നാസി കാലം ഇന്ത്യയിൽ വരാതെ നോക്കണം

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് യുനെസ്‌കോ ഒരു കണക്കെടുപ്പ് നടത്തുകയുണ്ടായി. ലോകത്ത് ഇന്ന് നിലവിലുള്ള ഭാഷകളെ സംബന്ധിച്ച ആ കണക്കെടുപ്പ് പറയുന്നത് 6,700 ഭാഷകളാണ് ഉപയോഗിക്കപ്പെടുന്നത് എന്നാണ്. 20 വര്‍ഷം കഴിഞ്ഞ് ഒരു കണക്കെടുപ്പില്‍ 1,700 ഭാഷകള്‍ മിക്കവാറും പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞു എന്നാണ് കണ്ടെത്തിയത്. അതിനോടൊപ്പം 6,700ല്‍ പാതിയോളവും മൃതപ്രായരായി എന്നും അടുത്ത കണക്കെടുപ്പില്‍ 196 ഇന്ത്യന്‍ ഭാഷകളില്‍ മിക്കവാറും പ്രവര്‍ത്തനരഹിതമായെന്നും കണ്ടെത്തി.

അതില്‍ അഞ്ചു ഭാഷകള്‍ ദക്ഷിണേന്ത്യയില്‍നിന്നായിരുന്നു; പ്രത്യേകിച്ച് കര്‍ണാടകയില്‍നിന്ന്. തുളു, കൊടുവ, കൂര്‍ഗി തുടങ്ങിയ ഭാഷകള്‍ ഏതാണ്ട് ഇല്ലാതായി എന്ന അവസ്ഥയിലെത്തി. അതിനെ മറികടക്കാന്‍ രൂപവത്കരിച്ച പദ്ധതിയില്‍ വാമൊഴിയെ രേഖപ്പെടുത്തിവേണം ഭാഷയെ പുനരുദ്ധരിക്കാനെന്നു പറയുന്നു. ബാല്‍ചന്ദ്ര നെമഡയെപ്പോലുള്ളവര്‍ ഇപ്പോള്‍ ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തദ്ദേശീയ ഭാഷയിലെ നാടോടിക്കഥകളും പുരാണവും രേഖപ്പെടുത്തുന്ന പ്രവൃത്തിയിലാണദ്ദേഹം. ജി.എന്‍. ദേവി നോര്‍ത്ത് ഈസ്റ്റിലെ നഷ്ടപ്പെട്ട ഭാഷകളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

ഇത്തരം അന്തരീക്ഷത്തില്‍ ഭാഷകള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന ഉത്കണ്ഠ പലയിടത്തും ഉയര്‍ന്നുവരുന്നുണ്ട്. നാം മലയാളത്തിന്റെ ഗതിയെപ്പറ്റി കുറച്ചുകാലമായി ആലോചിക്കുന്നുണ്ട്. മലയാളം പെട്ടെന്ന് അപ്രത്യക്ഷമാവുകയില്ല. പതുക്കെപ്പതുക്കെ അതിന് ജീവചൈതന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിനുവേണ്ടി മാത്രം ഇവിടെയൊരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നു.

പെരുമാൾ മുരുകൻ

പക്ഷേ, നാം പലപ്പോഴും ചിന്തിക്കേണ്ടത് നമ്മുടെ പാഠ്യപദ്ധതിയില്‍നിന്ന് മലയാളത്തെ മാറ്റിനിര്‍ത്തുന്നതു സംബന്ധിച്ചാണ്. ഈയടുത്ത് ഞാന്‍ കുറെയേറെ പാഠപുസ്തകങ്ങളെടുത്തുനോക്കി. സാഹിത്യമില്ലാഞ്ഞിട്ടല്ല; കുറെയേറെ സാഹിത്യരചനകള്‍ അതിലുണ്ട്. പഴയ കാലത്തെയും പുതിയ കാലത്തെയും രചനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

