‘സുഹൃത്തേ, മാവൂരിൽ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഗ്രാസിം ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ആരംഭിച്ചതു മുതൽ, ചാലിയാർ പുഴയിലേക്കു ഒഴുക്കുന്ന രാസവസ്തുക്കളുടെയും പുറത്തുവിടുന്ന വിഷവാതകങ്ങളുടെയും ഫലമായുണ്ടാവുന്ന മലിനീകരണത്തിനെതിരെ സമരരംഗത്ത് മുൻനിരയിൽ പ്രവർത്തിച്ചവരിലൊരാളാണ് ഞാൻ. ഇനി ചെറിയ തോതിലുള്ള മലിനീകരണംപോലും ഇവിടത്തെ മനുഷ്യരെയും ഭാവിതലമുറയെയും രോഗികളാക്കി കൊന്നൊടുക്കുമെന്നുതന്നെ ഞാൻ ഭയക്കുന്നു. ഇതിന്റെ ഏറ്റവും നല്ല തെളിവ് ഞാൻ തന്നെ.’
വളരെ പ്രശസ്തമായൊരു കത്തിലെഏതാനും വരികളാണിത്. ഒറ്റനോട്ടത്തിൽത്തന്നെ, പുഴയെ മലിനീകരണത്തിൽനിന്ന് വീണ്ടെടുക്കാൻ വേണ്ടി യത്നിച്ച, പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ വാക്കുകളാണിതെന്ന് മനസ്സിലാക്കാൻ ചിലർക്കെങ്കിലും സാധിച്ചേക്കും. എന്നാൽ ആ മനുഷ്യന്റെ പേര് കെ.എ. റഹ്മാൻ ആണെന്ന് വായിച്ചെടുക്കാൻ അധികമാർക്കും കഴിഞ്ഞെന്നുവരില്ല.
ചാലിയാറിന്റെ, തെളിമയിലേക്കുള്ള മടക്കയാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. മൂന്നര പതിറ്റാണ്ടു കൊണ്ടേറ്റ മുറിവുകളുടെ വടുക്കളുണങ്ങാൻ പിന്നെയും കാലങ്ങളെടുത്തു. ശ്വാസകോശ രോഗങ്ങളിൽനിന്നും ത്വക് രോഗങ്ങളിൽനിന്നും മുക്തമായ തലമുറ അവരുടെ യൗവനത്തിലേക്ക് കടക്കുന്നതേയുള്ളൂ.
മൂന്നര പതിറ്റാണ്ടുകാലത്തെ മലിനീകരണം ഉണ്ടാക്കിയ ദുരിതങ്ങൾ വളരെ വലുതാണ്. അവിടെനിന്നും സാധാരണ നിലയിലേക്ക് തിരികെ നടക്കാൻ പക്ഷേ അത്രയും കാലം വേണ്ടിവന്നില്ലെന്ന് പറയാം. ‘ആപത്തിന്റെ നേരങ്ങളിൽ ഓർമകളെ വീണ്ടെടുക്കുന്നതു കൂടിയാണ് ചരിത്രം’ എന്നാണ് വാൾട്ടർ ബെഞ്ചമിൻ പറഞ്ഞത്. അങ്ങനെയെങ്കിൽ, ഈയൊരു കാലത്തുനിന്നുകൊണ്ട്, ചാലിയാർ ഓർമകളെ ഇവിടെ വീണ്ടെടുക്കുകയാണ്.
ഭാരതപ്പുഴ, ‘അഴുക്കുചാലായ്’ മാറിപ്പോകുമോയെന്ന് ആശങ്കയോടെ ഇടശ്ശേരി എഴുതിയിട്ടുണ്ട്. പക്ഷേ അക്ഷരാർഥത്തിൽ ആ നിയോഗം കൈവന്നത് ചാലിയാറിനാണ്. അതിന്റെ ആഘാതം ഏറ്റവുമധികം മുറിവേൽപിച്ചത് വാഴക്കാടിനെയാണ്. അന്ന് ആകാശം കറുത്തിരുണ്ടതും കാറ്റ് ദുർഗന്ധമടങ്ങിയതും ചാലിയാർ, പലപ്പോഴും കറുത്ത് പതപൊങ്ങിയതുമായിരുന്നു.
