സൗഹൃദത്തിന്‍െറ കടല്‍


‘പുരാവൃത്തം’ സിനിമയുടെ ഷൂട്ടിങ്ങിന് വരുമ്പോഴാണ് ഓംപുരിയെ ആദ്യമായി നേരിട്ട് കാണുന്നത്. 1988ലാണ് അത്. കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്‍െറ ആത്മകഥയുടെ ആദ്യ അധ്യായത്തില്‍ രാമന്‍െറ ജീവിതകഥ പറയുന്നുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റായിരുന്നു രാമന്‍. ജന്മിത്വത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ചരിത്ര പുരുഷന്‍. പുരാവൃത്തം സിനിമക്ക് വിഷയമായത് ആ രാമന്‍െറ ജീവിതസമരമാണ്. തീക്ഷ്ണമായ കണ്ണുകളുള്ള, പ്രതിഷേധത്തിന്‍െറ മുഖമുള്ള യുവാവിനെയാണ് സിനിമയിലെ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത്. വസൂരി രോഗം പിടിപെട്ട, മുഖത്ത് പാടുകളുള്ള ആള്‍ നന്നാവുമെന്ന് തോന്നി. അതിനുമുമ്പ് സിനിമയില്‍ ഓംപുരിയെ കണ്ടിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹത്തെ സമീപിച്ചത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദത്തിന്‍െറ ഊടും പാവും നെയ്തെടുത്തത് അന്നത്തെ ഷൂട്ടിങ് വേളയിലാണ്. വയനാട്ടിലെ തിരുനെല്ലിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കാടിന് നടുവിലാണ് ഷൂട്ടിങ് സെറ്റ്. കാടും പുഴയും പാറയും നിറഞ്ഞ പ്രദേശം. ആന, കരടി, പാമ്പ് തുടങ്ങിയ വിഷജന്തുക്കളുടെയെല്ലാം ആവാസഭൂമി. അവിടെയാണ് കുടില്‍കെട്ടി ഷൂട്ടിങ് ആരംഭിച്ചത്. അടുത്തെങ്ങും ഹോട്ടലില്ലാത്തതിനാല്‍ കല്‍പറ്റയിലായിരുന്നു താമസം. തണുപ്പായതിനാല്‍ രാവിലെ ഞാന്‍ ഉറക്കത്തില്‍ ഉണരില്ല. അതേസമയം വെളുപ്പിന് നാലിന് ഓംപുരി ഉണരും. എന്നെ വിളിച്ചുണര്‍ത്തും. ഷൂട്ടിങ് സ്ഥലത്തേക്കുള്ള യാത്ര തുടങ്ങും. ഏതാണ്ട് രണ്ടരമണിക്കൂര്‍ യാത്രചെയ്താണ് അവിടെയത്തെിയത്. എത്തിയാല്‍തന്നെ സ്ഥിതി വളരെ പരിതാപകരമാണ്. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല. അതൊന്നും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. എല്ലാംസഹിച്ച് അദ്ദേഹം അവിടെ ഷൂട്ടിങ് പൂര്‍ണമാക്കി.