രാജ്യസഭയിലേക്ക് എഴുത്തുകാരെ പരിഗണിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ്, അതിനുശേഷം ആര്‍.കെ. നാരായൺ എന്നിവരൊക്കെ രാജ്യസഭയിലെത്തി. ഒരേയൊരു തവണയാണ് ആര്‍.കെ. നാരായൺ രാജ്യസഭയില്‍ പ്രസംഗിച്ചത്. പുസ്തകക്കെട്ടുകള്‍ ചുമന്നുചുമന്ന് നമ്മുടെ കുട്ടികളുടെ നട്ടെല്ല് വളയുന്നു. ഇത് പരിഹരിക്കാന്‍ നിങ്ങള്‍ വിദഗ്ദ്ധര്‍ ഇടപെടണമെന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. ഈ വിഷയം ഏറെ പ്രധാനപ്പെട്ടതുമാണ്. എന്റെ വീട്ടിലെ ഏഴാം ക്ലാസുകാരിയുടെ പുസ്തകക്കെട്ടുകളെടുത്ത് നോക്കിയപ്പോള്‍ ഇക്കാര്യം എനിക്കും ബോധ്യപ്പെട്ടു.

സാഹിത്യമൊക്കെ പാഠപുസ്തകത്തിലുണ്ട്. പക്ഷേ, കവിതകള്‍ ആരും മനഃപാഠം പഠിക്കേണ്ട. പണ്ട് കവിതകള്‍ മനഃപാഠം പഠിച്ച് പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായിരുന്നു. പോയ് പോയ് പരീക്ഷതന്നെ ആവശ്യമില്ല എന്നനിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാവരെയും ജയിപ്പിക്കണം എന്ന ചിന്തയാണ് ഇവിടെ ഇപ്പോള്‍ വാഴുന്നത്. ആരോഗ്യകരമായ ഒരു മത്സരം ഈ ജീവിതത്തിലില്ലെങ്കില്‍, ജീവിതം കൊണ്ട് എന്തർഥമാണുള്ളത്? ചാടാനും ഓടാനും തയാറായ ഏത് കുട്ടിയെയും നാം ഗെയിംസിനും ഒളിമ്പിക്‌സിനും അയക്കാറുണ്ട്.

യോഗ്യതാ മാര്‍ക്ക് കടക്കുന്നവര്‍ക്ക് ഇവിടെയെല്ലാം മത്സരിക്കാം. എന്നാല്‍, നമ്മുടെ പഠനസാഹചര്യം ഒന്നു നോക്കൂ. നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ ജയിക്കാനുള്ള മത്സരബുദ്ധി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അത് ജീവിതത്തിന്റെ അനിവാര്യതയാണ്. അനാരോഗ്യകരമായത് നമുക്കൊഴിവാക്കാം. പക്ഷേ, ഇതൊക്കെ അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോഴുള്ള ഒരു മത്സരമാണ്.

ഒഴിവാക്കാമെന്നും എല്ലാവരെയും ജയിപ്പിക്കാമെന്നുമുള്ള അവസ്ഥ ശരിയല്ല. കുട്ടികള്‍ പഠിക്കണം. അല്‍പം മത്സരിച്ചുതന്നെ പഠിക്കണം. എന്റെ ചെറുപ്പകാലത്തെ ഒരു സ്‌കൂള്‍ വേദിയില്‍ ചിത്രന്‍ നമ്പൂതിരിയില്‍ നിന്ന് ഞാന്‍ കുറെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. പ്രബന്ധം, കഥ, കവിത തുടങ്ങിയവക്ക് അന്നത്തെ ചടങ്ങ് ഇപ്പോഴുമോര്‍ക്കുന്നു. എന്നെ സംബന്ധിച്ച് ഏറെ സന്തോഷവും ഊര്‍ജവും നല്‍കിയ വേദിയായിരുന്നു അത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കായി ഇങ്ങനെ മത്സരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം.

എന്തിനാണ് കവിത പഠിക്കുന്നത് എന്ന ചോദ്യം ഇപ്പോഴേറെ ഉയര്‍ന്നുകേള്‍ക്കുന്നു. ചെറുപ്പകാലത്ത് ഞാന്‍ പഠിച്ച ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. കുചേലവൃത്തത്തിലെ വരികള്‍ ഓര്‍മയിലുണ്ട്. സതീര്‍ഥ്യനെ സ്വീകരിക്കുന്ന കൃഷ്ണന്റെ ചിത്രം ഓര്‍ക്കുന്നു.