തൊണ്ണൂറുകളിൽ, പുഴമാർഗം അക്കരെ മാവൂരിലേക്കുള്ള യാത്രകൾ ആസ്വാദ്യകരമായിരുന്നു. അക്കരെയെത്തിയാൽ, ഫാക്ടറിയുടെ കൂറ്റൻ ഗേറ്റ് കാണാം. മീറ്ററുകളോളം നീളത്തിൽ ഫാക്ടറിയുടെ മതിലാണ്. ചില്ലു കഷണങ്ങൾ മുകളിൽ കുത്തിയുറപ്പിച്ച കന്മതിലുകൾ.
അതിനു മുന്നിലൂടെ, ദുർഗന്ധം സഹിച്ച്, മാവൂരങ്ങാടിയിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. മൂക്കുപൊത്താതെ നടക്കുക അസാധ്യം. ജലക്കുഴലിലൂടെ റോഡിലെ ചാലിലേക്ക് ഒലിച്ചെത്തുന്ന ടാറിന്റെ നിറമുള്ള, പതനിറഞ്ഞ മലിനജലം.
വാഴക്കാട്ടെ, ഒരു കുന്നിൻമുകളിലെ അനാഥമന്ദിരമാണ് എളമരം യതീംഖാന. ഫാക്ടറിയിൽനിന്നുള്ള വിഷപ്പുകയേൽക്കാൻ വിധിക്കപ്പെട്ടവരിൽ നല്ലൊരു പങ്കും അവിടത്തെ അന്തേവാസികളായിരുന്നു. കുന്നിൻമുകളിൽനിന്ന് നോക്കിയാൽ താഴെ ചാലിയാർ കാണാം. അക്കരെയാണെങ്കിൽ, അതിവിശാലമായി പടർന്നുകിടക്കുന്ന ഗ്രാസിം ഫാക്ടറി സമുച്ചയം.
ഇപ്പോൾ ആകാശം മുട്ടുമെന്നു തോന്നിപ്പിച്ച അതിന്റെ ഉരുണ്ട പുകക്കുഴലിലൂടെ പുറത്തേക്കുവരുന്ന, കറുത്ത വളയൻ പുക അന്തരീക്ഷത്തിൽ പടരുന്നത് ബാല്യത്തിന്റെ സകല അതിശയത്തോടും കൂടി, കണ്ണുമിഴിച്ചു നോക്കി നിന്നിട്ടുണ്ട്. അധ്യാപകർ പഠിപ്പിക്കുന്നതിനിടെ, ചില സമയങ്ങളിൽ, ചീമുട്ടയുടെ അസഹ്യമായ ഗന്ധം ആ ഭാഗത്താകെ പടരും.
അതുമാറാൻ സമയം തെല്ലെടുക്കും. അന്നേരമത്രയും കുട്ടികളും അധ്യാപകരും വസ്ത്രത്തലപ്പിനാൽ മൂക്കു പൊത്തിപ്പിടിക്കും. അന്നറിയില്ലായിരുന്നു, ആ ഗന്ധത്തിനു കാരണമായ ഹൈഡ്രജൻ സൾഫൈഡും മറ്റു പല വിഷവാതകങ്ങളും ഫാക്ടറിക്കുഴൽ ജനങ്ങൾക്കു നേരെ ഉതിർക്കുന്നുണ്ടായിരുന്നെന്ന്.
കാലം കുറച്ചൊന്നു പിറകിലേക്കു തിരിക്കണം. സൗകര്യങ്ങളോ വികസനങ്ങളോ എത്തിനോക്കിയിട്ടില്ലാത്ത, വെറും സാധാരണക്കാർ വസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു മലപ്പുറം ജില്ലയിലെ വാഴക്കാടും കോഴിക്കോട് ജില്ലയിലെ മാവൂരും.
ചാലിയാറിന്റെ ഇരു കരകളിലെയും ഗ്രാമങ്ങൾ. 1957ൽ, കേരളത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് സർക്കാർ, വ്യവസായങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ബിർള ഗ്രൂപ്പിന്റെ റയോൺ ഫാക്ടറി മാവൂരിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.