വളരെപെട്ടെന്ന് യൂനിറ്റിലെ മുഴുവന്‍പേരുടെയും സുഹൃത്തായി ഓംപുരി മാറി. അതൊരു മഹാസിദ്ധിയാണെന്ന് എനിക്ക് തോന്നുന്നു. ജനവാസമില്ലാത്ത മേഖലയായതിനാല്‍ ഷൂട്ടിങ് കാണാന്‍ ആരുമത്തെിയില്ല. എന്നാല്‍, കാട്ടിനുള്ളില്‍നിന്ന് എട്ടുപത്ത് ആദിവാസികള്‍ ദിവസവും വരും. ആദ്യദിവസം തന്നെ അവര്‍ ഓംപുരിയുമായി ചങ്ങാത്തത്തിലായി. ആദിവാസികളുമായി തമാശപറഞ്ഞ് ചിരിക്കുന്ന ഓംപുരിയെയാണ് യൂനിറ്റിലുള്ളവര്‍ കണ്ടത്. അദ്ദേഹത്തിന് പപ്പായ ഇഷ്ടമാണെന്ന് പറഞ്ഞു. അവര്‍ അടുത്ത ദിവസം പപ്പായയുമായി എത്തി. യൂനിറ്റില്‍ ചപ്പാത്തി വിതരണം ചെയ്തപ്പോള്‍ ഓംപുരിക്ക് അതിനോടൊപ്പം കാന്താരി മുളക് വേണം. ആദിവാസികള്‍ അദ്ദേഹത്തിന് ഉച്ചഭക്ഷണത്തിന് ദിവസവും കാന്താരി മുളകത്തെിച്ചു. ആളുകളുമായി ഇടപഴകാനുള്ള കഴിവാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. കുട്ടികളുമായി നിമിഷങ്ങള്‍ക്കകം കൂട്ടുകൂടി. പുഴയില്‍ അവരോടൊപ്പം പോയി തുണികൊണ്ട് മീന്‍ പിടിച്ചു. ആനകള്‍ വിഹരിക്കുന്ന കാട്ടിലൂടെ കുട്ടികളുമായി യാത്ര നടത്തി. അദ്ദേഹത്തിന്‍െറ കഥാപാത്രം ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല. സാധാരണ നടന്മാര്‍ കാമറ കാണുമ്പോള്‍ ചെരിപ്പ് മാറ്റുകയാണ് പതിവ്. ഓംപുരിയാകട്ടെ ചെരിപ്പ് വണ്ടിയില്‍തന്നെ ഊരിയിടും. കല്ലുനിറഞ്ഞ കാട്ടുപ്രദേശം രണ്ടുദിവസം കൊണ്ട് അദ്ദേഹത്തിന്‍െറ പാദങ്ങള്‍ക്ക് പൂമത്തെയായി. സാങ്കേതികവിദ്യ ഉപയോഗിക്കാതെ നിര്‍മിച്ച സാധാരണ ഒരു ഏറുമാടമാണ് അവിടെ ഉണ്ടായിരുന്നത്. അത് ഒടിഞ്ഞാല്‍ വീഴുന്നത് പാറപ്പുറത്തായിരിക്കും. അതില്‍ കയറുന്നതിനുമുമ്പ് എന്നോട് ചോദിച്ചു. അതിന് ഉറപ്പുണ്ടോ? കെട്ടിയവന് ഉറപ്പുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹം മുകളിലേക്ക് കയറി.
ഒടുവില്‍ മൂന്നുമാസം മുമ്പ് കുളത്തൂപ്പുഴയില്‍നിന്ന് അദ്ദേഹം വിളിച്ചു. കാടുമായി ബന്ധപ്പെട്ട സിനിമയുടെ ഷൂട്ടിങ്ങിന് കേരളത്തില്‍ വന്നതായിരുന്നു.

തിരിച്ചുപോകാന്‍ വിമാനത്താവളത്തിലേക്ക് വരുന്നുണ്ടെന്നും രണ്ടുമണിക്കൂര്‍ ഒന്നിച്ചിരിക്കാമെന്നും പറഞ്ഞു. എന്നാല്‍ എനിക്ക് അന്ന് രാവിലെ കൊച്ചിക്ക് പോകേണ്ടതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. 1988ല്‍ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുക എന്നത് അദ്ഭുതമാണ്. പ്രത്യേകിച്ച് ലാഭമൊന്നുമില്ലാത്ത ബന്ധം. കാര്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന ഈകാലത്താണ് ഓംപുരി അത് നിലനിര്‍ത്തിയത്. അദ്ദേഹം എനിക്ക് അഭിനേതാവ് മാത്രമായിരുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്‍െറ വൈശിഷ്ട്യംകൊണ്ടാണ് സൗഹൃദത്തിന്‍െറ കടല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. സ്നേഹത്തിന്‍െറ ഉറവകള്‍ പൊട്ടിയൊഴുകുന്ന മനസ്സായിരുന്നു ഓംപുരിക്ക്.

തയാറാക്കിയത് -ആര്‍. സുനില്‍

Tags:    
News Summary - article about om puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.