ബാലനീതി: കേരളത്തിന് സ്വതന്ത്ര ചട്ടങ്ങള്‍ അനിവാര്യം

പുതിയ ബാലനീതിനിയമവും കേന്ദ്ര ബാലനീതി ചട്ടങ്ങളും കുട്ടികളെ താമസിപ്പിച്ച് സംരക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്ത പക്ഷം സ്ഥാപനമേധാവികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇത് കേരളത്തിലെ ഓര്‍ഫനേജുകള്‍ ഉള്‍പ്പെടെയുള്ള ബാലസംരക്ഷണ സ്ഥാപന നടത്തിപ്പുകാര്‍ക്കിടയില്‍ നിരവധി സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്.
ഓര്‍ഫനേജുകള്‍ ബാലനീതിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്നതാണ് ഈ നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രധാന സംശയം. ബാലനീതി നിയമത്തിലെ 41ാം വകുപ്പ് പ്രകാരം രണ്ട് വിഭാഗം കുട്ടികളെ താമസിപ്പിക്കുന്ന എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍’ (ചില്‍ഡ്രന്‍ ഇന്‍ കോണ്‍ഫ്ളിക്ട് വിത്ത് ലോ) ആണ് ഇതില്‍ ഒരു വിഭാഗം.

ഏതെങ്കിലും കുറ്റകൃത്യത്തിലുള്‍പ്പെട്ട, 18 വയസ്സ് തികയാത്ത കുട്ടികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. അപ്പോള്‍ കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരും 18 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ കുട്ടികളെ താമസിപ്പിച്ച് സംരക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. ‘ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍’ (ചില്‍ഡ്രന്‍ ഇന്‍ നീഡ് ഓഫ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആണ് രണ്ടാമത്തെ വിഭാഗം. ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കിയാല്‍, മറ്റേതൊക്കെ സ്ഥാപനങ്ങള്‍ പുതിയ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് എന്ന് ബോധ്യമാവും. ബാലനീതി നിയമത്തിലെ സെക്ഷന്‍ 2(14) പ്രകാരം ഇനിപറയുന്ന 12 ഉപവിഭാഗം കുട്ടികളാണ് ‘ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍’ എന്ന നിര്‍വചനത്തില്‍ വരുന്നത്.

  1. വീടോ താമസസ്ഥലമോ ഉപജീവനത്തിന് ഉചിതമായ മാര്‍ഗങ്ങളോ ഇല്ലാത്ത കുട്ടികള്‍.
  2. ബാലവേലയിലോ ഭിക്ഷാടനത്തിലോ ഏര്‍പ്പെട്ടവരോ തെരുവില്‍ ജീവിക്കുന്നവരോ.
  3. കുട്ടികളെ ഏതെങ്കിലും വിധത്തില്‍ ചൂഷണംചെയ്തവരോ പീഡിപ്പിച്ചവരോ ഉപദ്രവിച്ചവരോ അവഗണിച്ചവരോ അപകടപ്പെടുത്തിയവരോ അല്ളെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരുടെ കൂടെക്കഴിയുന്ന കുട്ടികള്‍.
  4. സംരക്ഷിക്കാന്‍ ആരുമില്ലാത്ത, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവരോ.
  5. കുട്ടികളുടെ സുരക്ഷിതത്വമോ ക്ഷേമമോ ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ അനുയോജ്യരല്ളെന്നോ കഴിവില്ലാത്തവരെന്നോ ബാലനീതി നിയമപ്രകാരമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡോ കണ്ടത്തെിയ മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും കുട്ടികള്‍.
  6. മാതാപിതാക്കള്‍ ഇല്ലാത്തവരും സംരക്ഷിക്കാന്‍ ആരുമില്ലാത്തവരുമായ കുട്ടികളും മാതാപിതാക്കള്‍ ഉപേക്ഷിച്ചവരോ സറണ്ടര്‍ ചെയ്തവരോ ആയ കുട്ടികളും.
  7. കാണാതായവരോ ഒളിച്ചോടിപ്പോയവരോ ആയ കുട്ടികളും നിയമാനുസൃത അന്വേഷണം നടത്തിയിട്ടും മാതാപിതാക്കളെ കണ്ടത്തൊന്‍ കഴിയാത്ത കുട്ടികളും. അഞ്ച് ഉപവിഭാഗങ്ങള്‍കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടും.

