യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ വെടിനിർത്തൽ പദ്ധതിക്ക് ഹ്രസ്വവും ദീർഘകാലവുമായ ഗൂഢലക്ഷ്യങ്ങളുണ്ട്. പൂർണ അർഥത്തിൽ ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കാർമികത്വത്തിൽ അമേരിക്കൻ പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും തമ്മിലെ ഒരു ‘കരാർ’ ആണ്. നിലവിലെ സാഹചര്യത്തെയും ദുരന്തങ്ങളെയും കണക്കിലെടുത്ത് ഹമാസ് തൽക്കാലം ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും ഭാവിയിൽ ഫലസ്തീൻ രാജ്യ താൽപര്യത്തെയും വിമോചനത്തെയും മുൻനിർത്തി, ഇതുമായി മുന്നോട്ടുപോകാൻ ഹമാസിന് കഴിയില്ല.
ഈ സമാധാന കരാർ അനുസരിച്ച്, ഗാസ ഇന്റർനാഷനൽ ട്രാൻസിഷണൽ അതോറിറ്റി (GITA) എന്ന ഒരു സംവിധാനമാണ് നിശ്ചിത വർഷം ഗാസ സ്ട്രിപ് ഭരിക്കുക. ഒരു അരാഷ്ട്രീയ സാങ്കേതിക വിദഗ്ധരുടെ ഫലസ്തീൻ കമ്മിറ്റി (Technocratic, apolitical Palestinian committee) ആയാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഈ കമ്മിറ്റി ഒരു ഇന്റർനാഷനൽ ട്രാൻസിഷണൽ ബോഡി അഥവാ ബോർഡ് ഓഫ് പീസിന് എല്ലാ വിശദാംശങ്ങളും റിപ്പോർട്ട് ചെയ്യണം. അതിനെ നിയന്ത്രിക്കുന്നത് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ആണ്. സമാധാനം പുനഃസ്ഥാപിക്കാൻ എന്ന പേരിൽ പല രാജ്യങ്ങളിലും അട്ടിമറികളും കൂട്ടക്കൊലയും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ കുപ്രസിദ്ധനായ ടോണി ബ്ലെയർ, തന്റെ കോർപറേറ്റ് അട്ടിമറിക്കാരെയും കൂട്ടി ഫലസ്തീനിൽ ‘സമാധാനം’ നടപ്പാക്കാൻ എത്തുന്നത് ഇതിനകം വലിയ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
ബ്രിട്ടീഷ് സാമൂഹിക - രാഷ്ട്രീയ പ്രവർത്തകൻ ജോർജ് ഗാലോവേ പറഞ്ഞത് ‘‘ചെകുത്താൻ കൈയേറി തകർത്ത ഒരു ദേശം ഭരിക്കാൻ നെതന്യാഹുവിനെയും ട്രംപിനെയും സഹായിക്കാൻ ഉചിതമായ ആൾ ടോണി ബ്ലെയർ തന്നെയാണ്’’ എന്നാണ്.
ബ്രിട്ടീഷ് അമേരിക്കൻ ബ്രോഡ്കാസ്റ്റർ മെഹ്ദി ഹസ്സന്റെ വാക്കുകളിൽ ‘‘കൊള്ളിവെപ്പുകാരനെ ഫയർ ഫൈറ്റർ ആക്കുന്നതിനും കൊള്ളക്കാരനെ കുറ്റാന്വേഷണം ഏൽപിക്കുന്നതിനും തുല്യമാണ് ബ്ലെയറിന്റെ സാന്നിധ്യം’’.
