കാവ്യഗായകന്‍

‘യുദ്ധത്തിന്‍െറ യജമാനന്മാരേ, ഞാനൊരു ചോദ്യം ചോദിച്ചോട്ടെ. അത്രക്ക് ഉത്തമമോ നിങ്ങളുടെ കൈയിലെ പണം? ആ പണം കൊണ്ട് നിങ്ങള്‍ക്ക് മാപ്പ് വാങ്ങാന്‍ പറ്റുമോ? മരണങ്ങള്‍ വിടാതെ പിന്തുടരുമ്പോള്‍ കൈമോശം വന്ന നിങ്ങളുടെ ആത്മാവുകള്‍ തിരിച്ചുവാങ്ങാന്‍ നിങ്ങളുണ്ടാക്കിയ മുഴുവന്‍ പണവും മതിയാവില്ല’- യുദ്ധോദ്യുക്തരായി പടക്കളത്തിലിറങ്ങുന്ന രാഷ്ട്രത്തലവന്മാരോട് ഉച്ചത്തിലിങ്ങനെ പാടിപ്പറഞ്ഞത് ബോബ് ഡിലനാണ്.  അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനങ്ങളുടെയും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളുടെയും വചനവും ഈണവുമായി മാറിയ നൂറ്റാണ്ടിന്‍െറ പാട്ടുകാരന്‍. മനുഷ്യന്‍ എവിടെയും ചങ്ങലക്കെട്ടുകളിലാണെന്ന് തിരിച്ചറിഞ്ഞ അയാള്‍ എന്നും സ്വാതന്ത്ര്യത്തിനുവേണ്ടി തൊണ്ടയിടറി പാടി. സൗന്ദര്യമുള്ള ഏത് വസ്തുവിന് പിന്നിലും ഏതെങ്കിലും തരത്തിലുള്ള വേദനയുണ്ട് എന്ന് ഓര്‍മിപ്പിച്ചു. നിരാശയുടെ പടുകുഴിയിലാണ്ടുപോയ ജനതയെ ഇനിയും ഇരുട്ടിയിട്ടില്ളെന്ന് സമാശ്വസിപ്പിച്ചു. പാട്ടിലെന്നും ജ്വലിപ്പിച്ചുനിര്‍ത്തിയത് വിമോചനത്തിന്‍െറ സ്വപ്നങ്ങള്‍, വിപ്ളവത്തിന്‍െറ തീപ്പൊരികള്‍. എതിര്‍പ്പിന്‍െറ ഒരിക്കലും കെടാക്കനലുകള്‍. മനുഷ്യവിമോചനത്തിനുവേണ്ടി അരനൂറ്റാണ്ടുകാലം പാടിയ മഹാനായ ആ സംഗീതജ്ഞനാണ് ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. ഇനി മാര്‍ക്കേസിനും ടാഗോറിനും എലിയറ്റിനും നെരൂദക്കുമൊപ്പം സാഹിത്യചരിത്രത്തില്‍ ഇടം.

1993ല്‍ ടോണി മോറിസണ് കിട്ടിയതിനുശേഷം അമേരിക്കയിലേക്ക് പുരസ്കാരം കൊണ്ടുവരാനുള്ള നിയോഗം കൈവന്നത് 75ാം വയസ്സില്‍. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം കിട്ടുന്ന ആദ്യ സംഗീതജ്ഞനാണ്. ഈ പുരസ്കാരത്തിന് അര്‍ഹനായ 113ാം എഴുത്തുകാരന്‍. പാട്ടെഴുതുകയും പാടുകയും ചെയ്യുന്ന ഗായകകവികളുടെ പാരമ്പര്യത്തിന്‍െറ പിന്തുടര്‍ച്ചക്കാരന്‍. റോക്ക് യുഗത്തിന്‍െറ കവി. പാട്ടെഴുതുന്നവരൊക്കെ കവികളാണോ എന്ന് നെറ്റിചുളിച്ചവര്‍ ഏറെ. സാഹിത്യ നൊബേലിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിന് തിരികൊളുത്തിയ തെരഞ്ഞെടുപ്പില്‍ കവിതക്കും നോവലുകള്‍ക്കുമുള്ള സാഹിത്യമൂല്യം പാട്ടെഴുത്തിനും ഉണ്ട് എന്ന് പ്രഖ്യാപിച്ച് സാഹിത്യത്തിന്‍െറ അതിരുകള്‍ മാറ്റിവരയ്ക്കുകയായിരുന്നു സ്വീഡിഷ് അക്കാദമി. അക്കാദമിയിലെ സ്ഥിരം സെക്രട്ടറിയും സാഹിത്യപണ്ഡിതയുമായ സാറാ ഡാനിയൂസ് ഡിലനെ ഹോമറിനും സാഫോക്കും ഒപ്പമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അമേരിക്കന്‍ പാട്ടുപാരമ്പര്യത്തിനുള്ളില്‍നിന്നു തന്നെ പുതിയ കാവ്യാവിഷ്കാരങ്ങള്‍ സൃഷ്ടിച്ചുവെന്ന് വിധിനിര്‍ണയസമിതി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി ആയതിന്‍െറ പേരില്‍ എവറസ്റ്റിനുമേല്‍ മെഡല്‍ തുന്നിച്ചേര്‍ക്കുന്നതുപോലെയാണ് ബോബ് ഡിലന് നൊബേല്‍ സമ്മാനം നല്‍കുന്നത് എന്നു പറഞ്ഞത് കനേഡിയന്‍ ഗായകനും സുഹൃത്തുമായ ലിയോനാര്‍ഡ് കൊഹന്‍.

