എച്ച്1ബി വിസ പ്രതിസന്ധി ഇന്ത്യന്‍ കമ്പനികള്‍ മറികടക്കുമോ?

എച്ച്1ബി (H1B) വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ പ്രതിസന്ധിയിലാകുമെന്നും നമ്മുടെ ഐ.ടി പ്രഫഷനലുകളുടെ ഭാവി അപകടത്തിലാകുമെന്നുമുള്ള ആശങ്കകള്‍ അസ്ഥാനത്തല്ല. ബില്‍ നിയമമായാല്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് 1,30,000 ഡോളര്‍ വാര്‍ഷിക ശമ്പളം നല്‍കണം. ഇപ്പോള്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ പൊതുവെ നല്‍കുന്ന വാര്‍ഷിക ശമ്പളം 60,000 ഡോളറാണ്. ഇതിനര്‍ഥം പുതിയ നിയമഭേദഗതി വന്നാല്‍ ശമ്പളച്ചെലവ് ഇരട്ടിയാകും. അത് താങ്ങാനാവില്ളെന്നാണ് ഇന്ത്യന്‍ ഐ.ടി കമ്പനികളുടെയും ഇന്ത്യക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്ന അമേരിക്കന്‍ കമ്പനികളുടെയും നിലപാട്.

എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ഇപ്പോള്‍ മൂന്നു ലക്ഷത്തോളം എന്‍ജിനീയര്‍മാരുണ്ട്. ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകേണ്ടിവരുമോ എന്ന ആശങ്കയിലാണ് അധികപേരും. അമേരിക്കന്‍ കമ്പനികളുമായി ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ഉണ്ടാക്കിയ കരാറിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ശമ്പളച്ചെലവ് ഇരട്ടിക്കുമ്പോള്‍ കരാര്‍ തുകയും അതനുസരിച്ച് ഉയര്‍ത്തേണ്ടിവരും. അതിന് അമേരിക്കന്‍ കമ്പനികള്‍ തയാറാകുമോ? ഇല്ളെങ്കില്‍ മറ്റെന്തുവഴി? ഒന്നിനും ഇപ്പോള്‍ വ്യക്തമായ ഉത്തരമില്ല. ഒരുവര്‍ഷം 85,000 എച്ച്1ബി വിസയാണ് അമേരിക്ക അനുവദിച്ചുവരുന്നത്.

ഇതില്‍ 20,000 വിസ മാസ്റ്റര്‍ ബിരുദമോ  മറ്റ് ഉന്നത യോഗ്യതയോ ഉള്ളര്‍വര്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. ബിരുദമുള്ളവര്‍ക്കാണ് ബാക്കി 65,000 വിസ നല്‍കുന്നത്. ഈ വിസയില്‍ സിംഹഭാഗവും (ഏകദേശം 75 ശതമാനം) ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നു. അനുവദിക്കുന്ന വിസയുടെ മൂന്നിരട്ടിയാണ് അപേക്ഷകര്‍. 2016ല്‍ 2,36,000 അപേക്ഷകരുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ നറുക്കെടുപ്പിലൂടെയാണ് ആളുകളെ കണ്ടത്തെുന്നത്. കൂടുതല്‍ അപേക്ഷകര്‍ ഇന്ത്യയില്‍ നിന്നായതുകൊണ്ട് നറുക്കെടുപ്പില്‍ കൂടുതല്‍ കിട്ടുന്നത് ഇന്ത്യക്കാര്‍ക്കാണ്. ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങി അഞ്ചോ ആറോ പ്രമുഖ ഇന്ത്യന്‍ കമ്പനികളാണ് വിസ അധികവും കരസ്ഥമാക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്കും നറുക്കെടുപ്പിലൂടെയേ വിസ കിട്ടൂ.

