അയോധ്യ തര്‍ക്കവുമായി ബന്ധപ്പെട്ട വസ്തുതകളെയും യഥാര്‍ഥ കക്ഷികളെയും മുന്നില്‍നിർത്തി ഇരു സമുദായങ്ങള്‍ക്കുമിടയില്‍ മാന്യമായ ഒരേയൊരു മധ്യസ്ഥ ശ്രമത്തിനു മാത്രമാണ് 1992 നു മുമ്പോ ശേഷമോ ഇന്ത്യ സാക്ഷിയായത്​. ഒത്തുതീർപ്പ്​ എന്ന്​ പേരിട്ട് പില്‍ക്കാലത്തു നടന്നതൊക്കെയും ഭീഷണിപ്പെടുത്തലുകളോ അടിച്ചേല്‍പിക്കലുകളോ ആയിരുന്നു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്​വി അഖിലേന്ത്യ മുസ്​ലിം വ്യക്​തിനിയമബോര്‍ഡി​​െൻറ അധ്യക്ഷനായിരിക്കെ 1989ല്‍ കാഞ്ചികാമകോടി മഠത്തിലാണ് വി.എച്ച്.പിയെയും മുസ്​ലിംകളെയും വിളിച്ചുകൂട്ടി ധാരണയിലെത്താന്‍ ശ്രമം നടന്നത്​. പില്‍ക്കാലത്ത്​ ഉപരാഷ്​ട്രപതിയായി മാറിയ അന്നത്തെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ കൃഷന്‍ കാന്തും  ബിഹാര്‍ ഗവര്‍ണര്‍ യൂനുസ് സലീമും ഇരുപക്ഷത്തിനുമിടയിൽ മധ്യസ്ഥരായി വന്നു. മുസ്​ലിംകള്‍ തന്നെ ട്രസ്​റ്റിയായി നിയമിച്ചാല്‍ സ്ഥലം പൂര്‍ണമായും വേലി കെട്ടിത്തിരിക്കുകയും കോടതിയുടെ അന്തിമവിധി വരുന്നതുവരെ താന്‍ അതിനെ സംരക്ഷിക്കുമെന്നു ശങ്കരാചാര്യര്‍ ആദ്യഘട്ടത്തിൽ വാക്കുനല്‍കി. ചര്‍ച്ചയുടെ ഭാഗമായി ഒപ്പിടേണ്ട ധാരണപത്രത്തിന്​ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതിയിലെ അഭിഭാഷകനായിരുന്ന അബ്​ദുല്‍ മന്നാന്‍ ആണ് നിയമപരമായ അന്തിമരൂപം നല്‍കി നദ്​വിക്കു കൈമാറിയത്​. കേസിലുൾപ്പെട്ടവര്‍ ഏതാണ്ടൊരു ധാരണയുടെ  അടുത്തെത്തിയെന്നു തോന്നിച്ച ഈ ഘട്ടത്തില്‍ പൊടുന്നനെ ശങ്കരാചാര്യര്‍ പിന്‍വാങ്ങുകയാണുണ്ടായത്. വി.എച്ച്.പിയുടെ സമ്മർദത്തെ തനിക്ക് മറികടക്കാന്‍ കഴിയുന്നില്ലെന്ന് ഖേദപൂർവം മഠാധിപതി അബുല്‍ഹസന്‍ അലി നദ്​വിയെ അറിയിച്ചുവെന്ന് ബാബരി മസ്ജിദ് ആക്​ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫരിയാബ് ജീലാനി വെളിപ്പെടുത്തുകയും ചെയ്​ത​ു. മസ്ജിദ് തകര്‍ക്കേണ്ടിവന്നാല്‍ ഹിന്ദു സമൂഹത്തി​​െൻറ ആത്​മീയാചാര്യൻ അപമാനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നതിനാൽ വിഷയത്തെ കത്തിച്ചെടുക്കാന്‍ ഇങ്ങനെയൊരു ഒത്തുതീർപ്പ്​ തടസ്സമാകുമെന്നു വി.എച്ച്.പി അന്നേ മനസ്സില്‍ കണ്ടു.  