‘മാറത്ത് വിയര്‍പ്പു വെള്ളം കൊണ്ടുനാറും സതീര്‍ഥ്യനെ മാറത്തുണ്മയോട് ചേര്‍ത്തു ഗാഢം പുണര്‍ന്നു.’ഈ വരികള്‍ ഉദ്ധരിച്ചുകൊണ്ട് എന്റെ മലയാളം അധ്യാപകന്‍ കുട്ടിരാമന്‍ മാഷ് പറഞ്ഞു; വാസുദേവാ, അവനു കുറച്ചുകൂടി സ്ഥലം കൊടുക്ക്, അബ്ദുറഹ്മാന്. അവന്‍ കുന്നു കയറി തളര്‍ന്ന് വിയര്‍ത്തു വന്നതാ. നമ്മള്‍ പഠിച്ചപോലെ അവന്‍ സതീര്‍ഥ്യനാണ്. അങ്ങനെ ഞാന്‍ ആ വാക്കിന്റെ അർഥം മനസ്സിലാക്കി.

‘പൂച്ചയെ നമുക്ക് തേജോവധം ചെയ്യാം’എന്ന വാക്ക് അഞ്ചാം ക്ലാസുകാരായ എന്റെ വീട്ടിലെ കുട്ടികള്‍ പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. പിന്നീടവരുടെ പുസ്തകം മറിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്. ‘തേജോവധം അവര്‍ക്ക് കവിതയിലൂടെ ലഭിച്ച വാക്കാണ്. വാക്കുകളിങ്ങനെ സാഹിത്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍, വായന അർഥപൂര്‍ണമാകുന്നു. നമ്മുടെ ഭാഷയിലേക്ക് പല ഘട്ടങ്ങളിലായി പുതിയ വാക്കുകള്‍ കയറിവന്നിട്ടുണ്ട്. കത്ത്, കരാറ്, തകരാറ്, അസ്സല്‍ ഇതൊക്കെ നാം ഉപയോഗിക്കുന്നു. ഇംഗ്ലീഷുകാര്‍ ഇത്തരം കുറെ വാക്കുകള്‍ നമ്മില്‍നിന്ന് എടുക്കുകയും ചെയ്തു.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് വ്യാകരണവും പഠിക്കേണ്ട എന്നാണ് സ്ഥിതി. വൃത്തവും അലങ്കാരവും കണ്ടുപിടിക്കുന്നത് ഒരു ബൗദ്ധിക ഇടപെടലായി ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഇന്നതില്ല. വ്യാകരണവും വൃത്തവും അലങ്കാരവുമെല്ലാം ഒരു സുഡോക്കു ചെയ്യുന്ന രസത്തില്‍ അന്നത്തെ തലമുറ ചെയ്തുതീര്‍ത്തിരുന്നു.

ഇന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹിത്യസൃഷ്ടികളില്‍ സാഹിത്യംതന്നെ വിഷയമായി വന്നുകൊണ്ടിരിക്കുന്നു. ഷേക്‌സ്പിയറിന്റെ ഒരു നാടകത്തെ സംബന്ധിച്ച് ഹാര്‍വഡ് യൂനിവേഴ്‌സിറ്റിയെ പശ്ചാത്തലമാക്കി നോവല്‍ വന്നു. പാബ്ലോ നെരൂദയെ കഥാപാത്രമാക്കി, ഇന്‍ പോസ്റ്റ് എന്ന നോവലും സിനിമയും വന്നു. കവിത, രൂപകം, അലങ്കാരം തുടങ്ങിയവ ജീവിതവുമായി ഏറെ അകന്നുനില്‍ക്കുന്നതല്ല എന്ന് നോവലിസ്റ്റ് ഇതില്‍ പറയാന്‍ ശ്രമിച്ചു, വിജയിച്ചു. വാചകങ്ങള്‍, രൂപകങ്ങള്‍, അലങ്കാരങ്ങള്‍ ഇതൊന്നും ഇതില്‍നിന്ന് മാറി നില്‍ക്കുന്നതല്ല.

