്ദുൽ ഗഫൂറിന്റെ നാൽപതാം വിയോഗവാർഷിക ദിനമാണിന്ന്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, സീതി സാഹിബ് എന്നിവർക്കുശേഷം കൊടുങ്ങല്ലൂർ കേരളത്തിന് നൽകിയ സംഭാവനയാണദ്ദേഹം.

കൊടുങ്ങല്ലൂർ പടിയത്ത് മണപ്പാട്ട് കൊച്ചുമൊയ്തീൻ ഹാജിയുടെയും കറുകപ്പാടത്ത് കുഞ്ഞച്ചുമ്മയുടെയും മകനായി 1929 ഡിസംബർ 25നാണ് ജനനം. മുസ്‍ലിം ഐക്യസംഘത്തിന്റെ നേതൃത്വത്തിൽ നവോത്ഥാന പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും സജീവമായ കാലഘട്ടമായിരുന്നു അത്. അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് ബിരുദവും, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും, എഡിൻബറോയിൽ നിന്ന് എം.ആർ.സി.പിയും 1979ൽ എഫ്.ആർ.സി.പിയും നേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി സേവനമാരംഭിച്ച അദ്ദേഹം, മുന്നിൽ വന്നിരുന്ന രോഗികളുടെ കണ്ണിൽ നാടിന്റെയും സമുദായത്തിന്റെയും ​ദൈന്യത കണ്ടു, അതിന് ചികിത്സ വേണമെന്നുറച്ചു. വിദ്യാഭ്യാസം നൽകിയും ആധുനികവത്കരിച്ചും അവരെ ശാക്തീകരിക്കുക എന്നതായിരുന്നു ഡോ. ഗഫൂർ അതിനുപയോഗിച്ച ഔഷധം. സ്വന്തമായി എൻജിനീയറിങ് കോളജ് ആരംഭിച്ച തങ്ങൾ കുഞ്ഞ് മുസ്‍ലിയാരെയാണ് വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം ഏറ്റവും ആദരവോടെ കണ്ടത്. പിതൃസഹോദരൻ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി ഒരു സ്കൂൾ സ്ഥാപിച്ച് അവിടത്തെ വിദ്യാർഥികൾക്ക് ഭക്ഷണവും വസ്ത്രവും സൗജന്യമായി നൽകിയ മാതൃകയും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം ഊർജമുൾക്കൊണ്ട് 1964ൽ അദ്ദേഹം മുസ്‍ലിം എജുക്കേഷനൽ സൊസൈറ്റിക്ക് (എം.ഇ.എസ്) രൂപംനൽകി. ഉറക്കം തൂങ്ങിയ മുസ്‍ലിം സമുദായത്തിന്റെ കണ്ണുകളിൽ ജീവസ്സുറ്റ സ്വപ്നം കൊണ്ട് തിളക്കമേറ്റാൻ അദ്ദേഹം മുന്നിട്ടിറങ്ങി. സ്ത്രീവിദ്യാഭ്യാസത്തിലൂടെ സാമൂഹിക മാറ്റത്തിന് അസ്തിവാരം പണിതു. അസാധാരണമായ ഇച്ഛാശക്തിയും ദീർഘവീക്ഷണവും തന്റേടവുമായിരുന്നു കൈമുതൽ. രൂപംകൊണ്ട ആദ്യ വർഷം തന്നെ എം.ഇ.എസ് അംഗങ്ങളിൽ നിന്ന് 25,000 രൂപ പിരിച്ചെടുത്ത് 12 മെഡിക്കൽ വിദ്യാർഥികൾക്കും 21എൻജിനീയറിങ് വിദ്യാർഥികൾക്കും ഉൾപ്പെടെ 98 നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകി. സാമൂഹിക സാഹചര്യങ്ങൾ മൂലം വിദ്യാഭ്യാസപരമായി പിന്നാക്കം പോയ മത്സ്യത്തൊഴിലാളികളുടെയും പള്ളി, മദ്റസ ജീവനക്കാരുടെയും കുട്ടികൾക്ക് ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും വിദേശത്ത് പഠിക്കുന്നതിനും ആവശ്യമായ സ്കോളർഷിപ് നൽകുന്ന വിപ്ലവകരമായ ദത്തെടുക്കൽ പദ്ധതിക്കും ഡോ. ഗഫൂർ രൂപം നൽകി.

 

കോഴിക്കോട് എളിയതോതിലാരംഭിച്ച എം.ഇ.എസ് ഇന്ത്യയിലുടനീളം വളർന്നുപന്തലിച്ചു. കേരളീയ പൊതുസമൂഹത്തിന് പൊതുവിലും മുസ്‍ലിം സമുദായത്തിന് വിശേഷിച്ചും ഏറെ നേട്ടമായി മാറിയ ആറ് എയ്ഡഡ് കോളജുകളും ചാത്തമംഗലം രാജ റസിഡൻഷ്യൽ സ്കൂളും ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂളും ഉൾപ്പെടെ പല സ്ഥാപനങ്ങളും നിലവിൽ വന്നത് ഡോ. ഗഫൂറിന്റെ നേതൃത്വത്തിനുകീഴിലാണ്.

1984ൽ ഡൽഹിയിൽ നടത്തിയ അഖിലേന്ത്യ എം.ഇ.എസ് സമ്മേളനത്തിൽവെച്ച് ഇന്ത്യൻ മുസ്‍ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സമയബന്ധിതമായ മാസ്റ്റർ പ്ലാൻ തയാറാക്കുകയും അതിനനുസരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നതിനിടയിലാണ് ആ നേതാവിന്റെ വിയോഗം. പക്ഷേ, അദ്ദേഹം തുടങ്ങിവെച്ച നന്മകൾ ഇന്നും സമൂഹത്തിന് പ്രകാശമേകുന്നു. പിന്നാക്ക മുസ്‍ലിം ക്ഷേമത്തിനും വനിതാ ശാക്തീകരണത്തിനും ഡോ. ഗഫൂർ അർപ്പിച്ച സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുക തന്നെ ചെയ്യും.

(എം.ഇ.എസ് തൃശൂർ ജില്ല സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - Dr PK Abdul Gafoor The doctor who turned education into medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.