നിയമത്തിലെ സെക്ഷന്‍ 2(42) പ്രകാരം ‘ഓര്‍ഫന്‍’ എന്നാല്‍, യഥാര്‍ഥ മാതാപിതാക്കളോ ദത്ത് മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ഇല്ലാത്തതോ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ രക്ഷിതാക്കളാരും ഇല്ലാത്തതോ ആയ കുട്ടി ആണ്. രക്ഷിതാക്കളുണ്ടായിട്ടും അവര്‍ക്ക് കുട്ടികളെ വേണ്ടതുപോലെ സംരക്ഷിക്കാനുള്ള കഴിവില്ളെങ്കില്‍ അത്തരം കുട്ടികളും ‘ഓര്‍ഫന്‍’ എന്ന വിഭാഗത്തില്‍പെടും. ഈ കുട്ടികള്‍, ‘ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍’ ആയതിനാല്‍ ‘ഓര്‍ഫന്‍’ ആയ കുട്ടികളെ താമസിപ്പിച്ച് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങളും പുതിയ ബാലനീതിനിയമത്തിന്‍െറ പരിധിയില്‍വരും.

അപ്പോള്‍, മേല്‍പ്പറഞ്ഞ ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍’, ‘ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍’ എന്നിവയുടെ നിര്‍വചനത്തില്‍ വരുന്ന, 18 വയസ്സ് പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും താമസിപ്പിച്ചു സംരക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ ബാലനീതി നിയമത്തിലെ സെക്ഷന്‍ 41 പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, 2000ത്തിലെ ബാലനീതിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ പുതിയ ബാലനീതിനിയമപ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതിനുമുമ്പ് മറ്റേത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ സര്‍ക്കാറോ സന്നദ്ധസംഘടനകളോ സര്‍ക്കാറിതര സംഘടനകളോ നടത്തുന്ന എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും പുതിയ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ നിയമം പാലിക്കാത്ത സ്ഥാപനമേധാവികള്‍ക്ക് സെക്ഷന്‍ 42 പ്രകാരം ഒരുവര്‍ഷം വരെ തടവോ ലക്ഷം രൂപവരെ പിഴയോ അല്ളെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

കേരള ബാലനീതി ചട്ടങ്ങള്‍ നിലവില്‍വരുന്നതുവരെ കേന്ദ്ര ബാലനീതി ചട്ടങ്ങളിലെ ഫോറം 27ല്‍ സാമൂഹികനീതി വകുപ്പിലെ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ക്കാണ് രജിസ്ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. സ്ഥാപനത്തിന്‍െറ ബൈലോ, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ഗവേണിങ് ബോഡി അംഗങ്ങളുടെ പട്ടിക, ഭാരവാഹികളുടെ പേരുവിവരം, മൂന്നുവര്‍ഷത്തെ വരവുചെലവ് കണക്ക്, സ്ഥാപനത്തിന്‍െറ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കിയിരിക്കണം. സ്ഥാപനമേധാവി കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടിട്ടില്ല എന്ന സത്യപ്രസ്താവനയും നല്‍കണം. സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഇന്‍സ്പെക്ഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. ബാലനീതി നിയമപ്രകാരം അംഗീകാരമുള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ഇന്‍സ്പെക്ഷന്‍ കമ്മിറ്റികള്‍ക്ക് അധികാരമുണ്ടായിരിക്കും. ഇന്‍സ്പെക്ഷന്‍ കമ്മിറ്റിയുടെ സ്ഥാപനസന്ദര്‍ശന വേളയില്‍ നിയമമനുശാസിക്കുന്ന വിധം സ്ഥാപനം നടത്തുന്നതിലോ കുട്ടികള്‍ക്ക് സേവനം നല്‍കുന്നതിലോ വീഴ്ചവന്നതായി ബോധ്യപ്പെട്ടാല്‍ നടപടികള്‍ ഉണ്ടാകുന്നതാണ്.

കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട ജീവനക്കാരുടെ തസ്തിക, എണ്ണം, കുട്ടികളുടെ സ്ഥലസൗകര്യങ്ങള്‍, കുട്ടികള്‍ക്ക് നല്‍കേണ്ട വസ്ത്രം, ഭക്ഷണം, സ്ഥാപനത്തില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ തുടങ്ങിയവ കേന്ദ്രബാലനീതി ചട്ടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. പുതിയ കേരള ബാലനീതി ചട്ടങ്ങള്‍ നിലവില്‍വരുന്നതുവരെ കേന്ദ്രബാലനീതി ചട്ടങ്ങള്‍ക്ക് പ്രാബല്യമുണ്ടായിരിക്കും. ബാലനീതിനിയമത്തിലെ 110ാം വകുപ്പ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. അതുപ്രകാരം കേരളത്തിനും സ്വന്തമായ ബാലനീതി ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടതുണ്ട്. ‘കുട്ടികളുടെ ഉത്തമ താല്‍പര്യം’ മാനിച്ചുകൊണ്ട് പ്രായോഗിക വ്യവസ്ഥകള്‍ ബാലനീതിചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്ഥാപനമേധാവികള്‍ക്ക് സര്‍ക്കാറിന് സമര്‍പ്പിക്കാവുന്നതാണ്.
(കോഴിക്കോട് ജില്ല പ്രബേഷന്‍ ഓഫിസറാണ് ലേഖകന്‍)

Tags:    
News Summary - child justice in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.