ചാർളി ചാപ്ലിൻ മോഡേൺ ടൈംസിൽ

ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പാഠപുസ്തകം അവനറിയാതെ എടുത്തുനോക്കിയപ്പോള്‍ കണ്ടത് അഞ്ച് പുസ്തകങ്ങളാണ്. മലയാളത്തിന്റെ ഒരു നോട്ട് പുസ്തകമുണ്ട്. നല്ല കൈയക്ഷരമാണ് പക്ഷേ, ധാരാളം തെറ്റുകളുണ്ട്. മാര്‍ക്കിട്ട ടീച്ചര്‍ ഇതൊന്നും തിരുത്തിയിട്ടില്ല. അതുപോട്ടെ, ഇംഗ്ലീഷിന്റെ മൂന്ന് പുസ്തകമുണ്ട്. അഞ്ചു വര്‍ഷം കമ്പ്യൂട്ടര്‍ പഠിച്ച നോട്ടുപുസ്തകമുണ്ട്. കമ്പ്യൂട്ടര്‍ അറിയാത്തതുകൊണ്ട് ഉപകാരങ്ങളും ദോഷങ്ങളുമുണ്ട്. ഇപ്പോള്‍ ഒരു കുട്ടിക്ക് കണക്കുകൂട്ടണമെങ്കില്‍ കാല്‍ക്കുലേറ്റര്‍ വേണം. അങ്ങനെ വേണ്ടായിരുന്നു. അതുകൊണ്ട് ബുദ്ധിശക്തി പരീക്ഷിക്കപ്പെടുന്നില്ല. ഇന്ന് ചെറിയ കുട്ടികള്‍ക്കുപോലും ഈ യന്ത്രം കളിക്കോപ്പായി കൊടുക്കുന്നു. അധികമായാല്‍ അമൃതും വിഷമാണ്. മാര്‍ത്ത എന്ന നോവല്‍ ഉദ്ധരിക്കാം. അതില്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുണ്ട്.

അയാള്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ടാക്കി അതിനെ എല്ലാം പഠിപ്പിച്ചു. ചായ ഉണ്ടാക്കാനും എല്ലാ കാര്യങ്ങള്‍ ചെയ്യാനും അത് പഠിച്ചു. അതിന് അയാള്‍ ഒരു പേരും നല്‍കി; മാര്‍ത്ത. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് പ്രേമമുണ്ടായി. കല്യാണം കഴിച്ചു. അയാള്‍ ഭാര്യയോട് പറഞ്ഞു. നീ ഒരു പണിയും എടുക്കേണ്ട, ഞാനൊരു കമ്പ്യൂട്ടര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്ത് വേണമെങ്കിലും അതിനോട് പറഞ്ഞാല്‍ മതി. നവവധു മാര്‍ത്തയെ പരിചയപ്പെട്ടു.

അങ്ങനെ ചാര്‍ളി ചാപ്ലിന്‍ മോഡേണ്‍ ടൈംസില്‍ കാണിച്ച പോലെ യന്ത്രം ക്രമേണ ബുദ്ധി പ്രയോഗിച്ചു. പറഞ്ഞതൊന്നും അനുസരിക്കാതായി. എല്ലാം ചെയ്യുന്നത് വിപരീതമായിട്ടായി. ഭര്‍ത്താവിനോടവള്‍ പരാതി പറഞ്ഞു. അയാള്‍ അത് പരിശോധിച്ച ശേഷം ഒരു കുഴപ്പവുമില്ല എന്ന് വിധിയെഴുതി. അവസാനം മാര്‍ത്ത തന്റെ ശത്രുവായി മാറിയ ചെറുപ്പക്കാരിയെ കൊല്ലുന്നു. കമ്പ്യൂട്ടര്‍ വേണ്ടത് തന്നെയാണ്. പക്ഷേ, അതേസമയം നമ്മുടെ ബുദ്ധി കടന്നുചെല്ലേണ്ട സ്ഥലങ്ങളിലേക്ക് കമ്പ്യൂട്ടറിനെ പരിഗണിക്കേണ്ടതില്ല.