അരനൂറ്റാണ്ടിന്‍െറ പാട്ടു ജീവിതം സാമൂഹിക അസ്വസ്ഥതകളുടെ അനുഭവവരേഖ കൂടിയാണ്. തന്‍െറ തലമുറയുടെ വക്താവ് ആയിരുന്നു.  പ്രതിഷേധത്തിന്‍െറ പാട്ടുകളാണ് എഴുതിയവയില്‍ ഏറെയും. ഏതൊരു കവിയെക്കാളും വിപുലമായ ആരാധകവൃന്ദം. വിറ്റുപോയത് പത്ത് കോടി റെക്കോര്‍ഡുകള്‍. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ താരതമ്യ സാഹിത്യവിഭാഗം അധ്യാപകനും പ്രമുഖ സാഹിത്യപണ്ഡിതനുമായ ഹമീദ് ദബാഷി പറഞ്ഞത് ശരിയാണ്; കവികളെക്കാളും ജനസാമാന്യത്തില്‍ സ്വാധീനമുള്ള എഴുത്തുകാരനാണ് ബോബ് ഡിലന്‍. അതുകൊണ്ട്  എലിയറ്റിനും മാര്‍ക്കേസിനും ടോണി മോറിസനും സാമുവല്‍ ബെക്കറ്റിനും കഴിയാത്തത് ബോബ് ഡിലന്‍ ചെയ്തു. ഫലസ്തീന്‍െറ മഹ്മൂദ് ദര്‍വീശിനെപ്പോലെ, റഷ്യയുടെ മയക്കോവ്സ്കിയെപ്പോലെ, തുര്‍ക്കിയുടെ നസീം ഹിക്മത്തിനെപ്പോലെ, പാകിസ്താന്‍െറ ഫയ്സ് അഹ്മദ് ഫയ്സിനെപ്പോലെ അയാള്‍ ജനപക്ഷത്ത് നിലകൊണ്ടു. അവരുടെ പ്രതിഷേധങ്ങള്‍ക്ക് സ്വരവും ഈണവും നല്‍കി. സാംസ്കാരിക വ്യവസായത്തിന് അപ്പുറം കലയ്ക്ക് ലക്ഷ്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തി. അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരെ തൊണ്ടപൊട്ടി പാടിയിട്ടുണ്ട്. ഭരണകൂടത്തിനെതിരെ നിസ്സഹകരണം നടത്തിയിട്ടുണ്ട്. പ്രസിഡന്‍റ് നിക്സനും യുദ്ധകുറ്റവാളിയായ വിദേശകാര്യമന്ത്രി ഹെന്‍റി കിസിഞ്ജറുമെല്ലാം പാട്ടുകളിലൂടെ നിശിതമായ വിമര്‍ശത്തിന് വിധേയരായി. കരുത്തും ചങ്കൂറ്റവുമുള്ള പാട്ടുകളിലൂടെ ഒരു തലമുറയെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയത് ബോബ് ഡിലന്‍ ആണ്. നിരാശാഭരിതമായ ഒരു കാലത്ത് അയാള്‍ പ്രത്യാശയുടെ കനലുകള്‍ ഊതിത്തെളിച്ചു. രാഷ്ട്രീയ വലതുപക്ഷത്തിന്‍െറ കപടനാട്യങ്ങളെ തുറന്നുകാട്ടി. നിഷ്ഫലമായ ലഘുലേഖാ വിതരണത്തിനപ്പുറം രാഷ്ട്രീയപ്രവര്‍ത്തനം നടത്താതിരുന്ന ഇടതുപക്ഷത്തെ പാട്ടുകൊണ്ട് ഉന്തിത്തള്ളി തെരുവിലിറക്കി.  