ആദ്യവട്ട ചര്‍ച്ചക്കു ചെന്നപ്പോൾ മഠത്തോടു ചേര്‍ന്ന പഴയ പള്ളിയില്‍ മുസ്​ലിം സംഘത്തോട് സ്വാമി നമസ്കരിക്കാന്‍ ആവശ്യപ്പെട്ടതും പില്‍ക്കാലത്ത്​ ലഖ്നോവിൽ ചെന്ന് ബോര്‍ഡി​​െൻറ അധ്യക്ഷന്‍ അബുൽഹസന്‍ അലി നദ്​വിയെ ജയേന്ദ്ര സരസ്വതി രോഗക്കിടക്കയില്‍ സന്ദര്‍ശിച്ചതുമൊക്കെ ഇരുപക്ഷത്തി​​െൻറയും വ്യക്​തിബന്ധങ്ങളുടെ ഊഷ്മളത തുറന്നുകാട്ടുന്നുണ്ടായിരിക്കാം. കേസിലെ യഥാര്‍ഥ കക്ഷികളായ രാംചന്ദര്‍ പരമഹംസിനും ഹാശിം അന്‍സാരിക്കുമൊക്കെ ഇടയിലും അത്തരം വ്യക്​തിബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ, കേസില്‍ നിയമപ്രകാരം കക്ഷിയല്ലാത്ത വി.എച്ച്.പിയെ മറികടക്കാനുള്ള ശേഷി ഹിന്ദുപക്ഷത്തെ ഏറ്റവും പൊതുസമ്മതനായ ഈ മധ്യസ്ഥനുപോലും ഉണ്ടായിരുന്നില്ല. വാജ്പേയി പ്രധാനമന്ത്രിയായിരി​െക്ക 2003 ജൂലൈയില്‍ വീണ്ടുമൊരിക്കല്‍ കൂടി സ്വാമി ജയേന്ദ്ര സരസ്വതി മറ്റൊരു ഒത്തുതീർപ്പിനു പരിശ്രമിച്ചു. ശിലാദാന്‍ കാലത്ത്​ മാധ്യമങ്ങളില്‍ ഏറെ കൊട്ടിഘോഷിച്ച ഈ ചര്‍ച്ച പതിവുപോലെ തുടങ്ങുന്നതിനു മുമ്പേ അവസാനിച്ചതു രാജ്യം കണ്ടു. നിരുപാധികമായി മസ്ജിദ് നിലനിന്ന സ്ഥലം വിട്ടുകൊടുക്കുകയെന്ന പതിവ് ‘ഫോര്‍മുല’ക്കു പുറമെ കാശിയുടെയും മഥുരയുടെയും കാര്യത്തിൽ  വ്യംഗ്യമായ പുതിയ ഭീഷണികള്‍ കൂടി ഉൾപ്പെടുത്തി എന്നല്ലാതെ മറ്റൊന്നും തന്നെ ജയേന്ദ്രയെ മുന്നില്‍ നിർത്തി സംഘ്പരിവാര്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ഈ മധ്യസ്ഥ നിർദേശങ്ങളില്‍ ഉണ്ടായിരുന്നില്ല.  


വി.എച്ച്​.പിയുടെ രംഗപ്രവേശം
ഉടമസ്ഥാവകാശ കേസില്‍ ഒരിക്കലും കക്ഷിയല്ലാത്ത വി.എച്ച്.പിയാണ് അയോധ്യ കേസിലെ എക്കാലത്തെയും വലിയ കീറാമുട്ടിയായി നിലകൊണ്ടത്​. ഒരു ഭാഗത്ത്​ ഹിന്ദു മഹാസഭയും നിർമോഹി അഖാഡയും മറുഭാഗത്ത്​ പ്രദേശത്തെ മുസ്​ലിംകളും തമ്മില്‍ മസ്ജിദിനു പുറത്തെ ഛബൂത്രയുമായി ബന്ധപ്പെട്ട്​ 1950കളില്‍ ആരംഭിച്ച തര്‍ക്കം പിന്നീട് മസ്ജിദ് അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നതിലേക്കും പില്‍ക്കാലത്ത്​ അതി​​െൻറ തകര്‍ച്ചയിലേക്കുമൊക്കെ വഴിതെളിച്ചപ്പോഴൊന്നും വി.എച്ച്.