മാവൂർ ഗ്വാളിയോർ റയോൺസ് കെട്ടിടം
തീരുമാനം സോദ്ദേശ്യപരം തന്നെയായിരുന്നു എന്ന് മാത്രമല്ല, ജനങ്ങൾക്ക് ആകെ ആഹ്ലാദമായിരുന്നു. ഫാക്ടറി വരുന്നെങ്കിൽ അത് ഞങ്ങളുടെ നാട്ടിൽ വേണമെന്ന് പറഞ്ഞുള്ള തർക്കംമൂലം ആദ്യഘട്ടത്തിൽ, മാവൂരുകാരും വാഴക്കാടുകാരും രണ്ടായി പിരിഞ്ഞിരുന്നു.
‘കമ്പനി’ എന്ന് അരുമയോടെ ഗ്രാമങ്ങളിലുള്ളവർ അതിനെ വിളിച്ചു. അവരാകെ ആഘോഷത്തിമിർപ്പിലായി. നാട് വികസിക്കാൻ പോവുകയാണ്, കൈനിറയെ തൊഴിലവസരങ്ങൾ എത്തുകയാണ്, പട്ടിണിയുടെ നാളുകൾക്ക് അറുതിവരാൻ പോവുകയാണ്.
മാവൂർ ഗ്രാസിം ഇന്റസ്ട്രി, ചാലിയാറിൽനിന്നുള്ള ദൃശ്യം (ഫയൽ ചിത്രങ്ങൾ)
അന്യജില്ലകളിൽ ജോലിചെയ്തിരുന്ന പലരെയും, ‘വാ, കമ്പനീലെ പണിക്ക് പോയാ മതി’ എന്നു പറഞ്ഞ് ബന്ധുക്കൾ തിരിച്ചുവിളിക്കാൻ തുടങ്ങി. 1963ൽ മാവൂരിൽ, മുന്നൂറോളം ഹെക്ടർ ഭൂമിയിൽ ബിർള ഗ്രൂപ്പിന്റെ ഗ്വാളിയർ റയോൺസ് സ്ഥാപിക്കപ്പെട്ടു. ഭൂമി മാത്രമല്ല, ടണ്ണിനു ഒരു രൂപ നിരക്കിൽ കേരളത്തിലെ കാടുകളിൽനിന്നുള്ള മുളയും പ്രതിദിനം കുറഞ്ഞത് 40 മില്യൺ ലിറ്റർ വെള്ളവും ചാലിയാറിൽനിന്നും ലഭ്യമാക്കാം എന്നതായിരുന്നു കരാർ.
ഫാക്ടറി പ്രവർത്തനം തുടങ്ങി ആദ്യനാളുകളിൽ തന്നെ മലിനീകരണം പ്രകടമായി. ചുറ്റുവട്ടത്തെ മുഴുവൻ ജീവസ്സുറ്റതാക്കി മാറ്റിയിരുന്ന നദിയുടെ മുഖമപ്പാടെ മാറി. മീനുകൾ അൽപജീവനോടെ പുഴയിലെങ്ങും പൊങ്ങാൻ തുടങ്ങി. അങ്ങനെയാണ് ‘മീൻചാവൽ’ എന്ന പ്രതിഭാസം വഴക്കാടുകാരുടെ ചർച്ചയിലേക്ക് വരുന്നത്.
പകുതിജീവനോടെ പൊങ്ങുന്ന മീനുകൾ ഭക്ഷ്യയോഗ്യമല്ലെന്നുപോലും ആദ്യം തിരിച്ചറിയാതിരുന്ന നാട്ടുകാർ വടികൊണ്ടടിച്ച് അവയെ പിടികൂടി, ഭക്ഷണമാക്കി.
നാട്ടുകാരിൽ പലർക്കും ഫാക്ടറിയിൽ ജോലി കിട്ടി. പലരുടെയും ജീവിതനില മെച്ചപ്പെടാൻ തുടങ്ങി. പക്ഷേ ഫാക്ടറി ഉണ്ടാക്കുന്ന മലിനീകരണം ആദ്യമേ തിരിച്ചറിഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ഇരുപത്തിമൂന്നുകാരൻ –കെ.എ. റഹ്മാൻ. 1963 തന്റെ നീണ്ട പോരാട്ടങ്ങൾക്ക് ആരംഭം കുറിക്കാൻ പോവുന്ന വർഷമായിരിക്കുമെന്ന് അദ്ദേഹംപോലും ഓർത്തുകാണില്ല.