രണ്ട് പതിറ്റാണ്ടു മുമ്പ് മിഡിൽ ഈസ്റ്റിലെ ചതുർസഖ്യ പ്രതിനിധിയായി പ്രവർത്തിക്കവെ ഒരു ഫലസ്തീനിയൻ ടെലികോം കമ്പനിക്ക് വെസ്റ്റ് ബാങ്കിന്റെ എയർവേസ് തുറന്നുനൽകുന്നതിന് പകരമായി ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ യു.എന്നിൽ ഉന്നയിക്കുന്നത് നിർത്തണമെന്ന് ഉപാധിവെച്ചയാളാണ് ബ്ലെയർ എന്ന് മാധ്യമ പ്രവർത്തകൻ ജോനാഥൻ കുക്ക് നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട ഭീകര യുദ്ധകുറ്റവാളിയായ നെതന്യാഹുവിനെയും രക്ഷാകർത്താവായ ഡോണൾഡ് ട്രംപിനെയും സംരക്ഷിക്കുക എന്നത് മാത്രമാണ് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂഷൻ ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തമെന്ന് വ്യക്തം.
ഈ കരാർ അനുസരിച്ച് ഗസ്സയിൽനിന്നുള്ള പിൻവാങ്ങലിന് ഇസ്രായേലിനും യു.എസിനും വീറ്റോ അധികാരമുണ്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF), അമേരിക്കയും ബ്രിട്ടനും സഖ്യകക്ഷികളും നിയന്ത്രിക്കുന്ന ഇന്റർനാഷനൽ സ്റ്റബിലൈസേഷൻ ഫോഴ്സ് (ISF) എന്നീ സൈനിക സംവിധാനങ്ങളാണ് ഗസ്സയിലുണ്ടാവുക. സുരക്ഷാ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട യു.എൻ സേനയെ പൂർണമായും ഒഴിവാക്കും.
ഫലസ്തീനികളുടെയോ അവരുടെ പ്രതിനിധികളുടെയോ കൈകളിൽ യഥാർഥ അധികാരം ഒരിക്കലും ലഭിക്കാത്തവിധം ഗസ്സ വികസിപ്പിക്കാൻ ബഹുരാഷ്ട്ര ഏജൻസികളിൽനിന്നും സ്വകാര്യ കോർപറേറ്റുകളിൽനിന്നുമുള്ള വൻ നിക്ഷേപം വരും. അതിൽ യു.എസിനോടും ഇസ്രായേലിനോടും അനുസരണയുള്ള ഉപ കരാറുകാരനായി ഫത്താഹ് പാർട്ടി ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റിയുമുണ്ടാവും. വർണവിവേചനപരമായ ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്നതിനെക്കാളും വളരെ മോശമായ ഒരു ബാന്റുസ്താൻവത്കരണത്തിന് (Bantustanization) വിധേയരാകാൻ നിർബന്ധിതരായ ജനതയായി ഫലസ്തീനികൾ മാറും. ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ആർതർ ബാൽഫർ വിദേശകാര്യ സെക്രട്ടറിയായിരിക്കെ നടത്തിയ 1917ലെ ബാൽഫർ പ്രഖ്യാപനത്തിലൂടെ ഒരു രാജ്യത്തെ ജനതയെ കൊന്നൊടുക്കിയും കുടിയിറക്കിയും ഇസ്രായേൽ സ്ഥാപിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തിയെങ്കിൽ ഒരു നൂറ്റാണ്ടിനുശേഷം മറ്റൊരു ബ്രിട്ടീഷ് യുദ്ധപ്രഭു ഫലസ്തീനിൽ പുതിയ കോളനി സ്ഥാപിക്കാൻ കാർമികത്വം വഹിക്കാനൊരുങ്ങുന്നതാണ് ഇപ്പോൾ നാം കാണുന്നത്.
ഈ നീക്കങ്ങൾക്ക് മുന്നിൽ ഫലസ്തീൻ ജനത നിശ്ശബ്ദ കാഴ്ചക്കാരായി നിൽക്കുമെന്ന് വിമോചനപ്പോരാട്ട ങ്ങളുടെ ചരിത്രമറിയുന്ന ആർക്കെങ്കിലും കരുതാനാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.