സാഹിത്യലോകം നേരത്തേതന്നെ ബോബ് ഡിലനെ എഴുത്തുകാരനായി അംഗീകരിച്ചുകഴിഞ്ഞതാണ്. ഓക്സ്ഫഡ് ബുക് ഓഫ് അമേരിക്കന്‍ പോയട്രിയുടെ 2006ലെ പതിപ്പില്‍ ഡിലന്‍െറ പാട്ട് ഉള്‍പ്പെടുത്തി അവര്‍ അതിനെ കവിതയായി അംഗീകരിച്ചു. ഡിലന്‍െറ സാഹിത്യശൈലിയെ പുകഴ്ത്തിക്കൊണ്ട് ദ കേംബ്രിഡ്ജ് കമ്പാനിയന്‍ റ്റു ബോബ് ഡിലന്‍ എന്ന പുസ്തകം 2009ല്‍ പുറത്തിറങ്ങി. യഥാര്‍ഥ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍. അബ്രഹാം സിമ്മര്‍മാന്‍െറയും ബിയാട്രിസിന്‍െറയും മകനായി 1941 മേയ് 24ന് മിന്നെസോറ്റയില്‍ ജൂതകുടുംബത്തില്‍ ജനനം. ഹിബ്ബിങില്‍ വളര്‍ന്നു. ഇളയസഹോദരന്‍ ഡേവിഡ്. റഷ്യയിലെ ഒഡേസയില്‍നിന്ന് കുടിയേറിയവരാണ് മുത്തച്ഛനും മുത്തശ്ശിയും. അമ്മയുടെ അച്ഛനമ്മമാര്‍ അമേരിക്കയില്‍ കുടിയേറിയ ലിത്വാനിയന്‍ ജൂതന്മാരായിരുന്നു. റേഡിയോവില്‍ വരുന്ന പാട്ടുകള്‍ ശ്രവിച്ചാണ് സംഗീത ജീവിതത്തിന്‍െറ തുടക്കം. പിന്നീട് ഹിബ്ബിങ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ ബാന്‍ഡുകള്‍ തുടങ്ങി. 1959ല്‍ മിന്നെസോറ്റ യൂനിവേഴ്സിറ്റിയില്‍. കാമ്പസിലെ കോഫി ഹൗസില്‍ സംഗീതപ്രകടനങ്ങള്‍ നടത്തി. അക്കാലത്താണ് റോബര്‍ട്ട് അലന്‍ ബോബ് ഡിലനാവുന്നത്. ഡിലന്‍ തോമസിന്‍െറ കവിതകളില്‍ ആകൃഷ്ടനായാണ് പേരുമാറ്റം. നിങ്ങള്‍ നിങ്ങളെ എന്തു വിളിക്കാനാഗ്രഹിക്കുന്നുവോ അതാണ് നിങ്ങളുടെ പേര് എന്ന് ഈ നാമകരണത്തെക്കുറിച്ച് അദ്ദേഹം ആത്മകഥയായ ക്രോണിക്ക്ള്‍സില്‍ എഴുതി.

പിന്നീട് കോളജ് പഠനം പാതിവഴിയിലുപേക്ഷിച്ച് പാടാനിറങ്ങി. ന്യൂയോര്‍ക് ടൈംസില്‍ റിവ്യു വന്നതോടെ ശ്രദ്ധേയനായി. 1962ല്‍ ലണ്ടനില്‍ ആദ്യമായി പാടി. ഈ കാലയളവില്‍ പൗരാവകാശപ്രസ്ഥാനങ്ങളില്‍ സജീവമായി. പൗരാവകാശ പ്രവര്‍ത്തകന്‍െറയും ഹോട്ടലിലെ ബാര്‍ മെയ്ഡായ കറുത്ത വര്‍ഗക്കാരിയുടെയും മരണം പാട്ടിന് വിഷയമായി. 1966ല്‍ ന്യൂയോര്‍ക്കിലെ വുഡ്സ്റ്റോക്കിലെ തന്‍െറ വസതിക്ക് സമീപംവെച്ച് മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍പെട്ടു. എട്ടുവര്‍ഷത്തോളം പൊതുവേദികളില്‍നിന്ന് വിട്ടുനിന്നു. 1965ല്‍ സാറാ ലൗണ്ട്സിനെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ നാലുമക്കള്‍. സാറയുടെ മുന്‍ ബന്ധത്തിലെ മകളെ ദത്തെടുക്കുകയും ചെയ്തു. 1977ല്‍ ബോബും സാറയും വേര്‍പിരിഞ്ഞു. മകന്‍ ജേക്കബ് വാള്‍ഫ്ളവേഴ്സ് എന്ന ബാന്‍ഡിലെ മുന്‍നിര പാട്ടുകാരന്‍. ജെസ്സി ഡിലന്‍ ചലച്ചിത്രസംവിധായകനും ബിസിനസുകാരനും.

Tags:    
News Summary - bob dylan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.