കെ.എ. റഹ്മാന്റെ നേതൃത്വത്തിൽ, മലിനീകരണത്തിനെതിരെ ഫാക്ടറിയിലേക്കുനടത്തിയ മാർച്ചിനൊടുക്കം, മാലിന്യം കടലിലേക്കു നേരിട്ടൊഴുക്കിക്കൊള്ളാം എന്ന ഉറപ്പ് അധികൃതർ ജനങ്ങൾക്കു നൽകി. പക്ഷേ അവരുടെ ശ്രദ്ധ ലാഭമുണ്ടാക്കുന്നതിൽ മാത്രമായൊതുങ്ങി.
ചാലിയാറിന്, ക്രമേണ അതിന്റെ രൂപഭംഗി നഷ്ടപ്പെടാൻ തുടങ്ങി. 1968ൽ ഫാക്ടറിയിൽ, ഫൈബർ ഡിവിഷൻകൂടി സ്ഥാപിക്കപ്പെട്ടു. അതോടെ അതികഠിനമായ വായു മലിനീകരണവും ആരംഭിച്ചു. കാറ്റിന്റെ ഗതി വാഴക്കാടേക്കായതിനാൽ വിഷവാതകങ്ങൾ നിറഞ്ഞ അന്തരീക്ഷത്താൽ അവിടത്തെ ജനങ്ങൾ വലഞ്ഞു.
വാഴക്കാടെന്ന പ്രദേശം നാശത്തിന്റെ പടുകുഴിയിലേക്കു നടന്നുകൊണ്ടിരുന്നു. മച്ചിങ്ങയായിരിക്കെ തന്നെ തെങ്ങിൽനിന്ന് കായകൾ കൊഴിയുന്നതും കവുങ്ങുകളും കുരുമുളകുവള്ളികളും വാടിക്കരിഞ്ഞു നശിക്കുന്നതും പതിവായി.
ശ്വാസകോശ രോഗങ്ങളും ത്വക് രോഗങ്ങളും കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടിലായി. വാഴക്കാട്ടെയും മാവൂരിലെയും ഓടുകൾ ഒരിക്കലും പൂപ്പലിന്റെ കടന്നാക്രമണമില്ലാതെ പുതുപുത്തനായി നിലകൊണ്ടു. ഒരു ജീവകണത്തിനുപോലും നിലനിൽക്കാൻ കഴിയാത്ത, അത്രയേറെ വീര്യമുള്ള, മാരകമായ രാസവസ്തുക്കളായിരുന്നു അന്തരീക്ഷത്തിലെങ്ങും.
പുഴയും വായുവും ഒരുപോലെ മലിനമാകുന്നതിൽ ആകുലപ്പെട്ടാണ്, 1972 ൽ, കെ.ഐ. റഹ്മാൻ അടക്കമുള്ളവർ ചേർന്ന് ചാലിയാർ ജലവായുശുദ്ധീകരണ സമിതിക്ക് രൂപംനൽകിയത്. തൊട്ടടുത്ത വർഷംതന്നെ, എളമരം കടവിൽ കൊല്ലാകൊല്ലം കമ്പനി കെട്ടിവരാറുണ്ടായിരുന്ന താൽക്കാലിക ബണ്ട് ബഹുജനശക്തിയാൽ പൊളിച്ചുനീക്കി.
തൽഫലമായി ഫാക്ടറിയിലേക്കും കോഴിക്കോട് നഗരത്തിലേക്ക് വെള്ളം പമ്പു ചെയ്യുന്നിടത്തേക്കും മലിനജലം ഇരച്ചുകയറി. എന്നിട്ടും ഫാക്ടറി അധികൃതർ കുലുങ്ങിയില്ല. മനുഷ്യജീവന് പുല്ലുവില കൽപിച്ചുകൊണ്ട് ചാലിയാറിലേക്ക് മലിനജലം ഒഴുക്കിവിടുന്നതു തുടർന്നു. അതോടെ സമരങ്ങളും കൂടുതൽ ശക്തിപ്രാപിച്ചു.
