വംശീയ ഉന്മൂലനത്തിന് നിയമ പ്രാബല്യം

പൗരത്വ ഭേദഗതി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയതോടെ ഭരണഘടന നിർവചിച്ച പൗരത്വം അപ്രസക്തമാകുകയാണ്. ഇന്ത്യൻ പാർലമ​െൻറി​​െൻറ നിയമനിർമാണചരിത്രത്തിൽ മുത്തലാഖ് ബില്ലിനു ശേഷം വളരെ കൃത്യമായി മതപരമായ വിവേചനത്തിനു വഴിയൊരുക്കുന്ന നിയമനിർമാണം വീണ്ടും നടന്നിരിക്കുന്നു. ഇത്​ മൂന്ന്​ അയൽരാജ്യങ്ങളില്‍നിന്നുവരുന്ന കുടിയേറ്റക്കാരുടെയോ അഭയാർഥികളുടെയോ പ്രശ്നമല്ലേ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഈ മൂന്ന് അയൽരാജ്യങ്ങളല്ലല്ലോ ഇന്ത്യക്കുള്ളത്. മ്യാന്മർ, ശ്രീലങ്ക, നേപ്പാൾ തുടങ്ങി വേറെയും അയൽ രാജ്യങ്ങളുണ്ട്. അവിടെനിന്നെല്ലാം കുടിയേറ്റക്കാരും അഭയാർഥികളുമുണ്ട്. കൂടാതെ, അയൽരാജ്യമല്ലെങ്കിലും തിബത്ത്​ പോലെയുള്ള പ്രദേശങ്ങളില്‍നിന്നുള്ള അഭയാർഥികള്‍ രാജ്യത്തുണ്ട്. അമിത്​ ഷാ അവകാശപ്പെടുന്നപോലെ അയൽരാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളായ അഭയാർഥികളുടെ പ്രശ്നമായിരുന്നു ഇതെങ്കില്‍ ഈ മൂന്നു രാജ്യങ്ങളുടെ പേരും മേൽപറഞ്ഞ മതവിഭാഗങ്ങളുടെ പേരും മാ​ത്രം ഭേദഗതിനിയമത്തിൽ വരില്ലായിരുന്നു.

ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. പൗരത്വത്തിന് മാനദണ്ഡമായി മതം നിർണയിക്കുന്നത്​ ഭരണഘടനയിലെ അഞ്ചുമുതൽ 11 വരെയും 14, 15 വകുപ്പുകളുടെയും നഗ്​നമായ ലംഘനമാണ്. ഒരു മതേതര രാജ്യമായി നിർവചിക്കപ്പെട്ട രാജ്യത്തെ പൗരത്വത്തിന് മതപരമായ വിവേചനം ഉണ്ടാകുന്നു എന്ന ഭരണഘടന ലംഘനമാണ് ഈ നിയമ ഭേദഗതി. വളരെ ആസൂത്രിതമായി രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണിത്.
പൗരത്വ ഭേദഗതിനിയമത്തെ, രാജ്യത്തെല്ലായിടത്തും നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ച ദേശീയ പൗരത്വപ്പട്ടിക(എൻ.ആർ.സി)യുമായാണ്​ ചേർത്തുവായിക്കേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിശിഷ്യ അസമിലെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം ഉന്നയിച്ച് ചില വംശീയവാദ സംഘടനകൾ അസമിനെ കലുഷിതമാക്കിയ സാഹചര്യത്തി​​െൻറ മറപിടിച്ചാണ് അസമില്‍ പൗരത്വപ്പട്ടിക നടപ്പാക്കിയത്. ഇതിനായി മുഴുവന്‍ അസം ജനതയുടെയും ഇന്ത്യന്‍ പൗരത്വം ഉറപ്പിക്കുന്ന രേഖകള്‍ പരിശോധിച്ചു. 1950ല്‍ ഇന്ത്യയിലെ പൗരന്മാരോ അല്ലെങ്കില്‍ ആ സന്ദർഭത്തില്‍ ഇന്ത്യന്‍ പൗരന്മാരായി രേഖാപരമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന വ്യക്തികളുടെ തലമുറകളില്‍ പെട്ടവരോ എന്നു തെളിയിക്കേണ്ട ബാധ്യത എല്ലാവർക്കും വന്നു. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് സാമാന്യേന ആർക്കും ബോധ്യമാകും.