പി ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ഹിന്ദു മഹാസഭക്കുവേണ്ടി ഗോപാൽസിങ്​  വിശാരദും നിർമോഹി അഖാഡക്കുവേണ്ടി രാംചന്ദര്‍ പരമഹംസും മറ്റും ഫയല്‍ ചെയ്തതും സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി അയോധ്യയിലെ താമസക്കാരായ ഹാശിം അന്‍സാരി ഉൾപ്പെടെയുള്ളവര്‍ കൊടുത്തതുമായ ഹരജികളിലാണ് പതിറ്റാണ്ടുകളായി ഫൈസാബാദിലെ മജിസ്ട്രേറ്റ് കോടതിയിലും ലഖ്നോ ഹൈകോടതിയിലും വിചാരണ നടന്നുവന്നത്​. അയോധ്യ നിവാസികളായ ഹാശിം അന്‍സാരിയും രാമചന്ദ്ര പരമഹംസും ഈയിടെ അന്തരിച്ച മഹന്ത് ഭാസ്കര്‍ ദാസുമൊക്കെ വ്യക്തിപരമായി വലിയ സുഹൃത്തുക്കളുമായിരുന്നു. പിന്നീടെപ്പോഴോ 1980കളില്‍ ശ്രീരാമ വിഗ്രഹത്തി​​െൻറ ഉറ്റ സുഹൃത്തായി തന്നെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്​ ദേവകി നന്ദന്‍ അഗര്‍വാള്‍ കേസില്‍ അപേക്ഷ നല്‍കിയതു മുതലാണ്​ വിശ്വഹിന്ദുപരിഷത്തിന്​ ചവിട്ടുതറ കിട്ടുന്നത്​. വിഗ്രഹങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന ഇന്ത്യന്‍ നിയമത്തി​​െൻറ പഴുതുപയോഗിച്ച് ശ്രീരാമവിഗ്രഹം അലഹബാദ് ഹൈകോടതിയില്‍ നിന്നു ഉടമസ്ഥാവകാശം നേടുകയും ചെയ്തു. പക്ഷേ, വിഗ്രഹത്തി​​െൻറ ഉടമസ്ഥാവകാശം ശ്രീരാമ ജന്മഭൂമി ന്യാസിനോ അഖാഡക്കോ ഹിന്ദു മഹാസഭക്കോ ഇതുവരെ കോടതി  പതിച്ചു നല്‍കിയിട്ടുമില്ല. ക്ഷേത്രം പണിയുമെങ്കില്‍ തന്നെ ആര് എന്ന ചോദ്യം ബാക്കിയുണ്ടെന്നര്‍ഥം. 

അന്തിമ ഉത്തരവി​​െൻറ ഭാവി
കെട്ടുകഥകള്‍ക്കു ചരിത്രത്തിൽ തെളിവില്ലാത്ത അതേ മാതൃകയില്‍, നിയമപരമായി ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത അതേ സ്ഥാനത്ത്​ ക്ഷേത്രം പണിയുമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്​ അങ്ങാടിയില്‍ പ്രഖ്യാപിച്ചതോടെ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവി​​െൻറ പ്രസക്​തി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. എന്തെങ്കിലുമൊരു ഒത്തുതീർപ്പ്​ ചര്‍ച്ച നടക്കണമെങ്കില്‍ അന്തിമവിധിക്കു ശേഷം മാത്രമേ പ്രസക്തിയുള്ളൂ എന്ന മുസ്​ലിം നിലപാടും അതല്ല, ‘മധ്യസ്ഥര്‍’ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ അംഗീകരിച്ച് മുസ്​ലിംകള്‍ വിധിക്കു മുമ്പേ പിന്‍വാങ്ങണമെന്ന ആര്‍.എസ്.എസി​​െൻറ ധിറുതി കൂട്ടലും ഭാഗവതി​​െൻറ പ്രസ്താവനയുമൊക്കെ വരാനിരിക്കുന്ന കോടതിവിധിയെ കുറിച്ച ഇരുവിഭാഗത്തി​​െൻറയും പ്രതീക്ഷകളെ കൃത്യമായി എടുത്തുകാട്ടുന്നുമുണ്ട്. പേരിനൊരു ഒത്തുതീർപ്പ്​ തട്ടിക്കൂട്ടാന്‍ രവിശങ്കറിനെയും സി.