1979ഓടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ചാലിയാർ പ്രശ്നത്തിൽ പ്രത്യക്ഷമായി ഇടപെടാൻ തുടങ്ങിയത്. ഗ്രൂപ്പുകളായി പിരിഞ്ഞ് പരിഷത്തുകാർ വീടുവീടാന്തരം നടന്ന് സർവേ നടത്തി. ഒരു കൊല്ലത്തിനകം, ശാസ്ത്ര സാഹിത്യ പരിഷത്തിനു പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടു. ആ ഘട്ടത്തിലാണ്, പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫസർ കെ.ടി. വിജയമാധവൻ കെ.എ. റഹ്മാനുമായി ചങ്ങാത്തത്തിലാവുന്നത്.
അക്കാലത്ത്, മെഡിക്കൽ കോളജിലെ വിദ്യാർഥികളുമായി, കെ.എ. റഹ്മാനെ സഹായിക്കാനെത്തിയ ഒരാൾ, കോഴിക്കോട് മെഡിക്കൽ കോളജ് കാർഡിയോ വിഭാഗത്തിലെ ഡോ. സുഗതനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളിലാണ് ചാലിയാറിൽ മെർക്കുറിയുടെ അംശം കണ്ടെത്തുന്നത്.
ചാലിയാറിന്റെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. ഹമീദ്, ഫാക്ടറിയുടെ സമീപ പ്രദേശങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച് ‘മാധ്യമ’ത്തിൽ ലേഖനങ്ങളെഴുതിയ മൊയ്തു വാണിമേൽ, ‘ദ ഹിന്ദു’വിൽ നിരന്തരം ഫാക്ടറിക്കെതിരെ എഴുതിയതിന്റെ പേരിൽ ജോലിപോലും നഷ്ടമായ സുരേന്ദ്രൻ, ചാലിയാറിന്റെ ദുരിതം ഡോക്യുമെന്ററിയാക്കാൻ പ്രയത്നിച്ച ശരത് ചന്ദ്രൻ എന്നിവരെ ഒരിക്കലും മറക്കുക വയ്യ.
ജനകീയ സമരങ്ങളും, അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി പ്രത്യേക കാലയളവുകളിൽ ഫാക്ടറി അടച്ചിട്ടിട്ടുണ്ട്. അപ്പോഴെല്ലാം ചാലിയാറും ആകാശവും തെളിഞ്ഞു. നാലായിരത്തോളം തൊഴിലാളികൾ ജോലിചെയ്തിരുന്ന ഫാക്ടറി, 1985ൽ ലോക്കൗട്ട് ചെയ്തപ്പോൾ, വരുമാനം നിലച്ച്, ജനങ്ങളാകെ ദുരിതത്തിലായി. പലരും ആത്മഹത്യ ചെയ്തു. ഇതെല്ലാം പക്ഷേ പ്രതികാര ബുദ്ധിയോടെ നോക്കിനിൽക്കുകയാണ് ഫാക്ടറി അധികൃതർ ചെയ്തത്.
ഒരിക്കലും കമ്പനി അടച്ചുപൂട്ടുക കെ.എ. റഹ്മാന്റെ ആവശ്യമായിരുന്നില്ല. കൃത്യമായ മലിനീകരണ നിയന്ത്രണം കൊണ്ടുവന്ന്, ഫാക്ടറി പ്രവർത്തിപ്പിക്കണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. പക്ഷേ നാട്ടുകാർ രണ്ടു ചേരിയിലായി. 1995ൽ മലിന ജലക്കുഴലിൽ പരിശോധനക്കിറങ്ങിയ മൂന്നു തൊഴിലാളികൾ വിഷവായു ശ്വസിച്ചു മരിച്ചു.
ശുദ്ധീകരിച്ച ശേഷമാണ് വെള്ളം തിരികെയൊഴുക്കുന്നതെന്ന ഫാക്ടറി അധികൃതരുടെ വാദം പൊള്ളയാണെന്നു തെളിഞ്ഞ ഒരു സംഭവമായിരുന്നു അത്. സമരം തുടങ്ങി 33 വർഷങ്ങൾ കഴിഞ്ഞ്, ഫാക്ടറി നിരന്തരം കരാറുകൾ ലംഘിച്ചപ്പോൾ മാത്രമാണ്, ജലവും വായുവും ശുദ്ധീകരിക്കുക മാത്രമല്ല വേണ്ടതെന്ന് സമരക്കാർ തീരുമാനിച്ചത്.
