ഇ​താ​ണ്​ യോ​ഗം

ക്ലാസിൽ സ്ഥിരം കുരുത്തക്കേട് കാണിക്കുന്നവരെ ഒതുക്കാൻ പയറ്റുന്ന ഒരു രീതിയുണ്ട്. അവനെ പിടിച്ച് ക്ലാസ് ലീഡറാക്കുക. ഏതാണ്ട് അമ്മാതിരിയൊരു പരിപാടിയാണ് ബി.ജെ.പി ഉത്തർപ്രദേശിലും പയറ്റിയിരിക്കുന്നത്. നാക്കിന് നിയന്ത്രണമില്ലാത്ത യോഗി ആദിത്യനാഥിനെ പിടിച്ച് മുഖ്യമന്ത്രിയാക്കി. യോഗിക്കാണ് ആ യോഗമെന്ന് കേട്ടപ്പോൾ ഞെട്ടാത്തവർ കുറവായിരിക്കും. പ്രഖ്യാപിത തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നത്തിൽപോലും ഇന്ത്യക്കാർ കരുതിക്കാണില്ല. എന്നാൽ, മുഖ്യമന്ത്രിയാക്കിയിട്ടും യോഗി അടങ്ങിയിരിക്കുന്ന മട്ടില്ല. അധികാരത്തിലെത്തിയപ്പോൾതന്നെ കശാപ്പുശാലകൾ

അടച്ചുപൂട്ടിയാണ് തുടക്കം. അങ്ങനെ, ഞങ്ങൾ പറയുന്നത് നിങ്ങൾ കഴിച്ചാൽ മതിയെന്ന് പ്രഖ്യാപിച്ചു. 
സാധാരണക്കാരനിൽനിന്ന് യോഗിയായും പിന്നെ രാഷ്ട്രീയക്കാരനായും പരകായ പ്രവേശനം നടത്തിയാണ് യോഗിയുടെ വരവ്. എന്നും പശുക്കളുടെയും വിവാദങ്ങളുടെയും തോഴൻ. ഇസ്ലാമിനെക്കുറിച്ചായാലും പാകിസ്താനെക്കുറിച്ചായാലും പറയുന്നതെല്ലാം പ്രകോപനപരം. വർഗീയത കത്തിച്ചുനിർത്തി ഹിന്ദുത്വ വികാരം ഉണർത്തി. പശുക്കളാണ് എല്ലാം. പശുക്കൾക്കുവേണ്ടി എന്ത് ചെയ്യാനും മടിയില്ല. ഗോരഖ്പുരിലെ പശുക്കളുടെ രക്ഷകനായാണ് അവതരിച്ചത്. സ്വയം വിശേഷിപ്പിക്കുന്നത് ഗോ സേവകൻ എന്നും. മുഖ്യമന്ത്രിയാകുന്നതുവരെ അധിക സമയവും ഗോരക്ഷനാഥ് മഠത്തിലെ ഗോശാലയിലാണ് ചെലവഴിച്ചത്. പശുക്കളെ സംരക്ഷിക്കാൻ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുമുണ്ടാക്കി. എന്നാൽ, പശുവി​െൻറ പേരിൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കുന്ന കാര്യത്തിലായിരുന്നു ഇൗ സംഘടന മുന്നിൽ. 

മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമുള്ള വെറുപ്പി​െൻറ രാഷ്ട്രീയത്തിൽനിന്ന് ഉൗർജം സ്വീകരിച്ചാണ് വളർച്ച. അങ്ങനെ കിഴക്കൻ ഉത്തർപ്രദേശിൽ അനിഷേധ്യ നേതാവായി. ആ നാവിൽനിന്ന് പുറപ്പെട്ടത് തീപിടിച്ച വാക്കുകൾ. ഹിന്ദുത്വ വികാരം അണകെട്ടി നിർത്തി. വേണ്ടിവന്നപ്പോൾ അണപൊട്ടിച്ച് വികാരമൊഴുക്കി. ആ ഒഴുക്കിൽ യോഗി നേതാവായി. മോദി തരംഗത്തി​െൻറ സഹായമൊന്നും ഇൗ യോഗിക്ക് വേണ്ടിവന്നില്ല. യോഗിയെ തൊടാൻ ബി.ജെ.പി നേതൃത്വവും ഭയപ്പെട്ടു. 
1972 ജൂൺ അഞ്ചിന് ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിൽ പാഞ്ചൂർ ഗ്രാമത്തിലാണ് യോഗിയുടെ ജനനം. ഉത്തർപ്രേദശിനെ മുറിച്ച്  ഉത്തരാഖണ്ഡ് രൂപവത്കരിക്കുന്നതിന് മുമ്പായിരുന്നു അത്. അന്നത്തെ പേര് അജയ് സിങ് ബിഷ്ട്. പിതാവ് ആനന്ദ് സിങ് ബിഷ്ട് ഫോറസ്റ്റ് റേഞ്ചറായിരുന്നു. അമ്മ സാവിത്രി ദേവി വീട്ടമ്മയും. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ യൂനിവേഴ്സിറ്റിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബി.എസ്സി ബിരുദം നേടി. വിഷയം കണക്കായതുകൊണ്ടുതന്നെ എല്ലാം കണക്കുകൂട്ടിയാണ് കരുക്കൾ നീക്കിയത്. 