ബി.ഐ കേസില്‍ കുടുങ്ങിയ ഏതോ ശിയാ മൗലാനയെയുമൊക്കെ ആര്‍.എസ്.എസ് ഉന്തിപ്പറഞ്ഞയക്കുന്നതതി​​െൻറ പശ്ചാത്തലവും ഇതാണ്​. അതേ സമയം ഒത്തുതീർപ്പ്​ എന്ന വാക്ക് ഉയർത്തുന്നവരില്‍ ആരോടാണ് പ്രതികരിക്കേണ്ടതെന്ന മുസ്​ലിംകളുടെ ആശയക്കുഴപ്പത്തിന്​ നിയമപരമായ ഉത്തരം ഇതേവരെ ലഭിച്ചിട്ടില്ല. ഹിന്ദു പക്ഷത്തുനിന്നു സുപ്രീംകോടതിയില്‍ സമർപ്പിക്കപ്പെട്ട ആറ് ഹരജികളില്‍ രണ്ടെണ്ണം ഭഗവാന്‍ രാംലല്ലക്ക് ഭൂമി കൊടുത്തതിനെയാണ്​ ചോദ്യം ചെയ്യുന്നത്​. അതില്‍ ഒരെണ്ണം മാത്രമാണ് സുന്നി വഖഫ് ബോര്‍ഡിന് ഭൂമി വിട്ടുനല്‍കിയതിനെതിരെ സമർപ്പിച്ചത്​. എല്ലാറ്റിനും പുറമെയാണ് കേസില്‍ കക്ഷിയേ അല്ലാത്ത വി.എച്ച്.പിക്കുവേണ്ടി ഭാഗവതി​​െൻറ ഈ ഭീഷണിപ്പെടുത്തല്‍. രാമക്ഷേത്ര നിർമാണാവകാശം ഒടുവില്‍ നിർമോഹി അഖാഡക്കു ലഭിക്കുമെന്ന വി.എച്ച്.പിയുടെ ഭീതിയാണ് ഈ കവലച്ചട്ടമ്പിത്തരത്തി​​െൻറ പിന്നിലുള്ളതെങ്കില്‍ കേസിലെ യഥാര്‍ഥ കക്ഷികള്‍ കോടതിക്കു പുറത്ത്​


ഒത്തുതീർപ്പിനിറങ്ങിയിട്ടെന്തു കാര്യം? 
അയോധ്യയുടെ ഉള്ളിലെവിടെയോ നിർമോഹി അഖാഡക്കും മുസ്​ലിംകള്‍ക്കുമിടയില്‍ നടക്കുന്ന നിശ്ശബ്​ദ നീക്കങ്ങളുടെ പ്രേരണ വി.എച്ച്.പി എന്ന പൊതുശത്രു നിലവില്‍ ഉയർത്തുന്ന ദുഃസ്വാധീനം മാത്രമാകാനേ വഴിയുള്ളൂ. മധ്യസ്ഥനീക്കവുമായി ശ്രീശ്രീ രവിശങ്കര്‍ അയോധ്യയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് ക്ഷേത്ര നിര്‍മാണത്തി​​െൻറ പേരില്‍ പിരിച്ചെടുത്ത 1400 കോടി വി.എച്ച്.പി സ്വന്തം കെട്ടിടങ്ങള്‍ പണിയാനായി തിരിമറി നടത്തിയതെന്ന ആരോപണവുമായി നിർമോഹി അഖാഡയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ മഹന്ത് സീതാറാം ര​ംഗത്തെത്തിയത്. മുസ്​ലിംകളെ അയോധ്യയില്‍ കണ്ടുപോകരുതെന്ന് വി.എച്ച്.പി ഇണ്ടാസിറക്കുമ്പോള്‍ മുസ്​ലിംകള്‍ക്ക് കോടതി വിട്ടുകൊടുക്കുന്ന ഭൂമി വേലികെട്ടിത്തിരിച്ച് ക്ഷേത്രം പണിയാന്‍ ഒരുക്കമാണെന്നും അവര്‍ക്ക് വേണമെങ്കില്‍ അതേ വളപ്പിൽ അതായത് സര്‍ക്കാര്‍ ഏറ്റെടുത്ത 62 ഏക്കറില്‍, പകരം ഭൂമി നല്‍കാമെന്നുമുള്ള അഖാഡ സന്യാസിമാരുടെ നിലപാടു ശ്രദ്ധേയമാണ്. അഖാഡയുടെ പ്രധാന അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശർമ പലവുരു ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. അഖാഡയുടെ താവഴിയിലുള്ള