അപ്പോൾ മുതലാണ്, ‘അടച്ചു പൂട്ടൂ ഗ്രാസിം കമ്പനി, മനുഷ്യജീവൻ രക്ഷിക്കൂ,’ എന്ന പുത്തൻ മുദ്രാവാക്യം സമര സമിതി മുന്നോട്ടുെവച്ചത്. സുഗതകുമാരി, എം.ടി, അരുന്ധതിറോയ്, എസ്.കെ. പൊെറ്റക്കാട്ട് തുടങ്ങിയവരുടെ പിന്തുണ സമരക്കാർക്കുണ്ടായിരുന്നു.
ഒരു ഘട്ടത്തിൽ ഡൽഹി നഗരത്തേക്കാൾ വായുമലിനീകരണം അധികമായിരുന്ന നാടാണ് വാഴക്കാട്. യതീംഖാനയിലന്ന്, അഗതികളായ നിരവധി കുട്ടികൾ പാർത്തുപോന്നിരുന്നു. മിക്ക കുട്ടികൾക്കും ത്വക് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കടുത്ത തലവേദന എന്നിവ പതിവ്.
നാട്ടുകാരിൽ ചിലർ, തൊട്ടടുത്തുള്ള സമയങ്ങളിൽ അർബുദം ബാധിച്ചു മരിച്ചതോടെ കാര്യങ്ങളുടെ ഗൗരവം കൂടുതൽ മനസ്സിലാകാൻ തുടങ്ങി. 1995ൽ പഞ്ചായത്തിൽ നടന്ന 285 മരണങ്ങളിൽ 59 എണ്ണവും കാൻസർ കാരണമായിരുന്നു. അതായത് ആകെ മരണങ്ങളിൽ ഏകദേശം അഞ്ചിൽ ഒന്നും കാൻസർ കാരണം. ഇപ്പോൾ, ലോകത്തെ കാൻസർ മരണ നിരക്ക് ആയിരത്തിൽ 1.5 ആണെന്ന പശ്ചാത്തലത്തിൽ വേണം ഇതിനെ കാണാൻ.
ചാലിയാർ പുഴ, കെ.എ. റഹ്മാന് താൻ തന്നെയായിരുന്നു. അതുകൊണ്ടാണ്, ‘ഈ പുഴയെ ഇല്ലാതാക്കിയിട്ട് സുഖമായി ജീവിക്കാനാവുമെന്ന വ്യാമോഹം നിങ്ങൾക്കുണ്ടോ?’ എന്ന്, അദ്ദേഹം ഒരിക്കൽ ചോദിച്ചത്. വാഴക്കാട്ടെ അർബുദരോഗബാധിതരുടെ ലിസ്റ്റ് കീശയിലിട്ടു നടന്നിരുന്ന അദ്ദേഹവും അവസാനം ആ രോഗത്തിന്റെ പിടിയിലായി.
ഒളിമങ്ങാത്ത സമരജ്വാലയുമായി, രാവും പകലും പുലർത്തിയിരുന്ന കെ.എ. റഹ്മാൻ, അവസാനമായി ഫാക്ടറി ഗേറ്റിലേക്ക് നടത്തിയ ജനകീയ മാർച്ച് 1997ലാണ്. 1999 ജനുവരി 11നാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണാനന്തരം പക്ഷേ സമരക്കാർ അടങ്ങിയിരുന്നില്ല. മരണത്തിന്റെ പതിനഞ്ചാം ദിവസം, 1999ലെ റിപ്പബ്ലിക് ദിനത്തിൽ സമരസമിതി തുടങ്ങിെവച്ച നിരാഹാര സമരം കേരളമാകെ ശ്രദ്ധിച്ചു.