രാമക്ഷേത്ര പ്രക്ഷോഭത്തിൽ പെങ്കടുക്കാൻ 21ാം വയസ്സിൽ വീടുവിട്ടിറങ്ങി. എത്തിപ്പെട്ടത് ഗോരഖ്പുരിലെ ഗോരക്ഷനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മഹന്ത് അവൈദ്യനാഥി​െൻറ അടുത്ത്. പിന്നെ അദ്ദേഹത്തി​െൻറ അനുയായിയായി.  1994ൽ 22ാം വയസ്സിൽ മഹന്ത് അവൈദ്യനാഥിൽനിന്ന് സന്യാസം സ്വീകരിച്ചു. അങ്ങനെ അജയ് സിങ് എന്ന സാധാരണക്കാരൻ യോഗി ആദിത്യനാഥിലേക്ക് കൂടുമാറി. തല മുണ്ഡനം ചെയ്ത് കാഷായ വസ്ത്രമണിഞ്ഞു. മുഖ്യമന്ത്രിയായപ്പോഴും വേഷത്തിൽ മാറ്റമില്ല. 

23 വർഷം മുമ്പ് നാടകീയമായാണ് തീപ്പൊരി വരവിന് തുടക്കമിട്ടത്. അന്നൊരു വേനൽക്കാലത്ത് ഗോരഖ്പുരിൽ ഒരുകൂട്ടം കോളജ് വിദ്യാർഥികളും പ്രദേശത്തെ ഒരു വസ്ത്ര വ്യാപാരിയും തമ്മിൽ കശപിശയുണ്ടായി. വ്യാപാരി വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം ഒരു യുവ പുരോഹിതൻ മുഷ്ടി ചുരുട്ടി തെരുവിലുടെ പ്രതിഷേധ റാലി നയിച്ച് ജില്ല പൊലീസ് സൂപ്രണ്ടി​െൻറ വസതി ഉപരോധിച്ചു.  മറ്റാരുമായിരുന്നില്ല അത്; യോഗി ആദിത്യ നാഥ്തന്നെ. രോഷം ഉടൽരൂപമെടുത്ത ആ മനുഷ്യൻ പിന്നീട് പൂർവാഞ്ചൽ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതാണ് ലോകം കണ്ടത്. 

ത​െൻറ പിൻഗാമിയായി മഹന്ത് അവൈദ്യനാഥ് പ്രഖ്യാപിച്ചതോടെ യോഗിയുടെ പ്രശസ്തിയും ഉയർന്നു. 2014ൽ ഗുരു മരിച്ചതോടെ യോഗി മുഖ്യ പുരോഹിതനായി. ഇന്നും ആ പദവിയിൽ തുടരുന്നു. അവൈദ്യനാഥി​െൻറ അനുഗ്രഹാശിസ്സുകളോടെ 1998ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗോരഖ്പുരിൽനിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ചു. 26,000ത്തിലധികം വോട്ടി​െൻറ ഭൂരിപക്ഷം. 26ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു അന്ന്. പിന്നീട് നാലു തവണകൂടി ലോക്സഭയിൽ എത്തി. 2014 ആയപ്പോൾ ഭൂരിപക്ഷം 1, 42,309 ആയി. 

കേസുകൾക്ക്  കുറവൊന്നുമില്ല ഇൗ യോഗിയുടെ പേരിൽ. ചെറിയ കേസുകളൊന്നുമല്ല. കലാപം, കൊലപാതക ശ്രമം എന്നിങ്ങനെ പോകുന്നു കേസുകളുടെ നിര. യോഗയെ എതിർക്കുന്നവർക്ക് ഇന്ത്യ വിട്ടുപോകാമെന്ന് പ്രഖ്യാപിച്ചു. മതപരമായ അസഹിഷ്ണുതയേക്കാൾ േമാശമായി മറ്റൊന്നുമില്ലെന്ന് പറഞ്ഞ ഷാരൂഖ് ഖാനെതിരെയും രംഗത്തെത്തി. ഷാരൂഖ് ഖാനും ഹാഫിസ് സഇൗദും ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. യു.പിയെയും ഇന്ത്യയെയും ഹിന്ദുരാഷ്ട്രമാക്കുന്നതുവരെ വിശ്രമിക്കില്ലെന്ന് 2005ൽ പ്രഖ്യാപിച്ചതും വിവാദമായി. ഇതര മതങ്ങളോടുള്ള അസഹിഷ്ണുതയാണ് മുഖമുദ്ര.

Tags:    
News Summary - article about yogi adithyanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.