കവിത കുട്ടികള്‍ മനഃപാഠം പഠിച്ചാല്‍ ഒരു തെറ്റുമില്ല. എഴുപത് വര്‍ഷം മുമ്പ് പഠിച്ച കവിതകള്‍ എനിക്കിന്നും ഓർമയുണ്ട്. അതെല്ലാം തെറ്റു കൂടാതെ ചൊല്ലാനും കഴിയും. ഓര്‍മ നഷ്ടപ്പെടുന്ന രോഗങ്ങള്‍ക്കുള്ള പ്രതിവിധി, പണ്ട് പഠിച്ച കാര്യങ്ങള്‍ മനനം ചെയ്യുക എന്നതാണ്. ഭാരതിയാരുടെ നാലു വരി അറിയാത്തൊരു കുട്ടി തമിഴ് നാട്ടിലുണ്ടാകുമോ? ടാഗോറിന്റെ നാലുവരി അറിയാത്ത കുട്ടി ബംഗാളിലുണ്ടാകുമോ? എന്നാല്‍ ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയുമെല്ലാം കവിതകള്‍ നമ്മുടെ കുട്ടികള്‍ക്കറിയില്ല.

നമുക്ക് നമ്മുടെ അടിത്തറപോലും അറിയാത്ത ദയനീയമായ കാലമാണിത്. പാഠപുസ്തകത്തിലെല്ലാം കവിതയുണ്ട്. പക്ഷേ അവരത് മനഃപാഠമാക്കി മാറ്റുന്നില്ല. നമ്മുടെ കുട്ടികള്‍ അവരുടെ പാഠങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അവര്‍ പല പ്രശ്നങ്ങളും നേരില്‍ക്കണ്ട് തന്റെ ജീവിതം മുഴുവന്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അവര്‍ പല പ്രശ്‌നങ്ങളും നേരില്‍ക്കണ്ട് തന്റെ ജീവിതം മുഴുവന്‍ കമ്പ്യൂട്ടറിലാണെന്നുള്ള ധാരണയാണ് മാറ്റേണ്ടത്. മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ പോയപ്പോള്‍ അവിടെ എൻജിനീയറിങ്, മെഡിസിന്‍ എല്ലാ ക്ലാസുകളുമുണ്ട്.

അതിലെല്ലാമപ്പുറം ആഴ്ചയില്‍ ഒരു ദിവസം സാഹിത്യം പഠിക്കാനുള്ള സംവിധാനവുമുണ്ട്. അവര്‍ അവരുടെ പാഠ്യപദ്ധതി പഠിക്കുന്നതുപോലെ സാഹിത്യ പ്രസംഗങ്ങളും കേള്‍ക്കുന്നു. കഥയും കവിതയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അത് നമ്മുടെ പാഠ്യപദ്ധതിയില്‍ വേണം. ഭാഷ നമ്മുടെ ഉള്ളിലുണ്ടാകണമെങ്കില്‍ കവിതയും കഥയും നമ്മുടെ ഉള്ളില്‍ വേണം. ഒരിക്കല്‍ ഫ്രാന്‍സില്‍നിന്നുള്ള എഴുത്തുകാരുടെ സംഘം ഡല്‍ഹിയില്‍ വന്നു. മുദാം കോസ്ത് എന്ന എഴുത്തുകാരി ഉണ്ടായിരുന്നു. അവരുടെ ഒരു മകന്‍ ഫിലോസഫിയാണ് പഠിക്കുന്നത്.

മറ്റൊരു മകന്‍ എൻജിനീയറിങ്ങും. പക്ഷേ, ഈ രണ്ടുപേര്‍ക്കും ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ അടിസ്ഥാനമില്ലാതെ പ്രധാന പരീക്ഷ എഴുതാന്‍ പറ്റില്ല. സ്വന്തം ഭാഷ നമ്മുടെ പല ജീവിതവ്യവഹാരങ്ങളുടെയും ഭാഗം തന്നെയാണ്. അത് നമ്മുടെ ചിന്താശക്തിയെ വളര്‍ത്തുന്നു. ഭാവനയെ വളര്‍ത്തുന്നു. ഇതൊക്കെ ആലോചിച്ചുകൊണ്ടാകണം പാഠ്യപദ്ധതി ഉണ്ടാക്കേണ്ടത്. വായനയുടെ മഹാപ്രപഞ്ചത്തിലേക്ക് വിദ്യാർഥികളെ കടക്കാൻ പ്രേരിപ്പിക്കുന്ന തരത്തില്‍ കുറച്ച് കവിത മനഃപാഠമാക്കിക്കേണ്ടതുണ്ട്. ഞാനൊക്കെ പഠിക്കുന്ന കാലത്ത് പല കുട്ടികളും കരകൗശല വസ്തുക്കളുമുണ്ടാക്കുമായിരുന്നു. അതുപോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം വിദ്യാഭ്യാസവും.