കേരളം മാവൂരിലേക്ക് ഒഴുകിയെത്തി. സമരം ഫലം കണ്ടു. 1999 ഒക്ടോബറിൽ ഉൽപാദനം നിർത്തിയ ഫാക്ടറി, 2001ൽ എന്നെന്നേക്കുമായി അടച്ചു പൂട്ടപ്പെട്ടു. പത്തു കോടി മുതൽ മുടക്കിയുണ്ടാക്കിയ ഫാക്ടറി, ആയിരം കോടി ആസ്തിയിലേക്കെത്തിയപ്പോൾ മടങ്ങിപ്പോയതാണോ, അതോ സമരമാണോ അവരെ തുരത്തിയത് എന്ന തർക്കം ഇപ്പോഴും നിലവിലുണ്ട്.
കെ.എ. റഹ്മാൻ ഓർമയായി, രണ്ടര പതിറ്റാണ്ടിനിപ്പുറം ചാലിയാർപ്പുഴയെ നോക്കിനിൽക്കുകയാണ്. ഒരു കറപോലുമില്ലാതെ ഒഴുകുന്ന നീരിൽ തെളിയുന്ന പ്രതിച്ഛായയും തുള്ളിക്കളിക്കുന്ന മീൻപറ്റങ്ങളും ഒരേയൊരു പേരുതന്നെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു, കെ.എ. റഹ്മാൻ.
ചിലർക്ക് അദ്ദേഹം പൊതു പ്രവർത്തകൻ, മറ്റു ചിലർക്ക് പരിസ്ഥിതി സമരങ്ങളിലെ നായകൻ, ഇനിയും മറ്റുചിലർക്ക് കോർപറേറ്റ് വിരുദ്ധ സമരങ്ങളിലൊന്നിനു നേതൃത്വം നൽകിയ ആൾ. എന്നാൽ, ഒരു കാര്യത്തിൽ ഇവർക്കെല്ലാവർക്കും യോജിപ്പുണ്ട്; ചാലിയാർ പുഴ ഇന്നു കാണുന്നപോലെ തെളിഞ്ഞൊഴുകുന്നതിനു പിന്നിൽ ആ മനുഷ്യന്റെ വലിയ പ്രയത്നമുണ്ട് എന്നതിൽ.
സ്വതന്ത്ര ഇന്ത്യയിലെതന്നെ ആദ്യ പരിസ്ഥിതി സമരങ്ങളിലൊന്നായ ചാലിയാർ സമരത്തിന്റെ നായകനായ കെ.എ. റഹ്മാന്റെ, മലപ്പുറം ജില്ലയിലെ വാഴക്കാട്ടുകാരുടെ സ്വന്തം അദ്രയിയുടെ പ്രയത്നം.
കെ.എ. റഹ്മാന്റെ ജീവചരിത്രം വ്യക്തമായി അടയാളപ്പെടുത്തപ്പെടാതെ പോകരുത് എന്ന നിർബന്ധത്തിൽനിന്നാണ് ‘അദ്രയി’ എന്ന ഡോക്യുമെന്ററിയുടെ പിറവി. കെ.എ. റഹ്മാനെ കുറിച്ചുള്ള അധികം വിവരങ്ങൾ എങ്ങും ലഭ്യമായിരുന്നില്ല. അക്കാര്യം കൊണ്ടുതന്നെ ഏകദേശം മാസങ്ങളോളം ഡോക്യുമെന്ററിയുടെ ചിത്രീകരണം നീട്ടിെവക്കേണ്ടിവന്നു.
വ്യക്തമായ രേഖകൾക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു അക്കാലങ്ങളിൽ നടത്തിയിരുന്നത്. സമരങ്ങൾ രേഖപ്പെടുത്തപ്പെട്ട പത്രത്താളുകൾ തന്നെയായിരുന്നു ആദ്യ ശരണം. കഴിഞ്ഞുപോയ ഒരു കാലത്തെ അതേ ഗരിമയോടെ ദൃശ്യവത്കരിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല.
ആ പ്രതിസന്ധി മറികടക്കാൻ ദൃശ്യങ്ങളിൽ അൽപം ഫിക്ഷൻ സ്വഭാവം കലർത്തിയാണ് ഡോക്യുമെന്ററി ചെയ്തത്. 47 മിനിറ്റ് ദൈർഘ്യമുണ്ട് ഡോക്യുമെന്ററിക്ക്. കൊൽക്കത്തയിൽ െവച്ചുനടക്കുന്ന, എട്ടാമത് സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്, ‘അദ്രയി’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.