സയന്‍സ്, എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളില്‍ ഉന്നത യോഗ്യതയും വിജ്ഞാനവും വൈദഗ്ധ്യവും ഉള്ളവരെ വിദേശത്തുനിന്ന് കൊണ്ടുവന്ന് ജോലി ചെയ്യിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്1ബി. കാരണം ഇത്തരം മേഖലകളില്‍ അമേരിക്കാരെ വേണ്ടത്ര ലഭ്യമല്ല. ഈ വിസയില്‍ വരുന്നവര്‍ക്ക് പരമാവധി ആറുവര്‍ഷം ഇവിടെ ജോലി ചെയ്യാം. അതുകഴിഞ്ഞാല്‍ രാജ്യം വിടണം. എന്നാല്‍, വിസയുടെ പദവി (സ്റ്റാറ്റസ്) മാറ്റാന്‍ കഴിയുന്നവര്‍ക്ക് (ഉദാ: ഗ്രീന്‍ കാര്‍ഡ്) തുടരാം. എച്ച്1ബി വിസ എന്‍ജിനീയര്‍മാര്‍ക്ക് മാത്രമുള്ളതല്ല. ഉയര്‍ന്ന യോഗ്യതയും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളിലെല്ലാം എച്ച്1ബി നല്‍കുന്നുണ്ട്. എന്നാല്‍, ഐ.ടിക്കാര്‍ക്കാണ് കൂടുതല്‍ അവസരം. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം തുടങ്ങി നാനാമേഖലകളില്‍ ഐ.ടിക്കാരെ ആവശ്യമുണ്ട്. യു.എസ് തൊഴില്‍വകുപ്പിന്‍െറ കണക്കനുസരിച്ച് ഐ.ടിയിലെ തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും 12 ശതമാനം കൂടുന്നു. ഈ സാഹചര്യത്തില്‍ വിദേശികളെ ആശ്രയിക്കാതെ നിവൃത്തിയില്ല.

വിസ ദുരുപയോഗം
എച്ച്1ബി വിസയുടെ ദുരുപയോഗമാണ് അമേരിക്കയുടെ മുന്നിലുള്ള പ്രശ്നം. അമേരിക്കക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന പരാതി പൊതുവെയുണ്ട്. വിദേശത്തുനിന്ന് കുറഞ്ഞ വേതനത്തിന് ജോലിക്കാരെ കൊണ്ടുവരാനുള്ള പഴുതായി എച്ച്1ബി വിസ മാറിയിരിക്കുന്നു. അമേരിക്കക്കാരെ പിന്തള്ളി വിദേശികളെ ജോലിക്ക് വെക്കാന്‍ ഇത് ദുരുപയോഗിക്കുന്നു എന്ന ആക്ഷേപം ഡോണള്‍ഡ് ട്രംപിന്‍െറ റിപ്പബ്ളിക്കന്‍ കക്ഷിക്ക് മാത്രമല്ല, പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും ഉണ്ട്. എച്ച്1ബി വിസ ചട്ടങ്ങള്‍ മാറ്റുന്ന ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധിയാണ്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ബില്‍ പാസാകാനാണ് സാധ്യത.

ഡോണള്‍ഡ് ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുക എന്നത്. നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ട വിദഗ്ധ തൊഴിലവസരങ്ങള്‍ തിരിച്ചുകൊടുക്കുമെന്നാണ് ട്രംപിന്‍െറ വാഗ്ദാനം. കോര്‍പറേറ്റുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും ഈ മുദ്രാവാക്യത്തിന് ഇവിടെ ജനപിന്തുണയുണ്ട്. ചില അമേരിക്കന്‍ കമ്പനികള്‍ നാട്ടുകാരെ പിരിച്ചുവിട്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാര്‍ കൊടുത്തത് എച്ച്1ബി വിസയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍ഫോസിസ് പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് നിയമലംഘനത്തിന് അമേരിക്കന്‍ ഗവണ്‍മെന്‍റ് പിഴയിട്ടിരുന്നു. ബിസിനസുകാര്‍ക്കുള്ള ‘ബി1’ വിസയില്‍ ആളുകളെ കൊണ്ടുവന്ന് നിയമവിരുദ്ധമായി മറ്റ് ജോലികള്‍ ചെയ്യിച്ചുവെന്ന് തെളിഞ്ഞപ്പോഴാണ് പിഴയിട്ടത്. ഇത്തരം പ്രശ്നങ്ങള്‍ കാണാതിരുന്നുകൂട.

എച്ച്1ബി വിസക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം ഒബാമയുടെ കാലത്തും ഉണ്ടായിരുന്നു. എന്നാല്‍, ഒബാമ അത് തള്ളിക്കളഞ്ഞു. എച്ച്1ബി വിസയില്‍ ഇവിടെ ജോലി ചെയ്യുന്ന പലരും ഭാര്യമാരെയോ ഭര്‍ത്താക്കന്മാരെയോ ആശ്രിതവിസയില്‍ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം നല്‍കിയത് ഒബാമയുടെ കാലത്തായിരുന്നു. ആ അനുഭാവമോ പരിഗണനയോ ട്രംപ് ഭരണകൂടത്തില്‍നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
നിയമമാക്കുന്നത് തടയാന്‍ സമ്മര്‍ദം