വര്‍ത്തമാനകാല ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ? പെരുമാള്‍ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരനാണ് സാമൂഹിക സമ്മര്‍ദങ്ങളുടെ പേരില്‍ എഴുത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെടുന്നു. പൊതുവെ സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണ്.

വളരെ വളരെ അപകടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നു തോന്നുന്നു. പെരുമാള്‍ മുരുകനോട് ആ സമൂഹം ചെയ്തത് വലിയ തെറ്റ്. ഒരെഴുത്തുകാരന്‍ എന്നനിലയില്‍ അദ്ദേഹം എടുത്ത നിലപാടിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം വെല്ലുവിളികളെ എഴുത്തുകാരന്‍ നേരിടണം എന്നാണ് എന്റെ അഭിപ്രായം. അതയാളുടെ ബാധ്യതയാണ്. അയാള്‍ നിശ്ശബ്ദനാകരുത്. ഞാനിനി എഴുതില്ല എന്ന നിലപാട് സ്വീകരിക്കരുത്.

ഭരണത്തിന്റെ ഒക്കെ ശക്തിയോടെ, പിന്തുണയോടെ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മചെയ്യുന്നത് വളരെ മോശമാണ്. മോശമെന്നു മാത്രമല്ല, നാസി കാലഘട്ടത്തെയാണ് ഇതോർമിപ്പിക്കുന്നത്. അക്കാലത്ത് പലരും ജര്‍മനി വിട്ട് അയല്‍രാജ്യങ്ങളിലേക്കു പോയി. ആ സ്ഥിതി ഇന്ത്യയില്‍ വരാന്‍ പാടില്ല. വരും എന്ന് ഞാന്‍ കരുതുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവര്‍ ഇവിടെയുണ്ട്. ഇതിന്റെ ഗൗരവം അറിയുന്നവര്‍ രംഗത്തുവരും. അതിനാല്‍ നാസി ജര്‍മനിയില്‍ സംഭവിച്ചതുപോലെ ഇവിടെ സംഭവിക്കും എന്നെനിക്കു തോന്നുന്നില്ല. എന്നാലും അതിന്റെ ചില സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെ കാണണം. ചെറിയ സൂചനകള്‍ വലിയ വിപത്തിലേക്ക് എത്തിക്കും എന്ന് നാം കാണണം. കരുതിയിരിക്കണം.

മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ഥം. ഒരു മതവും കൊല്ലാന്‍ പറഞ്ഞിട്ടില്ല. ഒരു മതപണ്ഡിതനും പ്രവാചകനും അക്രമവും കൊലയും ആവശ്യപ്പെടുന്നില്ല. അവരൊക്കെ സ്‌നേഹവും സൗഹാര്‍ദവുമാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് ചാവേര്‍പ്പടയാളികളായി കുറെ സാധുക്കളെ കൊലക്കുകൊടുക്കുന്നവരെ കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? ഇങ്ങനെയൊക്കെ ചെയ്താല്‍ സ്വര്‍ഗത്തില്‍ സീറ്റുകിട്ടുമെന്ന് ആരാണ് പഠിപ്പിക്കുന്നത്? ഇവര്‍ക്ക് സ്വര്‍ഗത്തില്‍ ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കുമെന്നൊക്കെയാണ് പറഞ്ഞുപരത്തുന്നത്.

ഇതൊക്കെയാണ് തടയേണ്ടത്. യഥാർഥ മതവിശ്വാസികള്‍ ഇതിനെതിരെ പൊരുതണം. ഇതൊക്കെ മനസ്സിലാക്കണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം. എല്ലാ മതങ്ങള്‍ക്കും ഒരു താത്ത്വികമായ ഭാവമുണ്ട്, ഒരു ഫിലോസഫിയുണ്ട്. അതാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്.

(തിരുവനന്തപുരം കനകക്കുന്നിലാരംഭിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ നടത്തിയ പ്രഭാഷണം)

Tags:    
News Summary - Be careful to not reach Nazi period in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.