ഇന്ത്യന്‍ പ്രസിഡൻറായിരുന്ന ഫക്​​റുദ്ദീന്‍ അലി അഹ്​മദി​​െൻറ കുടുംബക്കാരടക്കം 19 ലക്ഷം പേരാണ് അന്തിമ പൗരത്വപ്പട്ടികയിൽ ഇടംപിടിക്കാതെ പോയവർ. ഇതില്‍ ആറുലക്ഷം മുസ്​ലിംകളാണ്. പുതിയ പൗരത്വ ഭേദഗതി പ്രകാരം ബംഗ്ലാദേശ്, പാകിസ്​താന്‍, അഫ്ഗാനിസ്​താൻ എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് തങ്ങളെന്നു സത്യവാങ്മൂലം നല്‍കിയാല്‍ 19 ലക്ഷത്തില്‍ മുസ്​ലിംകളല്ലാത്തവർക്കെല്ലാം പൗരത്വം നേടിയെടുക്കാനാവും.
ഇവിടെയാണ് രാജ്യം മുഴുവൻ എന്‍.ആർ.സി നടപ്പാക്കിയാലുണ്ടാകുന്ന അപകടം ഒാർക്കേണ്ടത്​. പാരമ്പര്യമായി ഭൂവുടമകളായവർക്കാണ് അനായാസം പൗരത്വം രേഖാപരമായി തെളിയിക്കാനാവുക. ഇന്ത്യന്‍ ജനസംഖ്യയുടെ 80 ശതമാനം പേർക്കും അത്​ എളുപ്പമല്ല. ഇന്ത്യയില്‍ കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ട് എന്ന് അമിത്​ ഷായും സംഘ്​പരിവാർ നേതാക്കളും ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇത് മനസ്സിലാക്കിയാണ്.
എന്‍.ആർ.സി രാജ്യത്ത് നടപ്പാക്കുന്നതോടെ നോട്ടുനിരോധനത്തില്‍ കൈയിലുണ്ടായിരുന്ന 1000, 500 നോട്ടുകള്‍ അസാധുവായതുപോലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പൗരത്വം അസാധുവാക്കപ്പെടും. തുടർന്ന് രേഖാപരമായ പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ 100 കോടി ജനങ്ങള്‍ നെട്ടോട്ടമോടണം. ജാതീയതയുടെ പ്രിവിലേജില്‍ പാരമ്പര്യ ഭൂജന്മികളായവർക്ക്​ അനായാസം പൗരത്വം സ്ഥാപിച്ചെടുക്കാം. അതല്ലാത്ത ശതകോടി ഇന്ത്യക്കാർ പൗരന്മാരല്ലാതാകും. അതില്‍ മുസ്​ലിംകള്‍ മാത്രമാകില്ല. ദലിതർ, ക്രൈസ്തവർ, സിഖുകാർ, പാഴ്സികള്‍, ഹിന്ദുമത വിശ്വാസികൾ എല്ലാവരുമുണ്ടാകും. പട്ടികക്കുപുറത്തുള്ള മുസ്​ലിംകൾക്കായി തുറക്കപ്പെടുന്നത് കോണ്‍സൻ​ട്രേഷൻ ക്യാമ്പിന് സമാനമായ ഭീകര പീഡന കേന്ദ്രങ്ങളായിരിക്കും. അത്തരത്തില്‍ ചിലതി​​െൻറ നിർമാണം അസമിലും കർണാടകയിലും നടക്കുന്നുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശീയ ഉന്മൂലനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.

രാജ്യത്തെ വളരെ കൃത്യമായി വിഭജിക്കാനുള്ള നീക്കമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്. നിയമങ്ങള്‍ ഭരണഘടനാവിരുദ്ധവും രാജ്യവിരുദ്ധവുമാകുമ്പോള്‍ അതിനെ ചെറുത്തുതോല്‍പിക്കുക മാത്രമാണ് പോംവഴി. കേരളവും പശ്ചിമബംഗാളും പഞ്ചാബും പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. ഇതില്‍ പശ്ചിമ ബംഗാളും പഞ്ചാബും എന്‍.ആർ.സി നടപ്പാക്കില്ലെന്നും വ്യക്തമാക്കി. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും ഭരണഘടനാവിരുദ്ധവും രാജ്യവിരുദ്ധവുമായ എന്‍.ആർ.സിയെ ബഹിഷ്കരിച്ച് പരാജയപ്പെടുത്തുകയാണ് വേണ്ടത്. രാജ്യത്താകമാനം നടക്കുന്ന പൗരത്വഭേദഗതി നിയമം-എൻ.ആർ.സി വിരുദ്ധപ്രക്ഷോഭങ്ങളെ പിന്തുണക്കുകയാണ് വേണ്ടത്. ആരു നടത്തുന്നു എന്നതിനല്ല, എന്തിന് നടത്തുന്നു എന്നതാണ് പ്രധാനം. ആരുടെയെങ്കിലും പ്രക്ഷോഭങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതോ എതിർക്കുന്നതോ കരണീയമല്ല എന്നു മാത്രമല്ല, രാജ്യത്തി​​െൻറ സമരപാരമ്പര്യത്തിന് അപമാനകരവുമാണ്.
(വെൽഫെയർ പാർട്ടി സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Tags:    
News Summary - Citizenship Amendment Bill legalise religious discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.