ബില്‍ നിയമമാക്കുന്നത് തടയാനുള്ള സമ്മര്‍ദം പല ഭാഗത്തുനിന്നുമുണ്ട്. ലോബിയിങ്ങിന് ഇന്ത്യന്‍ കമ്പനികള്‍ വലിയതോതില്‍ പണം ചെലവാക്കുന്നുണ്ടെന്നാണ് ഒരു റിപ്പബ്ളിക്കന്‍ അനുകൂല പത്രം ആരോപിച്ചത്. അമേരിക്കന്‍ വിപണി ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ സ്വര്‍ണഖനിയാണ്. വന്‍കിട ഐ.ടി കമ്പനികളുടെ വരുമാനത്തിന്‍െറ മുക്കാല്‍ പങ്കും അമേരിക്കയില്‍നിന്നാണ് വരുന്നത്; സ്വാഭാവികമായി ലാഭവും. ഐ.ടി പ്രഫഷനലുകള്‍ക്കാകട്ടെ വലിയ അവസരമാണ് അമേരിക്കയില്‍ തുറന്നുകിട്ടുന്നത്. ഇന്ത്യന്‍ ഐ.ടി കമ്പനികളില്‍ ചേരുന്നവര്‍ക്ക് അമേരിക്കയില്‍ പോയി ജോലി ചെയ്യാന്‍ (ഓണ്‍ സൈറ്റ്) വലിയ താല്‍പര്യമാണ്. വിദേശ അവസരം മുന്നില്‍കണ്ട് നാട്ടില്‍ അവര്‍ ചത്ത് പണിയെടുക്കും.

ഓണ്‍സൈറ്റിലേക്ക് നിയോഗിക്കപ്പെടുന്നവരെ ഇന്ത്യന്‍ കമ്പനികള്‍ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. വര്‍ഷം 60,000 ഡോളര്‍ എന്നത് അമേരിക്കന്‍ കമ്പനികളുമായി ഇവര്‍ ഉണ്ടാക്കുന്ന കരാറിന്‍െറ മൂല്യം നോക്കിയാല്‍ തുച്ഛമാണ്. അതുകൊണ്ടാണ് അവസരം കിട്ടുമ്പോള്‍ അവര്‍ വിദേശ കമ്പനികളിലേക്ക് മാറുന്നത്. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ശരാശരി 65,000 ഡോളര്‍ പ്രതിഫലം നല്‍കുന്ന ജോലിക്ക് മൈക്രോസോഫ്റ്റും ഗൂഗ്ളും ആമസോണും ശരാശരി 1,27,000 ഡോളര്‍ നല്‍കുന്നുണ്ട്; ഇരട്ടി. ഇത്തരം കമ്പനികള്‍ക്ക് പുതിയ നിയമം വന്നാല്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍, ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാര്‍ കൊടുത്ത് പ്രവൃത്തിചെയ്യിക്കുന്ന യു.എസ് കമ്പനികളെ ഇതു ബാധിക്കും.

‘കോഗ്നൈസെന്‍റ്’ എന്ന യു.എസ് കമ്പനിയില്‍ എച്ച്1ബി വിസയില്‍ ജോലിചെയ്യുന്നവരില്‍ 64 ശതമാനം ഇന്ത്യക്കാരാണ്. വിദേശ ജോലിക്കാര്‍ എച്ച്1ബി വിസയുടെ എണ്ണത്തിന്‍െറ 15 ശതമാനത്തില്‍ കുറവാണെങ്കില്‍ നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ ബാധകമാവില്ല. അവര്‍ക്ക് കുറഞ്ഞ വേതനത്തിന് വിദേശികളെ കൊണ്ടുവരാന്‍ കഴിയും. ഈ പഴുത് നിര്‍ദിഷ്ട നിയമത്തിന്‍െറ ലക്ഷ്യം പരാജയപ്പെടുത്തുമെന്ന് വാദിക്കുന്നവരുണ്ട്. പ്രതിസന്ധി മുന്നില്‍ കണ്ട് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടിവരും. അമേരിക്കയിലിരുന്ന് ചെയ്യേണ്ട ജോലികള്‍ ഇന്ത്യയിലിരുന്നും ചെയ്യാം. എന്നാല്‍, അതിന് ഒരുപാട് പരിമിതികളുണ്ട്.

എച്ച്1ബി വിസ നിയന്ത്രണം നടപ്പാവുകയാണെങ്കില്‍ ഗ്രീന്‍ കാര്‍ഡുള്ള ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. ഗ്രീന്‍ കാര്‍ഡുള്ള ഇന്ത്യക്കാരുടെ എണ്ണം അഞ്ചുലക്ഷം വരും. അവരില്‍ ഭൂരിഭാഗം പേരും ജോലിചെയ്യുന്നവരാണ്. അവര്‍ക്ക് കൂടുതല്‍ അവസരങ്ങളും കൂടുതല്‍ വരുമാനവും ലഭിക്കാനുള്ള  സാധ്യതയുണ്ട്.

 

Tags:    
News Summary - could Indian company overcome the H1B viza crisize?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.