പ്രധാന മഹന്തുമാരില്‍ ഒരാളായ ഹനുമാന്‍ ഗഡിയിലെ ജ്ഞാൻദാസും ഇ​തേ കാര്യം വാക്കു നല്‍കുന്നു. ബാബു ടെയ്​ലറെ പോലെയുള്ള മഹന്ത് ജ്ഞാന്‍ദാസി​​െൻറ  മുസ്​ലിം സുഹൃത്തുക്കളില്‍ ചിലര്‍ ഈ ഫോര്‍മുലക്ക് അനുസൃതമായി ഒപ്പു ശേഖരണം നടത്തി കോടതിയില്‍ സമർപ്പിക്കാനും ഒരുങ്ങുന്നുണ്ട്. ഒരുപടി കൂടി മുന്നോട്ടു പോയി അയോധ്യയില്‍ 700 വർഷത്തിലേറെ പഴക്കമുള്ള, 1992ലെ കലാപത്തില്‍ മുസ്​ലിംകള്‍ ഉപേക്ഷിച്ചുപോയ ശാഹ്​ ആലം മസ്ജിദ് പുനര്‍നിർമിക്കാന്‍ സൗകര്യം നല്‍കി ത​​െൻറ വാക്കിനൊപ്പം നടക്കാനാവുമെന്ന് ജ്ഞാന്‍ദാസ് മുസ്​ലിം സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അന്തിമ നിയമവാഴ്ചയുടെ കാര്യത്തിൽ ജ്ഞാന്‍ദാസ് അടക്കമുള്ളവരുടെ നിലപാടുകളിലെ അവ്യക്തതകളാണ് സുന്നി വഖഫ് ബോര്‍ഡിനെയും മറ്റും അകറ്റിനിർത്തുന്നത്.  

വിചിത്ര ഫോർമുല
മുസ്​ലിംകള്‍ക്ക് അഥവാ സുപ്രീംകോടതി ഭൂമി പൂര്‍ണമായും വിട്ടുകൊടുത്താൽ തകർത്ത മസ്ജിദ് പുനര്‍നിർമിക്കാനും അത്​ ഉപയോഗിക്കാനും സൗകര്യമൊരുക്കുമോ എന്നതാണ് കാതലായ ചോദ്യം. ഇപ്പോള്‍ പതിച്ചുകിട്ടിയ മൂന്നിലൊന്നു ഭാഗം ഭൂമിപോലും മുസ്​ലിംകള്‍ ഉപയോഗിക്കുന്നതിന് എതിരെയാണ് അയോധ്യയിലേതെന്നല്ല രാജ്യത്തെ ഏതാണ്ടെല്ലാ ഹിന്ദു സംഘടനകളും. അത്തരമൊരു ഘട്ടത്തിൽ വി.എച്ച്.പി പറയുന്ന ‘വിശ്വാസത്തി​​െൻറ പ്രശ്നം’ തന്നെയാണ് ജ്ഞാന്‍ദാസ് അടക്കമുള്ളവരും ഉയർത്തുന്നത്. രാജ്യത്ത്​  നിയമവാഴ്ച ആകാമെങ്കില്‍ കൂടിയും അയോധ്യയിലെ ബാബരി മസ്ജിദി​​െൻറ കാര്യത്തില്‍ മുസ്​ലിംകള്‍ക്ക് കണ്ണടക്കുകയല്ലാതെ വേറെ നിവൃത്തിയില്ല എന്നര്‍ഥം. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈകോടതിവിധി സുപ്രീം കോടതിയും ശരിവെക്കുകയാണെങ്കില്‍ മൂന്നില്‍ രണ്ട് സ്ഥലത്ത്​ ശ്രീരാമക്ഷേത്രം നിർമിക്കുക തന്നെ ചെയ്യും. എങ്കിലും മുസ്​ലിംകള്‍ ശേഷിച്ച സ്വന്തം ഭൂമിയിലേക്ക് കടക്കരുതെന്നും ഈ സ്ഥലം വേലികെട്ടിത്തിരിച്ച് സംരക്ഷിക്കാമെന്നും വേണമെങ്കില്‍ കുറച്ചപ്പുറത്ത്​ മസ്ജിദ് പണിയാമെന്നുമുള്ള നിര്‍മോഹി അഖാഡയുടെ ‘സന്മനസ്സ്​​’ കേസില്‍ ഇന്നോളം രാജ്യം കണ്ട ഏറ്റവും വലിയ ഒത്തുതീർപ്പ്​ ഫോര്‍മുലയായി മാറുന്നുമുണ്ട്.

Tags:    
News Summary - babri masjid demolition -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.